District News
പുൽപ്പള്ളി: മരക്കടവ് ജലസേചന പദ്ധതി പൂർത്തിയാക്കാൻ നടപടി വേണമെന്ന് ആവശ്യം.പ്രദേശത്തെ തരിശായി കിടക്കുന്ന ഏക്കർകണക്കിന് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് ലക്ഷങ്ങൾ മുടക്കി പന്ത്രണ്ട് വർഷം മുൻപ് നിർമിച്ച പദ്ധതിയുടെ പണി പൂർത്തിയാക്കിയിട്ടും പന്പിംഗ് തുടങ്ങാൻ ഇതുവരെ നടപടിയില്ലെന്നാണ് കർഷകർ പറയുന്നത്.
കെഞ്ചൻപാടി ഉന്നതിയിലെ കുടുംബങ്ങൾക്ക് കൃഷി ചെയ്യാൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതി ആരംഭിച്ചത്. എന്നാൽ അധികൃതരുടെ അനാസ്ഥ മൂലം പദ്ധതിയിലൂടെ ജലം എത്തിക്കാൻ കഴിഞ്ഞിട്ടില്ല.
പദ്ധതി നടപ്പാക്കാൻ ട്രൈബൽ വകുപ്പിന്റെ ഭാഗത്തുനിന്നോ പഞ്ചായത്തിന്റെ ഭാഗത്തുനിന്നോ യാതൊരു നടപടിയു ഉണ്ടാകുന്നില്ല. സമഗ്ര ഉന്നതി വികസനപദ്ധതിയിൽപ്പെടുത്തി ആരംഭിച്ച പദ്ധതി പൂർത്തീകരിച്ചു ഉന്നതിക്കാർക്ക് ഉൾപ്പെടെ കൃഷിക്ക് ഉപയുക്തമാക്കാൻ ആവശ്യമായ നടപടികൾ വേണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. പദ്ധതിക്കായി കബനിപ്പുഴയോരത്ത് കൂറ്റൻ കുളവും വാട്ടർ ടാങ്കും മോട്ടർപുരയും സ്ഥാപിച്ച് പദ്ധതിക്കുള്ള ഫണ്ട് പൂർണമായി ചെലവഴിച്ചിട്ടും ജനങ്ങൾക്ക് വെള്ളം എത്തിക്കാൻമാത്രം ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.
District News
കോട്ടത്തറ: നാടിന്റെ സമഗ്രവികസനത്തിന് ജനകീയ പദ്ധതികൾ അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ പറഞ്ഞു.
വർക്കിംഗ് ഗ്രൂപ്പുകളിലും വികസന സെമിനാറിലുമുള്ള വൻ ജനപങ്കാളിത്തം വികസന പ്രവർത്തനങ്ങൾക്ക് ശരിയായ ദിശാബോധം നൽകുമെന്ന് അവർ പറഞ്ഞു. കോട്ടത്തറ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ചന്ദ്രിക കൃഷ്ണൻ. പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത അധ്യക്ഷത വഹിച്ചു. കരട്പദ്ധതി രേഖയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ നിർവഹിച്ചു.
സംസ്ഥാനതലത്തിൽ മികച്ച വിജയം പ്രതിഭകളെ സെമിനാറിൽ ആദരിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഇ.ആർ. പുഷ്പ കരട് പദ്ധതിരേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഇ.സി. അജീഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. റെനീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ലീലാമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം എം. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.ജി. ജെനിമോൾ, പഞ്ചായത്ത് സെക്രട്ടറി കെ.എ. മിനി, ജനപ്രതിനിധികളായ ബിന്ദു, ജോണ്‍സി സജി, സനിലേഷ്, എലിസബത്ത്, റംല അസീസ്, ജസ്റ്റിൻ സിറിയക്, വി.ആർ. ബാലൻ, പി.കെ. ജോണ്‍, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, സിഡിഎസ് വൈസ് ചെയർപേഴ്സണ്‍ പുഷ്പ സുന്ദരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി. ദേവസ്യ, പി.സി. അബ്ദുള്ള, എം.എസ്. സതീഷ് എന്നിവർ പ്രസംഗിച്ചു.
District News
പുൽപ്പള്ളി: പഠനത്തോടൊപ്പം അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ പരിസ്ഥിതിയെ സംരക്ഷിച്ച് മാതൃകയാവുകയാണ് കല്ലുവയൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ.
സ്കൂൾ പരിസരം മരങ്ങളാൽ പച്ചപ്പ് നിറഞ്ഞ അപൂർവ കാഴ്ച്ചയാണ് ഇവിടെയെത്തുന്നവർക്ക് നൽകുന്നത്. സ്കൂൾ ക്യാന്പസ് നിറയെ മരങ്ങളും കിളികളുടെ നിലയ്ക്കാത്ത ബഹളവുമാണ് സ്കൂൾ അന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നത്. മരംനട്ട് പരിപാലിച്ചതിന് വനം വകുപ്പിന്റേത് ഉൾപ്പെടെ നിരവധി ആദരവുകൾ ഈ ഗ്രാമീണ വിദ്യാലയത്തെ തേടിയെത്തിയിട്ടുണ്ട്.
സുന്ദർലാൽ ബഹുഗുണയും കുടുംബവും ഈ ഹരിത സ്കൂളിൽ സന്ദർശകരായെത്തിയത് വലിയ അംഗീകാരമായാണ് ഈ സ്കൂൾ കാണുന്നത്.സ്കൂളിലെ അഞ്ച് ഏക്കർ സ്ഥലത്ത് നൂറ് കണക്കിന് മരങ്ങളാണുള്ളത്. സ്കൂളിൽ എത്തുന്ന ഓരോ അതിഥിയും വൃക്ഷത്തൈ നട്ടാണ് മടങ്ങാറ്. കടുത്ത വേനലിൽ ഒട്ടും ചൂട് അനുഭവപ്പെടാതെ പഠിക്കാൻ കഴിയുന്നതും ഈ സ്കൂളിന്റെ പ്രത്യകതയാണ്. പരിസ്ഥിതി സംരക്ഷണത്തിന് ഉത്തമ മാതൃകയാക്കി മാറുകയാണ് ഈ സ്കൂളിലെ മാനേജ്മെന്റും വിദ്യാർഥികളും അധ്യാപകരും പിടിഎയും.
District News
കൽപ്പറ്റ: കൊച്ചിൻ ഷിപ്പ് യാർഡിന്റെ സിഎസ്ആർ ഫണ്ടിലുൾപ്പെടുത്തി ജില്ലയിലെ അരിവാൾ കോശ രോഗികൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.
മാനന്തവാടി കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ നടന്ന പരിപാടി പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. 500 ഗ്രാം വീതം ചെറുപയർ, വൻപയർ, മുതിര, കടല, 100 ഗ്രാം വീതം ബദാം, നെയ്യ് എന്നിവയാണ് കിറ്റിലുള്ളത്. സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ സെക്രട്ടറി സി.ഡി. സരസ്വതി മന്ത്രിയിൽ നിന്നും ആദ്യ കിറ്റ് ഏറ്റുവാങ്ങി. അരിവാൾ കോശ രോഗികളുടെ ക്ഷേമപ്രവർത്തനങ്ങൾ ലക്ഷ്യമാക്കിയാണ് കൊച്ചിൻ ഷിപ് യാർഡ് സിഎസ്ആർ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.
അരിവാൾ കോശ രോഗനിർണയത്തിന് ആധുനികവും കൃത്യവുമായ എച്ച്പിഎൽസി പരിശോധനാ സംവിധാനം വയനാട് ഗവ. മെഡിക്കൽ കോളജിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ സിക്കിൾ സെൽ ഓപറേഷൻ യൂണിറ്റിൽ ലഭ്യമാണ്. അസ്ഥിരോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ, അരിവാൾ കോശ രോഗികൾക്ക് പ്രത്യേക ചികിത്സാ യൂണിറ്റ് എന്നിവ മെഡിക്കൽ കോളജിൽ സജ്ജമാണ്.
കൽപ്പറ്റ ഗവ. ജനറൽ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രികളിലും വിവിധ കുടുംബാരോഗ്യ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും അരിവാൾ കോശ രോഗികൾക്കുള്ള ഹൈഡ്രോക്സി യൂറിയ, ഫോളിക് ആസിഡ് മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്.
മാനന്തവാടി ജില്ലാ ആശുപത്രിയിൽ ബ്ലഡ് എക്സ്ചേഞ്ച് ട്രാൻസ്ഫ്യൂഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. രോഗികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കാൻ സിക്കിൾ സെൽ സ്റ്റാറ്റസ് ഐഡി കാർഡുകൾ ജില്ലയിൽ വിതരണം ചെയ്തു. ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ജെറിൻ എസ്. ജെറോഡ് അധ്യക്ഷത വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി, മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ജൂണിയർ കണ്‍സൾട്ടന്റ് ഡോ. മൃദുലാൽ, സിക്കിൾസെൽ പേഷ്യന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനീഷ് എന്നിവർ പ്രസംഗിച്ചു.
District News
പുൽപ്പള്ളി: മേഖലയിലെ വരൾച്ചയ്ക്കും ജലക്ഷാമത്തിനും ശാശ്വത പരിഹാരമായി വിഭാവനം ചെയത കടമാൻതോട് പദ്ധതി നിർമാണത്തിലെ അനിശ്ചിതത്വങ്ങളും ആശങ്കകളും പരിഹരിക്കണമെന്ന് കബനി കാർഷികസംഘം ആവശ്യപ്പെട്ടു.
കർണാടകയോട് ചേർന്നുള്ള മുള്ളൻകൊല്ലിയിലെ അതിർത്തി പ്രദേശങ്ങൾ നേരത്തെ തന്നെ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയാണ്. തോടുകളും ജലാശയങ്ങളും വറ്റിതുടങ്ങി. പഞ്ചായത്തിലെ ഭൂരിഭാഗം ആളുകളും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്.
ഇവിടെ ജലസേചന സൗകര്യമുറപ്പാക്കിയാൽ മാത്രമേ കൃഷിയെ മെച്ചപ്പെടുത്താനാകു. പദ്ധതി സംബന്ധിച്ച നടപടികളിൽ കാലതാമസം വരുത്തി ഇല്ലാതാക്കാനുള്ള നീക്കമാണ് വിവിധയിടങ്ങളിൽ നിന്നുണ്ടാകുന്നതെന്നും യോഗം ആരോപിച്ചു. പദ്ധതി വരുമോ ഇല്ലയോ എന്ന കാര്യം ഉറപ്പ് വരുത്തണമെന്നും സർവകക്ഷി യോഗം വിളിച്ച് ജനങ്ങളുടെ കാര്യങ്ങൾ കേൾക്കാർ ജില്ലാ ഭരണകൂടം തയാറാകണമെന്നും കാവേരി ജലവിഹിതം ഉപയോഗപ്പെടുത്തണമെന്ന ട്രൈബ്യുണൽ അനുമതി അതിന്റെ കാലവധിക്കകം നടപ്പാക്കണം.
ഈക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികൾ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ജോസ് കുന്നത്ത്, മുനീർ ആച്ചിക്കുളത്ത്, ലിബിൻ ദിലീപ്, ബെന്നി പുളിമൂട്ടിൽ, മാത്തുക്കുട്ടി വെളിയത്തുമാലിൽ, വി.ടി. ഷാജി എന്നിവർ പ്രസംഗിച്ചു.
District News
പനമരം: പഞ്ചായത്തിലെ ലൈഫ് 2020 ജനറൽ വിഭാഗത്തിൽ ഉൾപ്പെട്ടവരുടെ ഗുണഭോക്ത സംഗമം പനമരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി ജോസ് മുഖ്യപ്രഭാഷണം നടത്തി. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ജോയ്സി പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ജോസ് നിലന്പനാട്ട്, വിനോദ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പനമരം: സന്നദ്ധ പ്രസ്ഥാനമായ നിർമാനിന്റെ നേതൃത്വത്തിൽ ബാവലിയിൽ റാവുള സമുദായാംഗങ്ങളുടെ യോഗം നടത്തി. വിവിധ കുടിയിരിപ്പുകളിൽനിന്നുള്ള മൂപ്പൻമാർ, സമുദായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കാളൻ മൂപ്പൻ നേതൃത്വം നൽകി. നിർമാൻ പ്രവർത്തകരായ ജെ. ബാബു, സലീന എന്നിവർ റാവുളരുടെ ഭാഷ, സാംസ്കാരിക പൈതൃകം എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ചു. സാക്ഷരത, യുവജന വിദ്യാഭ്യാസം, സാംസ്കാരിക പൈതൃക സംരക്ഷണം, ഉപജീവന വികസനം എന്നിവ സമുദായ പുരോഗതിക്ക് ആവശ്യമാണെന്ന് യോഗം വിലയിരുത്തി.
District News
എടക്കര: പോത്തുകൽ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുത്ത 500 ആദിവാസി കുടുംബങ്ങൾക്ക് അഞ്ചുവർഷം കൊണ്ട് കാർഷികവും അനുബന്ധ മേഖലകളിലുമായി സുസ്ഥിര വരുമാനം ഉറപ്പു വരുത്തുന്നതിന് നബാർഡ് ആവിഷ്കരിച്ച സമഗ്ര ആദിവാസി സുസ്ഥിരവികസന പദ്ധതിക്ക് തുടക്കമായി.
ജാതി, കുരുമുളക്, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളിലും ഇഞ്ചി, മഞ്ഞൾ തുടങ്ങിയ ഇടവിള കൃഷികളും ഒൗഷധസസ്യ കൃഷി ഉൾപ്പെടെയുള്ള കാർഷിക രീതിയാണ് പ്രധാനമായും പദ്ധതിയിലൂടെ നടപ്പാക്കുന്നത്. തെരഞ്ഞെടുത്ത നഗറുകളിൽ ജലസേചന സൗകര്യവും കൂടി ഈ പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തും. കോഴിവളർത്തൽ, ആട് വളർത്തൽ, പോത്തുകുട്ടി പരിപാലനം തുടങ്ങിയ മൃഗപരിപാലന സംവിധാനം കൂടി പദ്ധതിയുടെ ഭാഗമാകും.
യുവതീ യുവാക്കൾക്ക് തൊഴിൽ പരിശീലനം, ചെറുകിട സംരംഭങ്ങളുടെ പ്രോത്സാഹനം, ആദിവാസി വിഭാഗങ്ങളുടെ കല, സംസ്കാരം എന്നിവയുടെ പ്രോത്സാഹനം, ട്രൈബൽ ടൂറിസം തുടങ്ങിയവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിലവിലുള്ള വരുമാനത്തിനു പുറമേ ഒന്നര ലക്ഷം മുതൽ രണ്ടു ലക്ഷം വരെ ഓരോ കുടുംബത്തിനും വരുമാനം ഉണ്ടാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.
പഞ്ചായത്തിലെ അപ്പൻകാപ്പ് നഗറിൽ നബാർഡ് കേരള സിജിഎം നാഗേഷ് കുമാർ അനുമല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജെഎസ്എസ് ചെയർമാൻ പി.വി. അബ്ദുൾ വഹാബ് എംപി അധ്യക്ഷത വഹിച്ചു. ആര്യാടൻ ഷൗക്കത്ത് എംഎൽഎ പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ. ജോസ്, വൈസ് പ്രസിഡന്റ് കെ. ഷറഫുന്നിസ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അബ്ദു കുന്നുമ്മൽ, ഉബൈദ്, നബാർഡ് എഡിഎം എം മുഹമ്മദ് റിയാസ്, കേരള ഗ്രാമീണ്‍ ബാങ്ക് റീജണൽ മാനേജർ ജയറാം എന്നിവർ സംബന്ധിച്ചു. ജെഎസ്എസ് ഡയറക്ടർ വി. ഉമ്മർ കോയ സ്വാഗതവും പിടിഡിസി പ്രസിഡന്റ് ലക്ഷ്മി നന്ദിയും പറഞ്ഞു.
District News
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് താലൂക്ക് കമ്മിറ്റി വജ്ര ജൂബിലി ആഘോഷവും വാർഷിക പൊതുയോഗവും നടത്തി. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ് ഉദ്ഘാടനം ചെയ്തു.
റിട്ടയേർഡ് മേജർ എം. വേലായുധൻ അധ്യക്ഷത വഹിച്ചു. വർക്കിംഗ്് പ്രസിഡന്റ് പി.കെ. രാജഗോപാലൻ, ബ്ലോക്ക് സെക്രട്ടറി നന്ദനൻ ഏലംകുളം, ജില്ലാ പ്രസിഡന്റ് റിട്ടയേർഡ് കേണൽ പി. മുഹമ്മദ്, വർക്കിംഗ് പ്രസിഡന്റ് റിട്ടയേർഡ് കേണൽ ബി.സി. കുട്ടി, ജില്ലാ സൈനിക് വെൽഫെയർ ഓഫീസർ കെ.എം. സുരേഷ്, റിട്ടയേർഡ് ലഫ്. കേണൽ പി. സുകുമാരൻ, പച്ചീരി സുബൈർ, തഹസിൽദാർ എ. വേണുഗോപാൽ, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് കോമളവല്ലി തുടങ്ങിയവർ പ്രസംഗിച്ചു.
താലൂക്കിലെ മുതിർന്ന മെംബർമാരായ ക്യാപ്റ്റൻ രാമനുണ്ണി, എ. ദാമോദരൻ നായർ, പി. സുബ്രഹ്മണ്യൻ, എം. ബാലകൃഷ്ണൻ നായർ, ഹസൻ, പി.എൻ. വാസുദേവൻ നായർ, രാജാഗോപാലൻ തുടങ്ങിയവരെ ആദരിച്ചു.
District News
മലപ്പുറം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വർഷത്തിനിടെ സൈബർ തട്ടിപ്പിന് മാത്രമായി തുടങ്ങിയത് 60,000 ബാങ്ക് അക്കൗണ്ടുകൾ. മറ്റു സംസ്ഥാനങ്ങളിൽനിന്ന് തട്ടിപ്പിലൂടെ ലഭിക്കുന്ന പണം പിൻവലിക്കാനാണ് ഇവ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതോടെ മരവിപ്പിച്ചു.
