കൊച്ചി: 2024ലെ ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ പ്രകാരം പുറത്തുവിട്ട ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ കേരളത്തിന് വീണ്ടും മികച്ച നേട്ടം. ഫാസ്റ്റ് മൂവേഴ്സ് വിഭാഗത്തിൽ ടോപ്പ് അച്ചീവർ സ്ഥാനത്താണു കേരളം. 99.3 ശതമാനം എന്ന മികച്ച സ്കോർ നേടിയാണു കേരളം ഈ നേട്ടത്തിലെത്തിയത്.
നിർദേശിക്കപ്പെട്ട 34 പരിഷ്കരണമേഖലകളിൽ 30 എണ്ണവും വിജയകരമായി നടപ്പാക്കാൻ കേരളത്തിനു സാധിച്ചു. ഇതിൽ നാലു മേഖലകളിൽ ദേശീയതലത്തിൽ ഒന്നാം സ്ഥാനം നേടാനും കഴിഞ്ഞു.
റാങ്കിംഗിൽ നേട്ടം കൈവരിക്കാനായതു സംസ്ഥാനത്തേക്ക് കൂടുതൽ നിക്ഷേപമെത്താൻ സഹായിക്കുമെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തി. ഭരണനിർവഹണം, സുതാര്യത, നിക്ഷേപകർക്കുള്ള സൗകര്യങ്ങൾ എന്നിവയിൽ സംസ്ഥാനം കൈവരിച്ച മികച്ച പുരോഗതിയാണ് ഈ റാങ്കിംഗ് പ്രതിഫലിപ്പിക്കുന്നതെന്ന് ഫിക്കി വിലയിരുത്തി.
22 സർക്കാർ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപിത പ്രവർത്തനമാണു കേരളത്തിന്റെ ഈ മുന്നേറ്റത്തിനു പിന്നിലെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാൻ വി.പി. നന്ദകുമാർ പറഞ്ഞു.
സംസ്ഥാന വ്യവസായ വകുപ്പ് ആവിഷ്കരിച്ച സംരംഭക വർഷം പദ്ധതി, ഹൈടെക് നിർമാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എംഎസ്എംഇ മിഷൻ 1000 സ്കെയിൽ-അപ്പ് മിഷൻ, വിവിധ സുസ്ഥിരതാ കാമ്പയിനുകൾ എന്നിവയെല്ലാം റാങ്കിംഗിൽ ഗുണകരമായെന്ന് ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ-ചെയർമാൻ തോമസ് ജോൺ ചൂണ്ടിക്കാട്ടി.
Tags : Ease of Doing Business ranking Kerala Kerala gains FICCI