Kerala
പാലാ: കൃഷിക്കായി പുരയിടം തീയിട്ടൊരുക്കുന്നതിനിടെ തീയിലകപ്പെട്ട് സ്ഥലം ഉടമയായ റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം. പാലാ മീനച്ചിൽ പഞ്ചായത്ത് പൂവത്തോട് പൊരിയത്ത് ബേബി സെബാസ്റ്റ്യന്‍ (70) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുരയിടത്തില്‍നിന്നു തീയും പുകയും ഉയരുന്നതു കണ്ടു നാട്ടുകാരാണ് ഫയര്‍ഫോഴ്സിനെ വിളിച്ചത്. പാലായില്‍നിന്നു ഫയര്‍ഫോഴ്സെത്തി തീയണയ്ക്കവേയാണ് ബേബി സെബാസ്റ്റ്യനെ തീയില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയത്.
എല്ലാ ദിവസവും വീട്ടില്‍നിന്നും തോട്ടത്തില്‍ കൃഷി ജോലികള്‍ക്കായി ഇദ്ദേഹം എത്തുമായിരുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് ഹൈസ്കൂളില്‍നിന്നു വിരമിച്ചതിനുശേഷം കൃഷിയില്‍ ഏര്‍പ്പെട്ടിരുന്ന ബേബി സെബാസ്റ്റ്യന്‍ നല്ലൊരു കര്‍ഷകനായിരുന്നു.
ഭാര്യ ഡെയ്സി ഏഴല്ലൂര്‍ ഓടയ്ക്കല്‍ കുടുംബാംഗമാണ്. മകള്‍: സോണിയ. മരുമകന്: ആല്‍ബര്‍ട്ട് ഫിനിക്സ്. സംസ്കാരം ഇന്നു വൈകുന്നേരം നാലിന് പൂവത്തോട് സെന്റ് തോമസ് പള്ളിയിൽ.
Kerala
കോഴിക്കോട്: കോഴിക്കോട് പാളയത്തെ ജയലക്ഷ്മി ടെക്സ്റ്റയിൽസിന്റെ ഷോ റൂമിൽ വൻ തീപിടിത്തം. കെട്ടിടത്തിന്റെ രണ്ട്, മൂന്ന് നിലകളിലാണ് തീ കത്തിപ്പടർന്നത്. കെട്ടിടത്തിലെ വെഡ്ഡിംഗ് സെക്ഷനിലാണ് തീപ്പിടുത്തമുണ്ടായത്.
റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ജയലക്ഷ്മി ടെക്സ്റ്റയിൽസിന്റെ കെട്ടിടത്തിലാണ് തീപിടിത്തം. എഴുപതിനായിരം ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിലാണ് നിയന്ത്രിക്കാനാകാത്ത വിധത്തിൽ തീ പടർന്നത്. കടയിലെ ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവർക്കും അപകടമില്ലെന്ന് സ്ഥാപനത്തിന്റെ ഉടമ ഗോവിന്ദ് കമ്മത്ത് അറിയിച്ചു.
കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പുക ഉയർന്നതിനെ തുടർന്നായിരുന്നു തീ കത്തിപ്പടർന്നത്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചാൽ മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകുവെന്ന് മാനേജിംഗ് ഡയറക്ടർ ഗോവിന്ദ് കമ്മത്ത് അറിയിച്ചു.
കെട്ടിടത്തിന് സമീപത്ത് പെട്രോൾ പന്പ്, റെയിൽവേ സ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. അഗ്നി ശമന സേനയുടെ ഒന്നിലധികം യൂണിറ്റുകൾ സംഭവസ്ഥലത്തെത്തി തീയണക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. പ്രദേശവാസികളും തീയണക്കുന്നതിനുള്ള ശ്രമങ്ങളിൽ പങ്കാളികളാണ്.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനുള്ളിൽ കരിങ്കല്ലുമായി എത്തിയ ടോറസ് ലോറിക്ക് തീപിടിച്ചു. ഡ്രൈവർ ചാടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നരയോടെയാണ് സംഭവമുണ്ടായത്.
തുറമുഖത്ത് പുലിമുട്ടു നിർമാണത്തിന് കരിങ്കല്ല് എത്തിച്ച് മടങ്ങുകയായിരുന്നു ലോറി. പോർട്ട് വർക്ഷോപ്പിനു മുന്നിൽ വച്ചാണ് ലോറിയുടെ ക്യാബിന് വശത്തായി തീ കണ്ടത്. തീപെട്ടന്ന് പടർന്നു കയറുകയതിനെ തുടർന്ന് ഡ്രൈവർ ഇടുക്കി സ്വദേശി തേജസ് വാഹനം നിർത്തി പുറത്തേക്ക് ചാടി. ഇതോടെ ആളപായം ഒഴിവായി.
തൊട്ടുപിന്നാലെ തുറമുഖത്തുണ്ടായിരുന്ന ഫയർഫോഴ്സും തുറമുഖ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇവർ വെള്ളം ഒഴിച്ച് തീ നിയന്ത്രിച്ചു. എന്നാൽ അപ്പോഴേക്കും ലോറിയുടെ ക്യാബിൻ ഭാഗം പൂർണമായും കത്തി നശിച്ചിരുന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
പയ്യന്നൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ അനുകൂല പ്രകടനം നടത്തിയയാളുടെ ബൈക്ക് കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഇഴഞ്ഞു നീങ്ങുന്നുവെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ. കുറ്റക്കാരെ കണ്ടെത്താൻ ഒരു ഇടപെടലും നടത്തുന്നില്ല. പോലീസ് നടപടി പ്രതിഷേധാർഹമെന്ന് ജാഗ്രത പയ്യന്നൂർ കൂട്ടായ്മ.
സുതാര്യമായ ഫണ്ട് പിരിവാണ് ജാഗ്രത പയ്യന്നൂർ നടത്തുന്നത്. ബൈക്ക് വാങ്ങാൻ ആവശ്യമായ പണം ലഭിച്ചാൽ പിരിവ് നിർത്തും. പൊതുവേദിയിൽ വച്ച് ബൈക്ക് കൈമാറിയ ശേഷം കണക്ക് അവതരിപ്പിക്കുമെന്നും ജാഗ്രത പയ്യന്നൂർ കൂട്ടായ്മ പ്രതികരിച്ചു. ചങ്ങാത്ത മുതലാളിത്തം പിടിമുറുക്കുന്ന പാർട്ടിയെ തുറന്നു കാണിക്കുകയാണ് ലക്ഷ്യമെന്നും ജാഗ്രത പയ്യന്നൂർ സെക്രട്ടറി യു. മാധവൻ വിശദമാക്കി.
Kerala
കോഴിക്കോട്: മകളെ മർദിച്ചത് ചോദ്യം ചെയ്തതിന് ഭാര്യാ മാതാവിന്റെ വീടിന് തീവച്ച് യുവാവ്. കാരശേരി വലിയപറമ്പ് ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഇന്ന് പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം.
റഷീദ് ഭാര്യയെ വാടകവീട്ടിൽവച്ച് മർദിക്കുമായിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് ജമീല എത്തുകയും വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ ഇയാളുടെ ഭാര്യയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തുകൊണ്ട് വന്നതിനുശേഷമാണ് റഷീദ് വീടിന് തീവച്ചത്.
റഷീദിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
മൂവാറ്റുപുഴ: കൂത്താട്ടുകുളം മൂവാറ്റുപുഴ എംസി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. ഞായറാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം.
മണര്‍കാട് ഭാഗത്തുനിന്നും നെടുമ്പാശേരി എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന മുണ്ടക്കയം സ്വദേശികളായ ജോമോനും ഭാര്യയും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ള നാലംഗ സംഘം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.
ഉന്നക്കുപ്പ ഭാഗത്ത് എത്തിയതോടെ വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികര്‍ ഉടന്‍തന്നെ വാഹനത്തില്‍ നിന്നും ഇറങ്ങി മാറിയതിനാല്‍ വലിയ അപകടം ഒഴിവായി. മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.
Kerala
തുമ്പമൺ: പത്തനംതിട്ട തുമ്പമൺ ജംഗ്ഷനിൽ ഹോട്ടലിനു തീപിടിച്ചു. തമിഴ്നാട് സ്വദേശിയായ സെൽവന്റെ ഉടമസ്ഥതയിലുള്ള എൻഎസ്കെ ഹോട്ടലിനാണ് തീപിടിച്ചത്. തീപിടത്തത്തിൽ രണ്ട് ബൈക്കുകളും കത്തിനശിച്ചു.
പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുമ്പോൾ അതിൽനിന്നും തീ പടർന്നു പിടിക്കുകയായിരുന്നു. കടയിലെ ജീവനക്കാർ ഉടൻ തന്നെ സിലിണ്ടർ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതോടെ കടയുടെ മുൻഭാഗത്തായി നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലേക്ക് തീ പടർന്നു പിടിച്ചു.
ബൈക്കുകൾ പൂർണമായി കത്തി നശിക്കുകയും ചെയ്തു. അടൂരിൽനിന്നും പത്തനംതിട്ടയിൽ നിന്നും എത്തിയ ഫയർഫോഴ്സ് യൂണിറ്റാണ് തീ അണച്ചത്.
സമീപത്തുള്ള സ്റ്റേഷനറി കടയിലേക്ക് തീ പടരാതിരുന്നത് വൻ അപകടം ഒഴിവായി. തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ ബൈക്കാണ് കത്തി നശിച്ചത്. കട ഭാഗികമായി കത്തി നശിച്ചു.
Kerala
കോഴിക്കോട്: മോഷ്ടിച്ച പിക്കപ്പ് വാന്‍ ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്ത് യുവാവ്.
ഇന്ന് പുലർച്ചെ കോഴിക്കോട് വെളിമണ്ണയിലാണ് സംഭവം.പ്രദേശവാസിയായ അബ്ദുല്‍ റാസിഖ് ആണ് അക്രമം അഴിച്ചുവിട്ടത്.
