മുംബൈ: ആഭ്യന്തര ഓഹരി സൂചികകൾ തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിൽ വ്യാപാരം പൂർത്തിയാക്കി. വ്യാപാരതുടക്കത്തിലുണ്ടായ തകർച്ചയ്ക്കുശേഷമാണ് സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേക്കു കടന്നത്. ഐടി, ഓട്ടോ, മെറ്റൽ, എഫ്എംസിജി മേഖലകളിലുണ്ടായ ഉയർന്ന വാങ്ങലുകളാണ് വിപണിയെ നേട്ടത്തിലെത്തിച്ചത്.
യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ അടച്ചുപൂട്ടൽ അവസാനിപ്പിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതോടെ ആഗോളതലത്തിൽ ഉണ്ടായ പോസിറ്റീവ് സൂചനകളും ഈ കുതിപ്പിന് കൂടുതൽ കരുത്ത് പകർന്നു. ആഗോളതലത്തിൽ പോസിറ്റീവ് സൂചനകൾ ലഭിച്ചതിനെത്തുടർന്ന് നിക്ഷേപകരുടെ വാങ്ങൽ താത്പര്യം മെച്ചപ്പെട്ടതും ഇന്ത്യ-യുഎസ് വ്യാപാര കരാർ സാധ്യതയെക്കുറിച്ചുള്ള ശുഭാപ്തിവിശ്വാസം പുതുക്കിയതും ചൊവ്വാഴ്ച ആഭ്യന്തര വിപണികളെ കുത്തനെ ഉയർത്തി.
ഡൽഹി ഭീകരാക്രമണത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ ആദ്യ പകുതിയിൽ വ്യാപാരം നെഗറ്റീവ് ആയിരുന്നു. തുടർന്ന് ദിവസത്തെ താഴ്ന്ന നിലയിൽ നിന്ന് 750 പോയിന്റോളം തിരിച്ചു കയറാൻ സെൻസെക്സിനായി. നിഫ്റ്റിക്ക് 250 പോയിന്റോളം തിരിച്ചുകയറാനായി.
ഉച്ചവരെ ചാഞ്ചാട്ടത്തിലായിരുന്ന സെൻസെക്സ് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിലാണ് മുന്നേറ്റം നടത്തിയത്. നിഫ്റ്റിയിലും ഉച്ചവരെ നഷ്ടക്കണക്കായിരുന്നു. എന്നാൽ, ഉച്ചയ്ക്കുശേഷം മുന്നേറുകയായിരുന്നു.
സെൻസെക്സ് 336 പോയിന്റ് (0.40%) നേട്ടത്തോടെ 83,871ലും നിഫ്റ്റി 120 പോയിന്റ്് (0.47%) മുന്നേറി 25,695ലും വ്യാപാരം പൂർത്തിയാക്കി.
ഡൽഹി സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും ആഭ്യന്തര വിപണി മന്ദഗതിയിലാണ് തുറന്നത്. എന്നാൽ, ആ മന്ദഗതിയിൽനിന്ന് വിപണിക്ക് സമർഥമായി തിരിച്ചുവരാനുമായി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ഫെഡറൽ ഷട്ട്ഡൗണ് അവസാനിപ്പിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതിനു പിന്നാലെയുണ്ടായ ആഗോള സൂചനകളുടെ പിന്തുണയോടെയാണ് വിപണി മുന്നേറിയതെന്ന് ജിയോജിത് ഇൻവെസ്റ്റ്മെന്റ്സ് ലിമിറ്റഡ് ഹെഡ് ഓഫ് റിസർച്ച് വിനോദ് നായർ പറഞ്ഞു.
മേഖല സൂചികകൾ
വാങ്ങൽ പ്രവണത ഉയർന്നതോടെ മേഖല സൂചികകളിൽ ഭൂരിഭാഗവും പോസിറ്റീവായി. നിഫ്റ്റി ഐടി 428 പോയിന്റ്് (1.20%) മുന്നേറിയപ്പോൾ നിഫ്റ്റി ഓട്ടോ 288 (1.07%), നിഫ്റ്റി മെറ്റൽ 75 പോയിന്റ്് (0.71%), നിഫ്റ്റി എഫ്എംസിജി 188 പോയിന്റ് (0.34%), നിഫ്റ്റി ബാങ്ക് 200 പോയിന്റ് (0.35%) എന്നിവങ്ങനെയും നേട്ടമുണ്ടാക്കി.
വിശാല സൂചികകളിൽ നിഫ്റ്റി മിഡ്കാപ് 302 പോയിന്റ് (0.50%) ഉയർന്നപ്പോൾ സ്മോൾകാപ് 37 പോയിന്റ് (0.21%) താഴ്ന്നു.
Tags : SENSEX NIFTY BSE Share Market