മലങ്കര അണക്കെട്ടിന്റെ ഭാഗമായ കുടയത്തൂര്‍ ജാലശയ തീരത്ത് മാലിന്യം തള്ളിയതിനെത്തുടര്‍ന്ന് കുടയത്തൂര്‍ പഞ്ചായത്ത് 50,000 രൂപ പിഴയിട്ടു. പഞ്ചായത്ത് പരിധിയില്‍വരുന്ന ജലാശയ തീരത്താണ് സിനിമ ചിത്രീകരണത്തിനു ശേഷം മാലിന്യം ഉപേക്ഷിച്ചത്.
വെള്ളത്തോടു ചേര്‍ന്നുള്ള സ്ഥലത്ത് വലിയ അളവില്‍ മാലിന്യം തള്ളിയതിനു പുറമേ പാഴ് വസ്തുക്കള്‍ കത്തിച്ച ചാരം കൂമ്പാരമായി കിടക്കുകയാണ്. ഇതുസംബന്ധിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പിഴ ഈടാക്കാന്‍ കുടയത്തൂര്‍ പഞ്ചായത്ത് കര്‍ശന നടപടി സ്വീകരിച്ചത്.
സിനിമ ചിത്രീകരണം നടന്നത് എംവിഐപിയുടെ ഉടമസ്ഥതയിലുള്ള പ്രദേശത്തായിരുന്നതിനാല്‍ ചിത്രീകരണം നടത്തിയവരില്‍നിന്ന് പിഴ ഈടാക്കണം എന്നാവശ്യപ്പെട്ടുള്ള കത്ത് എംവിഐപി അധികൃതര്‍ക്ക് പഞ്ചായത്ത് നല്കി.
എംവിഐപിയില്നിന്ന് അനുമതി വാങ്ങിയാണ് ജലാശയ തീരങ്ങളില്‍ സിനിമ ചിത്രീകരിച്ചത്. ഇതിന് 25,000 രൂപ ഫീസും ഈടാക്കിയിരുന്നു. മലയാളം, തമിഴ്, കന്നട തുടങ്ങി വിവിധ ഭാഷകളിലെ നൂറുകണക്കിന് സിനിമകള്‍ക്ക് പശ്ചാത്തലമായ ഇവിടെ കഴിഞ്ഞ ഏതാനും മാസങ്ങളായി നടന്ന ചിത്രീകരണങ്ങളുടെ അവശിഷ്ടങ്ങളാണ് പ്രധാനമായും കുന്നുകൂട്ടിയിട്ടിരിക്കുന്നത്.
ചിത്രീകരണത്തിനായി സെറ്റിടാന്‍ ഉപയോഗിച്ച ആസ്ബസ്റ്റോസ്, സിമന്റ്, തെര്‍മോകോള്‍, ജിപ്സം, പ്ലാസ്റ്റിക്, ഇരുമ്പ് തുടങ്ങിയ മാലിന്യങ്ങളാണ് തീരത്തുനിന്നു നീക്കം ചെയ്യാതിരുന്നത്.
Tags : shooting thodupuzha fine