മാനുഷിക പ്രതിസന്ധികളുടെ ആഴം നിര്‍ണയിക്കുന്ന സാമൂഹ്യപ്രതിബദ്ധതയുളള സിനിമകള്‍ ഒരുക്കിയ തിരക്കഥാകൃത്താണ് ശ്രീനിവാസന്. ഓരോ സിനിമകളും സമൂഹിക പ്രസക്തിയുള്ളവയായിരുന്നു.
തിരക്കഥ എന്ന സൗന്ദര്യത്തെ ഘടനാപരവും വ്യക്തമായ കാഴ്ചപ്പാടോയും അവതരിപ്പിച്ച ശ്രീനിവാസന്റെ എഴുത്തിന്റെ മൂർച്ചയാണ് മലയാളസിനിമ കണ്ടത്. സാമ്പത്തികമായിരുന്നു ആദ്യം ശ്രീനിയെ പ്രലോഭിപ്പിച്ചത്. അതിനിടയ്ക്ക് പേരുള്ളതും ഇല്ലാത്തതുമായ പല തിരക്കഥകളും എഴുതി നൽകി.
തിരക്കഥാരചന എന്ന അണ്ഡകടാഹത്തിലേക്ക് എന്നെ ബലമായി തളളിയിട്ട ഭീകരനാണ് പ്രിയദര്‍ശനെന്ന് ശ്രീനിവാസൻ പറഞ്ഞിട്ടുണ്ട്. ശ്രീനിക്ക് തിരക്കഥയെഴുത്ത് നല്ല വശമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രിയദർശൻ തന്റെ പുതിയ ചിത്രത്തിലേയ്ക്ക് തിരക്കഥയെഴുതാൻ അദ്ദേഹത്തെ നിർബന്ധിച്ചു. പകരം നൽകിയതാകാട്ടെ ആ സിനിമയിൽ നല്ലൊരു വേഷവും. അഭിനയം ഇഷ്ടമായിരുന്ന ശ്രീനി ആ വാക്കുകളിൽ വീണു. അങ്ങനെ പേന കൈയിലെടുത്തു.
അങ്ങനെ പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും ശ്രീനിവാസൻ ഒരുക്കി. ഓടരുതമ്മാവാ ആളറിയാം ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. ലിസി അഭിനയിച്ച ആദ്യ ചിത്രവും ഇതായിരുന്നു.
പിന്നീട് മുത്താരംകുന്ന് പിഒ, ബോയിംഗ് ബോയിംഗ്, ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് , സന്മനസുളളവര്ക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം, മിഥുനം, വെളളാനകളുടെ നാട് തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങൾ പിറവിയെടുത്തു.
സംവിധായകന് എന്ന നിലയിലേക്ക് മാറിയപ്പോഴും തിരക്കഥയായിരുന്നു ശ്രീനിയുടെ പ്രധാന ആയുധം. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും കാതലുളള ഇതിവൃത്തം ഉള്‍ക്കൊളളുന്ന രചനകളായിരുന്നു.
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും നേരിട്ട് സ്ര്കീനിലേയ്ക്ക് കടന്നുവന്ന ചിത്രങ്ങളായിരുന്നു ശ്രീനിയുടേത്. അതിരുകൾ കൃത്യമായി തിട്ടപ്പെടുത്തിയ തിരക്കഥകൾ. അതിൽ പ്രേക്ഷകർ എത്രത്തോളം ചിരിക്കുമെന്ന് ശ്രീനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു.
Tags : sreenivasan story malayalam movie