മുംബൈ: ഇ കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ലിപ്കാർട്ടും ഇന്ത്യയിലെ സാന്പത്തികസേവന മേഖലയിലേക്ക് കടക്കുന്നു.
പുതിയ വായ്പാ പദ്ധതികൾ അവതരിപ്പിച്ചുകൊണ്ട് ചെറുകിട ബിസിനസുകളെയും ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ഇരു സ്ഥാപനങ്ങളും സാന്പത്തിക സേവന മേഖലയിലേക്ക് ഇറങ്ങുന്നത്. പരന്പരാഗത ബാങ്കിംഗ് സേവനങ്ങൾക്കു വെല്ലുവിളിയാകുന്നതാണ് ഈ നീക്കം.
നോണ്‍ ബാങ്ക് സ്ഥാപനമായ ആക്സിയോ ഏറ്റെടുത്തശേഷം ചെറുകിട ബിസിനസ് വായ്പകൾ പുനരാരംഭിക്കാനും കാഷ് മാനേജ്മെന്റ് ടൂളുകൾ (പണം കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ) നൽകാനും ആമസോണ്‍ പദ്ധതിയിടുന്നു. പ്രധാന നഗരങ്ങൾക്കു പുറത്തുള്ള ഡിജിറ്റലായി സജീവമായ വ്യാപാരികൾക്കിടയിൽ ശക്തമായ ഡിമാൻഡ് ഇതുവഴിയുണ്ടാകുമെന്നാണ് ആമസോണ്‍ പ്രതീക്ഷിക്കുന്നത്.
ആമസോണ്‍ ഇന്ത്യയിൽ ചെറിയ ബിസിനസുകൾക്ക് വായ്പ നൽകാൻ പദ്ധതിയിടുന്പോൾ വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ളിപ്കാർട്ട് ബൈ നൗ, പേ ലേറ്റർ (ബിഎൻപിഎൽ -ഇപ്പോൾ വാങ്ങൂ, പിന്നീട് പണം നൽകൂ) എന്ന പദ്ധതിയാണ് മുന്നോട്ടുവയ്ക്കുന്നത്.
ഈ വർഷം ആദ്യമാണ് ആമസോണ്‍ ബംഗളൂരു ആസ്ഥാനമായുള്ള ആക്സിയോ ഏറ്റെടുത്തത്. നിലവിൽ ബിഎൻപിഎൽ, വ്യക്തിഗത വായ്പകളിലുമാണ് ആക്സിയോ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇനി ചെറുകിട ബിസിനസുകൾക്കുള്ള വായ്പ നൽകി തുടങ്ങുകയും കാഷ് മാനേജ്മെന്റ് സൊലൂഷനുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യും.
ഇന്ത്യയിൽ, പ്രത്യേകിച്ച് പ്രധാന നഗരങ്ങൾക്കു പുറത്തുള്ള ഡിജിറ്റലായി ഇടപഴകുന്ന ഉപഭോക്താക്കൾക്കും ചെറുകിട ബിസിനസുകൾക്കുമിടയിൽ വായ്പ വളർച്ച വികസിപ്പിക്കുന്നതിന് വലിയ സാധ്യതകളാണ് കാണുന്നതെന്ന് ആമസോണിന്റെ വളർന്നുവരുന്ന വിപണികളുടെ പേയ്മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് മഹേന്ദ്ര നെരൂർക്കർ റോയിട്ടേഴ്സിനോട് പറഞ്ഞു.
വാൾമാർട്ടിന് 80 ശതമാനം ഓഹരിയുള്ള ഫ്ലിപ്കാർട്ട് തങ്ങളുടെ നോണ്‍ ബാങ്ക് വായ്പ സ്ഥാപനമായ ഫ്ലിപ്കാർട്ട് ഫിനാൻസ് മാർച്ചിൽ രജിസ്റ്റർ ചെയ്തു. നിലവിൽ ഫ്ലിപ്കാർട്ട് ഫിനാൻസ് ബിസിനസ് പദ്ധതികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.
കന്പനിയുടെ ഫയലിംഗ് അനുസരിച്ച് ഇപ്പോൾ വാങ്ങൂ, പിന്നീട് പണം നൽകുക പദ്ധതിയിൽ രണ്ടുതരം വാഗ്ദാനങ്ങളാണുള്ളത്. ഓണ്‍ലൈൻ ഉപഭോക്താക്കൾക്കായി മൂന്നു മുതൽ 24 മാസം വരെ കാലാവധിയുള്ള പലിശ രഹിത പ്രതിമാസ തവണ വായ്പകൾ. കൂടാതെ കണ്‍സ്യൂമർ ഡ്യൂറബിൾ ഉത്പന്നങ്ങൾക്ക് പ്രതിവർഷം 18%-26% പലിശ നിരക്കിൽ വായ്പകൾ.
പരന്പരാഗത വായ്പാ ദാതാക്കളിൽ നിന്നുള്ള ഉപഭോക്തൃ ഉത്പന്നങ്ങൾക്കുള്ള പലിശ നിരക്ക് സാധാരണയായി 12 ശതമാനം മുതൽ 22 ശതമാനം വരെയാണ്.
ഫ്ളിപ്കാർട്ട് അടുത്ത വർഷം ഈ വായ്പ പദ്ധതികൾ നടപ്പിലാക്കിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.ക്രെഡിറ്റ് ബ്യൂറോ ആയ സിആർഐഎഫ് ഹൈ മാർക്കിന്റെ കണക്കനുസരിച്ച് ഇന്ത്യയുടെ കണ്‍സ്യൂമർ ലോണ്‍ വിപണി 2020 മാർച്ചിലെ 8000 കോടി ഡോളറിൽനിന്ന് 212000 കോടി ഡോളറിലെത്തി. എങ്കിലും സമീപ പാദങ്ങളിൽ ഈ വളർച്ചയ്ക്ക് മാന്ദ്യത്തിന്റെ സൂചനകളുണ്ട്.
ഉപഭോക്തൃവായ്പകളിൽ ഈടില്ലാത്ത വ്യക്തികത വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ, കണ്‍സ്യൂമർ ഡ്യൂറബിൾ ഐറ്റങ്ങൾക്കുള്ള വായ്പകളും ഉൾപ്പെടുന്നു.
ഇന്ത്യയുടെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴി ഇടപാടുകൾ നടത്താൻ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പത്ത് ആപ്പുകളിൽ ആമസോണിന്റെയും ഫ്ലിപ്കാർട്ടിന്റെയും ആപ്പുകളുണ്ട്.
Tags : Amazon Flipkart consumer loan scheme