ബുലവായൊ: ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാം പൊതുശത്രുവായി ബംഗ്ലാദേശ് മാറുന്നതിനിടെ, ആദ്യമായി ഇന്ത്യ x ബംഗ്ലാദേശ് പോരാട്ടം. ഐസിസി അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഗ്രൂപ്പ് ബിയിലാണ് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് സിംബാബ്വെയിലെ ബുലവായൊയിലാണ് മത്സരം.
2026 ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍നിന്ന് ബംഗ്ലാദേശ് പേസര്‍ മുസ്താഫിസുര്‍ റഹ്മാനെ വ്യക്തമായ കാരണം കാണിക്കാതെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദേശിച്ചതാണ് ഇരു രാജ്യങ്ങളും തമ്മില്‍ ശത്രുതയിലേക്കു നീങ്ങാന്‍ കാരണം. ഇതോടെ ബംഗ്ലാദേശ് ഐപിഎല്‍ സംപ്രേഷണംവരെ റദ്ദാക്കി.
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ അമേരിക്കയെ തോല്‍പ്പിച്ചിരുന്നു. മഴയും ഇടിമിന്നലും മൂലം ഓവര്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ഡെക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം.
ഇന്ത്യയുടെ വന്‍ പ്രതീക്ഷയായ വൈഭവ് സൂര്യവംശിക്ക് അമേരിക്കയ്ക്ക് എതിരായ മത്സരത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാല് പന്തില്‍ രണ്ട് റണ്‍സ് നേടിയ വൈഭവ് ബൗള്‍ഡാകുകയായിരുന്നു. മധ്യനിരയുടെ ബലത്തിലായിരുന്നു 96 റണ്‍സ് എന്ന വിജയ ലക്ഷ്യം ഇന്ത്യന്‍ കൗമാര സംഘം പിന്തുടര്ന്നു ജയിച്ചത്.
അഞ്ചാം നമ്പറായി ക്രീസിലെത്തിയ അഭിഗ്യാന്‍ കുണ്ഡു 41 പന്തില്‍ 42ഉം ആറാം നമ്പറായ കനിഷ്ക് ചൗഹാന് 14 പന്തില്‍ 10ഉം റണ്‍സ് നേടി പുറത്താകാതെനിന്ന് ഇന്ത്യയെ ജയത്തിലെത്തിച്ചു.
ഈ ലോകകപ്പില്‍ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാണ്. ന്യൂസിലന്‍ഡ് ആണ് ഗ്രൂപ്പ് ബിയിലെ നാലാമത്തെ ടീം.
ഇംഗ്ലണ്ട്, ഓസീസ്, അഫ്ഗാന്
ഇന്നലെ നടന്ന മത്സരങ്ങളില്‍ ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട് 37 റണ്‍സിന് പാക്കിസ്ഥാനെ കീഴടക്കി. സ്കോര്‍: ഇംഗ്ലണ്ട് 46.5 ഓവറില്‍ 210. പാക്കിസ്ഥാന് 46.3 ഓവറില്‍ 173. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റിന് അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചു.
സ്കോര്‍: അയര്‍ലന്‍ഡ് 50 ഓവറില്‍ 235/7. ഓസ്ട്രേലിയ 39.4 ഓവറില്‍ 237/2.
ഗ്രൂപ്പ് ഡിയില്‍ ദക്ഷിണാഫ്രിക്കയെ 28 റണ്‍സിന് അഫ്ഗാനിസ്ഥാന് പരാജയപ്പെടുത്തി. സ്കോര്‍: അഫ്ഗാനിസ്ഥാന് 50 ഓവറില്‍ 266/8. ദക്ഷിണാഫ്രിക്ക 47.4 ഓവറില്‍ 238.
Tags : India Bangladesh ODI World Cup Under 19