സാന്‍ഫ്രാന്‍സിസ്കോ: യുഎസിലെ സാന്‍ഫ്രാന്‍സിസ്കോ ആസ്ഥാനമായുള്ള ആന്ത്രോപിക് എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പ് കമ്പനി പുതിയൊരു സാങ്കേതികവിദ്യ പുറത്തുവിട്ടതോടെ ആകെ ആശങ്കയുടെ നിഴലിലായിരിക്കുകയാണ് ആഗോള ഐടി മേഖല.
പുതിയ ടൂള്‍ അവതരിപ്പിച്ചതിനു പിന്നാലെ ലോകമെമ്പാടുമുള്ള ഐടി ഓഹരികള്‍ ഇടിഞ്ഞു. നിയമപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന അതീവ നൂതനമായ ഒരു എഐ മോഡലാണ് ആന്ത്രോപിക് അവതരിപ്പിച്ചത്. ഇത് വെറുമൊരു ചാറ്റ് ബോട്ട് മാത്രമല്ല, മറിച്ച് സങ്കീര്‍ണമായ നിയമ ജോലികള്‍ മനുഷ്യസഹായമില്ലാതെതന്നെ പൂര്‍ത്തിയാക്കാന്‍ ശേഷിയുള്ള ഒന്നാണ്.
► ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു നഷ്ടം
2020 മാര്‍ച്ചിലെ കോവിഡ് പ്രതിസന്ധിക്കുശേഷമുള്ള ഏറ്റവും വലിയ ഏകദിന തകര്‍ച്ചയാണ് ഇന്ത്യന്‍ ഐടി ഓഹരികള്‍ നേരിട്ടത്. നിഫ്റ്റി ഐടി സൂചിക 5.87 ശതമാനം താഴ്ന്നാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. എഐ, പരമ്പരാഗത സോഫ്റ്റ്വേര്‍-ഐടി സേവനങ്ങളെ അപ്രസക്തമാക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ് വിപണിയെ ബാധിച്ചത്. ഇതോടെ ഐടി മേഖലയുടെ വിപണിമൂല്യത്തില്‍ ഏകദേസം 1.9 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടാത്.
ഇന്ത്യന്‍ ഐടി വമ്പന്മാരായ ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികളെയാണ് ഈ തകര്‍ച്ച കൂടുതല്‍ ബാധിച്ചത്. ഇവ ഏകദേശം ഏഴു ശതമാനത്തിനു മുകളില്‍ ഇടിവോടെയാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. കോഫോര്‍ജ്, എല്‍ടിഐ മൈന്‍ഡ്ട്രീ, എംഫസിസ്, പെര്‍സിസ്റ്റന്റ് തുടങ്ങിയവയുടെ ഓഹരികള്‍ അഞ്ചു മുതല്‍ ആറു ശതമാനം വരെ ഇടിഞ്ഞു. വിപ്രോ, എച്ച്സിഎല്‍, ടെക് മഹീന്ദ്ര എന്നിവ നാലു മുതല്‍ അഞ്ചു ശതമാനം വരെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി സൂചികയിലെ കമ്പനികളുടെ മൊത്തം മൂല്യം 1.93 ലക്ഷം കോടി രൂപ ഇടിഞ്ഞ് 29.85 കോടി രൂപയ്ക്കു താഴെയെത്തി.
ഓഹരികളിലെ തകര്‍ച്ച ഇന്ത്യയില്‍ മാത്രം ഒതുങ്ങിനില്ക്കുന്നതല്ല. ചൊവ്വാഴ്ച യുഎസ് സ്റ്റോക് എക്സ്ചേഞ്ച് നാസ്ദാക് 1.4 ശതമാനമാണ് ഇടിഞ്ഞത്. ഇതിലെ സോഫ്റ്റ്വേര്‍ കമ്പനികളുടെ വിപണി മൂല്യത്തില്‍നിന്ന് ഏകദേശം 300 ബില്യണ്‍ ഡോളറിന്റെ (27 ലക്ഷം കോടി രൂപ) വന്‍ തകര്‍ച്ചയാണുണ്ടായത്. ആഗോള വമ്പന്മാര്ക്കും പ്രഹരമേറ്റു. ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ച് ഗ്രൂപ്പിന്റെ ഓഹരികള്‍ 13 ശതമാനവും തോംസണ്‍ റോയിട്ടേഴ്സ് 16 ശതമാനവും സിഎസ് ഡിസ്കോ 12 ശതമാനവും തകര്‍ന്നു. ലീഗല്‍ സൂംഡോട്കോം ഓഹരികള്‍ 20 ശതമാനമാണ് കൂപ്പുകുത്തിയത്.
► എന്താണ് ഈ ടൂള്‍? ഐടി മേഖലയിലെ പരിഭ്രാന്തിക്കു പിന്നില്‍?
