ദീപികയുടെ ശനിയാഴ്ചത്തെ എഡിറ്റോറിയലിൽ മുഖം നോക്കാതെ, മതതീവ്രവാദത്തെയും മതാധിഷ്ഠിത ഭരണ സംവിധാനങ്ങളെയും വിമർശിച്ചത് നന്നായി. ഒരു ജനാധിപത്യ സംവിധാനത്തിൽ പത്രങ്ങളുടെ കടമതന്നെയാണിത്. ജനാധിപത്യത്തിന്റെയും മനുഷ്യസ്വാതന്ത്ര്യത്തിന്റെയും സംരക്ഷണത്തിനായുള്ള ജാഗ്രതകൂടിയാണിത്.
പൊളിറ്റിക്കൽ ഇസ്ലാം, മുസ്ലിം ബ്രദർഹുഡ് തുടങ്ങി എന്തു പേര് വിളിച്ചാലും അത്തരം മതാധിഷ്ഠിത സംവിധാനങ്ങൾ ഇസ്ലാം മതത്തിനുതന്നെ ബാധ്യതയാകുന്ന കാഴ്ചയാണ് നാം കാണുന്നത്. ബഹുഭൂരിപക്ഷം ഇസ്ലാമിക രാജ്യങ്ങളും ഇതിനെ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തിട്ടുണ്ട്. യുഎഇയും ഈജിപ്തും ഉദാഹരണങ്ങളാണ്. എന്നാൽ, ചുരുക്കം ചില രാജ്യങ്ങൾ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇറാൻ, പാക്കിസ്ഥാൻ തുടങ്ങിയവ അക്കൂട്ടത്തിൽപ്പെടും. അതുകൊണ്ടുതന്നെ അവർ ചെന്നുപെട്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയും മനുഷ്യാവകാശ ലംഘനങ്ങളും വാക്കുകൾക്ക് അതീതമാണ്.
യാഥാർഥ്യം ഇതായിരിക്കെ എഡിറ്റോറിയൽ സൂചിപ്പിക്കുന്നതുപോലെ മറ്റു മതങ്ങളും നിർഭാഗ്യവശാൽ നമ്മുടെ രാജ്യവും സംസ്ഥാനവും അത്തരം ചില പ്രവണതകളുടെ പിറകെ പോകുന്നു എന്നുള്ളത് ദുഃഖകരമാണ്. അധികാരത്തിൽ എത്താനുള്ള എളുപ്പവഴിയായിട്ടാണെങ്കിലും ഇതു പിന്നീട് എല്ലാവർക്കും ബാധ്യതയാകും എന്നുള്ള ഓർമപ്പെടുത്തൽ അത്യാവശ്യമാണ്. ആദ്യം മധുരിക്കും പിന്നെ കയ്ക്കും എന്നു തിരിച്ചറിയേണ്ടതാണ്.
മതവും രാഷ്ട്രവും എന്നും ഐക്യത്തിൽ കഴിയേണ്ടതും എന്നാൽ, ഒരിക്കലും ഒന്നിക്കാൻ പാടില്ലാത്തതുമായ സ്ഥാപനങ്ങളാണ് എന്നത് ചരിത്രവസ്തുതയാണ്. ധാരാളം തിക്താനുഭവങ്ങളും ചരിത്രത്തിൽ കാണാം. പക്ഷേ, ഇന്നും ഇതു തുടരുന്നു എന്നുള്ളത് ജീവിതത്തിന്റെ അസംബന്ധ യാഥാർഥ്യമാണ്.
മതത്തെ ആയുധവത്കരിക്കുന്നതും രാഷ്ട്രീയലാഭത്തിനുപയോഗിക്കുന്നതും ആരായാലും അത് പൊതുസമൂഹം തള്ളിക്കളയേണ്ടതുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം എന്ന ഒരു ചർച്ചയിൽ മാത്രം ഒതുങ്ങാതെയും അതിന്റെ മറവിൽ മറ്റു പൊളിറ്റിക്കൽ മതസംവിധാനങ്ങൾ മുതലെടുക്കാതെയും ശ്രദ്ധിക്കേണ്ടത് എല്ലാവരുടെയും കടമയാണ്; അത് പൊളിറ്റിക്കൽ ഹിന്ദുത്വ ആയാലും ക്രിസ്റ്റ്യാനിറ്റി ആയാലും.