പുലർച്ചെ ഒന്നോടെ താമരശേരി ചുങ്കത്തുനിന്ന് ഇയാള്‍ പിക്കപ്പ് വാൻ മോഷ്ടിച്ചു. പിന്നീട് പുലര്‍ച്ചെ രണ്ടരയോടെ വാഹനവുമായി വെളിമണ്ണയില്‍ എത്തിയ ഇയാള്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ക്കുകയായിരുന്നു.
പിന്നീട് തൊട്ടടുത്ത് ഇയാള്‍ മുന്‍പ് ജോലി ചെയ്തിരുന്ന വെളിച്ചെണ്ണ മില്ലിന് തീയിടുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് തീ അണയ്ക്കുന്നതിനിടെ റാസിഖ് ഇവിടെ നിന്നും രക്ഷപ്പെട്ടു.
വാഹനവുമായി ഓമശേരി മാങ്ങാട്ടുള്ള പെട്രോള്‍ പമ്പിലെത്തിയ ഇയാള്‍ പിക്കപ്പ് വാനിന്റെ ടയറുകള്‍ നശിച്ചതിനെ തുടര്‍ന്ന് വാഹനം ഇവിടെ ഉപേക്ഷിച്ചു. മറ്റൊരു വാഹനം ഇവിടെ നിന്നും എടുത്താണ് റാസിഖ് രക്ഷപ്പെട്ടത്.
ഈ വാഹനം ഇയാളുടെ വീടിന്റെ പോര്‍ച്ചില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അതിക്രമം നടത്തിയത് അബ്ദുല്‍ റാസിഖാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
District News
ചെറുതോണി: മരിയാപുരം പഞ്ചായത്തിലെ ഉപ്പുതോട് പള്ളിക്കവലയ്ക്ക് സമീപം ഫർണീച്ചർ വർക്ക്ഷോപ്പ് കത്തിനശിച്ചു. ഉപ്പുതോട് ഇട്ടുകുന്നേൽ ജോണിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തിനശിച്ചത്.
ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. തീ ആളിപ്പടർന്ന് തടിയും ഉപകരണങ്ങളും പൊട്ടിത്തെറിക്കുന്നതിന്റെ ശബ്ദംകേട്ടാണ് ജോണിയും ഭാര്യയും ഉണർന്നത്. സമീപവാസികളും ഓടിക്കൂടി. വിവരം അറിയിച്ചതിനെത്തുടർന്ന് ഇടുക്കിയിൽനിന്നു അഗ്നിശമനസേന എത്തിയെങ്കിലും വർക്ക്ഷോപ്പ് പൂർണമായും കത്തിനശിച്ചിരുന്നു.
രണ്ടു ലക്ഷത്തോളം രൂപ മുതൽ മുടക്കുള്ള ആധുനിക രീതിയിലുള്ള പ്ലെയിനർ, വിവിധ വലിപ്പത്തിലും മാതൃകയിലുമുള്ള ചെറിയ പ്ലെയിനറുകൾ, പലതരം ഡ്രില്ലുകൾ, കട്ടറുകൾ, ഗ്രൈൻഡിംഗ് മെഷീനുകൾ, റൂട്ടർ, വലുതും ചെറുതുമായ ജിപ്സോ, മെഷീനുകളുമായി ബന്ധിക്കുന്ന വൈദ്യുതി ഉപകരണങ്ങൾ, ഫർണീച്ചർ നിർമാണാവശ്യത്തിനായി സൂക്ഷിച്ചിരുന്ന വിവിധ തരം തടികൾ, പണി പൂർത്തീകരിച്ചുവച്ച ഫർണിച്ചറുകൾ ഉൾപ്പെടെ എല്ലാ സാധനങ്ങളും കത്തിനശിച്ചു.
നാശനഷ്ടത്തിന്റെ കണക്ക് ഇനിയും ഉയരുമെന്നാണ് ഉടമ ജോണി പറയുന്നത്. ഏറെക്കാലമായി ഫർണിച്ചർ നിർമാണ ജോലികൾ ഏറ്റെടുത്ത് ചെയ്തിരുന്ന ജോണി പലയിടങ്ങളിൽനിന്നു വൻ തുക വായ്പ എടുത്താണ് വീടിനോട് ചേർന്ന് ആധുനിക സജ്ജീകരണങ്ങളോടെ ഫർണിച്ചർ വർക്ക്ഷോപ്പ് സ്ഥാപിച്ചത്.
കുടുംബത്തിന്റെ ജീവിതമാർഗമായ വർക്ക്ഷോപ്പ് കത്തിനശിച്ചതോടെ വായ്പാ ബാധ്യതകൾ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് ജോണിയും കുടുംബവും. സർക്കാർ സഹായം ലഭിച്ചാൽ മാത്രമേ നിലനിൽക്കാനാവു എന്നും ജോണിയും കുടുംബവും പറയുന്നു.
Kerala
കൊല്ലം: കുണ്ടറ ഇളമ്പള്ളൂരിൽ തീ തുപ്പുന്ന സൈലൻസർ ഘടിപ്പിച്ച് അഭ്യാസപ്രകടനം നടത്തിയ കാറിനെതിരെ മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി.
പള്ളിക്കൽ സ്വദേശി മുഹമ്മദ് ഇർഫാന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനമെന്ന് എംവിഡി കണ്ടെത്തി. സംഭവത്തിന് പിന്നാലെ വാഹന ഉടമ ഒളിവിലാണ്.
വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. വാഹന ഉടമയായ മുഹമ്മദ് ഇർഫാന്റെ ഡ്രൈവിംഗ് ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യും.
കാർ എത്രയും വേഗം പിടിച്ചെടുക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു. പൊതുനിരത്തുകളിൽ വലിയ ശബ്ദമുണ്ടാക്കിയും സൈലൻസറിലൂടെ തീ തുപ്പിയും നടത്തിയ അഭ്യാസപ്രകടനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മോട്ടോർ വാഹന വകുപ്പ് അന്വേഷണം ആരംഭിച്ചത്.
Kerala
മലപ്പുറം: കൊണ്ടോട്ടി-എയര്‍പോര്‍ട്ട് റോഡിൽ ബസുകള്‍ക്ക് തീപിടിച്ചു. നാല് ബസുകള്‍ കത്തി നശിച്ചു. ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ടീം ആയ ഭദ്രയുടെ ബസുകള്‍ക്കാണ് തീപിടിച്ചത്.
വൈകിട്ട് മൂന്നോടെയാണ് സംഭവം. കരിപ്പൂര്‍ വിമാനത്താവളം റോഡിന് സമീപം ഒഴിഞ്ഞ സ്ഥലത്താണ് ഭദ്ര കമ്പനിയുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരുന്നത്.
കഴിഞ്ഞ ആറ് വര്‍ഷമായി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസുകളാണ് കത്തി നശിച്ചത്. ഇവ ഉപയോഗിച്ചിരുന്ന ബസുകളല്ല.
തീപിടിത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. കൊണ്ടോട്ടിയില്‍ നിന്നുള്ള അഗ്നശമന സേന എത്തിയാണ് തീ അണച്ചത്.
Kerala
പാലക്കാട്: വാഴക്കോട് ക്വാറിയിൽ തീപ്പിടുത്തം. ക്വാറിയിൽ സൂക്ഷിച്ച ജലനിധി കരാറുകാരന്റെ അരക്കോടിയിലധികം രൂപ വിലവരുന്ന പൈപ്പുകൾ പൂർണമായി കത്തി. ആളപായമില്ല.
ക്വാറി ഉടമയുടെ മരാമത്ത് പ്രവൃത്തികൾക്ക് ഉപയോഗിക്കുന്ന സാമഗ്രികളും കത്തിനശിച്ചു. സമീപത്തുനിന്ന് പടർന്ന തീ പ്രദേശമാകെ വ്യാപിക്കുകയായിരുന്നു.
വടക്കാഞ്ചേരിയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ മൂന്നുമണിക്കൂർ സമയത്തെ ശ്രമഫലമായാണ് ജനവാസമേഖലയിലേക്ക് പടരാതെ തീ നിയന്ത്രണവിധേയമാക്കാനായത്.
National
ബംഗളൂരു: ബംഗളൂരുവിൽ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലിടിച്ച് തീ പിടിച്ചു. യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബംഗളൂരുവിൽനിന്ന് കാലാബുരാഗിയിലേക്കു പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്. 30 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറുകയും വൈദ്യുതി പോസ്റ്റിലിടിച്ച് മറിയുകയുമായിരുന്നു. ഉടൻ യാത്രക്കാരും ഡ്രൈവറും ക്ലീനറും വാഹനത്തിന് പുറത്തിറങ്ങി. പിന്നാലെ ബസിനു തീപിടിക്കുകയും പൂർണമായി കത്തി നശിക്കുകയും ചെയ്തു.
തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തിൽ യാത്രക്കാർ രക്ഷപ്പെട്ടുവെങ്കിലും ലഗേജ് കമ്പാർട്ടുമെന്റിൽ സൂക്ഷിച്ചിരുന്ന എല്ലാ സാധനങ്ങളും തീപിടിത്തത്തിൽ നശിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പാലാ: പാലാ- തൊടുപുഴ റോഡിൽ പിഴകിൽ തട്ടുകടയ്ക്ക് തീപിടിച്ചു. പിഴക് ബംഗ്ലാം കുന്ന് കോളനിക്ക് സമീപത്ത് റോഡരികിലെ തട്ടുകടയിലാണ് തീ പടർന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം.
കടയിലെ ഗ്യാസ് കുറ്റിയിൽ നിന്നാണ് തീപടർന്നത്. ഈ സമയം തൊടുപുഴയിൽ നിന്നും പാലായ്ക്ക് പോവുകയായിരുന്ന തൊടുപുഴ സ്വദേശി സമീർ എന്ന ബൈക്ക് യാത്രക്കാരനാണ് തീ പടർന്ന കടയിൽ കയറി ഗ്യാസ് കുറ്റി പുറത്തേക്ക് മാറ്റിയത്. ഈ ശ്രമത്തിനിടയിൽ സമീറിന്റെ കൈക്ക് പൊള്ളലേറ്റു.
