വയനാടൻ കാപ്പി കർഷകരെ കോരിത്തരിപ്പിച്ച് വിദേശവിപണികളിൽ നമ്മുടെ ഉത്പന്നത്തിന് ഡിമാൻഡ് അനുദിനം ഉയരുന്നു, മാർച്ചിൽ അവസാനിക്കുന്ന ഒരു വർഷ കാലയളവിൽ കയറ്റുമതി സർവകാല റിക്കാർഡിലേക്കു പ്രവേശിക്കും. ഈസ്റ്റർ ആവശ്യങ്ങൾക്കുള്ള കുരുമുളക് സംഭരിക്കാൻ യുഎസും യൂറോപ്യൻ രാജ്യങ്ങളും അന്താരാഷ്ട്ര മാർക്കറ്റിൽ മത്സരിച്ചു. പ്രതികൂല കാലാവസ്ഥയിൽ റബർ ഉത്പാദനം കുറഞ്ഞതോടെ ടയർ കമ്പനികൾ വില ഉയർത്തിയിട്ടും വേണ്ടത്ര ഷീറ്റ് കണ്ടെത്താനായില്ല.
കേരളവും കർണാടകവും കാപ്പി ഉത്പാദനത്തിൽ മത്സരിച്ചത് റിക്കാർഡ് കയറ്റുമതിക്ക് വഴിയൊരുക്കുന്നു. ദക്ഷിണേന്ത്യൻ കാപ്പി കർഷകർക്കു കൃഷിയോടുള്ള താത്പര്യം ഉയർത്താൻ കയറ്റുമതി മേഖലയിലെ ഉണർവ് അവസരമൊരുക്കും. കഴിഞ്ഞ വർഷം രണ്ട് ബില്യൺ ഡോളറിന്റെ കയറ്റുമതിയാണു നടത്തിയത്. ഏപ്രിൽ - ജനുവരി അവസാനം വരെയുള്ള കാലയളവിൽ ഇതിനകം 1.67 ബില്യൺ ഡോളറിന്റെ കാപ്പി ഷിപ്മെന്റ് നടത്തിയ സാഹചര്യത്തിൽ സാമ്പത്തിക വർഷാന്ത്യമായ അടുത്ത മാസം കയറ്റുമതി ഏക്കാലത്തെയും ഉയർന്ന തലത്തിലേക്കു നീങ്ങാം. ഏപ്രിലിൽ ആരംഭിച്ച പത്തു മാസ കാലയളവിൽ ഇതിനകം മൂന്നു ലക്ഷം ടണ്ണിൽ അധികം കാപ്പി നാം ഷിപ്മെന്റ് നടത്തി.
ആഗോള തലത്തിൽ കാപ്പി ഉത്പാദനത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്താണെങ്കിലും കയറ്റുമതിയിൽ അഞ്ചാം സ്ഥാനത്താണ്. യുഎസ്, യൂറോപ്യൻ രാജ്യങ്ങളുമായി കഴിഞ്ഞ മാസം ഒപ്പുവച്ച പുതിയ വ്യാപാരക്കരാറുകൾ കണക്കിലെടുത്താൽ അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ കാപ്പിക്കു വരും വർഷങ്ങളിൽ വൻ ഡിമാൻഡ് പ്രതീക്ഷിക്കാം. വയനാട്ടിൽ വാരാന്ത്യം കാപ്പിക്കുരു കിലോ 370 രൂപയിലും ഉണ്ടകാപ്പി 54 കിലോ 11,300 രൂപയിലുമാണ്.
കുരുമുളക് സംഭരണം ശക്തം
ശിവരാത്രി വിൽപ്പന മുന്നിൽ കണ്ട് അന്തർസംസ്ഥാന വ്യാപാരികൾ വാരത്തിന്റെ തുടക്കം മുതൽ കുരുമുളക് ശേഖരിക്കാൻ മത്സരിച്ചു. അവർ ഹൈറേഞ്ചിൽ നേരിട്ടിറങ്ങിയിട്ടും വേണ്ടത്ര ചരക്കു കണ്ടെത്താനായില്ല. കൊച്ചി വിപണിയെ മാത്രം ആശ്രയിച്ചാൽ വ്യാവസായിക ഡിമാൻഡിന് അനുസൃതമായി ചരക്ക് കൈമാറാനാവില്ലെന്ന തിരിച്ചറിവിൽ നിരക്ക് നിത്യേന ഉയർത്തി. വിപണി വിലയിലും ക്വിന്റലിന് 1500 രൂപ വരെ ഉയർത്തി കമ്പം, തേനി എന്നിവടങ്ങളിൽ നിന്നുള്ള ഇടപാടുകാർ ഹൈറേഞ്ചിൽ മുളകിനു വാഗ്ദാനം ചെയ്തു.
