മുംബൈ: മുൻ സെഷനിലെ നേട്ടം തുടർന്ന് ഓഹരിവിപണി. പോസിറ്റീവായ ആഗോള സൂചനകളും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും സെൻസെക്സ്, നിഫ്റ്റി സൂചികകളെ തുടർച്ചയായ രണ്ടാം സെഷനിലും മികവിലെത്തിച്ചു. യുഎസ് ഫെഡറൽ റിസർവിൽനിന്ന് അടുത്ത വർഷം പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും നിക്ഷേപകരെ ആകർഷിച്ചു.
സെൻസെക്സ് 638 പോയിന്റ് (0.75%) ഉയർന്ന് 85,567.48ലും നിഫ്റ്റി 206 പോയിന്റ് ലാഭത്തിൽ (0.79%) 26,172.40 പോയിന്റിലും ക്ലോസ് ചെയ്തു.
പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനാണ് വിശാല സൂചികകൾ കാഴ്ചവച്ചത്. നിഫ്റ്റി മിഡ്കാപ് 0.84 ശതമാനവും സ്മോൾകാപ് 1.17 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്കാപ് സൂചിക 0.86 ശതമാനവും സ്മോൾകാപ് 1.12 ശതമാനവും വർധിച്ചു.
നിക്ഷേപകരുടെ സന്പത്തിൽ ഇന്നലെ നാലുലക്ഷം കോടി രൂപയുടെ വർധനയാണുണ്ടായത്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കന്പനികളുടെ വിപണിമൂല്യം 471 ലക്ഷം കോടി രൂപയിൽ നിന്ന് 475 ലക്ഷം കോടി രൂപയായി ഉയർന്നു.
നിഫ്റ്റി മേഖലാ സൂചികകളിൽ കണ്‍സ്യൂമർ ഡ്യൂറബിൾസ് ഒഴികെ മറ്റെല്ലാ സൂചികകളും ഭേദപ്പെട്ട നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. കണ്‍സ്യൂമർ ഡ്യൂറബിൾസ് സൂചികയ്ക്ക് 0.16 ശതമാനമാണ് നഷ്ടം. ഐടി ഇന്നലെ 2.06 ശതമാനം നേട്ടം കൊയ്തപ്പോൾ മെറ്റൽ 1.41 %, ഓട്ടോ 0.82% എന്നിങ്ങനെ ഉയർന്നു.
നേട്ടത്തിനുള്ള കാരണങ്ങൾ
1. വിദേശ നിക്ഷേപത്തിന്റെ വരവ്: തുടർച്ചയായ 14 ദിവസം ഇന്ത്യൻ ഓഹരി വിപണിയിൽനിന്ന് നിക്ഷേപം പിൻവലിച്ച ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) നിക്ഷേകരായി തിരിച്ചുവന്നത് വിപണിയെ നേട്ടത്തിലേക്കെത്തിച്ചു. വെള്ളിയാഴ്ച 1830.89 കോടി രൂപയുടെ ഓഹരികളാണ് എഫ്ഐഐകൾ വാങ്ങിയത്. കഴിഞ്ഞ മൂന്നു സെഷനിലായി 3776 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്.
2. ഫെഡിന്റെ പലിശനിരക്കു കുറയ്ക്കൽ പ്രതീക്ഷകൾ: അടുത്തിടെ പുറത്തുവന്ന സാന്പത്തിക കണക്കുകൾ നയപരമായ കാഴ്ചപ്പാടുകളിൽ കാര്യമായി മാറ്റമൊന്നും വരുത്താത്ത സാഹചര്യത്തിൽ, 2026ൽ യുഎസ് ഫെഡ് റിസർവ് രണ്ടു തവണ നിരക്കു കുറയ്ക്കുമെന്നാണ് വിപണി നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.
3. പോസിറ്റീവായ ആഗോള സൂചനകൾ: വെള്ളിയാഴ്ച യുഎസ് മാർക്കറ്റുകളിലുണ്ടായ ഉണർവ് ഇന്നലെ ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. ദക്ഷിണകൊറിയയുടെ കോസ്പി രണ്ടു ശതമാനത്തിനു മുകളിൽ ഉയർന്നു. ജപ്പാന്റെ നിക്കീ 1.81 ശതമാനവും ഷാങ്ഹായ് എസ്എസ്ഇ കോന്പോസിറ്റ് 0.69 ശതമാനവും ഹോങ്കോംഗിന്റെ ഹാങ് സെംഗ് സൂചിക 0.43 ശതമാനവും മുന്നേറി.
വിപണി വർഷാവസാനം മുന്നേറ്റത്തിലേക്കാണ് നീങ്ങുന്നതെന്ന സൂചനകളാണ് നൽകുന്നത്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലുണ്ടായ ശക്തമായ തിരിച്ചുവരവും കാഷ് മാർക്കറ്റിൽ എഫ്ഐഐകൾ വാങ്ങലുകാരായി തിരിച്ചുവന്നതുമാണ് വിപണിയുടെ വർഷാവസാന മുന്നേറ്റത്തിനു കരുത്താകുന്നതെന്ന് വിപണി വിദഗ്ധർ അഭിപ്രായപ്പെട്ടു.
Tags : share Market Sensex BSE Nifty