കടയുടെ പിൻവശം നിരവധി വീടുകളാണ് ഉള്ളത്. ഗ്യാസ് കുറ്റി പൊട്ടിത്തെറിയ്ക്കുകയോ തീ പടരുകയോ ചെയ്താൽ വലിയ അപകടമുണ്ടാകുമായിരുന്നു. സംഭവം അറിഞ്ഞ് പാലാ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടയിൽ നാട്ടുകാർ ചേർന്ന് തീ കെടുത്തി.
Kerala
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ തീപിടിത്തമുണ്ടായത് ആശങ്ക പടർത്തി. ആശുപത്രിയിലെ ജനറേറ്റർ റൂമിൽനിന്നാണ് തീപടർന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. സുരക്ഷാ ഉദ്യോഗസ്ഥർ ഫയർ എക്സിക്യൂഷൻ ഉപയോഗിച്ചു തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കോന്നിയിൽനിന്ന് രണ്ട് യൂണിറ്റും പത്തനംതിട്ടയിൽനിന്ന് ഒരു യൂണിറ്റും അഗ്നിരക്ഷാ സംഘം സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
പ്രദേശത്ത് രാവിലെ മുതൽ വൈദ്യുതി മുടങ്ങിയിരുന്നതിനാൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് ആശുപത്രിയിൽ വൈദ്യുതി എത്തിച്ചിരുന്നത്. തീയും പുകയും കണ്ട ഉടൻതന്നെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് രോഗികളെ ഒഴിപ്പിച്ചിരുന്നു. ജനറേറ്റർ റൂമിൽ സൂക്ഷിച്ചിരുന്ന ഡീസൽ ഫയർഫോഴ്സ് സംഘം പുറത്തേക്ക് മാറ്റുകയും ചെയ്തു.
തീപിടിത്തത്തെ തുടർന്നുണ്ടായ പുക മെഡിക്കൽ കോളജിന്റെ മുകൾ നിലയിലേക്കു വ്യാപിച്ചിരുന്നു. പത്തനംതിട്ടയിൽ ബ്ലോവർ എത്തിച്ചു പുക പുറത്തേക്ക് വലിച്ചു കളയാനുള്ള ശ്രമവും ഫയർഫോഴ്സ് തുടങ്ങിയിട്ടുണ്ട്.
തീപിടിത്തത്തെത്തുടർന്നു രോഗികളും ജീവനക്കാരും ഏറെ നേരം പരിഭ്രാന്തരായി. പുതിയ കെട്ടിടത്തിൽ പുതുതായി സ്ഥാപിച്ച ജനറേറ്ററാണ് അഗ്നിക്കിരയായത്.
Kerala
കൊച്ചി: ഇടപ്പള്ളി ലുലുമാളിന് സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി ഭാഗത്തുനിന്നും കളമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.
കാറില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇടപ്പള്ളി സ്വദേശി ശ്രീകുമാറിന്റേതാണ് വാഹനം. മുന്‍വശത്ത് നിന്നും പുക ഉയരുന്നത് കണ്ട് വാഹനം വഴിയില്‍ ഒതുക്കി പുറത്തിറങ്ങിയപ്പോള്‍ തീ ആളിക്കത്തുകയായിരുന്നു.
കാര്‍ ഏതാണ്ട് പൂര്‍ണമായും കത്തി നശിച്ചു. ഏലൂര്‍, തൃക്കാക്കര ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചു.
District News
വടകര: കരിമ്പനപ്പാലം കൃഷ്ണ സോ മില്ലിലുണ്ടായ അഗ്നിബാധയില്‍ ലക്ഷങ്ങളുടെ നഷ്ടം. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ഈരാന്‍ വച്ച മരത്തടികള്‍ ഉള്‍പ്പെടെ കത്തിനശിച്ചു.
വടകര നിലയത്തില്‍ നിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകള്‍ എത്തി മണിക്കൂറുകള്‍ പ്രവര്‍ത്തിച്ചാണ് തീയണച്ചത്.
സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യൂ ഓഫീസര്‍ ഒ. അനീഷിന്റെ നേതൃത്വത്തില്‍ പി.കെ.റിനീഷ്, എം.ടി.റാഷിദ്, മനോജ് കിഴക്കെക്കര, വി.കെ.ബിനീഷ്, ടി.പി.ഷിജു, പി.എം.ബബീഷ്, ടി.വി.അഖില്‍, മുനീര്‍ അബ്ദുള്ള, കെ.ബി.സുരേഷ് എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തില്‍ ഏര്‍പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാവാം അഗ്നിബാധക്ക് കാരണമെന്ന് കരുതുന്നു.
Kerala
കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോലയിലെ പ്ലൈവുഡ് സ്ഥാപനത്തിലെ തീയണച്ചു. പുളിയാംമ്പിള്ളിയില് മക്കാര്‍ സണ്‍സ് പ്ലൈവുഡ് കമ്പനിയില്‍ ഇന്ന് രാവിലെ പത്തോടെയാണ് തീപിടിച്ചത്. പട്ടിമറ്റം, പെരുമ്പാവൂര്‍, ആലുവ, തൃക്കാക്കര, കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് അഞ്ചു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ തീയണച്ചത്.
സ്റ്റേഷന് ഓഫീസര്‍മാരായ എന്‍.എച്ച്. അസൈനാര്‍ (പട്ടിമറ്റം), ടി.കെ സുരേഷ് (പെരുമ്പാവൂര്‍), ബി ബൈജു (തൃക്കാക്കര), കെ.എന്‍ സതീഷ് (മൂവാറ്റുപുഴ) എന്നിവരുടെ നേതൃതത്തില്‍ 60 സേനാംഗങ്ങളാണ് തീയണക്കാന്‍ എത്തിയത്. പെരിയാര്‍ വാലി കനാലില്‍ നിന്ന് വെളളം ലഭിച്ചതിനാല്‍ തീ അണക്കല്‍ എളുപ്പമായി.
അതേസമയം, പ്ലൈവുഡ് കമ്പനിയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വിനിയര്‍, പ്ലൈവുഡ്, പാനല്‍ ബോര്‍ഡ്, ഡ്രയര്‍ മോട്ടോര്‍ എന്നിവ കത്തി നശിച്ചു. കമ്പനിയുടെ അടുത്ത് മറ്റ് സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: കളമശേരി എച്ച്എംടി കോളനിയിലെ സോഫാ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. നിലവിൽ ആളപായമില്ല.
അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സോഫാ നിർമാണത്തിന് ഉപയോഗിക്കുന്ന വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ യൂണിറ്റിൽ ഉണ്ടായിരുന്നതിനാൽ തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
National
ലക്നോ: വേദനയില്ലാതെ ഏറ്റവും എളുപ്പത്തിൽ മരിക്കാനുള്ള വഴികൾ രണ്ടാഴ്ചയോളം ഇന്റർനെറ്റിൽ തിരഞ്ഞ ശേഷം യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശി മധൂർ യാദവ് (25) ആണ് മരിച്ചത്.
അതേസമയം, സംഭവം കൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. വീടിന് രണ്ട് കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ സ്ഥലത്തു വച്ചാണ് സംഭവം. സമീപവാസികൾ ഇദ്ദേഹത്തെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും 80 ശതമാനത്തോളം പൊള്ളലേറ്റ ഇദ്ദേഹം മരിക്കുകയായിരുന്നു.
രാജസ്ഥാൻ ഹൈക്കോടതിയിൽ സ്റ്റെനോഗ്രാഫർ തസ്തികയിലേക്കുള്ള ജോലിക്കായി കാത്തിരിക്കുന്ന ഇദ്ദേഹം വേദന കുറഞ്ഞ ആത്മഹത്യാ രീതികൾക്കായി 15 ദിവസം ഇന്റർനെറ്റിൽ തിരഞ്ഞതായി പോലീസ് കണ്ടെത്തി. ഇതിനായി 25 ലധികം വീഡിയോകൾ കണ്ടിരിന്നുവെന്നും അദ്ദേഹത്തിന്റെ ഫോൺ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മധൂർ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ കുടുംബം വിവാഹത്തിന് സമ്മതിച്ചിരുന്നില്ല. കുറച്ച് മാസങ്ങൾക്ക് മുന്‍പ് മധൂർ കൈക്ക് തീകൊളുത്തിയെന്നും കുറച്ച് ദിവസങ്ങൾക്ക് മുന്‍പ് കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ ബ്ലോക്ക് ചെയ്തിരുവെന്നും പോലീസ് പറഞ്ഞു.
സംഭവം നടന്ന ദിവസം രാത്രിയിൽ മധൂറിനെ വിളിച്ചപ്പോൾ ഗോവിന്ദ്പുരിയിലെ ഭഗത് സിംഗ് ചൗക്കിലാണെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും മധൂർ യാദവ് പറഞ്ഞതായി പിതാവ് ജിതേന്ദ്ര യാദവ് വ്യക്തമാക്കി.
കുടുംബത്തിന്റെ ആരോപണങ്ങൾ പോലീസ് പരിശോധിച്ചുവരികയാണെന്നും എന്നാൽ ഇപ്പോൾ ആത്മഹത്യയായിട്ടാണ് സംഭവത്തെ കണക്കാക്കുന്നതെന്നും പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: മലപ്പുറം ചെറുമുക്കിൽ ടുവീലർ വർക്ഷോപ്പിൽ വൻ തീപിടിത്തം. ചെറുമുക്കിൽ പ്രവർത്തിച്ചിരുന്ന ഫ്ലൈവീൽസ് എന്ന ടുവീലർ വർക്ഷോപ്പിലാണ് അപകടമുണ്ടായത്. രാത്രി ഒരു മണിക്ക് ശേഷമായിരുന്നു തീപിടിത്തം.