ഇനിയും ഇത്തരം ഒന്നര ലക്ഷത്തിലധികം മ്യൂൾ അക്കൗണ്ടുകൾ ഉണ്ടെന്നാണ് സൈബർ പോലീസിന്റെ കണക്കുകൂട്ടൽ.കേരളത്തിൽ സൈബർ തട്ടിപ്പ് നടത്തുന്ന പണം മറ്റു സംസ്ഥാനങ്ങളിലെ ഇത്തരം അക്കൗണ്ടുകളിലൂടെയാണ് മാറ്റുന്നത്. വിദേശബന്ധമുള്ള ഉത്തരേന്ത്യൻ സൈബർ തട്ടിപ്പ് സംഘം കേരളത്തിലും വൻതോതിൽ വലവിരിക്കുന്നുവെന്നാണ് പോലീസിന്റെ നിരീക്ഷണത്തിൽ വ്യക്തമായത്.
പണം വാങ്ങി ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകുന്ന ഇടപാടിനും പലരും ഇരയാകുന്നുണ്ട്.അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും സിമ്മും കൈമാറിയാൽ 5,000 രൂപ മുതൽ 10,000 രൂപ വരെ കിട്ടുമെന്നതാണ് തട്ടിപ്പിലേക്ക് ആളുകളെ ആകർഷിക്കുന്നത്.
District News
നിലന്പൂർ: ഷൊർണൂരിലെത്തി ഓട്ടം അവസാനിപ്പിച്ച് തിരിച്ചുപോകുന്ന വേണാട് എക്സ്പ്രസ് സർവീസ് നിലന്പൂർ വരെ നീട്ടണമെന്ന ആവശ്യം ശക്തമാകുന്നു. സർവീസ് നിലന്പൂർ വരെയാക്കിയാൽ നൂറുക്കണക്കിന് യാത്രക്കാക്ക് ഏറെ സഹായകരമാകും.
റെയിൽവേക്ക് അധികബാധ്യതയില്ലാതെ തന്നെ ട്രെയിൻ സർവീസ് ഷൊർണൂരിൽനിന്ന് നിലന്പൂർ വരെ നീട്ടാമെന്നാണ് പി.വി. അബ്ദുൾ വഹാബ് എംപിയുടെയും ആര്യാടൻ ഷൗക്കത്ത് എംഎൽഎയുടെയും നിലന്പൂർ-മൈസൂരു റെയിൽവേ കർമസമിതി ഭാരവാഹികളുടെയും നിലപാട്. എന്നാൽ സാങ്കേതിക തടസങ്ങളാൽ തീരുമാനം നീളുകയാണ്.
നിലവിൽ വേണാട് എക്സ്പ്രസ് 12.30ന് ഷൊർണൂരിലെത്തി 2.35ന് മടങ്ങും. ഷൊർണൂരിലെത്തി സർവീസ് തുടർന്നാൽ 1.50ന് നിലന്പൂരിലെത്തും. രാവിലെ 11.30ന് നിലന്പൂരിൽ എത്തുന്ന കോട്ടയം എക്സ്പ്രസ് 1.10ന് വേണാട് എക്സ്പ്രസായി സർവീസ് ക്രമീകരിച്ചാൽ 2.35ന് തന്നെ ഷൊർണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാം.
1.10ന് നിലന്പൂരിലെത്തുന്ന വേണാട് എക്സ്പ്രസ് 3.15ന് കോട്ടയം എക്സ്പ്രസായി ഓടിയാൽ മതിയെന്നാണ് നിർദേശം. നിലന്പൂർ, വാണിയന്പലം, അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമുകൾ 22 കോച്ചുകളെ ഉൾക്കൊള്ളാൻ പാകത്തിൽ വികസിപ്പിച്ചാൽ വേണാട് ഉൾപ്പെടെ കൂടുതൽ ട്രെയിനുകൾക്ക് നിലന്പൂർ വരെ സർവീസ് നടത്താം.
District News
അങ്ങാടിപ്പുറം: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം പഞ്ചായത്തിൽ ബൊക്കാഷി ബക്കറ്റ് വിതരണ പദ്ധതിയുടെ ഉദ്ഘാടനം പ്രസിഡന്റ് ഷബീർ കറുമുക്കിൽ നിർവഹിച്ചു.
പരിസ്ഥിതി സൗഹൃദ മാലിന്യനിർമാർജനത്തിന് സഹായകമായ പദ്ധതിയിലൂടെ വീടുതലത്തിൽ ജൈവ മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പറഞ്ഞു. ചടങ്ങിൽ വാർഡ് മെംബർമാരായ ഹാജറ ഹുസൈൻ, ചോലയിൽ കുഞ്ഞിമൊയ്തീൻ, മുൻ മെംബർ കെ.ടി. അൻവർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
District News
നിലന്പൂർ: മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ "നൻമ’ വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെയും ധർണയുടെയും പ്രചാരണാർഥം പ്രതിഷേധ കലാസായാഹ്നം സംഘടിപ്പിച്ചു. നിലന്പൂർ പഴയ ബസ് സ്റ്റാൻഡിൽ അഭിഭാഷകനും സംവിധായകനുമായ എസ്. ബിജിലാൽ ഉദ്ഘാടനം ചെയ്തു.
കലാകാര ക്ഷേമനിധി പെൻഷൻ 5,000 രൂപയാക്കുക, പാവപ്പെട്ട കലാകാരൻമാർക്ക് നൽകുന്ന പെൻഷൻ 1,600 രൂപയായി വർധിപ്പിക്കുക, പെൻഷനും ക്ഷേമനിധി പെൻഷനും തുല്യമാക്കുക, രാത്രി പത്തിനു ശേഷമുള്ള മൈക്ക് നിരോധനത്തിന് ഇളവു നൽകുക, സ്കൂളുകളിൽ കലാധ്യാപകരെ നിയമിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെയാണ് സെക്രട്ടറിയറ്റ് മാർച്ചും ധർണയും.
"നൻമ' നിലന്പൂർ മേഖലാ പ്രസിഡന്റ് ഉമേഷ് നിലന്പൂർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ലുക്മാൻ അരീക്കോട് മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി സജിത്ത് വി. പൂക്കോട്ടുംപാടം, മേഖലാ സെക്രട്ടറി ജയരാജ് തണൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അനിൽ രാമൻ അഭിലാഷ് പാലേമാട്, സി. കുഞ്ഞു വണ്ടൂർ, നിലന്പൂർ യൂണിറ്റ് സെക്രട്ടറി സജീവ് മുതുകാട്, ഗായകൻ നിലന്പൂർ സുരേഷ് എന്നിവർ പ്രസംഗിച്ചു.
District News
മഞ്ചേരി: കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി അത്യാസന്ന നിലയിലായ കുഞ്ഞിന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാരുടെ തീവ്രശ്രമത്തിൽ പുതുജീവൻ. മഞ്ചേരി മുട്ടിപ്പാലം സ്വദേശിയായ 10 മാസം പ്രായമായ കുഞ്ഞിനാണ് ജീവൻ തിരിച്ചുകിട്ടിയത്.
കളിച്ചുകൊണ്ടിരിക്കെ കുഞ്ഞ് പെട്ടെന്ന് പ്രത്യേക ശബ്ദത്തിൽ കരയുന്നത് ശ്രദ്ധയിൽപ്പെട്ട മാതാപിതാക്കൾ കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
അത്യാഹിതം വിഭാഗം മേധാവി ഡോ. ഷാനവാസ്, ഡോ. സ്നേഹ, ഡോ. സയൻ, നഴ്സുമാരായ ഉമ്മർ, ജയശ്രീ, നസീബ എന്നിവരടങ്ങിയ സംഘം കുട്ടിയുടെ തൊണ്ടയിൽ പച്ച നിറത്തിലുള്ള ഒരു വസ്തു കണ്ടെത്തി. തൊണ്ടയിൽ പൂർണമായും അടഞ്ഞുനിന്നിരുന്ന വസ്തു നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്തു. ഇതോടെ കുട്ടിയുടെ ശ്വാസം സാധാരണ നിലയിലാവുകയായിരുന്നു.
District News
കരുവാരകുണ്ട്: ഇരിങ്ങാട്ടിരിയിലെ ജനവാസമേഖലയിൽ വീണ്ടും പുലിപ്പേടി. റോഡിൽ പുലിയെ കണ്ടെന്ന ലോറിത്തൊഴിലാളികളുടെ വെളിപ്പെടുത്തലോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. ഇതോടെ ഇന്നലെ പുലർച്ചെ തൊഴിലാളികൾ ആരും റബർ ടാപ്പിംഗിന് ഇറങ്ങിയില്ല.
തിങ്കളാഴ്ച രാത്രി ഒന്‍പതോടെ പൂക്കോട്ടുംപാടത്തുനിന്ന് മേലാറ്റൂർ വഴി ലോഡുമായി പോയ ലോറിത്തൊഴിലാളികളാണ് പുലിയെ കണ്ട കാര്യം മറ്റുള്ളവരെ അറിയിച്ചത്. മേലാറ്റൂർ റോഡിന്റെ ഇടതുവശത്ത് ഉയർന്ന ഭാഗത്തുനിന്നിറങ്ങി റോഡിന് കുറുകേ മറുവശത്തേക്ക് ഓടി മറഞ്ഞതായും പുലിക്ക് ഏതാണ്ട് ആറടിയോളം വലിപ്പമുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ.
ഇതോടെ കരുവാരകുണ്ട് ഗ്രാമപഞ്ചായത്തംഗം വി. ഷബീറലിയുടെ നേതൃത്വത്തിൽ നാട്ടുകാർ പരിസരമാകെ തെരഞ്ഞെങ്കിലും പുലിയെ കണ്ടെത്താനായില്ല. എന്നാൽ വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചപ്പോൾ കണ്ടത് കാട്ടുപൂച്ചയാകാമെന്ന ഒഴുക്കൻ മട്ടിലുള്ള മറുപടിയാണ് ലഭിച്ചതെന്നും ഭീതിയകറ്റാൻ ഉദ്യോഗസ്ഥർ കാര്യമായ നടപടികളൊന്നും സ്വീകരിക്കാതെ മടങ്ങിപ്പോയെന്നും പ്രദേശവാസികൾ പറഞ്ഞു.
ഇരിങ്ങാട്ടിരി മേഖലയിൽ തെരുവുനായ്കളുടെ എണ്ണത്തിലും കുറവുണ്ട്. രണ്ടു വർഷം മുന്‍പും പ്രദേശത്ത് പുലിയെ നാട്ടുകാർ നേരിട്ടു കണ്ടിരുന്നു. കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ഉണ്ണീൻകുട്ടി, ഗ്രാമപഞ്ചായത്തംഗം വി. ഷബീറലി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം ഇരിങ്ങാട്ടിരിയിലെത്തി ജനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി.
വീടിനോട് ചേർന്ന കൃഷിയിടത്തിൽ പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ
എടക്കര: പോത്തുകൽ കുട്ടംകുളത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ പുലിയുടേതിന് സമാനമായ കാൽപാടുകൾ. കൈയേറ്റക്കുന്നിലെ പടുത്തുകുളങ്ങര നിഷാദിന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിലാണ് വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്.
ചാലിയാർ പുഴയോട് ചേർന്നാണ് നിഷാദ് താമസിക്കുന്നത്. രാത്രി വളർത്തുനായ നിർത്താതെ കുരച്ചിരുന്നു. ശാരീരിക പരിമിതികൾ ഉള്ളതിനാൽ നിഷാദ് രാത്രി പുറത്തിറങ്ങിയില്ല. രാവിലെ കൃഷിയിടത്തിലെത്തിയപ്പോഴാണ് പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടത്.
തുടർന്ന് ഇയാൾ പോത്തുകൽ വനം സ്റ്റേഷനുമായി ബന്ധപ്പെടുകയും ഉദ്യോഗസ്ഥരെത്തി കാൽപ്പാടുകൾ പരിശോധിക്കുകയും ചെയ്തു. കാൽപ്പാടുകൾ പുലിയുടേതാണെന്ന് സംശയിക്കുന്നതായി വനം ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥലത്ത് നിരീക്ഷണം നടത്തുമെന്നും വനപാലകർ അറിയിച്ചു.
District News
നിലന്പൂർ: നിരവധി കുടുംബങ്ങളുടെ ഉറക്കം കെടുത്തി അരുവാക്കോട് മലയിൽ കുന്നിടിച്ച് അനധികൃത റോഡ് നിർമാണം. 2018ലും 2019ലും ഉണ്ടായ പ്രളയങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ ഇവിടെ പ്രവൃത്തി നിർബാധം തുടരുകയാണ്.
മലയുടെ താഴ്വാരത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളെ ആശങ്കയിലാക്കിയാണ് അനധികൃത നിർമാണ പ്രവൃത്തി. നിലന്പൂർ കെഎസ്ആർടിസി ഡിപ്പോയും മിനി വൈദ്യുതി നിലയവും ഈ മലയുടെ താഴ് വാരത്താണ്.
അധികൃതരുടെ മൗനാനുവാദമില്ലാതെ സ്വകാര്യ ഭൂവുടമകൾക്ക് വലിയ തോതിൽ കുന്നിടിച്ച് റോഡ് നിർമാണം നടത്താനാകില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലങ്ങളിൽ താഴ്വാരത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്.
എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെയാണ് അനധികൃതമായി പ്രവൃത്തി തുടരുന്നതെന്നാണ് ആരോപണം. ജീവനും സ്വത്തിനും ഭീഷണിയായ കുന്നിടിച്ചുള്ള നിർമാണം അനുവദിക്കില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രവൃത്തി നിർത്തിവയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തം; പ്രവൃത്തി തടഞ്ഞു
നിലന്പൂർ: അരുവാക്കോട് മലയിൽ കുന്നിടിച്ചുള്ള റോഡ് നിർമാണം ജനങ്ങളുടെ പ്രതിഷേധത്തെത്തുടർന്ന് റവന്യു ഉദ്യോഗസ്ഥർ നിർത്തിവപ്പിച്ചു. മലയുടെ താഴ്വാരത്തെ കുടുംബങ്ങൾ ശക്തമായ പ്രതിഷേധം ഉയർത്തിയതോടെ നിലന്പൂർ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ ഭൂവുടമകൾക്ക് നിർദേശം നൽകുകയായിരുന്നു. അരുവാക്കോട് മലയിൽ നിർമാണ പ്രവൃത്തിയുടെ മറവിൽ സ്വകാര്യ വ്യക്തികൾ മണ്ണുമാന്തി യന്ത്രങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് കുന്നിടിച്ച് റോഡ് നിർമിക്കുന്നത്.
വലിയ പാറക്കല്ലുകൾ ഇളക്കി മാറ്റിയും വലിയ തോതിൽ കുന്നിടിച്ചുമാണ് ലോറിക്ക് വരെ കടന്നുപോകാവുന്ന രീതിയിൽ റോഡ് നിർമിച്ചിട്ടുള്ളത്. ഇതിനെതിരേ പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധിക്കുകയായിരുന്നു. പ്രദേശത്ത് 150 ഓളം കുടുംബങ്ങളാണുള്ളത്.
District News
കരുവാരകുണ്ട്: തുവൂർ- ഐലാശേരി കമാനം ടിപ്പുസുൽത്താൻ റോഡിലെ അപകട ഭീഷണിയായ ഹന്പ് പൊളിച്ചുമാറ്റി. അശാസ്ത്രീയമായി ഹന്പ് നിർമിച്ചതിനാൽ വാഹനാപകടങ്ങൾക്കിടയാക്കുന്നത് കണക്കിലെടുത്താണ് നടപടി. വാഹനയാത്രക്കാർക്ക് അപകടഭീഷണിയായ ഹന്പിനെക്കുറിച്ച് ദീപിക വാർത്ത നൽകിയിരുന്നു.
ഇതിന് തൊട്ടുപിന്നാലെയാണ് പൊളിച്ചുനീക്കാൻ നടപടിയായത്. യാതൊരുവിധ മുൻകരുതലുകളോ മാനദണ്ഡങ്ങളോ പാലിക്കാതെ ഉയരം കൂട്ടി നിർമിച്ച ഹന്പ് അപകടങ്ങൾക്കും യാത്രാ ബുദ്ധിമുട്ടിനും കാരണമാകുന്നതായും സൂചനാബോർഡുകൾ സ്ഥാപിക്കാത്തതും യാത്രക്കാരും പ്രദേശവാസികളും പരാതിയായി ഉന്നയിച്ചിരുന്നു.
District News
മലപ്പുറം: കോട്ടപ്പടി മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസുകൾ കയറുന്നതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ഇന്നലെ വിളിച്ചുചേർത്ത ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽനിന്ന് ബസുടമകൾ ഇറങ്ങിപ്പോയി. ബസുകൾ സ്റ്റാൻഡിൽ കയറുന്നത് ബസുകളുടെ സമയത്തെ ബാധിക്കും.
കോട്ടപ്പടി ബസ് സ്റ്റാൻഡ് ആർടിഎ അനുമതി ഇല്ലാത്ത സ്റ്റാൻഡ് ആണെന്നും ഈ സ്റ്റാൻഡിൽ ബസുകൾ നിർത്തേണ്ടതില്ലെന്ന വാദം ഉന്നയിച്ചാണ് ബസുടമകൾ യോഗത്തിൽ നിന്നിറങ്ങിപ്പോയത്.
എന്നാൽ, കോട്ടപ്പടിയിലെ ബസ് സ്റ്റാൻഡിൽ ബസുകൾ കയറിയിറങ്ങണം എന്നത് 2021ലെ ഹൈക്കോടതി ഉത്തരവാണ്. ബസുടമകൾ കോടതി ഉത്തരവ് പാലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്സണ്‍ വി. റിനിഷ പറഞ്ഞു.
