വാരാണസിയിലെ പവിത്രമായ ഗംഗാതീരത്ത് വിദേശ വിനോദസഞ്ചാരികളും നാട്ടുകാരും തമ്മിലുണ്ടായ വാക്കുതർക്കം ഇപ്പോൾ വലിയൊരു സാംസ്കാരിക ചർച്ചയായി മാറിയിരിക്കുകയാണ്.
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായുള്ള വസ്ത്രങ്ങൾ ധരിച്ച് ഗംഗാ നദിയിൽ ഇറങ്ങിയ ഒരു സംഘം വിദേശികളെ നാട്ടുകാർ തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം.
നൂറ്റാണ്ടുകളുടെ ആത്മീയ പാരമ്പര്യമുള്ള കാശിയിലെ ഘാട്ടുകളിൽ ഇത്തരം വസ്ത്രധാരണം ശെരിയല്ലെന്നും അത് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നു എന്നും ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
വിദേശികൾ ഇവിടുത്തെ ആചാരങ്ങളെയും സംസ്കാരത്തെയും മാനിക്കണമെന്ന വാദം ഒരുവശത്ത് ശക്തമാകുമ്പോൾ, മറുവശത്ത് നാട്ടുകാരുടെ പെരുമാറ്റം അനാവശ്യമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
ഭക്തർ പലപ്പോഴും പരിമിതമായ വസ്ത്രങ്ങൾ ധരിച്ച് നദിയിൽ കുളിക്കാറുള്ളപ്പോൾ വിദേശികളെ മാത്രം ലക്ഷ്യം വെക്കുന്നത് ശരിയല്ലെന്നും ഇത് ഇന്ത്യയുടെ വിനോദസഞ്ചാര മേഖലയെ ദോഷകരമായി ബാധിക്കുമെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
വസ്ത്രധാരണത്തിന് പുറമെ, സഞ്ചാരികളിൽ ഒരാൾ നദിയിൽ മൂത്രമൊഴിച്ചു എന്ന വെളിപ്പെടുത്തലുകൾ കൂടി പുറത്തുവന്നതോടെ തർക്കം കൂടുതൽ സങ്കീർണമായി.
നിലവിൽ പോലീസ് ഇടപെടലുകൾ ഉണ്ടായിട്ടില്ലെങ്കിലും, വിനോദസഞ്ചാരികൾ പ്രാദേശിക മര്യാദകൾ പാലിക്കേണ്ടതിന്റെയും നാട്ടുകാർ സംയമനം കാണിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചുള്ള ഗൗരവമായ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
Tags : Varanasi Ganges Kashi ViralVideo IndiaTourism