അപകടത്തിൽ 26 ബൈക്കുകൾ പൂർണമായും കത്തി നശിച്ചു. വർക്ഷോപ്പിൽ നിന്ന് സമീപത്ത് പ്രവർത്തിക്കുന്ന മൃഗാശുപത്രിലേക്കും തീ പടർന്നു. ആശുപത്രിയിലെ മരുന്നുകളും രേഖകളും ഉൾപ്പെടെ കത്തി നശിച്ചു. താനൂർ, തിരൂർ എന്നിവടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി തീ കെടുത്തി.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയിവേ സ്റ്റേഷന് സമീപത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡില്‍ തീപിടിത്തം. സൗത്ത് പാലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്.
ഉടന്‍ അഗ്നിരക്ഷസേന എത്തി തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. സൗത്ത് റെയിവേ സ്റ്റേഷനും റെയില്‍വേ ഓവര്‍ ബ്രിഡ്ജിനും മെട്രോ റെയില്‍ പാലത്തിനും നടുവിലുള്ള ഷെഡിനാണ് തീപിടിച്ചത്.
ട്രെയ്നിലും റെയില്‍വേ പാലത്തിലുമൊക്കെ ഉണ്ടാകുന്ന മാലിന്യമാണ് ഈ ഷെഡില്‍ സൂക്ഷിച്ചിരുന്നത്. ആസ്പറ്റോസ് കൊണ്ടുണ്ടാക്കിയ ഷെഡില്‍ പെട്ടെന്ന് തന്നെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ പടര്‍ന്ന ഉടന്‍ തന്നെ സമീപത്തുള്ള കടക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
ഒപ്പം തന്നെ അതുവഴി പോയ ഒരു കുടിവെള്ള ടാങ്കറില്‍ നിന്നും വെള്ളമെടുത്ത് ആളുകള്‍ തീയണയ്ക്കാനും ശ്രമിച്ചിരുന്നു. ഫയര്‍ ഫോഴ്സ് എത്തി മുക്കാല്‍ മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിയതില്‍ സമീപത്ത് തീയണച്ച ശേഷം കനത്ത പുക ഉയര്‍ന്നു.
Kerala
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ മരുമകളുടെ അവിഹിത ബന്ധത്തെ എതിർത്ത കർഷകനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം.
മാലിഗാംപട്ട് സ്വദേശി രാജേന്ദ്രന് (64) ആണ് ഗുരുതര പൊള്ളലേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മരുമകൾ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മണികണ്ഠൻ (39), ജയപ്രിയ (28), ഗുബേന്ദ്രൻ (29), പാർഥിബൻ (29) എന്നിവരാണ് പ്രതികൾ.
രാജേന്ദ്രൻ സുഹൃത്തിനൊപ്പം ബൈക്കിന്റെ പിൻ സീറ്റിലിരുന്ന് യാത്ര ചെയ്യുമ്പോഴാണ് ആക്രമണം ഉണ്ടായത്. മണികണ്ഠൻ, ഗുബേന്ദ്രൻ, പാർഥിബൻ എന്നിവർ ഒരു വാനിലെത്തി ബൈക്ക് തടഞ്ഞ് നിർത്തി രാജേന്ദ്രന്റെ നേർക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
ആസമയം കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
മുഖ്യപ്രതി മണികണ്ഠനും രാജേന്ദ്രന്റെ മരുമകൾ ജയപ്രിയയും പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിന് തടസമായി നിന്ന രാജേന്ദ്രനെ കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പോലീസ് പറഞ്ഞു.
Kerala
പത്തനംതിട്ട: ഭാര്യയോടുള്ള സംശയത്തെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. വകയാർ കൊല്ലംപടിയിലാണ് സംഭവം.
വീടിനു തീയിട്ട സിജോയെ പോലീസ് പിടികൂടി. സംഭവസമയം വീട്ടിലുണ്ടായിരുന്ന ഭാര്യ രജനി, ഇളയ മകൻ എന്നിവർക്ക് പൊള്ളലേറ്റു. രജനിക്ക് 40 ശതമാനം പൊള്ളലുണ്ട്. ഇവർ ചികിത്സയിലാണ്.
രജനിയുടേയും സിജോയുടെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും വാടകവീട്ടിലാണ് താമസിച്ചിരുന്നത്. രാത്രി വീട്ടുകാര്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. പിന്നാലെ ശബ്ദം കേട്ട് ഉണർന്നപ്പോൾ വീടിന് തീ പിടിച്ചിരുന്നു.
പെയിന്റിംഗ് തൊഴിലാളിയാണ് അറസ്റ്റിലായ സിജോ. സംഭവത്തില്‍ വീടിന്റെ ഒരുഭാഗം മുഴുവൻ കത്തിയിട്ടുണ്ട്.
Kerala
പയ്യന്നൂര്‍: സിപിഎം ഫണ്ട് വെട്ടിപ്പിന്റെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിപിഎം ജില്ലാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നയാളുടെ ബൈക്ക് കത്തിച്ചു. വെള്ളൂരിലെ പനയന്തട്ട വീട്ടില്‍ പ്രസന്നന്റെ പള്‍സര്‍ ബൈക്കാണ് ഇന്നു പുലര്‍ച്ചെ അഗ്നിക്കിരയാക്കിയത്.
റോഡില്‍നിന്നും കുറച്ചകലെയുള്ള വീട്ടുവളപ്പില്‍ നിര്ത്തിയിയട്ടിരുന്ന ബൈക്ക് തള്ളി അകലെ മാറ്റിയാണ് തീവച്ചത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടിന് ശേഷം നടന്ന തീവയ്പ്പ് ഇന്നു രാവിലെയാണ് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്.
തിങ്കളാഴ്ച കുഞ്ഞികൃഷ്ണനെതിരെ വെള്ളൂരില്‍ പതിനഞ്ചില്‍ താഴെവരുന്ന സംഘം പ്രകടനം നടത്തുകയും പടക്കം പൊട്ടിക്കയും ചെയ്ത സംഭവമുണ്ടായിരുന്നു. ഇതിന് പകരമായി കുഞ്ഞികൃഷ്ണനെ അനുകൂലിച്ചും പ്രകടനം നടന്നു. ഇതിന്റെ നേതൃനിരയിലുണ്ടായിരുന്ന പ്രസന്നന്റെ ബൈക്കാണ് കത്തിച്ചത്.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് വെയർ ഹൗസുകളിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
നസീറാബാദ് പ്രദേശത്തെ വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും ബാക്കിയുള്ളവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും പോലീസ് അറിയിച്ചു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നും അഗ്നിരക്ഷാസേന പറഞ്ഞു. 16 പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ തീപിടിത്തത്തിൽ പത്ത് ഏക്കറോളം വനമേഖലയാണ് കത്തിനശിച്ചത്.
വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
മങ്കട മലയിൽ 20 വർഷം മുൻപാണ് സമാനമായ രീതിയിൽ കാട്ടുതീ ഉണ്ടാകുന്നത്. പിന്നീട് രണ്ടുദിവസമെടുത്താണ് ഹെലികോപ്റ്ററിൽ വെള്ളം എത്തിച്ച് തീകെടുത്താനായത്.
Kerala
പാലക്കാട്: കാഞ്ഞിരപ്പുഴ പള്ളിപ്പടി മങ്കട മലയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ തീപിടിത്തത്തിൽ ഏക്കറുകണക്കിനു സ്ഥലം കത്തിനശിച്ചു.
വിവരം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും തീ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. രാത്രിയിലും തീ പടർന്നുകൊണ്ടിരിക്കുകയാണ്.
National
ചെന്നൈ: പിണങ്ങിപ്പോയ ഭാര്യ തിരികെവരാന്‍ വിസമ്മതിച്ചതില്‍ ക്ഷുഭിതനായ യുവാവ് അയല്‍വീട്ടിലെ വാഹനങ്ങള്‍ക്ക് തീയിട്ടു.
തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. കേസില്‍ കടലൂര്‍ ജില്ലയിലെ കുറിഞ്ചിപാടിയില്‍ താമസിക്കുന്ന വൈദ്യനാഥനെ (32) പെരുന്തുറ പോലീസ് അറസ്റ്റ് ചെയ്തു. വൈദ്യനാഥനും ഭാര്യ ഗായത്രിയും (30) തമ്മില്‍ കുടുംബപ്രശ്നമുണ്ടായിരുന്നു. ഇതുകാരണം കുറച്ചുനാളായി ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുകയാണ്.
ഗായത്രി മടത്തുപാളയത്തിലുള്ള സഹോദരിയുടെ വീട്ടിലേക്ക് താമസം മാറി. കഴിഞ്ഞ ദിവസം വൈദ്യനാഥന് ഗായത്രിയെ കൂട്ടിക്കൊണ്ടുപോകാനെത്തി. എന്നാല്‍, ഗായത്രി ഒപ്പം പോകാന്‍ തയാറായില്ല. ഇതോടെ വൈദ്യനാഥന് തൊട്ടടുത്ത് താമസിക്കുന്നവരുടെ സഹായം തേടി. പക്ഷെ ആരും സഹായിച്ചില്ല.
തുടര്‍ന്ന് വൈദ്യനാഥന് എല്ലാവരും ഉറങ്ങിയ ശേഷം അയൽവാസികളായ മൂന്നുപേരുടെ ഇരുചക്രവാഹനങ്ങള്‍ക്കും മറ്റൊരാളുടെ കാറിനും തീയിടുകയായിരുന്നു. തീയും പുകയും ഉയര്‍ന്നതോടെ വീട്ടുകാര്‍ ഉണർന്നു.
ഉടന്‍ അഗ്നിശമനസേനയെ വിവരമറിയിക്കുകയും അവരെത്തി തീയണക്കുകയുമായിരുന്നു. എന്നാല്‍ അപ്പോഴേക്കും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പെരുന്തുറൈ പോലീസ് വൈദ്യനാഥനെ പിടികൂടി. ഇയാള്‍ പോലീസിനോട് കുറ്റംസമ്മതിച്ചിട്ടുണ്ട്.
International
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 61 ആയി.
ഇന്നലെ ഒരു വ്യാപാരസ്ഥാപനത്തിൽനിന്നു മാത്രം 30 മൃതദേഹങ്ങൾ കണ്ടെടുത്തു. കഴിഞ്ഞ ശനിയാഴ്ചയാണ് തീപിടിത്തമുണ്ടായത്. 36 മണിക്കൂറിനുശേഷമാണു തീ നിയന്ത്രണവിധേയമായത്.
