അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോ ബോൾഡറിൽ ഗവേഷണം നടത്തുന്ന രണ്ട് ഇന്ത്യൻ വിദ്യാർഥികൾ തങ്ങളുടെ ഭക്ഷണശീലത്തിന്റെ പേരിൽ നേരിട്ട വിവേചനത്തിനെതിരെ നടത്തിയ നിയമപോരാട്ടം വിജയത്തിലെത്തിയിരിക്കുകയാണ്.
ലളിതമായ ഉച്ചഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ രണ്ട് ലക്ഷം ഡോളറിന്റെ (1.8 കോടി രൂപ) നഷ്ടപരിഹാരത്തിലാണ് അവസാനിച്ചത്.
തങ്ങൾ ശീലിച്ച ഭക്ഷണത്തിന്റെ മണം ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താൽ സർവകലാശാലയിലെ ഒരു ജീവനക്കാരി ഉന്നയിച്ച പരാതിയും അതിനെത്തുടർന്ന് അധികൃതർ സ്വീകരിച്ച ഏകപക്ഷീയമായ നടപടികളുമാണ് ആദിത്യ പ്രകാശിനെയും ഊർമി ഭട്ടാചാര്യയെയും കോടതിയിലേക്ക് നയിച്ചത്.
പൊതു അടുക്കളയിൽ ഇന്ത്യൻ വിഭവമായ പാലക് പനീർ ചൂടാക്കിയതിനെ ചൊല്ലിയുണ്ടായ തർക്കം പിന്നീട് ഇരുവരുടെയും അക്കാദമിക് ജീവിതത്തെ ബാധിക്കുന്ന രീതിയിലേക്ക് വളരുകയായിരുന്നു.
ഊർമിയെ അവരുടെ അധ്യാപന ചുമതലയിൽ നിന്ന് നീക്കം ചെയ്യുകയും യോഗ്യതയുണ്ടായിട്ടും ഇരുവരുടെയും ബിരുദങ്ങൾ തടഞ്ഞുവെക്കുകയും ചെയ്തതോടെ വിവേചനം വ്യക്തമായി.
ഭക്ഷണത്തിന്റെ മണമോ സാംസ്കാരിക പശ്ചാത്തലമോ മുൻനിർത്തി ഒരാളെ അധിക്ഷേപിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് വിദ്യാർഥികൾ വാദിച്ചു.
നീണ്ട നിയമപോരാട്ടത്തിനൊടുവിൽ വിദ്യാർഥികൾക്ക് അനുകൂലമായി വിധി വരികയും നഷ്ടപരിഹാരത്തിന് പുറമെ തടഞ്ഞുവെച്ച ബിരുദങ്ങൾ നൽകാൻ സർവകലാശാല നിർബന്ധിതരാവുകയും ചെയ്തു.
തന്റെ വംശത്തിന്റെയോ ഭക്ഷണത്തിന്റെയോ പേരിൽ ആർക്കും തന്നെ കീഴ്പ്പെടുത്താൻ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് ഈ വിജയത്തിലൂടെ ഊർമി ലോകത്തിന് നൽകുന്നത്.
Tags : IndianStudents ViralNews JusticeServed USUniversity BreakingNews