കഴിഞ്ഞ വെള്ളിയാഴ്ച എഐ ഡെവലപര്‍മാരായ ആന്ത്രോപിക് അവരുടെ ക്ലൗഡ് കോവര്‍ക്ക് (Claude Cowork) ഏജന്റിനായി പുതിയ പ്ലഗ്ഇന്നുകള് അവതരിപ്പിച്ചു. നിയമം, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഡാറ്റ അനാലിസിസ് തുടങ്ങിയ മേഖലകളിലെ ജോലികള്‍ സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ രൂപകല്പന ചെയ്തിട്ടുള്ളവയാണ് ഈ പ്ലഗ്ഇന്നുകള്. എഐ യുഗത്തില്‍ വലിയ നേട്ടമുണ്ടാക്കുമെന്ന് കരുതിയിരിക്കുന്ന പ്രഫഷണല്‍ സര്‍വീസ് മേഖലകളെയാണ് ഇതു ലക്ഷ്യമിടുന്നത്.
നൂറുകണക്കിന് കരാറുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പരിശോധിക്കാനും എന്‍ഡിഎ ( Non-Disclosure Agreement/NDA) പോലുള്ള രേഖകള്‍ തയാറാക്കാനും ഇതിന് സാധിക്കും. ഓരോ കമ്പനിക്കും അവരുടെ പ്രത്യേക നിയമ മാനദണ്ഡങ്ങള്‍ അനുസരിച്ച് എഐയെ മാറ്റിയെടുക്കാം.
ആയിരക്കണക്കിന് ഡോളര്‍ ചെലവഴിച്ച് സോഫ്റ്റ്വേറുകള് വഴിയോ അഭിഭാഷകര്‍ വഴിയോ ചെയ്തിരുന്ന കാര്യങ്ങള്‍ ഈ എഐ ടൂള്‍ സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ ചെയ്തുനല്‍കും.
► ഐടി മേഖലയെ ബാധിച്ചത് എങ്ങനെ?
ഈ എഐ ടൂളിന്റെ വരവിനെ സാസ്പോകല്യപ്സിനു (Saaspo calypse) എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. സോഫ്റ്റ്വേര്‍ ആസ്-എ-സര്‍വീസ് ഓഹരികളില്‍ പെട്ടെന്നുണ്ടായ തകര്‍ച്ചയെ വിവരിക്കാന്‍ വിശകലന വിദഗ്ധര്‍ ഉപയോഗിച്ച പദമാണ്. എഐ സാങ്കേതികവിദ്യ സാസ് ബിസിനസ് മേഖലയെ തകര്‍ക്കുമെന്ന ഭയമാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.
നിയമപരമായ ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള പുതിയ സംവിധാനം ചൊവ്വാഴ്ച ആന്ത്രോപിക് പുറത്തിറക്കി. എഐ സൃഷ്ടിക്കുന്ന ഇത്തരം മാറ്റങ്ങള്‍ വന്‍ നഷ്ടമുണ്ടാക്കുമെന്ന ഭീതി പടര്‍ന്നതോടെയാണ് നിക്ഷേപം പിന്‍വലിക്കലിലേക്ക് നിക്ഷേപകര്‍ കടന്നത്.
നിലവില്‍ നിയമസേവനങ്ങളും ഡാറ്റാ വിശകലനവും നല്കുന്ന പല ഐടി സേവന കമ്പനികള്‍ക്കും സോഫ്റ്റ്വേറുകള്‍ക്കും പ്രസക്തിയില്ലാതാകും. ഇത് കമ്പനികളുടെ ലാഭക്ഷമതയെയും വിപണിയിലെ സ്ഥാനത്തെയും തകര്‍ക്കും. ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്വേർ വാങ്ങുന്നതിനു പകരം ആന്ത്രോപിക്കിന്റെ എഐ ഉപയോഗിക്കാന്‍ തുടങ്ങും.
എഐയുടെ കൈകടത്തലില്‍നിന്ന് സുരക്ഷിതമെന്നു കരുതിയിരുന്ന മേഖലകളായ നിയമ സേവനങ്ങള്‍, ഡാറ്റ അനലിറ്റിക്സ്, കസ്റ്റമര്‍ സപ്പോര്‍ട്ട് എന്നിവയില്‍ ഇപ്പോള്‍ കടുത്ത ഭീഷണി നേരിടുകയാണ്. ഈ ജോലികള്‍ ചെയ്യാന്‍ എഐ സാങ്കേതികവിദ്യക്കു കഴിയുമെങ്കില്‍ അത്തരം സേവനങ്ങള്‍ ചെയ്യുന്നതിനായി പടുത്തുയര്‍ത്തിയ ഐടി സ്ഥാപനങ്ങള്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരും.
Tags : Anthropic AI tool IT shares plunge Startup company