Kerala
കണ്ണൂർ: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ തകർക്കുന്ന രീതിയിൽ ജനങ്ങൾക്കിടയിൽ വിഭാഗീയത പടർത്തി ആളിക്കത്തിക്കാനുള്ള ശ്രമമാണ് മന്ത്രി സജി ചെറിയാനും മുൻ മന്ത്രി എ.കെ. ബാലനെ പോലുള്ളവരും ചെയ്യുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പിണറായി വിജയൻ കളിക്കുന്ന കളി തീക്കളിയാണെന്നും കൊക്കിന് ജീവനുണ്ടെങ്കിൽ കോൺഗ്രസ് ഇത്തരം വർഗീയ പ്രവണതകളെ ചെറുത്തുതോൽപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) സംസ്ഥാന സമ്മേളനം താണ ധനലക്ഷ്മി കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായി രുന്നു കെ.സി. വേണുഗോപാൽ എംപി. ഇത്തരം മന്ത്രിമാരെ പ്രോത്സാഹിപ്പിക്കുന്ന മനോനിലയിലാണ് മുഖ്യമന്ത്രി.
കഴിഞ്ഞ പത്തുവർഷമായി സാധാരണ ജനങ്ങൾ, തൊഴിലാളികൾ, ജീവനക്കാർ എന്നിവരുടെ പ്രശ്നങ്ങൾ എൽഡിഎഫ് സർക്കാരിനെ അലട്ടാറേ ഇല്ല. കുടിശിക സർക്കാരായി പിണറായി സർക്കാർ അധഃപതിച്ചു.
ജീവനക്കാർക്കും പെൻഷൻകാർക്കും ചികിത്സ ലഭ്യമാക്കാനുള്ള മെഡിസെപ്പ് പദ്ധതിയുടെ, വിഹിതം കൂട്ടുന്നതല്ലാതെ അതുകൊണ്ട് ഒരു പ്രയോജനവുമില്ല. ജീവനക്കാരെയും പെൻഷൻകാരെയും ശത്രുപക്ഷത്ത് നിർത്തുന്നതാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മൂന്നുമാസം കഴിയുന്പോൾ ശത്രുപക്ഷത്തുള്ള സർക്കാർ മാറി യുഡിഎഫിന്റെ നേതൃത്വത്തിൽ മിത്രപക്ഷത്തുള്ള സർക്കാർ വരുമെന്നും കെസി പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എംപി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി. ജോസഫ്, വി.എ. നാരായണൻ, ചന്ദ്രൻ തില്ലങ്കേരി, രമ്യ ഹരിദാസ്, ഷമാ മുഹമ്മദ്, മാർട്ടിൻ ജോർജ്, മുഹമ്മദ് ബ്ലാത്തൂർ, ടി.ഒ. മോഹനൻ, ആർ. രാജൻ ഗുരുക്കൾ, കോട്ടത്തല മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രനും സാംസ്കാരിക സമ്മേളനം ടി. പദ്മനാഭനും ഉദ്ഘാടനം ചെയ്തു. ഇന്നു നടക്കുന്ന കൗൺസിൽ യോഗം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും.
Kerala
കുമളി: മധുരയില്‍ നിന്നും തേക്കടിയിലെത്തിയ വിനോദ സഞ്ചാരികളുടെ വാഹനം കുമളിയ്ക്കു സമീപം ലോവര്‍ പെരിയാറില്‍ കത്തി നശിച്ചു.
വിനോദയാത്രയ്ക്കായി എത്തിയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് പൂര്‍ണമായും കത്തിനശിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍പേരും പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
കുമളി ലോവര്‍ ക്യാമ്പിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. എട്ട് പുരുഷന്മാരും നാല് സ്ത്രീകളും ഡ്രൈവറും അടക്കം 13 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
ലോവര്‍ ക്യാമ്പില്‍ നിന്നുള്ള കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഉടന്‍ തന്നെ പാതയോരത്തേക്ക് മാറ്റി നിര്‍ത്തുകയായിരുന്നു.
പുക കണ്ട ഉടന്‍ തന്നെ യാത്രക്കാര്‍ എല്ലാവരും വാഹനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടിയതിനാല്‍ വലിയ ദുരന്തം ഒഴിവായി. യാത്രക്കാര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാഹനം പൂര്‍ണമായും അഗ്നിക്കിരയാകുകയായിരുന്നു.
വിവരം അറിഞ്ഞ് കമ്പത്തു നിന്നെത്തിയ അഗ്നിരക്ഷാസേന ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തെ തുടര്‍ന്ന് കുമളി -കമ്പം പാതയില്‍ ഒരു മണിക്കൂറിലധികം ഗതാഗത തടസപ്പെട്ടു. ഗൂഡല്ലൂര്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.
District News
കുണ്ടറ: കുമ്പളത്തു റബർ തോട്ടം തീയിട്ടു നശിപ്പിച്ചു. മോരിപുറത്ത് രമ്യ ബാബുവിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടമാണ് കഴിഞ്ഞദിവസം നശിപ്പിച്ചത്.
275ഓളം മരങ്ങൾ ഉള്ള തോട്ടത്തിലെ 103ഓളം മരങ്ങൾ പൂർണമായും കത്തിനശിച്ചതായി കുണ്ടറ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അന്വേഷണം ഊർജിതമാക്കി കുറ്റക്കാരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നു സി പിഎം കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രഫ. മാത്യു വർഗീസ് ആവശ്യപ്പെട്ടു.
International
കറാച്ചി: പാക്കിസ്ഥാനിൽ കറാച്ചി നഗരത്തിലെ ഷോപ്പിംഗ് മാളിലുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 26 ആയി. അറുപതിലേറെ പേരെ കാണാതായി. മരണം 50 കവിഞ്ഞേക്കുമെന്ന് കറാച്ചി കമ്മീഷണർ ഹസൻ നഖ്വി പറഞ്ഞു.
1,200ലധികം കടകൾ പ്രവർത്തിക്കുന്ന നഗരമധ്യത്തിലെ ഗുൽ പ്ലാസ ഷോപ്പിംഗ് മാളിൽ ശനിയാഴ്ച രാത്രി പത്തിനാണു ദുരന്തം ആരംഭിച്ചത്. താഴത്തെ നിലയിലുണ്ടായ തീ അതിവേഗം മുകൾനിലകളിലേക്കു വ്യാപിക്കുകയായിരുന്നു.
വായുസഞ്ചാരം കുറഞ്ഞതും കെട്ടിടങ്ങളുടെ അശാസ്ത്രീയ നിർമാണവുമാണ് രക്ഷാപ്രവർത്തനത്തിന് തടസമായത്. 24 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേനയ്ക്ക് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.
ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് സിന്ധ് പോലീസ് മേധാവി ജാവേദ് ആലം ഓധോ അറിയിച്ചു. സംഭവത്തിൽ അന്വേഷണത്തിന് പാക് സർക്കാർ ഉത്തരവിട്ടു.
Kerala
തിരുവനന്തപുരം: കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വർക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ക്വാളിസ് കാറിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. അപകട സമയത്ത് വാഹനത്തിൽ സുഗന്ധകുമാറും കുടുംബാംഗങ്ങളും ആണ് ഉണ്ടായിരുന്നത്. വാഹനത്തിന്റെ എൻജിൻ ഭാഗത്തുനിന്നും പുക ഉയർന്നത്തോടെ വാഹനം ഒതുക്കി നിർത്തി ആളുകളെ പുറത്തിറക്കുകയായിരുന്നു.
വിവരമറിഞ്ഞ് കല്ലമ്പലം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. തീപിടിത്തം ഉണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല. കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
National
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രവിശങ്കർ പ്രസാദിന്റെ വീട്ടിൽ തീപിടിത്തം. ഡൽഹിയിലുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഒരു റൂമിലുണ്ടായിരുന്ന ബെഡിന് തീപിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
NRI
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പി സംസ്ഥാനത്തെ ഏറ്റവും വലിയ സിനഗോഗായ ബെത്ത് ഇസ്രായേൽ കോൺഗ്രിഗേഷൻ തീയിട്ടു നശിപ്പിച്ച സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജാക്സൺ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ചരിത്രപ്രസിദ്ധമായ ആരാധനാലയത്തിന് നേരെ ശനിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ആക്രമണമുണ്ടായത്. സിനഗോഗിന്റെ ലൈബ്രറിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും തീപിടിത്തത്തിൽ പൂർണമായും നശിച്ചു.
ലൈബ്രറിയിലുണ്ടായിരുന്ന രണ്ട് വിശുദ്ധ തോറ ഗ്രന്ഥങ്ങൾ കത്തിയമർന്നു. എഫ്ബിഐ, ജോയിന്റ് ടെററിസം ടാസ്ക് ഫോഴ്സ് എന്നിവയുടെ സഹകരണത്തോടെയാണ് അന്വേഷണം നടക്കുന്നത്.
ഇതൊരു ബോധപൂർവമായ തീവയ്പ്പാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മിസിസിപ്പിയിലെ ഏറ്റവും പഴയ ജൂത ആരാധനാലയങ്ങളിൽ ഒന്നാണിത്. 1967-ൽ സിവിൽ റൈറ്റ്സ് പ്രസ്ഥാനങ്ങളിലെ പങ്കാളിത്തത്തെത്തുടർന്ന് കു ക്ലക്സ് ക്ലാൻ ഇവിടെ ബോംബാക്രമണം നടത്തിയിട്ടുണ്ട്.