നഗരസഭാ കൗണ്‍സിൽ ഹാളിൽ നടന്ന യോഗത്തിൽ മലപ്പുറം റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഷെഫീഖ് ബഷീർ, മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ, സ്ഥിരസമിതി ചെർമാൻ ഹാരിസ് ആമിയൻ, മറിയുമ്മ ഷെരീഫ്, വൈസ് പ്രസിഡന്റ്് ജിതേഷ് ജി. അനിൽ, പ്രതിപക്ഷ നേതാവ് എം.കെ. അനിൽകുമാർ, നഗരസഭാ സെക്രട്ടറി സി.കെ. സുധീർ, മറ്റ് നഗരസഭാംഗങ്ങൾ എന്നിവർ സംസാരിച്ചു.
District News
എടക്കര: കാരക്കോടൻ പുഴയിലെ മാലിന്യനിക്ഷേപം ജനങ്ങളെ ദുരിതത്തിലാക്കുന്നു. വഴിക്കടവ് പഞ്ചായത്തങ്ങാടി മരുതക്കടവ് റോഡിലെ പാലത്തിന് സമീപമാണ് സാമൂഹ്യവിരുദ്ധർ മാലിന്യങ്ങൾ തള്ളുന്നത്. ചിക്കൻ സ്റ്റാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽനിന്നുള്ള മാലിന്യങ്ങളാൽ കാരക്കോടൻ പുഴയിലെ ജലം മലിനപ്പെട്ടുകിടക്കുകയാണ്.
ആയിരക്കണക്കിന് ആളുകളാണ് വിവിധ ആവശ്യങ്ങൾക്കായി കാരക്കോടൻ പുഴയെ നിത്യേന ആശ്രയിക്കുന്നത്. ഇതിന് പുറമേ ജലനിധി പദ്ധതിയുടേതടക്കം നിരവധി കുടിവെള്ള കിണറുകൾ കാരക്കോടൻ പുഴയുടെ വഴിക്കടവ് മുതൽ എടക്കര വരെയുള്ള ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നുമുണ്ട്. കുടിവെള്ള സ്രോതസുകളടക്കം മലീമസമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
തമിഴ്നാട്ടിൽനിന്ന് ഉത്ഭവിച്ച് നാടുകാണി വനമേഖലയിലൂടെ ഒഴുകുന്ന കാരക്കോടൻ പുഴയിൽ ചുരത്തിൽനിന്ന് തള്ളുന്ന മാലിന്യങ്ങളും എത്തുന്നുണ്ട്. മുൻ വർഷങ്ങളിൽ വഴിക്കടവ് പഞ്ചായത്തിൽ മഞ്ഞപ്പിത്തം പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടച്ചപ്പോൾ ആരോഗ്യവകുപ്പും ഗ്രാമപഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനകളിൽ കാരക്കോടൻ പുഴയിലെ ജലം മലീമസമായതാണ് രോഗകാരണമായി കണ്ടെത്തിയത്.
പുഴയിലെ മാലിന്യനിക്ഷേപവും ടൗണിലെ ഹോട്ടലുകൾ കൂൾബാറുകൾ അടക്കമുള്ള പല സ്ഥാപനങ്ങളിൽനിന്ന് പുഴയിലേക്ക് മലിനജലം ഒഴുക്കി വിടുന്നതായി കണ്ടെത്തി നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. വീണ്ടും സാമൂഹ്യവിരുദ്ധർ പുഴയിൽ മാലിന്യങ്ങൾ തള്ളുന്നത് പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ ഇടയാക്കുമെന്ന് ജനങ്ങൾ ഭയപ്പെടുന്നുണ്ട്. മാലിന്യം തള്ളുന്നവരെ സിസിടിവി കാമറകൾ സ്ഥാപിച്ച് കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
District News
കോഴിക്കോട് : ജില്ലയിൽ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ള എല്ലാ സർക്കാർ, അർധ സർക്കാർ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിച്ച് കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അപകടാവസ്ഥ പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ ദാരുണ സംഭവത്തെ കുറിച്ച് കോർപറേഷൻ സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ബന്ധപ്പെട്ട വകുപ്പുകൾക്കും അതോറിറ്റികൾക്കും നിർദ്ദേശം അടിയന്തരമായി കൈമാറണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണ് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വലിയങ്ങാടിയിൽ ദുരന്തമുണ്ടായ സ്ഥലം ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിച്ചു.
കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോർപറേഷൻ സെക്രട്ടറി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അടിയന്തര അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളെ മുൻഗണനാക്രമത്തിൽ തിരിച്ച് അവയുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
വലിയങ്ങാടിയിൽ നടന്നതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്നും ഉത്തരവിൽ പറഞ്ഞു.അടിയന്തരമായി അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി അതിന്റെ പകർപ്പ് മൂന്നാഴ്ചക്കകം ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും കമ്മീഷനിൽ സമർപ്പിക്കണം.
പൊതുജന സുരക്ഷയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ നിർദ്ദേശിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. മാർച്ചിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
District News
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിട ഭാഗം തകര്‍ന്നു വീണ് നാലു തൊഴിലാളികള്‍ മരണമടഞ്ഞ സംഭവത്തില്‍ അനുശോചിച്ച് വ്യാപാരികള്‍ നടത്തിയ ഹര്‍ത്താലില്‍ വലിയങ്ങാടി ഇന്നലെ നിശ്ചലമായി. ചരക്കുനീക്കം പാടെ നിലച്ചു.
കടകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. വലിയങ്ങാടിയിലെ ഹാര്‍ഡ് വെയര്‍ മേഖലയും ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷനുമാണ് ഹര്‍ത്താല്‍ ആചരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഫുഡ് ഗ്രെയിന്‍സ് മര്‍ച്ചന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനയോഗം ചേരുകയും ചെയ്തു.
അസോസിയേഷന് പ്രസിഡന്റ് പി.എം. ബഷീര്‍ അഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രസിഡന്റുമാരായ വിജയ് സിംഗ്, പി.സി. വാവു, എ.ശ്യാം സുന്ദര്‍ ഏറാടി, വൈസ് പ്രസിഡന്റ് എന്‍.കെ. അഷ്റഫ്, സെക്രട്ടറി ഇ.ടി.അയ്യൂബ്, ജോയിന്റ് സെക്രട്ടറി പി. നന്ദകുമാര്‍, പി.വി. ആറ്റക്കോയ തുടങ്ങിവര്‍ സംസാരിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് തക്കതായ സാമ്പത്തിക പ്രതിഫലം നല്കാന് അധികൃതര്‍ തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.ഇതുമായി ബന്ധപ്പെട്ട് മേയറെ നേരില്‍ കണ്ട് നിവേദനം നല്‍കാനും തീരുമാനിച്ചു.
District News
കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് നാലു തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. രാഷ്ട്രീയപാര്‍ട്ടികളുടെ സമരത്തില്‍ കോര്പറേഷന് ഓഫീസ് പരിസരം ഇന്നലെയും സംഘര്‍ഷഭരിതമായി. യുഡിഎഫും ബിജെപിയും കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തി.
സമരക്കാരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. കോര്‍പറേഷനിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഗേറ്റ് ചാടിക്കടന്ന് അകത്തു കയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
ഉള്ളിലേക്ക് ചാടിക്കടന്ന പ്രവര്‍ത്തകരെ പോലീസ് ബലമായി നീക്കം ചെയ്തു. കോര്പറേഷന് അനാസ്ഥയാണെന്ന് ആരോപിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസ് ഉപരോധിച്ചു.
മരണപ്പെട്ടവരുടെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കുക, കോര്‍പറേഷനു കീഴില്‍ കാലാവധി കഴിഞ്ഞ കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കോര്പറേഷന് ഓഫീസിന്റെ പടിക്കെട്ടില്‍ ഇരുന്ന് പ്രതിഷേധിക്കുകയായിരുന്നു. രാവിലെ പത്തിന് പ്രതിപക്ഷ നേതാവ് ഷമീല്‍ തങ്ങള്‍, ഡെപ്യൂട്ടി ലീഡര്‍ മനക്കല് ശശി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
പ്രതിഷേധം നീണ്ടതോടെ ഷമീല്‍ തങ്ങള്‍, മനക്കല് ശശി, സഫറി വെള്ളയില്‍, ഫാത്തിമ തഹ്ലിയ തുടങ്ങിയവരെ പോലിസ് ബലമായി അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍, കെ.സി ശോഭിത, സൗഫിയ അനീഷ്, പി. ഷക്കീര്‍, ടി.പി.എം ജിഷാന്‍ സി.പി. സലീം തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്കി.
പ്രതിഷേധിച്ചു
കോഴിക്കോട്: വലിയങ്ങാടിയിൽ കാലപ്പഴക്കം ചെന്ന കെട്ടിടത്തിന്റെ സൺ ഷെയ്ഡ് തകർന്നു വീണ് നാല് തൊഴിലാളികൾ മരണപ്പെട്ട സംഭവത്തിൽ എഐയുടിയുസി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കോഴിക്കോട് കോർപറേഷൻ അധികൃതരുടെ തീർത്തും നിരുത്തരവാദപരമായ നടപടി മൂലമുണ്ടായ ദുരന്തമാണിത്.
ഫിറ്റ്നെസ്സ് ഇല്ലാത്ത കെട്ടിടം പൊളിച്ചു നീക്കാതെ തുടർന്നും പ്രവർത്തിക്കാനുള്ള അനുമതി നൽകിയതാണ് ദുരന്തത്തിലേക്ക് നയിച്ചത്.
ദുരന്തത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണം. മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നുംആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എം. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി പ്രവീൺ ചെറുവത്ത്,വൈസ് പ്രസിഡന്റ് എം.കെ. രാജൻ,ട്രഷറർ പി.അനീഷ് കുമാർ എന്നിവര്‍ പ്രസംഗിച്ചു.
25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം: എസ്ടിയു
കോഴിക്കോട്: വലിയങ്ങാടിയില്‍ കോര്പറേഷന് കെട്ടിടത്തിന്റെ സ്ലാബിനടിയില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 25ലക്ഷം രൂപ വീതം നല്‍കണമെന്നും കുടുംബത്തിലെ ഒരു അംഗത്തിന് കോര്‍പറേഷനില്‍ ജോലി നല്‍കണമെന്നും വലിയങ്ങാടി മേഖല എസ്ടിയു കോര്പറേഷന് കമ്മിറ്റിആവശ്യപ്പെട്ടു.
ഇരുപത് വര്‍ഷം മാത്രം പഴക്കമുള്ള മല്‍സ്യ മാര്‍ക്കറ്റ് പുതുക്കിപണിയാന്‍ വ്യഗ്രത കാണിക്കുന്ന കോര്പറേഷന് ഭരണാധികാരികള്‍ അരനൂറ്റാണ്ടിലേറെ വര്‍ഷക്കാലത്തെ പഴക്കമുള്ള വലിയങ്ങാടിയിലെ കെട്ടിടം കണ്ടില്ലെന്നുള്ളത് വിരോധാഭാസവും സംശയത്തിനിട നല്കുന്നതുമാണ്. എന്‍.വി.അബ്ദുറഹിമാന് കുഞ്ഞ് അദ്ധ്യക്ഷനായിരുന്നു. സി. ജാഫര്‍ സക്കീര്‍ ഉദ്ഘാടനം ചെയ്തു.
എം.വി. സമീര്‍, എന്‍.പി. കബീര്‍, പി. ആലിക്കോയ, എന്‍.വി.സുള്‍ഫിക്കര്‍, സി.പി. മമ്മദ് കോയ, എന്‍.വി.അഷ്റഫ്, ഹൈദര്‍ മാങ്കാവ്, ഹംസ, നൗഫല്‍, കനകദാസന് എന്നിവര്‍ പ്രസംഗിച്ചു.
District News
മുക്കം: വലിയങ്ങാടി ദുരന്തത്തില്‍ അധികൃതരുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ഉയരുമ്പോള്മറ്റൊരു ദുരന്തത്തിലേക്ക് വാ പൊളിച്ച് അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു കെട്ടിടം. നിത്യേന നൂറ് കണക്കിന് രോഗികൾ എത്തുന്ന മുക്കം കമ്യുണിറ്റി ഹെൽത്ത് സെന്ററിലെ എക്സ്റേ യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അൺഫിറ്റാണെന്ന നോട്ടീസ് ലഭിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും പൊളിച്ചുമാറ്റാതെ നിൽക്കുന്നത്.
ആശുപത്രിയിലെത്തുന്ന നിരവധി രോഗികൾ വിവിധ ടെസ്റ്റുകൾക്കായി ആശ്രയിക്കുന്ന ലാബിന്റെയും രോഗികളെ കിടത്തി ചികിത്സിക്കുന്ന കെട്ടിടത്തിന്റെയും സിഎച്ച്സി ഓഫിസ് കെട്ടിടത്തിന്റെയും നടുവിലായാണ് അപകട ഭീഷണിയുള്ള കെട്ടിടമുള്ളത്.
കെട്ടിടത്തിൽ ചോർച്ച ഉണ്ടായതോടെ മെഡിക്കൽ ഓഫീസർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കെട്ടിട സ്ളാബുകള്‍ക്കും ചുമരുകൾക്കും വിള്ളൽ ഉണ്ടെന്ന് കണ്ടെത്തുകയും കെട്ടിടം അൺഫിറ്റാണെന്ന് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകുകയും ചെയ്തത്.
കൂടാതെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കുകൾ എടുത്തുമാറ്റണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ കെട്ടിടം എത്രയും പെട്ടന്ന് പൊളിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കെട്ടിടത്തിന്റെ വാതിലിൽ പതിക്കുകയും എക്സ്റേ യുണിറ്റ് അഴിച്ചുമാറ്റിയി മറ്റൊരു കെട്ടിടത്തിലേക്ക് താൽകലികമായി മാറ്റിവെക്കുകയും മാത്രമാണ് ഇതുവരെ ചെയ്തത്.
രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ നിരവധി ആളുകൾ നിത്യേന എത്തുന്ന സ്ഥലമായായതിനാൽ കെട്ടിടം തകർന്നു വീണാൽ കോഴിക്കോട് വലിയങ്ങാടിയിൽ ഉണ്ടായതിനേക്കാൾ വലിയ ദുരന്തം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല എക്സ്റേ യുണിറ്റ് പ്രവർത്തിക്കാത്തതിനാൽ ആശുപത്രിൽ എത്തുന്ന രോഗികൾ വലിയ പണം ചിലവഴിച്ച് തൊട്ടടുത്ത സ്വകാര്യ എക്സ്റേ യൂണിറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയുമാണ് ഉള്ളത് .
District News
കൂരാച്ചുണ്ട്: മലയോര ഗ്രാമമായ കൂരാച്ചുണ്ടിന്റെ വികസന പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന പൊതുപ്രവർത്തകനായിരുന്നു അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റും കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായിരുന്ന അഗസ്റ്റിൻ കാരക്കട.
മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ കൂരാച്ചുണ്ടിലെ ആദ്യകാല കോൺഗ്രസ് പാർട്ടിയുടെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച നേതാവാണ് നാടിനു നഷ്ടമായത്. ഇരുപത്തിയേഴാമത്തെ വയസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനായി രാഷ്ട്രീയത്തിന് തുടക്കം കുറിച്ച അഗസ്റ്റിൻ കാരക്കട 87-ാം വയസിലും രാഷ്ട്രീയത്തിൽ സജീവമായി നിലകൊണ്ടയാളാണ്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ. ആന്റണി, ഉമ്മൻചാണ്ടി, ഷണ്മുഖദാസ്, ആര്യാടൻ മുഹമ്മദ് തുടങ്ങിയ നേതാക്കളുടെ കാലത്ത് അവരുമായി അടുത്ത ബന്ധം പുലർത്തിയിരുന്നയാളാണ്.
2010-15 കാലഘട്ടത്തിൽ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിരുന്നു.പഞ്ചായത്തിലെ കൈതക്കൊല്ലി - വെങ്കിട്ടത്താഴെ തീരദേശ റോഡ്, കൂരാച്ചുണ്ട് ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കൂരാച്ചുണ്ടിൽ ബൈപാസ് റോഡ് നിർമിക്കുന്നതിനായി സർക്കാർ തലത്തിൽ നിരവധി ഇടപെടലുകൾ നടത്തിയിരുന്നു.മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഫോണിലൂടെ അനുശോചനം അറിയിച്ചതായി കെ.സി. അബു കുടുംബാംഗങ്ങളെ അറിയിച്ചു.
സംസ്കാര ശുശ്രൂഷകൾക്ക് താമരശേരി ബിഷപ് മാർ. റമീജിയോസ് ഇഞ്ചനാനിയിൽ മുഖ്യകാർമികനായി. സമൂഹ നന്മയ്ക്കായി പൊതുപ്രവർത്തന രംഗത്ത് സ്വാർത്ഥത വെടിഞ്ഞുകൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിച്ച നേതാവാണ് അഗസ്റ്റിൻ കാരക്കടയെന്ന് ബിഷപ് പറഞ്ഞു.വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ, ഫാ.ജോയൽ കുമ്പുക്കൽ, ഫാ.സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി. ജോസഫ്,താമരശേരി രൂപതാ വികാരി ജനറാൾ മോൺ. അബ്രാഹം വയലിൽ,ഡിസിസി വൈസ് പ്രസിഡന്റ് , പി.പി. നൗഷീർ,ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, കെപിസിസി അംഗം കെ. രാമചന്ദ്രൻ നേതാക്കളായ ബ്ലോക്ക് നോൺഗ്രസ് പ്രസിഡന്റ് കെ.രാജീവൻ, കാവിൽ.പി മാധവൻ, വി.എം കുട്ടികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അരുൺ ജോസ്, ടി.സരുൺ, കെ. അഹമ്മദ് കോയ, റംസീന നരിക്കുനി, സാജിദ് കോറോത്ത്, നാസർ എസ്റ്റേറ്റ് മുക്ക്, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. എം. കെ രാഘവന് എംപി അനുശോചനം അറിയിച്ചു.
