മുംബൈ: സർവകാല റിക്കാർഡ് മറികടന്നെങ്കിലും ഫ്ളാറ്റായി വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യൻ ഓഹരി സൂചികകൾ. റിക്കാർഡ് ഉയരത്തിൽ ലാഭമെടുപ്പ് വർധിച്ചതാണ് വിപണിക്ക് ആഘാതമായത്.
സെൻസെക്സ് 446 പോയിന്റുകളുടെ നേട്ടത്തിൽ 86,055.86 എന്ന റിക്കാർഡിലെത്തിയിരുന്നു. എന്നാൽ, 111 പോയിന്റ് (0.13%) മാത്രം നേട്ടത്തിൽ 85,720.38 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റിയും ഇൻട്രാഡേയിൽ റിക്കാർഡ് ഉയരമായ 26,310.45ലെത്തിയിരുന്നു. കനത്ത ലാഭമെടുക്കൽ തുടർന്നതോടെ വെറും 10 പോയിന്റ് നേട്ടത്തിൽ 26,215.55 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2024 സെപ്റ്റംബർ 27ന് കുറിച്ച റിക്കാർഡാണ് മാറിയത്.
വിശാല വിപണിയിലും കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. നിഫ്റ്റി മിഡ്കാപ് സൂചിക 0.08 ശതമാനത്തിന്റെ നേരിയ നേട്ടമുണ്ടാക്കിയപ്പോൾ സ്മോൾകാപ് സൂചിക 0.53 ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് നിഫ്റ്റി മീഡിയയാണ്. നിഫ്റ്റി ബാങ്ക് റിക്കാർഡ് ഉയരത്തിലെത്തിയെങ്കിലും 0.35 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി ഫിനാൻഷൽ സർവീസ് 0.53 ശതമാനം നേട്ടവും സ്വന്തമാക്കി. അതേസമയം, നിഫ്റ്റി പിഎസ്യു ബാങ്ക് 0.58 ശതമാനം നഷ്ടത്തിലായി. നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, റിയൽറ്റി, കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചികകളും കനത്ത നഷ്ടത്തിലായിരുന്നു.
റിക്കാർഡിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്നലെ രാവിലെ വിപണിയിൽ വ്യാപാരം തുടങ്ങിയത്. ആദ്യ മിനിറ്റുകൾക്കുള്ളിൽ തന്നെ ഇരുസൂചികകളും റിക്കാർഡ് തിരുത്തി. 14 മാസത്തിനുശേഷമാണ് പുതിയ റിക്കാർഡ് കുറിച്ചത്.
Tags : Indian stock SENSEX NIFTY BSE