മതവിദ്വേഷവും വംശീയതയും നഗരത്തിന് നേരെയുള്ള ആക്രമണമായി കണക്കാക്കും എന്ന് ജാക്സൺ മേയർ ജോൺ ഹോൺ പ്രസ്താവിച്ചു. തീപിടിത്തത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ആരാധനാലയം പുനർനിർമിക്കുമെന്നും താത്കാലികമായി സമീപത്തെ പള്ളികളുടെ സഹായത്തോടെ പ്രാർഥനകൾ തുടരുമെന്നും സിനഗോഗ് അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: പെട്രോളുമായി എത്തിയ ഗുഡ്സ് ട്രെയിനിലെ ടാങ്കറിൽ തീപിടിത്തം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം. സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന്റെ മധ്യഭാഗത്തുള്ള ടാങ്കറിലാണ് തീ പടർന്നത്. നാട്ടുകാരാണ് പോലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്.
ലോക്കോ പൈലറ്റ് ആദ്യം വിശ്വസിക്കാൻ തയ്യാറായില്ലെന്നും നാട്ടുകാർ പറയുന്നു. റെയിൽവേ അധികൃതർ തീപിടിത്തത്തിന് കാരണം പരിശോധിക്കുന്നുണ്ട്. സംഭവത്തെ തുടർന്ന് ഒരു ട്രാക്കിലൂടെയുള്ള ഗതാഗതം താൽക്കാലികമായി തടസപ്പെട്ടു.
Kerala
തിരുവനന്തപുരം: കാട്ടാക്കടയിലെ ഡിജിറ്റൽ പ്രസിൽ യുവാവ് പെട്രോൾ ഒഴിച്ച് കത്തിച്ച് ജീവനൊടുക്കി. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.
പെട്രോള്‍ കുപ്പിയുമായി എത്തിയ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. പിന്നാലെ പെട്രോള്‍ ശരീരത്തിൽ ഒഴിച്ച് കത്തിച്ചു. സംഭവത്തിനിടെ കടയിലുണ്ടായിരുന്ന ജീവനക്കാരിക്കും പൊള്ളലേറ്റു.
നെടുമങ്ങാട് സ്വദേശിയായ യുവാവ് മരിച്ചെന്നാണ് പ്രാഥമിക വിവരം. കടയിലെ സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്സടക്കമെത്തിയാണ് തീയണച്ചത്.
പൊള്ളലേറ്റ ജീവനക്കാരിയെ ആശുപത്രിയിലെത്തിച്ചു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയിൽ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ഭക്ഷണം തയ്യാറാക്കുന്നതിനിടെ തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
മുക്കം, തിരുവാലി, മലപ്പുറം, മഞ്ചേരി ഫയർ സ്റ്റേഷനുകളിൽ നിന്നുള്ളവരും കരിപ്പുരിലെ പ്രത്യേക എൻജിനും എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിൽ നിന്നുള്ള തീ സമീപത്തെ വീടുകളിലേയ്ക്കും പടർന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
Kerala
പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ വര്‍ക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പയ്യന്നൂര്‍ ബികെഎം ആശുപത്രിക്ക് സമീപത്തെ കെ.പി.രമേശന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കാര്‍ ലാന്‍ഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്.
അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുവന്നു വര്‍ക്ക് ഷോപ്പിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ആളിക്കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂരില്‍നിന്ന് എത്തിയ രണ്ട് അഗ്നിശമന യൂണിറ്റുകള്‍ മുക്കാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂര്‍ണമായി അണച്ചത്. പൂട്ടിക്കിടന്ന ഗേറ്റിന്റെ പൂട്ട് തകര്‍ത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Kerala
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന പെരുമ്പിലാവ് സ്വദേശി മണികണ്ഠനും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് വൈകുന്നേരം ആറോടെ കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയില്‍ സെന്റ് ജോർജ് പള്ളിക്ക് മുന്നിലായിരുന്നു നടുക്കുന്ന സംഭവം. കാർ പൂർണമായി കത്തിനശിച്ചു.
അപകടം നടക്കുമ്പോൾ മണികണ്ഠനും ഭാര്യയും കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിൻഭാഗത്തെ ഡോറിന് അടിയിൽ നിന്നും പുക ഉയരുന്നത് തൊട്ടുപിന്നാലെ വന്ന വാഹനത്തിലെ യാത്രക്കാരാണ് ആദ്യം കണ്ടത്. ഇവർ തുടർച്ചയായി ഹോൺ മുഴക്കി മുന്നറിയിപ്പ് നൽകിയതോടെ മണികണ്ഠൻ വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി.
കാറിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ മണികണ്ഠനും കുടുംബവും പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. നിമിഷങ്ങൾക്കകം കാറിൽ തീ പടരുകയായിരുന്നു
തുടർന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുന്നംകുളം അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ ആളിപടർന്ന സാഹചര്യത്തിൽ ഗുരുവായൂർ അഗ്നിരക്ഷാ നിലയത്തിൽ നിന്നും മൂന്ന് യൂണിറ്റ് ഫയർ എൻജിനുകൾ കൂടി എത്തിയാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് കുന്നംകുളം - പട്ടാമ്പി പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.
Kerala
അമ്പലപ്പുഴ: ക്ഷേത്രവളപ്പില്‍ വെട്ടിയിട്ടിരുന്ന മരത്തടിക്ക് തീപിടിച്ചു. ദേശിയപാതയുടെ വികസനത്തിന്റെ ഭാഗമായി വെട്ടിയ മരം ഇരട്ടക്കുളങ്ങര ശ്രീ മഹാദേവ ക്ഷേത്രവളപ്പിൽ ദേശിയപാതയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടക്കുകയായിരുന്നു.
മാസങ്ങളായി കിടന്ന് ഉണങ്ങിയ തടിയില്‍ ബുധനാഴ്ച വൈകിട്ടോടെയാണ് തീ പിടിച്ചത്. ഓടിക്കൂടിയ നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് തകഴിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും അമ്പലപ്പുഴ പോലീസും ചേർന്നാണ് തീയണച്ചത്.
മരം പൂർണമായി കത്തി നശിച്ചു. തടിയോട് ചേര്‍ന്ന് കിടന്ന മാലിന്യത്തിനും ഉണങ്ങിയ പുല്ലിനും ആരോ തീയിട്ടത് തടിയിലേക്ക് പടര്‍ന്നതാകാമെന്ന് കരുതുന്നു.
Kerala
കൊച്ചി∙ ചെല്ലാനം മിനി ഫിഷിംഗ് ഹാർബറിൽ തീപിടിത്തം. രണ്ട് പഴകിയ വള്ളങ്ങളും പെട്ടിക്കടയും കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി 8.30 നായിരുന്നു സംഭവം.
ഹാർബറിന്റെ തെക്കുഭാഗത്തെ പുലിമുട്ടിനു സമീപം കരിയിലകളും മാലിന്യവും കത്തിക്കുന്നതിനിടെ തീ പടരുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന രണ്ട് ഉപയോഗശൂന്യമായ ഫൈബർ വള്ളങ്ങൾക്കും പെട്ടിക്കടയ്ക്കും തീപിടിച്ചു.
മട്ടാഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
Kerala
തൃശൂർ: റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയായിലെ തീപിടിത്തത്തിന്റെ നഷ്ടം കണക്കാക്കാനുള്ള പരിശോധനകൾ ഇന്നും ചൊവ്വാഴ്ചയുമായി നടക്കും.
കത്തിനശിച്ച വാഹനങ്ങളുടെ കാലപ്പഴക്കം കണ്ടെത്താനുള്ള പരിശോധനയാണ് ആദ്യം നടക്കുക. അതിനുശേഷമേ വാഹനങ്ങളുടെ നിലവിലെ വില നിശ്ചയിക്കാനാകൂ. പരിശോധനകൾക്ക് ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ നേതൃത്വം നല്‍കും. തീ പിടിത്തത്തിനുള്ള യഥാർഥ കാരണം കണ്ടെത്താനുള്ള പരിശോധനകൾ പോലീസിന്റെയുംകൂടെ സഹായത്തോടെ നിർവഹിക്കും.
നന്പർ പ്ലേറ്റുകളടക്കം കത്തിപ്പോയതിനാൽ വാഹനങ്ങളുടെ ചേസ് നമ്പർ പരിശോധിച്ച് രജിസ്ട്രേഷൻ നമ്പർ കണ്ടെത്തിവേണം കാലപ്പഴക്കം നിർണയിക്കാൻ. മൂന്നൂറോളം വാഹനങ്ങൾ കത്തിനശിച്ചെന്നാണു പ്രാഥമിക നിഗമനം.
തീപിടിത്ത അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇത്രയും വാഹനങ്ങളുടെ ചേസ് നന്പർ പരിശോധിക്കാൻ രണ്ടുദിവസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ കത്തിനശിച്ചവരുടെ പരാതികൾ ഇനിയും ലഭിക്കാനുണ്ട്. അതിനുശേഷമേ യഥാർഥ നഷ്ടം കണക്കാക്കാനാകൂ. തുടർന്ന് റെയിൽവേ സാമഗ്രികളുടെ നഷ്ടവും റെയിൽവേയുടെകൂടെ സഹായത്തോടെ കണക്കാക്കും.
പാർക്കിംഗ് കേന്ദ്രത്തിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങളുലൊന്നിനു തീപിടിച്ചതിനു പിന്നാലെ മറ്റു വാഹനങ്ങളിലേക്കു പടർന്നെന്നും പാർക്കിംഗ് കേന്ദ്രത്തിന് അടുത്തുള്ള റെയിൽവേ ഇലക്ട്രിക് ലൈനിലുണ്ടായ തീപ്പൊരു മൂടിയിട്ടിരുന്ന വാഹനത്തിൽ പതിച്ച് തീപിടിക്കുകയായിരുന്നുവെന്നും ദൃക്സാക്ഷികളുടെ മൊഴികളുണ്ട്. ഇത് പോലീസ് പരിശോധിക്കും.
റെയിൽവേ ഇലക്ട്രിക് ലൈനിൽനിന്ന് നിയമപ്രകാരം പാലിക്കേണ്ട അകലം പാർക്കിംഗ് ഏരിയയ്ക്ക് ഇല്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഇതു വിശദമായി പരിശോധിക്കും. പാർക്കിംഗ് കരാർ, പാർക്കിംഗ് ഏരിയായിൽ ഒരുക്കിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ, തീപിടിത്തം തടയാനായി ജീവനക്കാർക്കു പരിശീലനം നല്‍കിയിട്ടുണ്ടോ തുടങ്ങിയവയും പരിശോധനയുടെ ഭാഗമാകും.
