മഡ്ഗാവ്: “പത്രക്കുറിപ്പുകളും പ്രസ്താവനകളും ഞങ്ങള്‍ക്കു വേണ്ട. നടപടിയാണ് ആവശ്യം. ഞങ്ങള്‍ക്കു ഫുട്ബോള്‍ കളിക്കണം.
നിങ്ങള്‍ ഒരു ആവാസവ്യവസ്ഥയെ മുഴുവന്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്’’- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ഒഡീഷ എഫ്സിയുടെ ക്യാപ്റ്റന്‍ കാര്‍ലോസ് ഡെല്‍ഗാഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. സുനില്‍ ഛേത്രി അടക്കമുള്ള ഇന്ത്യന്‍ മുന്‍നിര താരങ്ങളും ഫുട്ബോള്‍ കളിക്കണമെന്ന ആവശ്യമുള്‍ക്കൊള്ളുന്ന സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പങ്കുവച്ചു.
ഛേത്രിയും ഡെല്ഗാഡോയുമെല്ലാം രൂക്ഷമായി പ്രതികരിക്കാനുള്ള കാരണം ഒന്നുമാത്രം, 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. സുപ്രീംകോടതി ഇടപെട്ടശേഷം പ്രശ്നപരിഹാരത്തിനു നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. ഐഎസ്എല്‍ 2025-26 സീസണ് വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാജയപ്പെട്ടതാണ് നിലവിലെ പ്രശ്നം.
2025-26 സീസണ് മുടങ്ങാനുള്ള പ്രധാന കാരണം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കാത്തതായിരുന്നു.
എഐഎഫ്എഫ് പ്രസ്താവന
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത നടപടി അതിനുശേഷം തീരുമാനിക്കും- എഐഎഫ്എഫ് പുറത്തുവിട്ട ഈ പ്രസ്താവനയാണ് കാര്‍ലോസ് ഡെല്‍ഗാഡോയെ ചൊടിപ്പിച്ചത്.
വാണിജ്യ പങ്കാളിത്തപ്രശ്നം
റിലയന്‍സ് പിന്‍വാങ്ങിയെങ്കിലും വാണിജ്യ പങ്കാളികളാന് തയാറായി അഞ്ച് കമ്പനികള്‍ എഐഎഫ്എഫിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍, ഗവേണിംഗ് കൗണ്‍സിലിലെ ആറില്‍ ഒരു സീറ്റ് മാത്രമേ ഇന്‍വെസ്റ്റേഴ്സിനു ലഭിക്കൂ എന്നതിനാല്‍ (അതായത് 17 ശതമനാം പങ്കാളിത്തം) ബിഡ് സമര്‍പ്പിക്കാന്‍ ആരും തയാറായില്ല. വാണിജ്യ പങ്കാളികൾക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
ഞങ്ങള്‍ ഇരുട്ടില്‍: ഛേത്രി, ജിങ്കന്, സന്ധു...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഫുട്ബോള്‍ 2025-26 സീസണ് അനിശ്ചിതത്വത്തിലായതോടെ സുനില്‍ ഛേത്രി അടക്കമുള്ള രാജ്യത്തെ മുന്‍നിര താരങ്ങള്‍ സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തി. സുനില്‍ ഛേത്രി, സന്ദേശ് ജിങ്കന്, ഗുര്‍പ്രീത് സിംഗ് സന്ധു, ലാലിന്‍സ്വാല ചാങ്തെ തുടങ്ങിയവരെല്ലാം ഒന്നിച്ചു രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ സംയുക്ത പ്രസ്താവന പങ്കുവച്ചു.
“ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്ന പ്രഫഷണല്‍ ഫുട്ബോള്‍ കളിക്കാരായ ഞങ്ങള്‍, ഒന്നിച്ച് ഒരു അഭ്യര്‍ഥന നടത്തുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഞങ്ങള്‍ ഐക്യത്തോടെ നിലകൊള്ളുന്നു. ഞങ്ങള്‍ക്കു ഫുട്ബോള്‍ കളിക്കണം. ഫുട്ബോള്‍ മുടങ്ങിയതിലെ ഞങ്ങളുടെ ദേഷ്യം, ദുഃഖം, ദുരിതം എന്നിവയെല്ലാം നിരാശയിലേക്കു മാറിയിരിക്കുന്നു.
ഞങ്ങളുടെ കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും മുന്നില്‍ ഫുട്ബോള്‍ കളിക്കാനാകാത്തതില്‍ തീര്‍ത്തും നിരാശരാണ്. ഇത് അധികാരികളുടെ കണ്ണുതുറപ്പിക്കാനാണ്. എത്രയും വേഗം വേണ്ടതു ചെയ്യുക’’-സംയുക്ത പ്രസ്താവന.
Tags : football ISL indian super league