District News
കൂരാച്ചുണ്ട്: മുതിർന്ന കോൺഗ്രസ് നേതാവും കൂരാച്ചുണ്ട് പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി ജനറൽ സെക്രട്ടറിയുമായിരുന്ന അഗസ്റ്റിൻ കാരക്കടയുടെ വിയോഗത്തിൽ കൂരാച്ചുണ്ടിൽ ചേർന്ന പൗരാവലി അനുശോചിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, ജോസ് വെളിയത്ത്, എൻ.കെ കുഞ്ഞമ്മദ്, ഒ.കെ അമ്മദ്, വി.ജെ സണ്ണി, ബ്ലോക്ക് മെമ്പർ അരുൺ ജോസ്, ജോസഫ് വെട്ടുകല്ലേൽ, ചെറിയാൻ അറയ്ക്കൽ, വിൽസൺ പാത്തിച്ചാലിൽ, എ.കെ പ്രേമൻ, കുര്യൻ ചെമ്പനാനി, വി.എസ് ഹമീദ്, ജോബി വാളിയാംപ്ലാക്കൽ, ജയൻ ജോസ്, നിസാം കക്കയം, സണ്ണി പാരഡൈസ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
തിരുവമ്പാടി :പുല്ലൂരാംപാറ മാവിൻ ചുവട്ഭാഗത്ത് കാട്ട് തേനിച്ചയുടെ ആക്രമണത്തിൽ നിന്നും വയോധികരായ ദമ്പതികളെ രക്ഷിച്ച തിരുവമ്പാടി പഞ്ചായത്ത് മെമ്പർ ജോഷി പുല്ലുകാട്ടിലിനെ ഓയിസ്ക ഇന്റർനാഷണൽ തിരുവമ്പാടി ചാപ്റ്റർ ആദരിച്ചു.
ഓയിസ്ക പ്രസിഡന്റ് റോബർട്ട് നെല്ലിക്കതെരുവിൽ, സെക്രട്ടറി ഒ.പി. തോമസ്, കെ.ടി. സെബാസ്റ്റ്യൻ, സണ്ണി തോമസ്, സജീവ് ജോസഫ്, ചാർളി, അനീഷ് ജോസ് തങ്കച്ചൻ മുട്ടത്ത് എന്നിവർ പ്രസംഗിച്ചു.
District News
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിന് ഹോണററി വൈൽഡ് ലൈഫ് വാർഡൻ പദവി ഉടൻ തിരിച്ചു നൽകാൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു.
മുൻ ഭരണ സമിതിയുടെ കാലത്ത് പ്രത്യേക സാഹചര്യത്തിൽ പ്രസിഡന്റിൽ നിന്ന് പദവി സെക്രട്ടറിയിലേക്ക് മാറ്റിയിരുന്നു. ചക്കിട്ടപാറ പഞ്ചായത്ത് മേഖലയിൽ കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്.
വൻ തോതിൽ കൃഷി നാശമുണ്ടാകുന്നുണ്ട്. ഇതിനെതിരെ ഫല പ്രദമായ നടപടി സ്വീകരിക്കണമെങ്കിൽ പ്രസിഡന്റിന് പ്രസ്തുത പദവിയും അധികാരവും അമാന്തം കൂടാതെ ലഭ്യമാകണമെന്ന് യോഗം പാസാക്കിയ പ്രമേയത്തിൽ ആവശ്യമുന്നയിച്ചു. വൈസ് പ്രസിഡന്റ് ജിതേഷ് മുതുകാട് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രശ്മനായർ, സമിതി അംഗങ്ങളായ പി.പി.രഘുനാഥ്, ബേബി കാപ്പുകാട്ടിൽ, ടോമി മണ്ണൂർ, കെ.സി.രവീന്ദ്രൻ, പി.പി.വിശ്വൻ, ജെയിംസ് തോട്ടുപുറം, മഞ്ജുഷ സനൽ, വി.കെ.വത്സ, ബാബു കൂനന്തടത്തിൽ, രാജൻ വർക്കി, ബാബു പള്ളിക്കുടം, മൊയ്തി കോടിയേരി, അസി. അഗ്രി. ഓഫീസർ കെ. ഗിരീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
District News
തൊട്ടില്‍പാലം: പുതുതായി സര്‍വ്വീസ് ആരംഭിച്ച ചങ്ങനാശ്ശേരി ഡിപ്പോയുടെ ചങ്ങനാശ്ശേരി - മാനന്തവാടി ബസിന് തൊട്ടില്‍പാലത്ത് സ്വീകരണം നല്കി. സോജന് ആലയ്ക്കല്‍, എന്‍.കെ.അബ്ദുള്‍ അസീസ്, വി.പി.നാണു, രാജേഷ് തൊട്ടില്‍പാലം എന്നിവര്‍ പങ്കെടുത്തു.
മലയോര മേഖല ബസ് പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികളായ ഫാ. ബിനു കടത്തലക്കുന്നേല്‍ (എസ്ജെ), സോജന് ആലയ്ക്കല്‍ എന്നിവര്‍ ചങ്ങനാശ്ശേരി എംഎല്‍എ ജോബ് മൈക്കിളിന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് സര്‍വ്വീസ് അനുവദിച്ചത്.
രാവിലെ എട്ടിന് ചങ്ങനാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട് കോട്ടയം, മൂവാറ്റുപുഴ, അങ്കമാലി, തൃശൂര്‍, കോഴിക്കോട്, പേരാമ്പ്ര, തൊട്ടില്‍പാലം വഴി 5.25 ന് മാനന്തവാടിയില്‍ എത്തിച്ചേരും. തിരിച്ച് രാവിലെ അഞ്ചിന് മാനന്തവാടിയില്‍ നിന്ന് പുറപ്പെട്ട് വൈകുന്നേരം 4.55 ന് ചങ്ങനാശ്ശേരിയില്‍ എത്തിച്ചേരും. രണ്ട് പുതിയ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകളാണ് സര്‍വീസ് നടത്താന്‍ അനുവദിച്ചിരിക്കുന്നത്.
District News
കൂടരഞ്ഞി: പഞ്ചായത്തിലെ പൂവാറൻതോട് ആനക്കല്ലംപാറ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ പുനരുദ്ധാരണ പ്രവർത്തികൾക്ക് 30 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ലിന്റൊ ജോസഫ് എംഎൽഎ അറിയിച്ചു.
1995 ൽ പണി ആരംഭിച്ച് 1998 ൽ ഉദ്ഘാടനം ചെയ്ത റഗുലേറ്റർ കം ബ്രിഡ്ജിൽ വെള്ളം കെട്ടിനിർത്തി ജലസേചനം നടത്തുവാനും രണ്ട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് വാഹന ഗതാഗതം നടത്തുവാനും 40 മീറ്ററോളം നിളമുള്ള ഈബ്രിഡ്ജിലൂടെ സാധിക്കും. ആനക്കല്ലംപാറ പൊയിലിങ്ങാപുഴക്ക് കുറുകേയാണ് മനോഹരമായ ഈ റഗുലേറ്റർ കം ബ്രിഡ്ജ് ജലസേചന വകുപ്പ് നിർമിക്കുന്നത് ബ്രിഡ്ജിൽ നിൽക്കുമ്പോൾ ലഭിക്കുന്ന തണുത്ത കാറ്റും വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളും ആസ്വദിക്കുവാൻ നൂറ് കണക്കിന് ടൂറിസ്റ്റ്കളാണ് ഇവിടെ ദിവസവും എത്തുന്നത്.
District News
കോഴിക്കോട്: 30 കേരള ബറ്റാലിയന് എന്‍സിസിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിന് സംഘടിപ്പിച്ചു. കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളജ്, ഗുരുവായൂരപ്പന് കോളജ്, പേരാമ്പ്ര സികെജിഎം ഗവ. കോളജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി.
കോഴിക്കോട് ബീച്ചില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി. എന്‍സിസി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലഫ്. കേണല്‍ ബി. ജോണ്സണ് ഉദ്ഘാടനം നിര്‍വഹിച്ചു.
എക്സൈസ് പ്രിവന്റിവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട്, തവനൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ സെന്റര്‍ ജോയിന്റ് സുപ്രണ്ട് ഇ.വി ജിജേഷ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ലഫ്. ഡോ. കെ.എന്‍. സുജിന്‍, ലഫ്. ഡോ. കെ.എസ്. ശരണ്‍, ദീപ മേരി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
District News
കോഴിക്കോട്: ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ കോഴിക്കോട് ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 36,831 വീടുകള്‍. 2016 മുതല്‍ വിവിധ ഘട്ടങ്ങളിലായി നടപ്പാക്കിവന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍, വിവിധ പദ്ധതികളിലായി ആരംഭിച്ചതും പൂര്‍ത്തീകരിക്കാന്‍ കഴി യാതെ മുടങ്ങിപ്പോയതുമായ 6,484 വീടുകളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ചു.
രണ്ടാം ഘട്ടത്തില്‍ ഭൂമിയുള്ള 5,150 ഗുണഭോക്താക്കള്‍ക്ക് ഭവനനിര്‍മാണ ധനസഹായം നല്‍കുകയും പ്രവൃത്തി പൂര്‍ത്തീകരിക്കുകയും ചെയ്തു. മൂന്നാം ഘട്ടത്തില്‍ ഭൂരഹിതരായ 714 ഗുണഭോക്താക്കള്‍ക്ക് ഭൂമിയും വീടും നല്കി.
2020ല്‍ ലൈഫ് ഗുണഭോക്തൃപട്ടിക തയാറാക്കുന്നതിനായി വിപുലമായ സര്‍വേ ആരംഭിക്കുകയും ഉദ്യോഗസ്ഥ പരിശോധനക്കുശേഷം അന്തിമപട്ടിക 2022ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 20,849 ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ട പട്ടിക പ്രകാരം പഞ്ചായത്തില്‍ 7,945 വീടുകളും നഗരസഭകളില്‍ ലൈഫ്-പിഎംഎവൈ പദ്ധതി പ്രകാരം 8,930 വീടുകളും പൂര്‍ത്തീകരിച്ചു.
പിഎംഎവൈ ഗ്രാമീണ്‍ വിഭാഗത്തിലൂടെ ഗ്രാമപ്രദേശങ്ങളില്‍ 2,384 വീടുകളും ഒരുക്കി. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള ഗുണഭോക്താക്കളില്‍ 584 പേര്‍ക്കും ഭൂമിയും വീടുമില്ലാത്ത 330 ഗുണഭോക്താക്കളില്‍ 172 പേര്‍ക്കും വീട് നിര്‍മിച്ചു.ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പൂളക്കോട് ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. 44 കുടുംബങ്ങളുടെ പുനരധിവാസമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
District News
കാക്കനാട്: കൈകൂലി വാങ്ങവേ, വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടർ ടി. ദീപേഷിനെ വിജിലന്‍സ് കൈയോടെ പിടികൂടി. പഞ്ചായത്ത് പരിധിക്കുള്ളില്‍ സ്വകാര്യവ്യക്തി നിര്‍മിച്ച 55,000 ചതുരശ്രയടി ഗോഡൗണിന് നമ്പര്‍ കിട്ടാനായി ദീപേഷ് 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്.
തുക രൊക്കം പണമായി കിട്ടണമെന്നും പണം കിട്ടിയാല്‍ മാത്രമേ ബില്‍ഡിംഗ് നമ്പര്‍ നല്‍കുകയുള്ളൂ എന്നും ഇയാള്‍ ഉടമയെ അറിയിച്ചു. ചര്‍ച്ചകള്‍ക്കൊടുവില്‍ 15 ലക്ഷം രൂപ നല്കിയാല് കെട്ടിട നമ്പര്‍ നല്‍കാമെന്നും പണവുമായി കാക്കനാട് എത്താനും ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് അഞ്ചു ലക്ഷം രൂപയുടെ കറന്‍സിയും ദീപേഷിന്റെ പേരില്‍ 10 ലക്ഷം രൂപയുടെ ചെക്കും നല്‍കുകയായിരുന്നു.
സീപോര്‍ട്ട് - എയര്‍പോര്‍ട്ട് റോഡില്‍ പാര്‍ക്ക് റസിഡന്‍സി ഹോട്ടലിനു സമീപം കാറില്‍ വച്ച് തുക കൈമാറുമ്പോഴാണ് ദീപേഷിനെ വിജിലന്‍സ് പിടികൂടിയത്.
15 കോടിയോളം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗോഡൗണിന് 20 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥന് കൈകൂലിയായി ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാസര്‍ഗോഡ് സ്വദേശിയായ ഇയാള്‍ വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തില്‍ ഒരു മാസം മുമ്പാണ് ചുമതലയേറ്റത്. കാക്കനാട് തെങ്ങോടിനു സമീപമുള്ള ഇയാളുടെ വീട്ടില്‍ രാത്രി വൈകിയും വിജിലന്‍സ് സംഘം പരിശോധന നടത്തിവരികയാണ്.
District News
കൊച്ചി: പൊതു സ്വകാര്യ പങ്കാളിത്തത്തോടെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍, മൂലധനം ഉറപ്പാക്കാന്‍ മുനിസിപ്പല്‍ ബോണ്ട്, കൊച്ചിക്കു സ്ഥിരം തലവേദനയായ കൊതുകുശല്യപരിഹാരത്തിന് ജിപിഎസ് മാപ്പിംഗും ഡ്രോണ്‍ നിരീക്ഷണവും...
കൊച്ചിയെ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സമ്പൂര്‍ണ സ്മാര്‍ട്ട് സിറ്റിയാക്കി മാറ്റുകയെന്ന പ്രഖ്യാപനത്തോടെ കൊച്ചി കോര്പറേഷന് 2026-27 ബജറ്റ്. ഡെപ്യൂട്ടി മേയര്‍ ദീപക് ജോയ് അവതരിപ്പിച്ച യുഡിഎഫ് ഭരണസമിതിയുടെ ആദ്യ ബജറ്റില്‍ സാമൂഹ്യക്ഷേമം, പരിസ്ഥിതി, സുസ്ഥിര വികസനം, സംസ്കാരം, സാമ്പത്തികരംഗം മെച്ചപ്പെടുത്തല്‍ തുടങ്ങിയ മേഖലകള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്.
13,56,49,91,401 രൂപ വരവും 11,36,20,45,999 രൂപ ചെലവും 2,20,29,45,402 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റിന്മേല് നാളെ നടക്കുന്ന ചര്‍ച്ചയ്ക്കു ശേഷം 27ന് അംഗീകാരം നല്‍കും.
കൊച്ചിയെ നൂറ് ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലിറ്ററസി ലക്ഷ്യമിടുന്ന നഗരമായി മാറ്റാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്ന ബജറ്റില്‍ കൊച്ചി കോര്പറേഷന് പ്രദേശവും സമീപ മേഖലകളും കൂട്ടിച്ചേര്‍ത്തുകൊണ്ട് ലിവബിള്‍ സിറ്റി എന്ന സങ്കല്പ്പത്തോടെ നഗരവികസന നയം, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശക സമിതി, സാമ്പത്തിക ഉപദേശക സമിതി തുടങ്ങിയ ആശയങ്ങളും ബജറ്റിൽ ഇടംപിടിച്ചിട്ടുണ്ട്.
ചെന്നൈ, ചണ്ഡിഗഡ്, ഗാന്ധിനഗര്‍, നവി മുംബൈ നഗരങ്ങളുടെ മാതൃകയില്‍ കേരളത്തില്‍ ആദ്യമായി ഒരു നഗരത്തിന് നഗരനയവും ബജറ്റില്‍ ഉള്‍പ്പെടുത്തി. വമ്പന്‍ പദ്ധതികള്‍ക്കുള്ള സാമ്പത്തികത്തിനായി മുനിസിപ്പല്‍ ബോണ്ട്, ഗ്രീന്‍ ബോണ്ട്, ടെക്നോളജിക്കല്‍ ഇന്നോവേഷന്‍ ഉപയോഗിച്ച് നികുതി വര്‍ധിപ്പിക്കല്‍ എന്നിവയും ലക്ഷ്യമിടുന്നു. തനത് വരുമാനം 10 ശതമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ബജറ്റില്‍ നികുതി ചോര്‍ച്ച തടയാനുള്ള പദ്ധതികളുമുണ്ട്.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലും നടപ്പാക്കിയ വിജയകരമായ വികസന മാതൃകകള്‍ നേരിട്ട് കാണാനും പഠിക്കാനും കൗണ്‍സിലര്‍മാര്‍ക്ക് വിദേശയാത്രകള്‍, കണ്ടല്‍കാടുകളുടെ പുനരുജ്ജീവനം, ബജറ്റ് മോണിട്ടറിംഗിനായി ഡിജിറ്റല്‍ പ്രോജക്ട് ട്രാക്കിംഗ് സിസ്റ്റം തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുന്നതാണ് ബജറ്റ്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ചായിരുന്നു ഡെപ്യുട്ടി മേയര്‍ കന്നി ബജറ്റ് അവതരിപ്പിച്ചത്.
ശ്രദ്ധേയ പ്രഖ്യാപനങ്ങള്‍; എഐ പഠിക്കാന്‍ കൊച്ചി
നൂറ് ശതമാനം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലിറ്ററസി നഗരമാകാന്‍ കൊച്ചിയെ പ്രാപ്തമാക്കുന്ന എഐ ലിറ്ററസി മിഷന് പദ്ധതിക്കായി കോര്പറേഷന് 40 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്. എഐ പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം . സാധാരണക്കാര്‍ക്കും തൊഴില്‍ മേഖലയിലും പദ്ധതി എത്തിക്കും.
മൂലധനം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്
കൊച്ചിയുടെ സമഗ്ര വികസനത്തിന് ആവശ്യമായ മൂലധനം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ടുകള്‍ ഇറക്കാന്‍ കൗണ്‍സില്‍ നടപടിയെടുക്കും. സര്‍ക്കാര്‍ ഗ്രാന്റുകളെ മാത്രം ആശ്രയിക്കാതെ ഓഹരി വിപണിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും നേരിട്ട് നിക്ഷേപം സ്വീകരിച്ച് വലിയ പദ്ധതികള്‍ നടപ്പാക്കുകയാണ് ലക്ഷ്യം. സെബി നിബന്ധനകള്‍ പാലിച്ച് ബോണ്ടുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യും. ഇതിനായി ഹൈപവര്‍ കമ്മിറ്റി രൂപീകരിക്കും.