തീപിടിത്ത സാഹചര്യങ്ങൾ ഒഴിവാക്കാൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ എല്ലാ നിർമാണ പ്രവർത്തനങ്ങളും സമഗ്രമായി പരിശോധിക്കാനും പദ്ധതിയുണ്ട്. റെയിൽവേ നിർമാണ പ്രവർത്തനങ്ങളെക്കുറിച്ച് പരാതിയുയർന്ന സാഹചര്യത്തിലാണിത്.
റെയിൽവേ സ്റ്റേഷനിലെ താത്കാലികമായുള്ളതടക്കമുള്ള നിർമാണങ്ങൾ നിയമാനുസൃതമാണോയെന്നും സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെയെന്നു പരിശോധന നടത്താൻ കോർപറേഷൻ സെക്രട്ടറി തൃശൂർ റെയിൽവേ സ്റ്റേഷൻ മാനേജർക്കു നോട്ടീസ് നല്‍കിയിട്ടുണ്ട്.
Kerala
മാവേലിക്കര: തൃശൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിംഗ് കേന്ദ്രത്തിൽ ഉണ്ടായ തീപിടിത്തത്തിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
ഏകദേശം 500 ൽ അധികം ബൈക്കുകൾ പൂർണമായും കത്തിനശിച്ചതിന് റെയിൽവേ ഭരണകൂടത്തിന്റെയും കരാറുകാരുടെയും ഗുരുതര അനാസ്ഥയാണ് കാരണം. ഹെവി ലോഡ് ഇലക്ട്രിക് ലൈനിന് നേരെ താഴെയായി, മെറ്റൽ ഷീറ്റ് കവർ ഉപയോഗിച്ച് പാർക്കിംഗ് ഷെഡ് നിർമിച്ചതും, അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാതിരുന്നതുമാണ് അപകടത്തിന് വഴിവച്ചതെന്നും കൊടിക്കുന്നിൽ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
യാത്രക്കാർ റെയിൽവേ ഏകപക്ഷീയമായി നിശ്ചയിച്ച ഭാരിച്ച പാർക്കിംഗ് ഫീസ് അടച്ചുകൊണ്ടാണ് സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. അത്തരമൊരു സാഹചര്യത്തിൽ, വാഹനങ്ങൾ കത്തി നശിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേയ്ക്കും കരാറുകാരർക്കും കൈയൊഴിയാൻ ഒരിക്കലും കഴിയില്ല. പണമടച്ച് സേവനം ഉപയോഗിക്കുന്ന യാത്രക്കാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് റെയിൽവേയുടെ നിയമപരവും നൈതികവുമായ ബാധ്യതയാണ്.
ഇലക്ട്രിക് ലൈനുകളുടെ കീഴിൽ അപകടകരമായ രീതിയിൽ പാർക്കിംഗ് ഷെഡുകൾ അനുവദിച്ചതും, ആവശ്യമായ ഇൻസുലേഷൻ, ഫയർ സേഫ്റ്റി സംവിധാനങ്ങൾ ഒരുക്കാതിരുന്നതും ഗുരുതര വീഴ്ചയാണ്. ഇതുമൂലം ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിരിക്കുകയാണ്. അതിന്റെ പൂർണ ഉത്തരവാദിത്വം റെയിൽവേ ഏറ്റെടുക്കണം.
ഈ ഗുരുതര സംഭവത്തിൽ ഉന്നതതല നടപടി സ്വീകരിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും റെയിൽവേ മന്ത്രിക്കും കത്ത് നൽകിയിട്ടുണ്ട്. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന റെയിൽവേ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ കർശന നടപടി സ്വീകരിക്കണം.
അതോടൊപ്പം, ബൈക്കുകളുടെ ഉടമകൾക്ക് അർഹമായ നഷ്ടപരിഹാരം അടിയന്തരമായി നൽകണം. ഇനിയും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ, റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ സമഗ്ര സുരക്ഷാ ഓഡിറ്റ് നടത്തുകയും, ഹെവി ലോഡ് ഇലക്ട്രിക് ലൈനുകൾക്ക് സമീപമുള്ള എല്ലാ അപകടകരമായ നിർമാണങ്ങളും ഉടൻ നീക്കം ചെയ്യുകയും വേണമെന്നും കൊടിക്കുന്നിൽ സുരേഷ് കുറിച്ചു.
Kerala
തൃശൂർ: വൻ തീപിടിത്തമുണ്ടായ തൃശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിംഗ് ഏരിയയിൽ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖർ. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.
"സംസ്ഥാനത്തെ മുഴുവൻ പേ പാർക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാൻ വേണ്ടി നിർദേശം നൽകിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വർധിപ്പിക്കാനുള്ള കാര്യങ്ങൾ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയിൽവേയും ആർപിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വർധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.'-ഡിജിപി പറഞ്ഞു.
റെയിൽവേ ലൈനിൽ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാർക്കിങ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയിൽവേ സ്റ്റേഷൻ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാർക്കിങ്ങുകളും പരിശോധിക്കും"- റവാഡ ചന്ദ്രശേഖർ പറഞ്ഞു.
ഇന്ന് രാവിലെയാണ് ആറരയോടെയാണ് പാർക്കിങ്ങിൽ തീപിടിത്തമുണ്ടാകുന്നത്. പാർക്ക് ചെയ്തിരുന്ന നൂറിലേറെ ബൈക്കുകൾ തീപിടിത്തത്തിൽ കത്തിനശിച്ചു. അറനൂറോളം ബൈക്കുകൾ പാർക്ക് ചെയ്തിരുന്നതായാണ് വിവരം. റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്ന പാർക്കിങ്ങിലാണ് തീപിടിത്തം ഉണ്ടായത്.
ബൈക്ക് ഷെഡ് പൂർണമായും കത്തിയമർന്നു. മേൽക്കൂരയടക്കം തകർന്നു വീണു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. റെയിൽവേ സ്റ്റേഷനും റെയിൽ പാളവും തൊട്ടടുത്ത് തന്നെ ആയതിനാൽ ഉയർന്ന വൈദ്യുതി കടന്നു പോകുന്ന ലൈൻ അടക്കം തൊട്ടടുത്തുണ്ടായിരുന്നു. തീ പടർന്ന് സമീപത്ത് നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിനും കത്തി.
NRI
ബെർലിൻ: ജർമനിയിൽ തീപിടിത്തത്തിൽനിന്നു രക്ഷനേടാന്‍ കെട്ടിടത്തില്‍ നിന്നും ചാടിയ തെലുങ്കാന സ്വദേശി മരിച്ചു. ഹൃത്വിക് റെഡ്ഢി (25) ആണു മരിച്ചത്.
ഡിസംബർ 30നായിരുന്നു അപകടം. ആളിപ്പടരുന്ന തീയില്‍ നിന്നും രക്ഷനേടാനായി കെട്ടിടത്തില്‍ നിന്നും എടുത്തു ചാടിയ ഹൃത്വികിന് വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജൻഗാവ് ജില്ലക്കാരനായ ഹൃത്വിക് എംഎസ് പഠനത്തിനായി 2023ലാണു ജർമനിയിലെത്തിയത്. ജനുവരി 12നു നാട്ടിലെത്താനിരുന്നതാണ്.
Kerala
അതിരമ്പുഴ: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിനു തീ പിടിച്ചു. സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടയം അതിരമ്പുഴ-പാറോലിക്കൽ റോഡിൽ അതിരമ്പുഴ പള്ളിമൈതാനത്തിനു സമീപം ഇന്നു രാവിലെ 9.15നാണ് സംഭവം. തീയും പുകയും കണ്ടതോടെ സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ സ്കൂട്ടറിൽനിന്ന് ഇറങ്ങി ഓടി മാറിയതിനാൽ പരിക്കേറ്റില്ല. സ്ഥലത്തുണ്ടായിരുന്ന സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ എസ്പിസി ഇൻസ്ട്രക്ടർ കൂടിയായ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സിപിഒ സേവ്യർ ജോസഫിന് ഇടപെടലിലാണ് മറ്റ് അപകടങ്ങൾ ഒഴിവായത്.
വാഹനങ്ങൾക്കു തീപിടിക്കുന്ന സംഭവങ്ങൾകൂടി വരുന്നതു പരക്കെ ആശങ്ക ഉയർത്തിയിട്ടുണ്ട്. കാർ, ബസ്, ലോറി തുടങ്ങി എല്ലാ വിഭാഗങ്ങളിലും പെട്ട വാഹനങ്ങൾ കേരളത്തിലെ പല ഭാഗത്തും തീപിടിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്നു പുലർച്ചെ പൊൻകുന്നം മണിമലയ്ക്കു സമീപം കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ബസിനു തീപിടിച്ചിരുന്നു. ബസ് പൂർണമായി കത്തിയമർന്നു. യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.
ഇലക്ട്രിക്കൽ തകരാറുകളാണെന്നാണ് പൊതുവേ വിലയിരുത്താറുള്ളെങ്കിലും സമീപ കാലത്ത് ഇത്തരം സംഭവങ്ങൾ പെരുകുന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഈ പ്രശ്നത്തെക്കുറിച്ചു സർക്കാർ മുൻകൈയെടുത്തു വിദഗ്ധ പഠനം നടത്തണമെന്ന ആവശ്യവും ശക്തമാണ്.
Kerala
കൊച്ചി: ബ്രോഡ്വേയില് ഉണ്ടായ തീപിടിത്തത്തില്‍ നഷ്ടം 30 ലക്ഷമെന്നു നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ബ്രോഡ്വേയിലെ ശ്രീധര്‍ തിയേറ്ററിനു സമീപമുള്ള കൊളുത്തറ ബസാറിലെ ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വില്‍ക്കുന്ന അഞ്ച് സ്ഥാപനങ്ങളാണ് കത്തി നശിച്ചത്.
