കുട്ടനാട്ടിൽ രണ്ടാം കൃഷിയുടെ കൊയ്ത്തുകാലമായി. അപ്രതീക്ഷിതമായെത്തിയ മഴ കർഷകന്റെ മുഴുവൻ പ്രതീക്ഷയും തകർക്കുന്നു. അതിനിടെയാണ് നെല്ലുസംഭരണം നടത്തണമല്ലോ എന്നുള്ള ചിന്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും മന്ത്രിമാർക്കും ഉണ്ടാവുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ യോഗം കൂടി. എന്നാൽ, മുഖ്യമന്ത്രിതന്നെ യോഗം മാറ്റിവയ്പിച്ചെന്ന വാർത്തകളാണ് പിന്നാലെ വന്നത്. കർഷകരേക്കാൾ മറ്റെന്തിനൊക്കെയോ പ്രാധാന്യം കൊടുക്കുന്നതിനാലാണോ ഇതെന്നു കർഷകർ സംശയിക്കുന്നു. കൃഷി, സിവിൽ സപ്ലൈസ് വകുപ്പുകളാണ് നെല്ലുസംഭരണത്തിൽ നിർണായകം. ഇതു രണ്ടും സിപിഐ ഭരിക്കുന്ന വകുപ്പുകളാണ്. പിഎം ശ്രീയുടെ പേരിൽ സിപിഎമ്മും സിപിഐയും തമ്മിൽ ഉടലെടുത്തിരിക്കുന്ന കലഹം നെല്ലുസംഭരണത്തെ ബാധിക്കുമോയെന്ന ആശങ്ക കർഷകമനസുകളിൽ പെരുകുകയാണ്.
കർഷകരുടെ കാര്യത്തിൽ ആർക്ക് എന്ത് ഉത്തരവാദിത്വം? കൊയ്ത്ത് യന്ത്രം ഇല്ലാതെ നെല്ല് നശിക്കുന്നു, കൊയ്തുകൂട്ടിയ നെല്ല് സംഭരിക്കാതെ വയലിലും വഴിയിലും കിടന്ന് നശിക്കുന്നു. മില്ലുകാരാരും തിരിഞ്ഞു നോക്കുന്നില്ല. നെൽപ്പാടങ്ങളിൽ കർഷകന്റെ കണ്ണീരു വീഴുന്നത് പെരുമഴയിൽ ആരും കാണാതെപോകുന്നു. ഇനി സമരം ചെയ്യാൻപോലും ആവാത്ത അവസ്ഥയിലാണ് കർഷകർ. ആറ് മാസത്തെ ഇടവേളകളിൽ കുട്ടനാട്ടിൽ അരങ്ങേറുന്ന ഒരു പതിവ് കാഴ്ചയായി ഇതു മാറിയിരിക്കുന്നു, അല്ലെങ്കിൽ മാറ്റിയിരിക്കുന്നു. ഇതിനു പിന്നിൽ എന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോ? അതോ സംഘടിക്കാൻ ശേഷിയില്ലാത്ത കർഷകനോട് ഇങ്ങനെ മതി എന്ന ധിക്കാര മനോഭാവമോ? ഒരു പരിഷ്കൃത സമൂഹമെന്ന് കരുതുന്ന മലയാളികൾക്കെല്ലാം ഇത് അപമാനമാണെന്ന് ഉത്തരവാദപ്പെട്ടവർ എന്ന് മനസിലാക്കും?
90 മുതൽ 120 ദിവസംകൊണ്ട് വിളവെത്തുന്ന നെല്ലിനങ്ങളാണ് കുട്ടനാട്ടിൽ വിതച്ച് വിളവെടുക്കുന്നത്. എന്നാൽ, കൊയ്തുകൂട്ടുന്ന നെല്ല് സംഭരിക്കുന്നതിനെപ്പറ്റി മില്ലുകാരുമായി സർക്കാർ കൂടിയാലോചിക്കുന്നത് കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞാണ്. ഇതാകട്ടെ കർഷകരെ പ്രതിരോധത്തിലാക്കിക്കൊണ്ടുള്ള ചർച്ചകളാകും. ആധുനിക സമൂഹത്തിന് അപമാനമാണ് ഈ രീതിയെന്ന് വേണ്ടപ്പെട്ടവർ എന്നാണ് മനസിലാക്കുക?
നെൽകർഷകർ വിത്ത് വിതച്ച് നിശ്ചിത ദിവസങ്ങൾക്കകംതന്നെ നെല്ല് സംഭരിക്കുന്നതിനുവേണ്ടി രജിസ്ട്രേഷൻ നടത്തും. ബന്ധപ്പെട്ട കൃഷിവകുപ്പിൽ ഇതിന്റെ വ്യക്തമായ രേഖകളുണ്ട്. എന്ന് വിളവെടുക്കും, ഏകദേശം എത്ര വിളവുണ്ടാകും, എത്ര കൊയ്ത്ത് യന്ത്രങ്ങൾ ആവശ്യമാണ്, നെല്ല് സംഭരിക്കപ്പെടേണ്ടത് എപ്രകാരം, എത്ര വള്ളങ്ങൾ, ലോറികൾ വേണം, യഥാസമയം സംഭരിക്കാൻ എന്തൊക്കെ ചെയ്യണം എന്നുള്ള കാര്യങ്ങൾ വളരെ വ്യക്തമായ ബോധ്യങ്ങളുള്ളവരാണ് കൃഷിവകുപ്പുമായി ബന്ധപ്പെട്ടവരും സർക്കാരും. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി കുട്ടനാട്ടിലെ നെൽകർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അവരുടെ വിളവ് കൊയ്തെടുക്കുന്നതിനുള്ള യന്ത്രങ്ങളുടെ ദൗർലഭ്യവും കൊയ്തുകൂട്ടുന്ന നെല്ല് സംഭരിക്കുന്നതിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടാണ്.
സംഭരണവുമായി ബന്ധപ്പെട്ട ചർച്ചകളും തീരുമാനങ്ങളും കാലേക്കൂട്ടി നടത്തുകയും തീരുമാനത്തിൽ എത്തുകയും ചെയ്യണം. നെല്ല് വയലിലും വഴിയിലും ഇട്ട് വിലപറയരുത്.
നെല്ല് വഴിയിലിട്ട് സമരം ചെയ്യാൻ കർഷകരെ നിർബന്ധിക്കരുത്. നെൽകർഷകരെ ആദരിച്ചില്ലെങ്കിലും അപമാനിക്കാതെ അവരുടെ ഉത്പന്നം യഥാസമയം സംഭരിക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ച് അവശേഷിക്കുന്നവരെക്കൂടി കൃഷിയിൽനിന്ന് അകറ്റാതിരിക്കാൻ വേണ്ടപ്പെട്ടവർ ശ്രദ്ധിക്കണം. കർഷകരെ അപമാനിക്കുന്ന തരത്തിലുള്ള മന്ത്രി- ഉദ്യോഗസ്ഥതല യോഗങ്ങൾ നടത്തിയും ഇറങ്ങിപ്പോക്ക് നടത്തിയും പാവപ്പെട്ട കർഷകരെ അപമാനിക്കരുതെന്ന അപേക്ഷയും കർഷകർക്കുണ്ട്.
Tags :