കൊച്ചിയെ പുഷ്പിക്കാന്‍ സിറ്റി ബ്ലൂം
കാലാവസ്ഥ വ്യതിയാനങ്ങളെ പ്രതിരോധിക്കാന്‍ നഗരത്തിലുടനീളം വൃഷ്യത്തൈകളും ചെടികളും നട്ടുപിടിപ്പിക്കുന്ന പദ്ധതി. റോഡ് മീഡിയനുകള്‍, വശങ്ങള്, പൊതുസ്ഥലങ്ങള്‍, ഫ്ളൈഓവറുകള്‍, കെട്ടിടങ്ങളുടെ പരിസരങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാകും പദ്ധതി. കുടുംബശ്രീ യൂണിറ്റുകള്‍ക്കും വനിതാ കൂട്ടായ്മകള്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ഒരു കോടി രൂപയാകും ഇതിനായി ചെലവഴിക്കുക.
പി.ടി. തോമസിന് സ്മാരകം; കെ.ജെ. യേശുദാസിന് ആദരം
കോണ്‍ഗ്രസ് നേതാവും എംഎല്‍എയും എംപിയുമായിരുന്ന പി.ടി. തോമസിന്റെ സ്മരണാർഥം പനമ്പിള്ളിനഗറില്‍ രവിപുരം ശ്മശാനത്തിനോട് ചേര്‍ന്നുള്ള കോര്‍പറേഷന്റെ സ്ഥലത്ത് ‘ഈ മനോഹരതീരത്ത് ഓര്‍മയില്‍ പി.ടി’ എന്ന പേരില്‍ ഉദ്യാനവും ഓപ്പണ്‍ ലൈബ്രറിയും സ്ഥാപിക്കും. പദ്ധതിക്കായി രണ്ട് കോടി രൂപ ചെലവഴിക്കും. ഗായകന് കെ.ജെ. യേശുദാസിനോടുള്ള ആദര സൂചകമായി അദ്ദേഹം ജനിച്ചു വളര്‍ന്ന ഇപ്പോള്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ വീട് ഏറ്റെടുത്ത് മ്യൂസിയമാക്കും. ആറ് കോടി രൂപ ചെലവഴിച്ചാകും പദ്ധതി നടപ്പിലാക്കുക.
സീറോ വേസ്റ്റ് നഗരം
സീറോ വേസ്റ്റ് കൊച്ചിക്കായി ഡിവിഷനുകളെ ഘട്ടംഘട്ടമായി മാറ്റിയെടുക്കും. ഏഴ് സോണുകള്‍ കേന്ദ്രീകരിച്ച് മാലിന്യ ശേഖരണത്തിന് പ്രത്യേക മോണിട്ടറിംഗ് സംവിധാനമൊരുക്കും.
ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബ്
ഫോര്‍ട്ടുകൊച്ചിയിലെത്തുന്ന വിനോദസഞ്ചരികളെ റോ റോ, ബസ് എന്നീ ഗതാഗത സംവിധാനങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശം ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് ഹബ്ബായി വികസിപ്പിക്കും. അടിസ്ഥാന സൗകര്യങ്ങളടക്കം ഒരുക്കുന്നതിന് ഒരു കോടി രൂപ നഗരസഭ ചെലവഴിക്കും.
ഗോശ്രീ പാലത്തിന് സമാന്തരമായി പുതിയ പാലം
കൊച്ചിയിലെ ഗതാഗതക്കുരുക്കഴിക്കുന്നതിനും വൈപ്പിന്‍ മുളവുകാട് ദ്വീപ് നിവാസികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനും കോര്പറേഷന് ജംഗ്ഷനെയും ബോള്‍ഗാട്ടിയെയും ബന്ധിപ്പിച്ച് നിലവിലെ ഗോശ്രീ പാലത്തിന് സമാന്തരമായി രണ്ടാമതൊരു പാലം നിര്‍മിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും ജിഡയുടെയും സഹകരണത്തോടെ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
കലൂര്‍ ബസ് സ്റ്റാന്‍ഡില്‍ 40 കോടിയുടെ പദ്ധതി
നഗരത്തിലെ പ്രധാന ഗതാഗത കേന്ദ്രങ്ങളിലൊന്നായ കലൂര്‍ ബസ് സ്റ്റാന്‍ഡിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സമഗ്ര രൂപരേഖ തയാറാക്കുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് പുറമേ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബഹുനിലമന്ദിരം അടങ്ങുന്നതായിരിക്കും രൂപ രേഖ. പ്രത്യേക ബസ് ബേകള്‍, ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനം എന്നിവയും പദ്ധതിയുടെ ഭാഗമാകും.
സാമ്പത്തിക ഉപദേശക സമിതി
സാമ്പത്തിക സ്രോതസുകള്‍ കാര്യക്ഷമമായി വിനിയോഗിക്കാനും പുതിയ വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്താനും സാമ്പത്തിക ഉപദേശക സമിതി രൂപീകരിക്കുന്നു. വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചാകും സമിതി. വരുമാന സ്രോതസുകള്‍ വര്‍ധിപ്പിക്കാനുള്ള പ്രത്യേക കര്‍മ പദ്ധതികള്‍ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കും.
ഇന്ദിരാ കാന്റീന്
നഗരത്തില്‍ സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം എന്ന ലക്ഷ്യത്തോടെ ഇന്ദിരാ കാന്റീന് പദ്ധതി ആരംഭിക്കുന്നു. ആദ്യഘട്ടത്തില്‍ ഇടപ്പള്ളിയിലും ഫോർട്ടു കൊച്ചിയിലും. പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും ലഭ്യമാക്കുന്ന പദ്ധതി പിന്നീട് നഗരത്തിന്റെ വിവിധയിടങ്ങളിലേക്ക് വ്യാപിപ്പിക്കും. പ്രഭാത ഭക്ഷണത്തിന് 10 രൂപ, ഉച്ച ഭക്ഷണത്തിന് 30 രൂപ. സമൃദ്ധിക്കായി ഒരുക്കുന്ന സെന്‍ട്രലൈസ്ഡ് കിച്ചണില്‍ നിന്നാകും ഭക്ഷണം എത്തിക്കുക. 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതി ഒരുങ്ങുന്നത്.
ബജറ്റ് ചോര്‍ന്നു; പ്രതിഷേധിച്ച് പ്രതിപക്ഷം
അവതരിപ്പിക്കുന്നതിനു മുമ്പേ ബജറ്റ് ചോര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷം ബജറ്റ് അവതരണത്തിലുടനീളം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചു. 2.46 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ ആരംഭിത്തിൽ തുടങ്ങിയ പ്രതിഷേധ മുദ്രാവാക്യം വിളി, ബജറ്റ് അവതരണത്തിനൊടുവിൽ ഡെപ്യൂട്ടി മേയര്‍ ബജറ്റ് മേശപ്പുറത്ത് വച്ചതോടെയാണ് അവസാനിപ്പിച്ചത്. കൗണ്‍സില്‍ ഹാളിന്റെ നടുത്തളത്തില്‍ കുത്തിയിരുന്നായിരുന്നു പ്രതിഷേധം.
സര്‍വ മേഖലയുടെയും വികസനത്തിന് ഉതകുന്ന ബജറ്റ്: മേയര്‍
നഗര വളര്‍ച്ചയ്ക്ക് വേഗം കൂട്ടുന്നതിനും സാമൂഹികസാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും സാംസ്കാരിക രംഗം സജീവമാക്കുന്നതിനും അടിസ്ഥാന സൗകര്യവികസനത്തിനും ഉതകുന്ന ബജറ്റാണിതെന്ന് മേയര്‍ വി.കെ. മിനിമോള്‍ അവകാശപ്പെട്ടു.
ബജറ്റ് നിർദേശങ്ങള്‍ നടപ്പിലാക്കുന്നതിനുളള ഒരു പ്രത്യേക മോണിട്ടറിംഗ് സംവിധാനം ഈ ബജറ്റിന്റെ ഭാഗമാണ്. മാലിന്യ നീക്കവും സംസ്കരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ നിരവധി പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് സമഗ്ര പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കനാലുകളുടെ സംരക്ഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഗതാഗത രംഗത്ത് സമൂലമായ പരിഷ്കാരങ്ങളാണ് ലക്ഷ്യം വയ്ക്കുന്നത്. ഒരു പ്രാദേശിക സര്‍ക്കാര്‍ നടത്തേണ്ട എല്ലാ പദ്ധതികളും ഉള്‍പ്പെടുത്തികൊണ്ടുളള ബജറ്റാണിതെന്നും അവർ പറഞ്ഞു.
കൊച്ചിയെ പിന്നോട്ടടിക്കുന്നത്: സിപിഎം
അത്യാധുനിക നഗരമായി അനുദിനം വികസിക്കുന്ന കൊച്ചിയുടെ ഭാവിവളര്‍ച്ച മുന്നില്‍ കണ്ടുള്ള പദ്ധതിയോ നയമോ ഇല്ലാത്ത ബജറ്റാണെന്ന് സിപിഎം ജില്ലാസെക്രട്ടറി എസ്. സതീഷ് നഗരം ഇതുവരെ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കുകയും കൊച്ചിയെ പിന്നോട്ടടിപ്പിക്കുന്നതുമാണ് ഈ ബജറ്റ്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളോ നിര്‍ദേശങ്ങളോ കൊണ്ടുവരാന്‍ യുഡിഎഫ് ഭരണസമിതിക്കായില്ല. കൗണ്‍സിലില്‍ അവതരിപ്പിക്കും മുമ്പേ ബജറ്റ് വിവരങ്ങള്‍ പുറത്തായത് ഗുരുതര വീഴ്ചയാണെന്നും സതീഷ് പ്രസ്താവനയില്‍ പറഞ്ഞു.
നിരാശപ്പെടുത്തുന്നത്: എൽഡിഎഫ്
നിരാശപ്പെടുത്തുന്ന ബജറ്റാണ് യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി അവതരിപ്പിച്ചിരിക്കുന്നതെതെന്ന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാർട്ടി നേതാവ് വി.എ. ശ്രീജിത്ത് പറഞ്ഞു. കൊച്ചിയുടെ അഭിമാനമായ സമൃദ്ധിയെ തകര്‍ക്കാനും കോര്‍പറേഷന്റെ സ്വത്തുവകകള്‍ സ്വകാര്യ ഏജന്‍സികള്‍ക്കും കമ്പനികള്‍ക്കും വിട്ടുകൊടുക്കാനുമുള്ള ഗൂഢനീക്കങ്ങൾ ബജറ്റില്‍ ഒളിഞ്ഞിരിക്കുന്നു.
ബ്രഹ്മപുരത്ത് ശാസ്ത്രീയമായി ക്യാപ്പിംഗ് നടത്തിയ സ്ഥലത്ത് വീണ്ടും ബയോമൈനിംഗ് നടത്താനുള്ള നീക്കവും സംശയാസ്പദമാണ്. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലുള്ള പദ്ധതികളില്‍ സുതാര്യതയും വ്യക്തതയും ആവശ്യമാണ്.
ബജറ്റില്‍ ഇടം പിടിച്ചിരിക്കുന്ന പലപദ്ധതികളും മുന്‍ഭരണസമിതി കാലയളവില്‍ ആരംഭിച്ചതോ, പ്രാരംഭ നടപടികള്‍ സ്വീകരിച്ചതോ ആണെന്നും ശ്രീജിത്ത് പറഞ്ഞു.
District News
വൈപ്പിൻ : ഏറെ നാളത്തെ മുറവിളിക്ക് ശേഷം നെടുങ്ങാട് പഴയ പള്ളി പാലം പൊളിച്ചു മാറ്റിയെങ്കിലും ഇതിന്റെ കോൺക്രീറ്റ് തൂണുകൾ ഇപ്പോഴും ബാക്കി. ഇതാകട്ടെ മത്സ്യത്തൊഴിലാളികൾക്കും പുഴയിലെ നീരൊഴുക്കിനും ഭീഷണിയായി നിലകൊള്ളുകയാണ്.
പാലം പൊളിക്കാൻ കരാറെടുത്ത ആളെക്കൊണ്ട് പണികൾ പൂർണമായും ചെയ്യിക്കേണ്ടത് പൊതുമരാമത്ത് അധികൃതരാണ്.എന്നാൽ ഒട്ടേറെ പരാതികൾ ഉയർന്നിട്ടും ഇവരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അനാസ്ഥ വെടിഞ്ഞ് അപകട ഭീഷണിയായി നിലനിൽക്കുന്ന തൂണുകൾ എത്രയും വേഗം പൊളിച്ച് മാറ്റണമെന്ന് നായരമ്പലം വില്ലേജ് കായലോര ടൂറിസം ഡെവലപ്മെന്റ് സൊസൈറ്റി പ്രസിഡന്റ് അഗസ്റ്റിൻ മണ്ടോത്ത് ആവശ്യപ്പെട്ടു.
District News
കാക്കനാട്: കേബിളുകളിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ ഇന്നലെ തകർന്നത് ഇലക്ട്രിക് പോസ്റ്റും ട്രാൻസ്ഫോർമറും റോഡരികിൽ പാർക്കുചെയ്തിരുന്ന രണ്ടു സ്വകാര്യ കാറുകളും.
സീപോർട്ട് എയർപോർട്ട് റോഡിൽ നിന്നും ജഡ്ജി മുക്കിലേക്ക് തിരിയുന്ന റോഡിൽ കാർഡിനൽ സ്കൂളിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്നോടെയായിരുന്നു അപകടം.
അതുവഴിവന്ന ചരക്കുലോറിയുടെ കാബിനു മുകളിൽ ചാനൽ കേബിളുകൾ കുരുങ്ങിയതറിയാതെ ലോറി ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സമീപത്തുണ്ടായിരുന്ന ട്രാൻസ്ഫോർമറിൽ ലോറി ഇടിക്കുകയും തുടർന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീഴുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന കാറുകളും ഇതോടെ തകർന്നു.
ഇടറോഡിൽ തിരക്കു കുറഞ്ഞ ഭാഗത്തായിരുന്നു അപകടം.
തൃക്കാക്കര നഗരസഭാ പരിധിക്കുള്ളിലെ പ്രധാന നിരത്തുകളിലെ പോസ്റ്റുകളിൽ ഉയരം പാലിക്കാതെ വലിച്ചു കെട്ടിയിരിക്കുന്ന കേബിളുകൾ അപകടം ഉണ്ടാക്കുന്നത് ഇതാദ്യമല്ല. അനധികൃതമായി സ്ഥാപിച്ചിട്ടുളള മുഴുവൻകേബിളുകളും അഴിച്ചു മാറ്റാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി നഗരസഭാ ചെയർമാൻ റാഷിദ് ഉള്ളം പിള്ളി പറഞ്ഞു.
District News
കൊച്ചി: സ്കൂൾ മതിലിൽ മനോഹര ചിത്രങ്ങൾ വരച്ച് അവയിൽ വർണ വിസ്മയം തീർത്ത് മൂക്കന്നൂർ സാന്തോം സെൻട്രൽ സ്കൂൾ വിദ്യാർഥികൾ. സോഷ്യൽ മീഡിയയുടെ അതിപ്രസരത്തിൽ അടിപ്പെട്ടുപോകാതെ, കുട്ടികളെ പ്രകൃതിയുടെ വിശാലതയിലേക്ക് തിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ സ്കൂൾ മാനേജ്മെന്റ് സംഘടിപ്പിച്ച "നിറങ്ങളുടെ ലോകം' പരിപാടിയുടെ ഭാഗമായാണ് കുട്ടികൾ മനോഹരദൃശ്യങ്ങൾ ഒരുക്കി സ്കൂൾ മതിലിനെ അറിവിന്റെ ചിത്രശാലയാക്കിയത്.
80 മീറ്റർ നീളമുള്ള മതിലിൽ അറുപതോളം വിദ്യാർഥികൾ തീർത്ത ഈ ദൃശ്യവിസ്മയം കുട്ടികൾക്ക് പ്രപഞ്ചത്തെ അറിയാനും അനുഭവിക്കാനുമുള്ള അവസരമായി. മതിലിൽ വെള്ള പൂശിയശേഷമാണ് വർണവൈവിധ്യങ്ങളുടെ വേറിട്ട ചിത്രങ്ങൾ ഒരുക്കിയത്.
പ്രകൃതി, ശാസ്ത്രം, സംസ്കാരം, ചരിത്രം എന്നിവയെ നിറങ്ങളിലൂടെ സൃഷ്ടിപരമായി അവതരിപ്പിച്ച ഈ ചുമർചിത്രങ്ങൾ വിദ്യാർഥികളുടെ കലാവൈഭവങ്ങളും സർഗാത്മകതയും പരിപോഷിപ്പിക്കാൻ സഹായകമായെന്ന് പ്രിൻസിപ്പൽ സിസ്റ്റർ ഉദയാ തെരേസ് പറഞ്ഞു.
District News
കൊച്ചി: ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ സുമനസുകളുടെ സഹായത്തോടെ പൂര്‍ത്തിയാക്കിയ 214-ാമത് വീടിന്റെ താക്കോല്‍ കൈമാറി.കൊച്ചി ബിഷപ് ഡോ.ആന്റണി കാട്ടിപ്പറമ്പിലാണ് വീട് ആശീര്‍വദിച്ച് താക്കോല്‍ കൈമാറിയത്. സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു.
കെസിയ ജോസഫ് തെരുവിപറമ്പില്‍ മുഖ്യാതിഥിയായി. പോള്‍-കാവ്യ ദമ്പതികള്‍ മുഖ്യസന്ദേശം നല്കി. സ്പോണ്റായ നോവറ്റി ടെക്സറ്റൈല്‍സ് ഉടമ ഇ.പി.ജോര്‍ജ്, സിസ്റ്റര്‍ മേരി സക്കറിയ, കൗണ്‍സിലര്‍ ജോസഫ് സുമിത്, ലില്ലി പോള്‍, അര്‍പ്പിത കോണ്‍വെന്റ് സുപ്പീരിയര്‍ സിസ്റ്റര്‍ സുനിത മിഞ്ച്, സിസ്റ്റര്‍ മേരി ഏബ്രഹാം, ടി.എം.റിഫാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
വരാപ്പുഴ : കടുത്ത കുടിവെള്ളക്ഷാമം മൂലം തത്തപ്പിള്ളി മേഖലയിലെ ജനം ദുരിതത്തിൽ. ഇവിടെ പഞ്ചായത്തിന്റെ അതിർത്തി പ്രദേശങ്ങളിലും ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്ന ആളുകളാണു കൂടുതലും ദുരിതമനുഭവിക്കുന്നത്.