പൊതുവെ പറയാറുള്ളത്, മതങ്ങൾ പുതിയ സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുകയും ഉദാഹരണത്തിന് കൊളോണിയൽ സംവിധാനം മൂലം, പുതിയ അനുയായികൾ ഉണ്ടാവുകയും ചെയ്യുമ്പോൾ മതത്തിന്റെ ആഴത്തിലുള്ള ആധ്യാത്മികതയ്ക്കും ബൗദ്ധികചിന്തയ്ക്കും ഒക്കെ നഷ്ടം വരുകയും ഉപരിപ്ലവമായ ഭക്തിക്കും വൈകാരികതയ്ക്കുമൊക്കെ മേൽക്കൈ ഉണ്ടാവുകയും ചെയ്യുന്നു എന്നാണ്. ഒരുപക്ഷേ, മാതാടിസ്ഥാനത്തിൽ അതിവേഗം സംഘടിക്കാനും ഭീകരാക്രമണം നടത്താനും ഈ പരിഷകൃത ലോകത്തും സാധിക്കുന്നു എന്നുള്ളതിന്റെ കാരണവും ഇതുതന്നെയാകാം.
അത്തരം മതാടിസ്ഥാനത്തിലുള്ള ശ്രമങ്ങളെ മുളയിലേ നുള്ളേണ്ടത് മനുഷ്യരുടെ അതിജീവനത്തിനുതന്നെ ആവശ്യമാണ്. ഇതു സാധിക്കേണ്ടത് മതങ്ങൾ പരസ്പരം സംശയിച്ചും കുറ്റം പറഞ്ഞുമല്ല. മറിച്ച്, അതതു മതങ്ങളുടെ ശരിയായ ആധ്യാത്മികതയിലുള്ള പരിശീലനവും അതുവഴി ഉപരിപ്ലവമായ വൈകാരിക അംശങ്ങളെ നിയന്ത്രിച്ചുകൊണ്ടുമാണ്. എന്തിനും ഏതിനും മതത്തിന്റെ പേരിൽ പൊതുനിരത്തുകൾ കൈയടക്കുന്നതും പൊതുജനങ്ങൾക്ക് തടസം വരുന്ന രീതിയിൽ മത്സരാടിസ്ഥാനത്തിൽ മതചടങ്ങുകൾ സംഘടിപ്പിക്കുന്നതും അക്രമത്തിൽ അവസാനിക്കുന്നതുമൊക്കെ മതങ്ങൾ കൂട്ടായി നിയന്ത്രിക്കാൻ തയാറാകുന്നത്, മതത്തിന്റെതന്നെ വിശ്വാസ്യത കൂട്ടാനേ ഉപകരിക്കൂ.
മതാത്മക അക്രമം എന്നുള്ളതുതന്നെ വൈരുധ്യമായി മാറണം. മത ആഘോഷങ്ങളിൽ കയറിക്കൂടിയിരിക്കുന്ന തീർത്തും മതാത്മകമല്ലാത്ത അംശങ്ങളുടെ ആധിക്യവും മറ്റൊരു പ്രശ്നമാണ്. ഇതും നിയന്ത്രിക്കപ്പെടണം. പക്ഷേ, പൂച്ചയ്ക്ക് ആര് മണികെട്ടും എന്നപോലെതന്നെയാണ് ഏതു മതം മുൻകൈയെടുക്കും എന്നതും. ഭാവിയിൽ യുവജനങ്ങൾ മതം ഉപേക്ഷിക്കാതിരിക്കാനും, ഇന്ന് വ്യാപകമാകുന്ന അക്രമത്തിനും അഴിമതിക്കും കൊലപാതകത്തിനും അപകടകരമായ മയക്കുമരുന്ന് ദുരുപയോഗത്തിനും ഒക്കെയുള്ള പരിഹാരത്തിന് മതങ്ങൾ നവീകരിക്കപ്പെടേണ്ടതും അവയുടെ അടിസ്ഥാന മൂല്യങ്ങളിലേക്ക് മടങ്ങിപ്പോയി വിശ്വാസ്യത വീണ്ടെടുക്കേണ്ടതും അത്യാവശ്യമാണ്. ഇതിന് മതാന്തര ചർച്ചകളും ബന്ധങ്ങളും എക്കാലത്തേക്കാളും ആവശ്യമായിരിക്കുന്നു. അല്ലെങ്കിൽ ഉറകെട്ട ഉപ്പുപോലെ മതങ്ങൾ പുറത്തേക്ക് വലിച്ചെറിയപ്പെടുകയും മനുഷ്യരാൽ ചവിട്ടിമെതിക്കപ്പെടുകയും ചെയ്യും.
-പ്രഫ. ഡോ. പി.ജെ. തോമസ് പത്തിൽച്ചിറ, ചങ്ങനാശേരി
Tags :