മുംബൈ: ഡോളറിനെതിരേ ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്താഴ്ചയിൽ രൂപ. ഇന്നലെ ഡോളറിനെതിരേ ഒന്പത് പൈസ ഇടിഞ്ഞ രൂപയുടെ മൂല്യം 90.41ൽ എത്തി. ഇന്ത്യ-യുഎസ് വ്യാപാരക്കരാറിൽ തുടരുന്ന അനിശ്ചിതത്വവും വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിൻവലിക്കലുമാണ് രൂപയുടെ ഇടിവിനു കാരണമായത്.
സ്വർണം, വെള്ളി തുടങ്ങിയ അമൂല്യ ലോഹങ്ങളുടെ വില ഉയർന്നതിനെത്തുടർന്ന് ഇറക്കുമതിക്കാർക്കിടയിൽ ഡോളർ ആവശ്യകത ശക്തമായത് രൂപയ്ക്ക് സമ്മർദമായെന്നാണ് വിദേശ കറൻസി വ്യാപാരികൾ പറഞ്ഞത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 90.43 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ഇത് പിന്നീട് വ്യാപാരത്തിനിടെ തലേന്നത്തെ ക്ലോസിംഗിനെക്കാൾ 24 പൈസ നഷ്ടത്തോടെ 90.56 എന്ന റിക്കാർഡ് താഴ്ച നേരിട്ടു.
അവസാനം കഴിഞ്ഞ ദിനം വ്യാപാരം പൂർത്തിയാക്കിയതിനേക്കാൾ ഒന്പത് പൈസ നഷ്ടത്തിൽ 90.41ൽ വ്യാപാരം പൂർത്തിയാക്കി.ഡോളർ സൂചിക ആറു കറൻസികൾക്കെതിരേ ശക്തമായ നിലയിലാണ് വ്യാപാരം നടത്തുന്നത്.
തുടർച്ചയായ 11 ദിവസം വിദേശ സ്ഥാപന നിക്ഷേപർ ഇന്ത്യൻ ഓഹരി വിപണിയിൽ വിൽപ്പനക്കാരാണ്. ഇന്നലെ 1114.22 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. ഈ മാസം ഇതുവരെ 19,605.51 കോടി രൂപയുടെ ഓഹരികൾ വിറ്റു.
Tags : Rupee Rupee fell down Rupee against Doller Doller