മുംബൈ: ഇന്നലെ ഡോളർ 90 രൂപയിലെത്തി. ഇൻട്രാ ഡേ വ്യാപാരത്തിൽ ഡോളറിനെതിരേ 90ലെത്തിയ രൂപ അതിൽനിന്ന് കരകയറി 42 പൈസ ഇടിഞ്ഞ് എക്കാലത്തെയും താഴ്ന്ന നിരക്കായ 89.95ലെത്തി വ്യാപാരം പൂർത്തിയാക്കി. തുടർച്ചയായ അഞ്ചാം ദിവസമാണ് രൂപയ്ക്ക് ഇടിവുണ്ടാകുന്നത്. 2025 ഏറ്റവും മോശം പ്രകടനം നടത്തുന്ന ഏഷ്യൻ കറൻസിയായിരിക്കുകയാണ് രൂപ.
കോർപറേറ്റുകൾ, ഇറക്കുമതിക്കാർ, വിദേശ നിക്ഷേപകർ എന്നിവരിൽ നിന്നുള്ള ശക്തമായ ഡോളർ ഡിമാൻഡാണ് രൂപയുടെ ഇടിവിന് കാരണം.
ഇന്ത്യൻ ഓഹരിവിപണികളിൽനിന്ന് വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക്, ഇന്ത്യ-യുഎസ് വ്യാപാരകരാരിൽ തുടരുന്ന അനിശ്ചിതത്വം എന്നിവ നിക്ഷേപകരെ സ്വാധീനിക്കുന്നതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് വിദേശനാണ്യ വിപണിയിൽ രൂപ 89.70ലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് അതിന്റെ നില താഴേക്കായിരുന്നു. ഇൻട്രാ ഡേയിൽ 90.00 എന്ന റിക്കാർഡ് നിരക്കിലേക്കു പതിച്ചു. തിങ്കളാഴ്ചത്തെ ക്ലോസിംഗിനേക്കാൾ 47 പൈസ ഇടിവായിരുന്നു ഇത്. തിങ്കളാഴ്ച രൂപ 89.53ലാണ് ക്ലോസ് ചെയ്തത്.
ആറു കറൻസികൾക്കെതിരേ ഡോളർ സൂചിക 0.06 ശതമാനം ഉയർന്ന് 99.41ലാണ് വ്യാപാരം നടക്കുന്നത്. ക്രൂഡ് ഓയിൽ ഒരു ബാരലിന് 0.25 ശതമാനം താഴ്ന്ന് 63.03 ഡോളറിലാണ് വ്യാപാരം നടത്തുന്നത്.