ടാപ്പിലൂടെ വെള്ളം ലഭിക്കാതായതോടെ നാട്ടുകാർ ജല അഥോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ജനങ്ങളുടെ അവസ്ഥ പരിതാപകരമായിട്ടും പരിഹാരം കാണാൻ അധികൃതർ തയാറാകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. പ്രളയത്തിനു ശേഷം മറ്റു ജല സ്രോതസുകളിലെ വെള്ളം കുടിക്കാൻ കഴിയാത്ത സാഹചര്യമാണു നിലവിലുള്ളത്. കൂടാതെ പലയിടത്തും കിണറുകളിലെ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലാണ്.
അതിനാൽ ഏക ആശ്രയം പൈപ്പിലൂടെ വരുന്ന വെള്ളം മാത്രമാണ്. നൂലുപോലെ വെള്ളം വരാൻ തുടങ്ങിയതോടെ മറ്റു പ്രദേശങ്ങളിലെ വീടുകളിൽ നിന്നു വാഹനങ്ങളിൽ വെള്ളമെത്തിച്ച് ഉപയോഗിക്കുകയാണു പലരും. കൂടാതെ പണം നൽകി ടാങ്കറിൽ വെള്ളമെത്തിച്ചു ഉപയോഗിക്കുന്നുണ്ട്.
മർദം കൂട്ടി പമ്പിംഗ് നടത്തിയാലും അടഞ്ഞു കിടക്കുന്ന വാൽവുകൾ പൂർണമായും തുറന്നാലും ഒരുപരിധിവരെ പരിഹാരം കാണാൻ സാധിക്കുമെന്നാണു ജനങ്ങൾ പറയുന്നത്. എത്രയും വേഗം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ജല അഥോറിറ്റി ഓഫീസ് ഉപരോധിക്കുമെന്നു നാട്ടുകാർ മുന്നറിയപ്പു നൽകി
District News
കാലടി: എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാല സംഘടിപ്പിച്ച ഇന്റർ കൊളീജിയേറ്റ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ഒരു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കിയാണ് ആദിശങ്കര ചാമ്പ്യന്മാരായത്.
ആദ്യവർഷ ബിടെക് ഡാറ്റാ സയൻസിലെ ദിവ്യ പോൾ (50 കിലോ വിഭാഗം) സ്വർണം നേടി. ആദ്യവർഷ ബിടെക് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗിലെ അഖില സുധി (68 കിലോ വിഭാഗം) വെള്ളി നേടി.
പുരുഷ വിഭാഗത്തിൽ രണ്ടാംവർഷ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിലെ ബിപിൻ പി. ബിനു (67 കിലോവിഭാഗം) സ്വർണം കരസ്ഥമാക്കി.
വിജയികളായ മൂവരെയും സർവകലാശാല ടീമിലേക്ക് തെരഞ്ഞെടുത്തു. ഇവർ ഇന്റർ യൂണിവേഴ്സിറ്റി മത്സരത്തിൽ എ.പി.ജെ അബ്ദുൾ കലാം യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മത്സരിക്കും.
District News
ചെല്ലാനം : ഹൈബി ഈഡൻ എംപിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ചെല്ലാനം പഞ്ചായത്തിലെ ആദ്യത്തെ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എംപി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് പീറ്റർ ഷീൻ, ബ്ലോക്ക് മെമ്പർ ജിനു കെ. വിൻസെന്റ്, വാർഡ് മെമ്പർ മാർഗരറ്റ് പോൾ, നിഷാന്ത് ജോസഫ്, സിഡിപിഒ രേണുക, ഫാ. സെബാസ്റ്റ്യൻ വലിയവീട്ടിൽ, പയസ് ആൽബി, രൂപ അനിൽ കുമാർ, റയിസ് മുസ്തഫ, വിനില, ഷാജി തോപ്പിൽ, ക്ളീറ്റസ് എന്നിവർ പ്രസംഗിച്ചു.
District News
അങ്കമാലി: മൂക്കന്നൂർ എംഎജിജെ ആശുപത്രി ഓർത്തോപീഡിക് വിഭാഗത്തിൽ റോബോട്ടിക് സഹായത്തോടെ പ്രഥമ മുട്ടുമാറ്റിവയ്ക്കൽ (ടികെആർ) ശസ്ത്രക്രിയ വിജയകരമായി നടത്തി. ഓർത്തോപീഡിക് വിഭാഗത്തിലെ പ്രമുഖരായ ഡോ. ദിദി ജോർജ്, ഡോ. ഡേവിസ് ജോൺ എന്നിവർ നേതൃത്വം നൽകി.
അത്യാധുനിക റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പാക്കി ശസ്ത്രക്രിയ നടത്താനായത് ആശുപത്രിയുടെ ആരോഗ്യ പരിചരണ രംഗത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നു. ഭാവിയിൽ വിവിധ വിഭാഗങ്ങളിലേക്കും റോബോട്ടിക് സാങ്കേതികവിദ്യ വ്യാപിപ്പിച്ച് സമഗ്രമായ അത്യാധുനിക ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാനാണ് ലക്ഷ്യമെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.
District News
കോതമംഗലം: തങ്കളം-കാക്കനാട് നാലുവരി പാതയ്ക്കായി കോതമംഗലം ബൈപാസ് മുതൽ വീട്ടൂർ വരെ പുതിയ അലൈൻമെന്റ് കണ്ടെത്തിയതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. പാതയുമായി ബന്ധപ്പെട്ട ആന്റണി ജോൺ എംഎൽഎയുടെ സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തങ്കളം-കാക്കനാട് നാലുവരി പാതയുടെ നിർമാണത്തിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 30 കോടി രൂപക്ക് ഭരണാനുമതി നൽകിയിരുന്നു. എന്നാൽ നേരത്തെ തീരുമാനിച്ച അലൈൻമെന്റ് ഐആർസി, കിഫ്ബി നിബന്ധനകൾ പാലിച്ചിരുന്നില്ല.
ഈ സാഹചര്യത്തിൽ തങ്കളം-കാക്കനാട് റോഡ് പ്രവൃത്തി എംസി റോഡ് വഴി ബന്ധിപ്പിക്കുന്നതിനു പകരം മൂവാറ്റുപുഴ - കാക്കനാട് റോഡുവഴി കാക്കനാടുമായി യോജിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് കിഫ്ബി നിർദേശിച്ചു. തുടർന്ന് കോതമംഗലം ബൈപാസ് മുതൽ മേലേ പീടിക, മുളവൂർ, ഈസ്റ്റ് പായിപ്ര, പള്ളിച്ചിറങ്ങര (എംസി റോഡ്), പുന്നോപ്പടി എന്നീ പ്രധാന സ്ഥലങ്ങൾ വഴി വീട്ടൂർ വരെ അലൈൻമെന്റ് കണ്ടെത്തുകയും ഫീസിബിലിറ്റി റിപ്പോർട്ട് പൊതുമരാമത്ത് ഡിസൈൻ വിഭാഗത്തിന് കൈമാറുകയും ചെയ്തിരുന്നു.
കോതമംഗലം ബൈപാസ് മുതൽ വീട്ടൂർ വരെ അലൈൻമെന്റ് സാധ്യമായതിനാൽ 13.6 മീറ്റർ ഡിപിആർ തയാറാക്കുവാനും ആവശ്യമുണ്ടെങ്കിൽ സ്ഥലമേറ്റെടുക്കൽ നിർദേശം സമർപ്പിക്കുവാനും വീട്ടൂരിന് ശേഷം കിഴക്കമ്പലം വരെ മൂവാറ്റുപുഴ-കാക്കനാട് റോഡിന്റെ അലൈൻമെന്റ് ഉപയോഗിക്കുവാനും നിർദേശിച്ചിട്ടുണ്ട്.
ഇതിനകം സമർപ്പിച്ച മൂവാറ്റുപുഴ മുതൽ കാക്കനാട് വരെയുള്ള ഭാഗത്തിന്റെ ഡിപിആറിൽ മാറ്റം വരുത്തി, വീട്ടൂർ മുതൽ കിഴക്കമ്പലം വരെയാക്കി 15 മീറ്റർ ഉൾപ്പെടുത്തി പരിഷ്കരിക്കാനും കിഫ്ബി നിർദേശിച്ചിട്ടുണ്ട്. കിഴക്കമ്പലത്തു നിന്ന് കാക്കനാടേക്കുള്ള പുതിയ അലൈൻമെന്റ് കിഫ്ബിയുടെ പരിഗണനയിലാണ് എന്നും അറിയിച്ചിരുന്നു. ഡിപിആർ തയാറാക്കുന്നതിന് കൂടുതൽ വ്യക്തത വരുത്താൻ ഡിസൈൻ വിഭാഗം കിഫ്ബിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് ലഭ്യമായാലുടൻ ഡിപിആർ പ്രവൃത്തികൾ ആരംഭിക്കുവാൻ നിർദേശം നൽകിയിട്ടുള്ള തായും മന്ത്രി നിയസഭയിൽ അറിയിച്ചു.
തങ്കളം കാക്കനാട് നാലുവരിപ്പാത യാഥാർഥ്യമാക്കണം:പൗരസമിതി
കോതമംഗലം: തങ്കളം കാക്കനാട് നാലുവരിപ്പാത യാഥാർഥ്യമാക്കണമെന്ന് കോതമംഗലം മേഖല പൗരസമിതി യോഗം ആവശ്യപ്പെട്ടു. കോതമംഗലത്തിനെയും ജില്ലാ ആസ്ഥാനമായ കാക്കനാടിനെയും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതിയാണിത്. പത്തു കൊല്ലം മുമ്പ് ആരംഭിച്ച പദ്ധതി പൂർണമായും മുടങ്ങിക്കിടക്കുകയാണ്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള സ്തംഭനാവസ്ഥയിലാണ് . നേരത്തെ പണിപൂർത്തിയായ നാല് കിലോമീറ്റർ റോഡ് മാത്രമാണ് പാതയിൽ ഉള്ളത്.
പദ്ധതിയുടെ നിർമാണം ഉടൻ പുനരാരംഭിക്കണം എന്ന് കോതമംഗലം മേഖല പൗരസമിതി പ്രവർത്തകയോഗം ആവശ്യപ്പെട്ടു. ഇതിനായി വൻ ജനകീയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു. യോഗം തോമസ് കൊച്ചുമുട്ടം ഉദ്ഘാടനം ചെയ്തു. ബേബി പൗലോസ് അധ്യക്ഷനായിരുന്നു.
സൂരജ് മലയിൽ മുഖ്യപ്രഭാഷണം നടത്തി ജനറൽ സെക്രട്ടറി സജി തെക്കേക്കര, ഷിന്റോ വർഗീസ്, ശശി കുഞ്ഞുമോൻ, ജോസ് കാട്ടുവള്ളി, സാജൻ അമ്പാട്ട്, സിജി പാണ്ടാലിൽ, ജോസ് മെതിപ്പാറ, റെജി പാത്താടൻ, ടി.പി. തമ്പാൻ, എസ്.എം. അബ്ബാസ്, ജോജോ കെ. തോമസ്, ജോൺ വട്ടക്കുഴി എന്നിവർ പ്രസംഗിച്ചു.
District News
കൂത്താട്ടുകുളം: നഗരസഭയുടെയും സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലിയേറ്റീവ് രോഗികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി സ്നേഹസ്പർശം 2026 കുടുംബസംഗമം സംഘടിപ്പിച്ചു. കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ റെജി ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ലിസി ജോസ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രിൻസ് പോൾ മുഖ്യപ്രഭാഷണം നടത്തി. സിഎച്ച്സി മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജോജോ ജോൺ സന്ദേശം നൽകി. റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ ഫാ. ജോൺ എർണ്യാകുളത്തിൽ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി. ഭാസ്കരൻ പ്രസംഗിച്ചു.
പാലിയേറ്റീവ് പരിചരണ രംഗത്ത് രോഗികൾക്ക് മാനസികവും സാമൂഹികവുമായ പിന്തുണ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒത്തുചേരൽ സംഘടിപ്പിച്ചത്. നഗരസഭയിലെ ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ആതുര ചികിത്സാരംഗത്ത് വിവിധ തരത്തിലുള്ള മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ചടങ്ങിൽ ആദരിച്ചു.
District News
മൂവാറ്റുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മൂവാറ്റുപുഴ മണ്ഡലത്തില്‍ വോട്ടര്‍മാരുടെ ബോധവല്‍ക്കരിക്കുന്നതിന് വോട്ടു വണ്ടി പ്രചാരണം ആരംഭിച്ചു. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനില്‍ ആരംഭിച്ച വോട്ട് വണ്ടിയുടെ ഫ്ളാഗ് ഓഫ് ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കെ.എസ്. സതീശന് നിര്‍വഹിച്ചു.
തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ സ്മിത, ഇലക്ഷന് വിഭാഗം ജീവനക്കാരായ അജിത് കുമാര്‍, കെ.കെ കബീര്‍, അനൂപ് കുമാര്‍, ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. വോട്ട് ചെയ്യുന്നത് എങ്ങനെയെന്ന് പുതിയ തലമുറയെ കാണിക്കുന്നതിനും അവര്‍ക്ക് ബോധവല്‍ക്കരണം നല്കുന്നതിനുമാണ് വോട്ടുവണ്ടി പ്രചാരണം സംഘടിപ്പിച്ചിരിക്കുന്നത്. മൂവാറ്റുപുഴ മണ്ഡലത്തിലെ പര്യടനം കഴിഞ്ഞാല്‍ പിറവം മണ്ഡലത്തിലെ പര്യടനം ആരംഭിക്കും.
District News
പിറവം: കുളത്തിൽ വീണ വീട്ടമ്മയ്ക്ക് സിവിൽ ഡിഫൻസ് സേനാംഗം രക്ഷകനായി. മണീടിലെ മേമുഖത്ത് ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. സമീപവാസിയായ വീട്ടമ്മ സജി സാബു വസ്ത്രങ്ങൾ അലക്കുന്നതിനായാണ് പഞ്ചായത്ത് കുളത്തിൽ ഇറങ്ങിയത്. തുണികൾ കഴുകുന്നതിനിടെ വീട്ടമ്മ അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. കുളത്തിനടുത്ത് താമസിക്കുന്ന മറ്റൊരു വീട്ടമ്മയായ ഓമന ഇതു കാണുകയും, ഓടിയെത്തുകയും ചെയ്തു.
പക്ഷേ ചെളി നിറഞ്ഞ കുളത്തിൽ അകപ്പെട്ട സജിയെ രക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ ഇവർ ഉറക്കെ നിലവിളിച്ച് ആളുകളെ വിളിച്ചുകൂട്ടി. അഗ്നിശമന സേനയുടെ കിഴിലുള്ള സിവിൽ ഡിഫൻസ് ടീമംഗവും പരിസരവാസിയുമായ മഹേഷ് ചന്ദ്രനും എത്തിയിരുന്നു. ഉടനെ ഒറ്റയക്ക് കുളത്തിലിറങ്ങി മുങ്ങിത്താണ വീട്ടമ്മയെ പൊക്കിയെടുക്കുകയായിരുന്നു.
റോഡ് മോശമായതിനാൽ ഇതു വഴി മറ്റു വാഹനങ്ങളൊന്നും വരില്ലെന്നറിയാവുന്ന മഹേഷ്, തന്റെ കാറിൽ വീട്ടമ്മയെ ആരക്കുന്നം എ.പി വർക്കി മിഷൻ ആശുപ്രതിയിലെത്തിക്കുകയായിരുന്നു. വീട്ടമ്മ അപകടനില തരണം ചെയ്തിട്ടുണ്ട്. സമയോചിതമായ ഇടപെടലിലൂടെ വീട്ടമ്മയുടെ ജീവൻ രക്ഷിച്ച മഹേഷിനെ അഗ്നി ശമന രക്ഷാ സേനയും പിറവം സിവിൽ ഡിഫൻസ് ടീമംഗങ്ങളും അഭിനന്ദിച്ചു.
District News
കൂത്താട്ടുകുളം: നഗരസഭയുടെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൺ റെജി ജോൺ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസ് പോൾ ജോൺ നഗരസഭയുടെ പുതിയ പദ്ധതികളുടെ അവതരണം നടത്തി.
നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ ഊന്നൽ നൽകിയുള്ള ചർച്ചകളാണ് സെമിനാറിൽ നടന്നത്. ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.സി. ജോൺസൺ വികസന സെമിനാറിലെ ചർച്ചകൾ ഏകോപിപ്പിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ ലിസി ജോസ്, മുനിസിപ്പൽ സെക്രട്ടറി എസ്. ഷീബ എന്നിവർ പ്രസംഗിച്ചു.
പോത്താനിക്കാട്: പോത്താനിക്കാട് പഞ്ചായത്തിലെ വികസന സെമിനാറിൽ 2026 - 27 ലെ കരട് വാർഷിക പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം ജോമി തെക്കേക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജയിംസ് അധ്യക്ഷ വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അനിൽ എബ്രഹാം പദ്ധതി അവതരണം നടത്തി.
വൈസ് പ്രസിഡന്റ് ലൂസി സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗം ജേക്കബ് വർഗീസ്, സ്ഥിരം സമിതി അധ്യക്ഷരായ ഷീലാ റോയി, മേഴ്സി ബിജു പഞ്ചായത്തംഗങ്ങളായ കെ.സി. പ്രദീപ്, ജിജി മാത്യു, ജിനേഷ് കെ. പോൾ, വി.ജി. ജോബി, വിൻസന്റ് ഏബ്രഹാം, മിനി സണ്ണി, സാബു വർഗീസ്, സീന സജി, അലൻഷ്യ റോബി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി ജേക്കബ് സിഡിഎസ് ചെയർപേഴ്സൺ രാജേഷ് ദിലീപ് സെക്രട്ടറി കെ. യു. ജയകുമാർ എന്നിവർ പ്രസംഗിച്ചു.