ഹാപ്പി ടോയ്സ് എന്ന കടയുടെ താഴത്തെ നിലയില്‍നിന്നാണ് ആദ്യം തീ കത്തിപ്പടര്‍ന്നത് പിന്നാലെ മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വന്‍ തിരക്ക് അനുഭവപ്പെടുന്ന മേഖല കൂടിയാണ് കൊളുത്തറ ബസാര്‍. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാനായത്.
എറണാകുളം ക്ലബ് റോഡിലെ ഫയര്‍ഫോഴ്സിനെയാണ് ആദ്യം വിവരം അറിയിച്ചത്. ഇവിടെനിന്നു രണ്ടു യൂണിറ്റുകളും ഗാന്ധി നഗറില്‍നിന്നു മൂന്നു യൂണിറ്റുകളും ആലുവ, മട്ടാഞ്ചേരി, വൈപ്പിന്‍, തൃക്കാക്കര, ഏലൂര്‍, നോര്‍ത്ത് പറവൂര്‍, അരൂര്‍, പട്ടിമറ്റം എന്നിവിടങ്ങളില്‍നിന്ന് ഓരോ യൂണിറ്റും വീതം എത്തിയാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിക്കാനുള്ള കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കെഎസ്ഇബി ഇതു തള്ളി. കടകളുടെ സമീപമുള്ള മാലിന്യക്കൂമ്പാരത്തില്നിന്നാകും തീ പടര്‍ന്നത് എന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
ബ്രോഡ് വേയിലെ തീപിടിത്തം ആദ്യ സംഭവമല്ല. നേരത്തെയും പലവട്ടം ബ്രോഡ്വേയിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. ഇതിനു ശേഷവും കാര്യമായ മുൻകരുതൽ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കടകൾക്കു സമീപം മാലിന്യങ്ങൾ കൂടിക്കിടന്നതാണ് ഇത്തവണത്തെ തീപിടിത്തത്തിനു കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്നു കോർപറേഷൻ മേയർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
National
അമരാവതി: ആന്ധ്രാപ്രദേശിൽ ട്രെയിനിന് തീപിടിച്ച് ഒരാൾ മരിച്ചു. ടാറ്റാനഗർ-എറണാകുളം എക്സ്പ്രസിന്റെ രണ്ട് കമ്പാർട്ടുമെന്റുകൾക്കാണ് തീപിടിച്ചത്.
യലമഞ്ചിലിയിൽ വച്ച് പുലർച്ചെ 12.45ഓടെയാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടായ ഒരു കോച്ചിൽ 82 യാത്രക്കാരും മറ്റൊരു കോച്ചിൽ 76 യാത്രക്കാരുമുണ്ടായിരുന്നു.
ചന്ദ്രശേഖർ സുന്ദരം എന്നയാളാണ് മരിച്ചത്. യാത്രക്കാരെ മറ്റ് ട്രെയിനുകളിലാണ് ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചത്.
അപകരകാരണം കണ്ടെത്താൻ ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടന്നുവരികയാണ്.
Kerala
കൊച്ചി: പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. പെരുമ്പാവൂർ മേതലയിൽ കല്ലിൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിൽ വെള്ളിയാഴ്ചയാണ് തീപിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ ഉള്ളിലുണ്ടായിരുന്ന പ്ലൈവുഡ് ഉത്പന്നങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അഗ്നിശമന സേനയുടെ എട്ട് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്. സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീ പിടിച്ചത്.
പിന്നീട് പല ഭാഗങ്ങളിലേക്കായി പടരുകയായിരുന്നു. തീപിടിത്ത സമയത്ത് കെട്ടിടത്തിന്റെ ഉള്ളിൽ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും എല്ലാവരെയും ഉടൻ പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി.
National
ന്യൂഡൽഹി: അസമിൽ വെസ്റ്റ് കർബി ജില്ലയിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു. കർബി ആംഗ്ലോംഗ് ഓട്ടോണമസ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗവും ബിജെപി നേതാവുമായ തുലിറാം റോങ്ഹാംഗിന്റെ കുടുംബ വീടിനാണ് തീയിട്ടത്.
ഗോത്ര വിഭാഗത്തിൽപ്പെട്ടവർക്ക് സ്വയംഭരണ അവകാശമുള്ള പ്രദേശമാണിത്. ഇവിടെ കുടിയേറിയ മറ്റു വിഭാഗങ്ങളെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇതിനായി നിരാഹാരം അനുഷ്ഠിച്ചവരെ നീക്കിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
Kerala
കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിൽ വൻ തീപിടുത്തം. അപകടത്തിൽ ഗോഡൗണിൽ ഉണ്ടായിരുന്ന മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.
ഈരാറ്റുപേട്ട വലിയവീട്ടിൽ ഫൈസൽ, നഹാസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കത്തി നശിച്ചത്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഈരാറ്റുപേട്ട ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്..
International
ധാക്ക: ബംഗ്ലാദേശിൽ കലാപകാരികൾ ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) നേതാവിന്റെ വീടിന് തീവച്ചു. സംഭവത്തിൽ വീട്ടിലുണ്ടായിരുന്ന ഏഴ് വയസുകാരി പൊള്ളലേറ്റു മരിച്ചു.
ഞായറാഴ്ച പുലർച്ചെ ഒന്നോടെ ഭവാനിഗഞ്ച് യൂണിയൻ ബിഎൻപി അസിസ്റ്റന്റ് ഓർഗനൈസിംഗ് സെക്രട്ടറിയും വ്യാപാരിയുമായ ബിലാൽ ഹുസൈന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇദ്ദേഹത്തിന്റെ മകൾ ആയിഷയാണ് മരിച്ചത്.
അക്രമികൾ വാതിലുകൾ പുറത്തുനിന്ന് പൂട്ടിയശേഷം പെട്രോൾ ഒഴിച്ച് വീടിന് തീയിടുകയായിരുന്നു എന്ന് ബിലാലിന്റെ അമ്മ ഹസീറ ബീഗം പറഞ്ഞു.
വാതിലുകൾ പൂട്ടിയതിനാൽ വീട്ടിലുള്ളവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല. ബിലാൽ ഹുസൈൻ, മക്കളായ സൽമ അക്തർ (16), സാമിയ അക്തർ (14) എന്നിവർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ഇവരുടെ ശരീരത്തിന്റെ 60 ശതമാനത്തോളം പൊള്ളലേറ്റതിനാൽ ഇവരെ ധാക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറിയിലേക്ക് മാറ്റി. ബിലാലിന്റെ ഭാര്യ നജ്മ, നാല് മാസം പ്രായമുള്ള കുഞ്ഞ് അബീർ, ആറ് വയസുകാരനായ മകൻ ഹബീബ് എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിലെ ഇന്ത്യാ വിരുദ്ധ നേതാവും പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിന്നിരുന്ന ആളുമായ ഉസ്മാൻ ഹാദി വെടിയേറ്റ് മരിച്ചതിനെ തുടർന്നാണ് ബംഗ്ലാദേശിൽ കലാപം രൂക്ഷമായത്.
കഴിഞ്ഞ ദിവസം കലാപത്തിനിടെ മതനിന്ദ ആരോപിച്ച് ആൾകൂട്ടം ഒരു യുവാവിനെ മർദിച്ച് കൊലപ്പെടുത്തുകയും പിന്നീട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തിരുന്നു.
Kerala
കണ്ണൂർ: തലശേരിയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക്ക് റീസൈക്ലിംഗ് യൂണിറ്റിൽ വൻ തീപിടിത്തം. കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്.
തലശേരി, മാഹി, പാനൂർ ഫയർ സ്റ്റേഷനുകളിൽനിന്നുള്ള അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. റീസൈക്ലിംഗ് യൂണിറ്റിലെ ഗോഡൗണിൽ ഗ്യാസ് സിലിണ്ടറുകൾ ഉണ്ടെന്നാണ് സൂചന.
തീപടർന്നതു കണ്ടതോടെ തൊഴിലാളികൾ പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. തൊട്ടടുത്തുള്ള വർക്ക് ഷോപ്പിലേക്കും തീപടർന്നിട്ടുണ്ട്.
National
പനാജി: 25 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തമുണ്ടായ ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ നിശാക്ലബ്ബിന്റെ ഉടമകളായ ലുത്ര സഹോദരന്മാരെ അഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
ഗോവയിൽ എത്തിച്ച ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. തായ്ലൻഡ് നാടുകടത്തിയ ഇവരെ ഡൽഹിയിൽനിന്നും ഇന്നലെ രാവിലെയാണ് ഗോവയിൽ എത്തിച്ചത്.
ഇൻഡിഗോ വിമാനത്തിൽ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ഇവരെ പോലീസ് ഉടനെ അറസ്റ്റ് ചെയ്യുകയായിരുന്നു. നോർത്ത് ഗോവയിലെ മനോഹർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ 10.45നാണ് ഗോവ പോലീസ് സംഘം സഹോദരന്മാരുമായി വന്നിറങ്ങിയത്.
നിശാക്ലബിന്റെ അഞ്ച് മാനേജർമാരും സ്റ്റാഫ് അംഗങ്ങളും ഗോവ പോലീസിന്റെ പിടിയിലാണ്.
National
പനാജി: ഗോവയിലെ അർപോറയിൽ നിശാ ക്ലബിന് തീപിടിച്ച് 25 പേര് മരിച്ച സംഭവത്തിലെ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ ലുത്ര സഹോദരന്മാർ അറസ്റ്റിൽ. തായ്ലൻഡിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
തീപിടിച്ച ഉടൻ ഗോവയില്‍ നിന്ന് തായ്ലൻഡിലേയ്ക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെവിച്ചിരുന്നു. തായ്ലൻഡ് പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും.
ഡിസംബര്‍ ആറിന് രാത്രി 11 ഓടെയാണ് പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര് മരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്.
ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് ലുത്ര സൗരഭ് ലുത്ര എന്നിവര്‍ തായ്ലൻഡിസലേയ്ത്ത് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ഇരുവരും ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.
തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തായ്ലൻഡ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.