ഇന്ത്യൻ വിലക്കയറ്റം കണ്ട് ഇതര ഉത്പാദക രാജ്യങ്ങളും വില ഉയർത്തി. കയറ്റുമതിയിൽ മുൻനിരയിലുള്ള വിയറ്റ്നാമിൽ ആഭ്യന്തര വില ഉയരുന്നത് കണ്ട് ഇതര രാജ്യങ്ങളും ചരക്കിൽ പിടിമുറുക്കി. രാജ്യാന്തര വിപണിയിൽ ഇന്തോനേഷ്യയും ബ്രസീലും മലേഷ്യയും വിൽപ്പനക്കാരാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈസ്റ്ററിനുള്ള കുരുമുളക് സംഭരണം തുടരുന്നു. ആഗോള ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക് കൂടുതൽ ആകർഷകമാകാം. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ വില ടണ്ണിന് 8200 ഡോളറിനു മുകളിലാണ്. കൊച്ചിയിൽ അൺഗാർബിൾഡ് കിലോ 708 രൂപയിലും ഗാർബിൾഡ് 728 രൂപയിലുമാണ്.
ഏലത്തിന് കാലാവസ്ഥ ഭീഷണി
ഏലം ഉത്പാദന മേഖലകളിലെ വരണ്ട കാലാവസ്ഥ കണക്കിലെടുത്ത് കർഷകർ തോട്ടങ്ങളിൽനിന്നും അല്പം പിന്മാറി. മാറിയ കാലാവസ്ഥയിൽ ഉത്പാദനം കുറയുന്നതിനാൽ മാസത്തിന്റെ രണ്ടാം പകുതിയിൽ ലേലത്തിൽ വരവ് ചുരുങ്ങാം. വാരാന്ത്യം ശരാശരി ഇനങ്ങൾ കിലോ 2451 രൂപയിലും മികച്ചയിനങ്ങൾ 3249 രൂപയിലും കൈമാറി.
നാളികേരോത്പന്നങ്ങളുടെ ലഭ്യത ഗ്രാമീണ മേഖലകളിൽ ഉയരുന്നത് കണ്ട് മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. തമിഴ്നാട്ടിൽ കൊപ്ര വില ക്വിന്റലിന് 17,700 രൂപയായി താഴ്ന്നു. ഒട്ടുമിക്ക ഭാഗങ്ങളിലും നാളികേര വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ പച്ചത്തേങ്ങ ലഭ്യത വരും ദിനങ്ങളിൽ വർധിക്കാം. കൊച്ചിയിൽ വെളിച്ചെണ്ണ വില 29,800 രൂപയായി കുറഞ്ഞു, അതേസമയം, കൊപ്ര 18,550 രൂപയിൽ സ്റ്റെഡിയാണ്.
വില ഉയർന്നു,റബർ ലഭ്യതയിൽ കുറവ്
പകൽ താപനില ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത കുറഞ്ഞു, പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കർഷകർ ടാപ്പിംഗിൽ നിന്നും പിൻവലിഞ്ഞതു വിപണികളിൽ റബർ ക്ഷാമം രൂക്ഷമാക്കി. ടയർ വ്യവസായികൾ കൊച്ചിയിൽ നാലാം ഗ്രേഡ് റബർ വില 21,300 രൂപ വരെ ഉയർത്തി, അഞ്ചാം ഗ്രേഡ് 21,000 രൂപയിലും വിപണനം നടന്നു, ലാറ്റക്സ് 13,200 രൂപയിലും ഒട്ടുപാൽ 14,500 രൂപയിലുമാണ്. ബാങ്കോക്കിൽ ഷീറ്റ് വില 21,465 രൂപയാണ്.
റബർ അവധി വ്യാപാര കേന്ദ്രങ്ങളിൽ വാരാന്ത്യം നിക്ഷേപകർ ലാഭമെടുപ്പിനു മുൻതൂക്കം നൽകി. ഒസാക്കയിൽ റബർ കിലോ 357 യെന്നിൽനിന്നു 345ലേക്ക് ലാഭമെടുപ്പിൽ ഇടിഞ്ഞശേഷം 346 യെന്നിലാണ്. സാങ്കേതികമായി വിപണി ദുർബലാവസ്ഥയിലേക്ക് മുഖം തിരിച്ചു. ഇതിനിടയിൽ ചൈന ലൂണാർ പുതുവത്സരാഘോഷങ്ങളിലാണ്. ഒരാഴ്ച നീളുന്ന അവധിദിനങ്ങൾക്ക് ശേഷമേ ഇനി ബെയ്ജിംഗിൽനിന്നുള്ള വ്യവസായികൾ രാജ്യാന്തര റബറിൽ താത്പര്യം കാണിക്കൂ.
Tags : Huge demand coffee