പിറവം: വാർഷിക പദ്ധതികൾക്ക് രൂപം നൽകിക്കൊണ്ടുള്ള പിറവം മുനിസിപ്പാലിറ്റിയിലെ വികസന സെമിനാർ ഇന്ന് നടക്കും. രാവിലെ പത്തിന് ചിൽഡ്രൻസ് പാർക്കിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിക്കും. മുൻസിപ്പൽ ചെയർപേഴ്സൺ കെ.ആർ. പ്രദീപ്കുമാർ അധ്യക്ഷത വഹിക്കും.
District News
കോതമംഗലം : കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഇടതു ഭരണം കേരള സംസ്ഥാനത്തെ വികസനപരമായും സാമ്പത്തികമായും തകര്‍ത്തുവെന്ന് അനൂപ് ജേക്കബ് എംഎല്‍എ.
കോതമംഗലത്ത് ടി .എം ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ നടന്ന കേരള കോണ്‍ഗ്രസ് -ജേക്കബ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം നേതാക്കള്‍ അമ്പലക്കള്ളന്മാരായി ജയിലില്‍ പോകുന്നു. കേരളത്തില്‍ ഒരു വ്യവസായം പോലും കൊണ്ടുവരാന്‍ സർക്കാരിന് കഴിഞ്ഞില്ല. 6000 ലക്ഷം കോടി രൂപ സംസ്ഥാനത്തിന് കടം വരുത്തി വച്ചിരിക്കുന്നു. വനമേഖലയ്ക്ക് സമീപമുള്ള ജനങ്ങള്‍ ഉള്ളതെല്ലാം ഇട്ടെറിഞ്ഞ് നാടുവിടുന്നു.
ഇതിനൊക്കെ പരിഹാരം കാണാന്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കണമെന്ന് അനൂപ് ജേക്കബ് അഭ്യര്‍ഥിച്ചു. ജില്ലാ പ്രസിഡന്റ് ഇ.എം. മൈക്കിള്‍ അധ്യക്ഷനായി.
District News
പാരിപ്പള്ളി : പരവൂർ - പാരിപ്പള്ളി റോഡിൽ അമ്മാരത്ത് സ്വകാര്യബസിടിച്ച് വയോധിക അതേ ബസിന്റെ അടിയിൽവീണെങ്കിലും അദ്ഭുതകരമായി നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. നെടുങ്ങോലം പാറയിൽ കടവ് സ്വദേശിനി ഓമനയമ്മയാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.
വീട്ടുജോലിക്കു പോയ ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 70കാരി അപകടത്തിൽപ്പെട്ടത്. ഇവർ വീട്ടിലേക്കു പോകാനുള്ള തിടുക്കത്തിൽ ബസിനു മുന്നിലേക്കു ഓടുകയായിരുന്നു. സ്റ്റോപ്പിൽ നിർത്തിയ ശേഷം എടുത്ത പാരിപ്പള്ളി-പരവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് ഇവരെ റോഡിലേക്ക് ഇടിച്ചിട്ടത്.
നിർത്തിയിട്ടിരുന്ന ബസ് എടുക്കുന്ന സമയത്താണ് അപകടം. ഡ്രൈവർ ഇവരെ കണ്ടില്ല. ബസിനടിയിൽപ്പെട്ടെങ്കിലും മധ്യഭാഗത്തേക്കു വീണതിനാലാണ് ഇവർ രക്ഷപ്പെട്ടത്. നിസാര പരുക്കുകളോടെ രക്ഷപ്പെട്ട സ്ത്രീയെ പ്രദേശവാസികൾ ആശുപത്രിയിലെത്തിച്ചു. പുനർജന്മം ലഭിച്ചതിന്റെ ആശ്വാസത്തിലാണ് ഓമനയമ്മ.
District News
പുനലൂർ :പാർശ്വവത്കരിക്കപ്പെട്ടവർക്കുവേണ്ടി ലളിത ജീവിതം സമർപ്പിച്ച പുരോഹിത ശ്രേഷ്ഠനായിരുന്നു ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസെന്നു പുനലൂർ രൂപത ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നു മുത്തൻ അനുസ്മരിച്ചു.
സെന്റ് ഗൊരേറ്റി ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിന്റെ സ്ഥാപകനും കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനുമായിരുന്ന ദൈവദാസൻ ബിഷപ്പ് ജെറോമിന്റെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ഋഷിതുല്യമായ ജീവിതത്തിലൂടെ പൊതുജനത്തിന്റെ മനസിൽ ചിരപ്രതിഷ്ഠ നേടിയ മഹാ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ദൈവദാസൻ ബിഷപ് ജെറോമെന്ന് പുനലൂർ നഗരസഭ ചെയർമാൻ എം.എ.രാജഗോപാൽ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.
പുനലൂർ രൂപത കോർപ്പറേറ്റ് മാനേജർ ഫാ. ക്രിസ്റ്റി ജോസഫ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കൊല്ലം രൂപത വികാരി ജനറാൾ മോൺ. ബൈജു ജൂലിയൻ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി. പുഷ്പമ്മ, സിസ്റ്റർ ഐറിൻ, സിസ്റ്റർ ജെസി തോമസ് , വിനു സോളമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ദൈവദാസൻ ബിഷപ്പ് ജെറോം സ്ഥാപിച്ച എംഎസ്എസ് റ്റി സന്യാസ സഭയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് ദൈവദാസന്റെ ജലഛായ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ഇതിൽ വിജയികൾക്കു പുരസ്കാരങ്ങൾ സമ്മാനിച്ചു. നേരത്തെ ദൈവദാസന്റെ ഛായാചിത്രത്തിനുമുന്നിൽ തിരി തെളിച്ച് പുഷ്പാർച്ചന നടത്തി ഡോ. സെൽവിസ്റ്റർ പൊന്നു മുത്തന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടത്തി.
District News
അഞ്ചല്‍ : എമ്പയര്‍ ലയണ്‍സ് ക്ലബ്ബ് ഭാരത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുറവന്തേരി കുമാരനാശാന് സ്മാരക ലൈബ്രറി ഹാളില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് ലയൺസ് ക്ലബ് പ്രസിഡന്റ് ബി. ഷാജഹാന്റെ അധ്യക്ഷതയില്‍ ലയൺ ഡിസ്ട്രിക്റ്റ് വിഷൻ സെക്രട്ടറി എല്‍. ജയരാജ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ആനന്ദ്, ലയണ്‍സ് ക്ലബ് സോൺ ചെയർപേഴ്സൺ ഡോ.പി.പുഷ്പലത, പഞ്ചായത്ത് അംഗങ്ങളായ അനില്‍ പൊയ്കവിള, ഗീതാഅനില്, ലയണ്‍സ് ക്ലബ് സെക്രട്ടറി പി.എം. പ്രസാദ്, ട്രഷറര്‍ ജോബിന് ഡി.സാമുവേല്‍, രാജശേഖരന് പിള്ള, എ. സൈഫുദീന്‍, അഡ്വ. ജോൺ മത്തായി, അഡ്വ. എസ്.പി.ആരോമൽ, ഡോ.ജയകൃഷ്ണൻ, ഡാനിയേൽ കനകക്കുന്ന് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആനന്ദ് എസ്. പിള്ള, ഡോ. മധു എന്നിവർ ക്യാമ്പിന് നേതൃത്വം നല്കി.
District News
ശാസ്താംകോട്ട : ഇടിമിന്നലേറ്റ് മൈനാഗപ്പള്ളിയിൽ പശു ചത്തു. മൈനാഗപ്പള്ളി കടപ്പ മീനത്തേതിൽ ഗീതയുടെ കറവ പശുവാണ് ചത്തത്. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ തൊഴുത്തിൽ നിൽക്കുകയായിരുന്ന പശുവിന് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ നിരവധി വീടുകളിലെ വയറിംഗുകളും ഇലക്ട്രോണിക് സാധനങ്ങളും ഇടിമിന്നലിൽ നശിച്ചു.
District News
കൊട്ടിയം: ദേശീയപാത 66- െന്റ വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയത്ത് നിർമിക്കുന്ന 40 അടി ഉയരമുള്ള മൺമതിൽ അതീവ അപകടാവസ്ഥയിലെന്ന് പോലീസിന്റെ മുന്നറിയിപ്പ്. സമരസമിതി പ്രവർത്തകൻ അഖീൽ മേത്തർ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് കൊട്ടിയം സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ് എച്ച് ഒ) ജില്ലാ കളക്ടർക്ക് നൽകിയ രഹസ്യ റിപ്പോർട്ടി െ ന്റ വിവരങ്ങൾ പുറത്തുവന്നത്. കൊട്ടിയം ടൗണിലും പരിസരപ്രദേശങ്ങളിലും നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് മതിൽ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്ന് പോലീസ് കളക്ടറെ അറിയിച്ചു.
കൊട്ടിയം പട്ടരുമുക്ക് ടൊയോട്ട ഷോറൂമിന് മുന്നിലും കൊട്ടിയം മാർക്കറ്റിന് സമീപത്തും മൺമതിലിനായി സ്ഥാപിച്ച കോൺക്രീറ്റ് സ്ലാബുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നതും ഇളകിമാറിയതും അതീവ അപകടകരമാണെന്നും കനത്ത മഴ പെയ്യുമ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഈ മതിൽ തകർന്ന് താഴെ സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും മേൽ വീഴാൻ സാധ്യതയുണ്ടെന്നും പ്രദേശത്തെ കച്ചവടക്കാരും നാട്ടുകാരും വലിയ ഭീതിയിലാണെന്നും പോലീസ് സാക്ഷ്യപ്പെടുത്തുന്നു.
ബ്രദേഴ്സ് കോസ്മെറ്റിക്സ് ഷോപ്പിന് സമീപം മതിൽപാളികൾ പുറത്തേക്ക് തള്ളിനിൽക്കുന്നത് നിർമാണത്തിലെ അശാസ്ത്രീയതയ്ക്കും സുരക്ഷാ വീഴ്ചയ്ക്കും തെളിവാണ്. ഈ സാഹചര്യത്തിൽ മൺമതിൽ തുടരുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് റിപ്പോർട്ട് അടിവരയിടുന്നു.
പറക്കുളം ഭാഗത്തെ മൺമതിൽ തള്ളിനിൽക്കുന്നതും കൊട്ടിയം എച്ച്പി പെട്രോൾ പമ്പിന് സമീപം വിള്ളലുകൾ രൂപപ്പെട്ടതും സംബന്ധിച്ച് പി ഡബ്ല്യു ഡി എക്സിക്യൂട്ടീവ് എൻജിനിയർ നൽകിയ റിപ്പോർട്ടും ഈ വിവരാവകാശ രേഖയിൽ ഉൾപ്പെടുന്നു. മതിൽ സുരക്ഷിതമാണെന്ന ദേശീയപാത അഥോറിറ്റിയുടെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് പോലീസ് റിപ്പോർട്ടിലൂടെ തെളിഞ്ഞിരിക്കുകയാണെന്നും ഇത്രയേറെ സുരക്ഷാ വീഴ്ചകളും അപകട ഭീഷണിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടും നാഷണൽ ഹൈവേ അധികൃതർ വിഷയത്തിൽ ഇടപെടാത്തത് അനീതിയാണെന്നും സമരസമിതി ചെയർമാൻ എസ്. കബീർ പറഞ്ഞു.
District News
അഞ്ചൽ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ അഞ്ചലിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നടത്തിയ കോട്ടുക്കല്‍ ഫാം ഫെസ്റ്റ് 'ഹരിതോത്സവം 2026' ന് സമാപനമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്. ലതാദേവി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ ആർ. മീര നായർ അധ്യക്ഷയായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എസ്.അനീസ ഫാം തൊഴിലാളികളെ ആദരിച്ചു. അഞ്ച് ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ കാര്‍ഷിക പ്രദര്‍ശന-വിപണനം, കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വീസ് ക്യാമ്പ്, സെമിനാറുകള്‍, കുട്ടികള്‍ക്കായി ക്വിസ് മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. ഇട്ടിവ ഗ്രാമ പഞ്ചായത്ത് മെമ്പർ അഖിൽ ശശി, ആത്മ പ്രൊജക്ട് ഡയറക്ടർ എൽ. പ്രീത, ഫാം സൂപ്രണ്ട് ശ്യാം കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
ചവറ: കഴിഞ്ഞ 10 വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭത്തിലാക്കുന്നതിനൊപ്പം അവയെ മത്സരക്ഷമവുമാക്കിയെന്ന് മന്ത്രി പി രാജീവ്. ചവറ കെഎംഎംഎല്ലിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കെഎംഎംഎൽ എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, ടൈറ്റാനിയം എംപ്ലോയീസ് റിക്രിയേഷൻ ക്ലബ് എന്നിവയ്ക്കായി നിർമിച്ച കെട്ടിടങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. 2024 -25 സാമ്പത്തിക വർഷത്തെ കെഎംഎംഎൽ നേടിയ ലാഭവിഹിതം 4.64 കോടി രൂപ സംസ്ഥാന സർക്കാരിനു വേണ്ടി ഏറ്റുവാങ്ങി.
ആംബുലൻസിന്റെ താക്കോൽ കൈമാറ്റം ഡോ. സുജിത്ത് വിജയൻപിള്ള എംഎൽഎ നിർവഹിച്ചു. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കെഎംഎംഎല്ലുമായി സഹകരിച്ച് ആരംഭിക്കുന്ന മെഡിക്കൽ ടെസ്റ്റ് ലാബിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട ധാരണ പത്രവും ചടങ്ങിൽ ഒപ്പുവച്ചു. കെഎംഎംഎൽ മാനേജിംഗ് ഡയറക്ടർ പി പ്രദീപ്കുമാർ, ഡി പി ടി ചെയർമാൻ കെ. അജിത് കുമാർ, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി കോർഡിനേറ്റർ അമ്പിളി പിള്ള തുടങ്ങിയവർ പങ്കെടുത്തു.
District News
പാരിപ്പള്ളി: പന്തളം രാജകുടുംബാംഗമായ മകം തിരുനാൾ കേരള വർമരാജ പിറന്നാൾ സമ്മാനങ്ങളുമായി വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെത്തി. ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പൂർണകുംഭം നൽകി വാദ്യമേളങ്ങളോടെ ആണ് സ്നേഹാശ്രമം കുടുംബാംഗങ്ങൾ കേരള വർമരാജയെ സ്വീകരിച്ചത്.
ഡോ.പുനലൂർ സോമരാജൻ കേരളവർമ രാജക്ക് സ്നേഹോപഹാരം നൽകി ആദരിച്ചു. ഗായിക,ദൈവദശകം ഫെയിം അഷ്ഫിയ അൻവറിനെയും കലാമണ്ഡലം ദേവിരവിയെയും ചടങ്ങിൽ ആദരിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ വി.പി.രാജീവൻ കേരളവർമ രാജയുടെ ഔദ്യോഗിക ജീവിതവും ആത്മീയ പ്രവർത്തനങ്ങളും കലാസപര്യയും അനുസ്മരിച്ചു. സ്നേഹാശ്രമം കുടുംബാംഗങ്ങളോടൊപ്പം പിറന്നാൾ സദ്യയും കഴിച്ചാണ് കേരള വർമരാജ മടങ്ങിയത്.
District News
കൊല്ലം: അധികൃതർ ആരെങ്കിലും ഒന്നു തിരിഞ്ഞുനോക്കിയിരുന്നെങ്കിൽ ഇടിഞ്ഞുവീഴാൻ തയാറായി നിൽക്കുന്ന സർക്കാർ കെട്ടിടങ്ങൾക്കു ശാപമോക്ഷം കിട്ടുമായിരുന്നു. ഇതിനുള്ളിൽ സേവനം ചെയ്യുന്ന മനുഷ്യജീവനുകളെ കുറിച്ചു ചിന്തിച്ചിരുന്നെങ്കിൽ പണ്ടേ ഈ കെട്ടിടങ്ങളെല്ലാം പുതുക്കി പണിയുകയോ പുനർനിർമിക്കുകയോ ചെയ്യുമായിരുന്നു.
കോഴിക്കോട് പഴകിയ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് നാല് ജീവനുകൾ നഷ്ടമായ വാർത്ത വന്നപ്പോഴാണ് പലരും ജോലി ചെയ്യുന്ന സ്വന്തം കെട്ടിടത്തിലേക്ക് ഒന്നു നോക്കിയത്. സർക്കാർകാര്യം മുറപോലെ നടക്കുമെന്നറിയാവുന്നതുകൊണ്ട് കെട്ടിടത്തിന്റെ കാലപ്പഴക്കമൊരു പഴക്കമല്ല. എവിടെയാണെങ്കിലും അപകടമോ ദുരന്തമോ സംഭവിച്ചുകഴിയുന്പോൾ അലമുറയിടാൻ മാത്രമേ സർക്കാർ സംവിധാനത്തിന് സാധിക്കുകയുള്ളൂ.
കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്
ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിൽ ബലക്ഷയം സംഭവിച്ച കെട്ടിടത്തിലാണ് ജില്ലയുടെ ആസ്ഥാന കേന്ദ്രത്തിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്നത് എന്നതു വർഷങ്ങളായി ആശങ്കയുയർത്തുന്നതാണ്. പുതിയ ബസ് സ്റ്റാൻഡ് എന്ന സ്വപ്നം നീണ്ടു പോകുമ്പോൾ ജീവൻ കൈയിൽ പിടിച്ച് നൂറുകണക്കിനു ജീവനക്കാരും ആയിരക്കണക്കിന് യാത്രക്കാരും ആണ് ദിനംപ്രതി കൊല്ലം ബസ് സ്റ്റാൻഡിനെ ആശ്രയിക്കുന്നത്.
രണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നില മുതൽ മുകളിലെ നിലവരെയും വർഷങ്ങളായി ശോചനീയാവസ്ഥയിലാണ്. മേൽക്കൂരയിലെ പ്ലാസ്റ്ററിംഗ് ഇളകിവീണ് മെറ്റൽ കമ്പികൾ തെളിഞ്ഞുകാണുന്ന സൺഷെഡ് ഉൾപ്പെടെയുള്ള സ്ഥലത്താണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത്. കൂടുതൽ ബലക്ഷയമുള്ള സ്ഥലത്തേക്ക് ആളുകൾ കടക്കാതിരിക്കാൻ കെട്ടിത്തിരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. കെട്ടിടം മുഴുവൻ അപകടാവസ്ഥയിലുള്ളിടത്ത് കെട്ടിത്തിരിച്ചാലും എന്ത് പ്രയോജനം എന്ന ചോദ്യമാണ് യാത്രക്കാരും ജീവനക്കാരും ഉയർത്തുന്നത്.
ഇടക്കിടക്ക് കോൺക്രീറ്റ് ഭാഗങ്ങൾ ഇളകിവീഴുന്നതിനിടയിലാണ് രണ്ടാം നിലയിലെ ഓഫീസ് ഉൾപ്പെടെ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. തികച്ചും വൃത്തിഹീനമായ അന്തരീക്ഷവും. ശുചിമുറി പൊട്ടിയൊലിക്കുന്ന സ്ഥിതിയിലാണെന്ന് ജീവനക്കാർ പരാതി പറഞ്ഞു മടുത്തിരിക്കുന്നു.
പുതിയ ബസ് സ്റ്റാൻഡ് എന്ന ‘സ്വപ്നപദ്ധതി’ കാലം കുറെ ആയി കൊല്ലം ജനത കേട്ടുകൊണ്ടിരിക്കുകയാണ്. 100 കോടിയുടെ പദ്ധതി നിലവിലെ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നിടത്ത് വരുമെന്ന് ധനമന്ത്രിയും മുൻ ഗതാഗത മന്ത്രിയും ഉൾപ്പെടെ പ്രഖ്യാപിച്ചതിനും വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ, ഒന്നും നടക്കാതെ വന്നതോടെ സമീപത്തെ ഗാരേജ് സ്ഥിതി ചെയ്യുന്ന പുതിയ ബസ് സ്റ്റാൻഡ് നിർമിക്കാൻ എം. മുകേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ഇറങ്ങിപ്പുറപ്പെട്ടിട്ടും കാലംകുറെ ആയിരിക്കുന്നു. വരുന്ന തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ ബസ് സ്റ്റാൻഡിന് കല്ലിടാനുള്ള ശ്രമം നടക്കുമ്പോഴും നിർമാണം ആരംഭിച്ചാലും നാശോന്മുഖമായ കെട്ടിടത്തിൽ നിന്ന് ഉടനെയൊന്നും മോചനമുണ്ടാകില്ല എന്ന സ്ഥിതിയാണ് നിലവിലുള്ളത്.
മയ്യനാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ്
മയ്യനാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം 40 വർഷത്തിലധികം കാലപ്പഴക്കമുള്ളതാണ്. തിരക്കേറിയ റോഡിനോട് ചേർന്നുനിൽക്കുന്ന കെട്ടിടം തകർന്നുവീണാൽ വലിയ അപകടമുണ്ടാകാനും സാധ്യത ഏറെയാണെന്നു പ്രദേശവാസികളും ഒന്നടങ്കം പറയുന്നു. കെട്ടിടം ഉപയോഗയോഗ്യമല്ലെന്നാണ് എൽഐഡി ആൻഡ് ഇഡബ്ള്യു അസി. എൻജിനിയറുടെ രണ്ടുവർഷംമുൻപുള്ള റിപ്പോർട്ട്.
നിറയെ വ്യാപാരികൾ കച്ചവടം നടത്തുന്ന കെട്ടിടത്തിൽ വാടകയ്ക്ക് മുറികൾ എടുത്തിട്ടുള്ളവർ മുറികൾ ഒഴിയണമെന്ന് കത്ത് നൽകാനും ഇനി വാടകയ്ക്ക് നൽകേണ്ടെന്നും 2024 ജനുവരി 18ന് മുൻ ഭരണസമിതി അടിയന്തരയോഗംചേർന്ന് തീരുമാനമെടുത്തതാണ്.
മറ്റു കടമുറികൾ കണ്ടെത്തുന്നതിന് സാവകാശം നൽകണമെന്നായിരുന്നു വ്യാപാരികളുടെ ആവശ്യം. ഇത് പരിഗണിച്ച് 2024 ഫെബ്രുവരി 26നു ചേർന്ന ഭരണസമിതിയോഗം ഒരു തീരുമാനമെടുത്തു. എന്തെങ്കിലും അപകടം സംഭവിച്ചാൽ വാടകയ്ക്ക് എടുത്തവരുടെ സ്വന്തം ഉത്തരവാദിത്വമാണെന്ന വ്യവസ്ഥയിൽ 2024 ഏപ്രിൽമുതൽ മൂന്നുമാസത്തേക്കുകൂടി വാടകവർധനയില്ലാതെ കടമുറികൾ പ്രവർത്തിക്കാൻ സാവകാശം നൽകി.
ചില കടമുറികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനും മയ്യനാട് കെഎസ്ഇബിക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നൽകി. എന്നാൽ, അപകടകരമായ കെട്ടിടത്തിൽ നിലവിലും വ്യാപാരികൾ കച്ചവടം ചെയ്യുന്നുണ്ടെന്ന് ഓഡിറ്റ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. കടമുറികൾ ഒഴിഞ്ഞ് താക്കോൽ ഏൽപ്പിക്കുന്നതിന് വാടകക്കാർക്ക് കത്ത് നൽകിയെങ്കിലും ആറുപേർ മാത്രമാണ് നിർദേശം പാലിച്ചതെന്നും ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.
കെട്ടിടത്തിന്റെ നിലവിലെ അവസ്ഥ പരിശോധിക്കുന്നതിനും ആവശ്യമായ പുനരുദ്ധാരണം നടത്തി നിലവിലുള്ള കെട്ടിടം സംരക്ഷിക്കുന്നതിനുമായി സ്ഥലവാസിയായ സാബു ഓംബുഡ്സ്മാന് പരാതി നൽകി. പരാതിയിൽ ജനങ്ങളുടെ സംരക്ഷണം കണക്കിലെടുത്ത് ഉചിതമായ തീരുമാനം എടുക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകി ഉത്തരവായി. പക്ഷേ, ഒരു നടപടിയുമുണ്ടായില്ല. പുതിയ ഭരണസമിതി അധികാരത്തിലേറി കെട്ടിടം പൊളിച്ചുനീക്കാൻ യോഗംചേർന്ന് തീരുമാനിച്ചെങ്കിലും നടപടി എങ്ങുമെത്തിയില്ല.
ഓച്ചിറ സബ് രജിസ്ട്രാർ ഓഫീസ്
സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ വർഷത്തിൽ അഞ്ചുകോടിയിലധികം രൂപ വരുമാനമുള്ള ഓച്ചിറ സബ് രജിസ്ട്രാർ ഓഫീസിന്റെ നില പരിതാപകരം. ഓഫീസിനുള്ളിലെ സിമന്റ്് തറ പൊട്ടിപ്പൊളിഞ്ഞനിലയിലായിട്ട് നാളേറെയായി. പൊടിപടലംമൂലം ജീവനക്കാർക്ക് സുഗമമായി ജോലിചെയ്യാൻ കഴിയുന്നില്ല.
2024-ൽ ജില്ലയിലെ ഏറ്റവും മികച്ച രജിസ്ട്രാർ ഓഫീസെന്ന നേട്ടം കൈവരിച്ച ഓഫീസിനാണ് ഈ ദുർഗതി. ഓഫീസിലെ കംപ്യൂട്ടർ സംവിധാനം പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ യുപിഎസും അനുബന്ധ ബാറ്ററിയും കേടായിട്ട് രണ്ടരവർഷത്തോളമായി.
വൈദ്യുതി നിലച്ചാൽ ഓഫീസിന്റെ പ്രവർത്തനം നിശ്ചലമാകും. ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി തടസപ്പെടുന്നത് പതിവാണ്. ഇത് ഓഫീസിലെത്തുന്ന ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി ഓഫീസിന്റെ കിഴക്കുഭാഗത്തെ മതിൽ പൊളിച്ചുനീക്കിയതിനാൽ അവിടം തുറന്നുകിടക്കുകയാണ്. തെക്കും വടക്കും ഭാഗത്തെ മതിലുകളും ഏതുനിമിഷവും നിലംപൊത്താവുന്നനിലയിലുമാണ്. കാലപ്പഴക്കംചെന്നതും അശാസ്ത്രീയമായി നിർമിച്ചതുമായ കെട്ടിടം പൊളിച്ച്, അവിടെ ബഹുനിലമന്ദിരം നിർമിക്കണമെന്നാണ് ആവശ്യം ശക്തമാണ്.
കുണ്ടറയിലെ മൃഗാശുപത്രി
കഴിഞ്ഞ 25 വർഷത്തിലേറെയായി ഇളമ്പള്ളൂർ കച്ചേരിമുക്ക് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ ഓടിട്ട പഴയ കെട്ടിടത്തിലാണ് കുണ്ടറയിലെ മൃഗാശുപത്രി പ്രവർത്തിക്കുന്നത്. മഴപെയ്താൽ മൊത്തം ചോരുന്ന അവസ്ഥയാണ്. ഇതു പുതിയ കെട്ടിടത്തിലേക്കുമാറ്റുന്നതിനുവേണ്ടി മുൻസർക്കാരിന്റെ കാലത്ത് സ്ഥലം കണ്ടെത്തിയെങ്കിലും നിർമാണത്തിനു ഭാരിച്ചതുക വേണ്ടി വരുമെന്ന കാരണം പറഞ്ഞു പദ്ധതി ഉപേക്ഷിച്ചു.
പിന്നീട് പഞ്ചായത്തോ മറ്റു ഭരണാധികാരികളോ പുതിയൊരു കെട്ടിടം പണിതു മൃഗാശുപത്രി മാറ്റാനുള്ള താൽപര്യം കാണിച്ചില്ല. കുണ്ടറ പഞ്ചായത്തിലെ നാനാഭാഗങ്ങളിൽ നിന്നും നൂറുകണക്കിനു ക്ഷീര കർഷകരാണ് ഇവിടെ എത്തുന്നത്. മൃഗങ്ങളെ കെട്ടാനുള്ള സൗകര്യം ധാരാളം ഉണ്ടെങ്കിൽ തന്നെയും ഓഫീസ് ആവശ്യങ്ങൾക്കും മരുന്ന് സൂക്ഷിക്കുവാനും മറ്റുമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത പലവട്ടം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ആരും കാണാത്ത മട്ടാണ്. എല്ലാ ഓഫീസുകളും ആധുനികവൽക്കരിച്ച് സ്മാർട്ടാകുന്പോൾ ഇവിടം മാത്രം തകർന്നുകൊണ്ടിരിക്കുന്നു.
District News
കുളത്തുപ്പുഴ: പുനലൂര്‍ താലൂക്കുതല പട്ടയമേളയില്‍ വിതരണം ചെയ്തത് 525 പട്ടയങ്ങള്‍. തെന്മല, കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ കെഐപി ലേബര്‍ ഉന്നതി, ആയിരനല്ലൂര്‍ വില്ലേജിലെ മരോട്ടിത്തടം, തിങ്കള്‍കരിക്കം വില്ലേജിലെ അരിപ്പ, ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ നീറായ്ക്കോട് എന്നിവിടങ്ങളിലായാണ് അനുവദിച്ചത്.
അരിപ്പയില്‍ 266 പട്ടയങ്ങളാണ് വിതരണംചെയ്തത്. ഇതില്‍ 47 എസ്ടി പട്ടയങ്ങളാണ്. 22 പേര്‍ക്ക് 20 സെന്റ് പുരയിടം, 10 സെന്റ് നിലം, മൂന്ന് പേര്‍ക്ക് 10 സെന്റ് നിലവും. 12 സെന്റ് വീതം 170 എസ് സി പട്ടയങ്ങളും 10 സെന്റ് വീതം മറ്റുള്ളവര്‍ക്ക് 49 പട്ടയങ്ങളും ലഭ്യമാക്കി.
കെ ഐപി ലേബര്‍ ഉന്നതിയില്‍ 200, അരിപ്പയില്‍ 266, മരോട്ടിത്തടത്തില്‍ 30, ഇടമുളയ്ക്കല്‍ പഞ്ചായത്തില്‍ 20, അറയ്ക്കല്‍ പഞ്ചായത്തില്‍ രണ്ട്, അലയമണ്‍, അഞ്ചല്‍ പഞ്ചായത്തുകളില്‍ ഓരോന്ന് വീതം പട്ടയങ്ങളാണ് നല്‍കിയത്. അഞ്ച് അകാല കൈമാറ്റ സാധൂകരണ പത്രികയും നല്കി. ഉദ്ഘാടനവും പട്ടയവിതരണവും കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി മൈതാനത്ത് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു.
പി.എസ്. സുപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഫോറസ്റ്റ് വില്ലേജുകള്‍ റവന്യൂ വില്ലേജുകളാക്കിയുള്ള ജില്ലാതല പ്രഖ്യാപനവും നടന്നു. ജില്ലാ കളലക്ടര്‍ എന്‍.ദേവിദാസ്, എഡിഎം ജി. നിര്‍മല്‍ കുമാര്‍, പുനലൂര്‍ ആര്‍ഡിഒ ജി. സുരേഷ് ബാബു, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ.ജ്യോതി, പഞ്ചായത്ത് പ്രസിഡന്റുമാരായ എം. സൈനബാ ബീവി, ആതിര പ്രവീണ്‍, ആനന്ദ്, ശോഭ, രമണി വിജയന്, തഹസില്‍ദാര്‍ അജിത് ജോയി, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
District News
കൊല്ലം: തുറമുഖ പർസർ ആർ. സുനിലിന്റെ നേതൃത്വത്തിൽ കൊല്ലം ബോട്ട് ജെട്ടി, സാമ്പ്രാണിക്കോടി, മൺറോത്തുരുത്ത്, കോയിവിള എന്നിവിടങ്ങളിൽ സർവീസ് നടത്തുന്ന ബോട്ടുകളിൽ പരിശോധന നടത്തി.
ക്രമക്കേട് കണ്ടെത്തിയ 10 ബോട്ടുകൾക്ക് 1,10,000 രൂപ പിഴ ചുമത്തി. ഇൻഷുൻസ്, മലിനീകരണം, സർവേ സർട്ടിഫിക്കറ്റ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ സർട്ടിഫിക്കറ്റ് തുടങ്ങിയവയുടെ കാലാവധി കഴിഞ്ഞ ബോട്ടുകൾക്കാണ് പിഴ ചുമത്തിയത്. അഞ്ച് ഹൗസ് ബോട്ടും ഒന്‍പത് ശിക്കാരകളും പരിശോധിച്ചു. ഉദ്യോഗസ്ഥരായ കെ അനിൽകുമാർ, ശരത് ചന്ദ്രൻ, ലെനിൻ ഡോൺ ബോസ്കോ, ബി പോൾമാസ്റ്റർ , സീമാൻ നെപ്പോളിയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
District News
കൊല്ലം: പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെ കൊല്ലം ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസർ അവാർഡ് സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രോഗ്രാം ഓഫീസർ കലാ ജോർജിന് ലഭിച്ചു.
മികച്ച യൂണിറ്റ്, മികച്ച വോളണ്ടിയർ എന്നിവ ഉൾപ്പെടെ മൂന്ന് അവാർഡുകൾ ആണ് കൊല്ലം സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കിയത്. മാസ്റ്റർ അൻബിൻ ഡേവിഡ് കോശിയാണ് മികച്ച സ്റ്റുഡന്റ് വോളണ്ടിയർ. ഫ്രീഡം വാൾ സംസ്ഥാന അവാർഡ്, ജീവിതോത്സവം 2025 സംസ്ഥാന അവാർഡ് എന്നിവ ഉൾപ്പെടെ കരസ്ഥമാക്കിയ മികച്ച യൂണിറ്റാണ് കലാ ജോർജി െന്റ നേതൃത്വത്തിലുള്ള കൊല്ലം സെന്റ്അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്.
District News
കൊല്ലം: തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തിനുള്ള മലബാർ എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കോച്ചുകൾ വെട്ടിക്കുറച്ചു റെയിൽവേ. രണ്ട് ജനറൽ കോച്ച് ഉണ്ടായിരുന്നതാണ് ഒന്നായി കുറച്ചത്. വൈകുന്നേരം 6.40ന് തിരുവനന്തപുരം സെൻട്രലിൽനിന്നു പുറപ്പെടുന്പോൾ മുതൽ ജനറൽ കോച്ചിൽ യാത്രക്കാരുടെ തിക്കുംതിരക്കുമാണ്.
മലബാറും മാവേലിയും പോയിക്കഴിഞ്ഞാൽ മംഗലാപുരത്തിന് കൊല്ലം, ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനുകളിൽനിന്നു പിന്നെ ട്രെയിനുള്ളത് രാത്രി 10.20 കഴിഞ്ഞാണ്. അതിനാൽ എല്ലാ ദിവസവും മലബാർ ട്രെയിനിൽ കയറാൻ യാത്രക്കാരുടെ വലിയ തിരക്കാണ്.
രാത്രി 7.10ന് വഞ്ചിനാട് എക്സ്പ്രസ് പോയിക്കഴിഞ്ഞാൽ പിന്നെ രാത്രി എട്ടുകഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് എല്ലാ ദിവസവുമുള്ള വണ്ടിയും മലബാർ, മാവേലി എക്സ്പ്രസുകളാണ്. ഇതിൽ മലബാറിന് മിക്ക ഇടത്തരം സ്റ്റേഷനുകളിലും സ്റ്റോപ്പുമുണ്ട്. അതിനാൽ കൂടുതൽ യാത്രക്കാർ മലബാറിനെ എല്ലാദിവസവും ആശ്രയിക്കുന്നു. ഇതെല്ലാം അവഗണിച്ചാണ് മലബാർ എക്സ്പ്രസിന്റെ ജനറൽ കോച്ച് വെട്ടിക്കുറച്ചിരിക്കുന്നത്. വെട്ടിക്കുറച്ച കോച്ച് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.