വർധിച്ചുവരുന്ന മത, വംശ, രാഷ്ട്രീയ വിദ്വേഷത്തെക്കുറിച്ചുള്ള ദീപിക മുഖപ്രസംഗം സന്ദർഭോചിതമായി. കുറേ മനുഷ്യരുടെ ജീവനുതന്നെ ഭീഷണിയായേക്കാവുന്ന രീതിയിൽ ഈ വിദ്വേഷം ഇന്ത്യയിൽ വളരാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് വളരെ ഗൗരവത്തിലുള്ളതാണ്. ചരിത്രത്തിൽ ഇത്തരം മുന്നറിയിപ്പുകൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെ ബോധപൂർവം അവഗണിക്കത്തക്ക രീതിയിലേക്കു വിദ്വേഷം മനുഷ്യമനസുകളെ ബാധിക്കുകയും അനേകം പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ജർമനിയിലെ യഹൂദ വംശഹത്യയും അർമേനിയയിലെയും നൈജീരിയയിലെയും ക്രിസ്ത്യൻ കൂട്ടക്കൊലയും ഗാസയിലെ മുസ്ലിം വംശഹത്യയും എല്ലാം നമ്മുടെ മുമ്പിലുണ്ട്. ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവർത്തിക്കപ്പെടും എന്ന് മാർക്സ് പറഞ്ഞുവച്ചിട്ടുണ്ട്. മനുഷ്യസംസ്കാരത്തിന്റെ ചരിത്രം, കാടത്തത്തിന്റേതുകൂടിയായിരിക്കുമെന്ന് ജർമൻ ചിന്തകനായ വാൾട്ടർ ബെന്യാമിൻ മുന്നറിയിപ്പ് തന്നിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും, ഇക്കാലത്തും വെറുപ്പും വിദ്വേഷവും രാഷ്ട്രീയ അധികാരത്തിനായും സാമ്പത്തിക നേട്ടത്തിനായും നാം വളർത്തുന്നു എന്നത് ദുഃഖകരമാണ്. ഇതിന്റെ ഇരയാകുന്നത് നാംതന്നെയാണെന്നുള്ള തിരിച്ചറിവില്ലാത്തത് അസംബന്ധമായ ജീവിത യഥാർഥ്യമാണ്. ഒരുപക്ഷേ ഈ ജീവഹാനിക്ക് നറുക്കു വീഴുന്നത് നമുക്കുതന്നെ ആയിരിക്കാം. നാസി പീഡന കാലത്ത് മാർട്ടിൻ നിമോളർ എന്ന പാസ്റ്റർ പറഞ്ഞത് ഈ അസംബന്ധ യഥാർഥ്യമാണ്. ആദ്യം അവർ സോഷ്യലിസ്റ്റുകളെ തേടിവന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു സോഷ്യലിസ്റ്റ് ആയിരുന്നില്ല. പിന്നീട് അവർ ട്രേഡ് യൂണിയനിസ്റ്റുകളെ തേടി വന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു ട്രേഡ് യൂണിയനിസ്റ്റ് ആയിരുന്നില്ല. പിന്നീട് അവർ യഹൂദരെ തേടിവന്നു, ഞാൻ എതിർത്തില്ല; കാരണം ഞാനൊരു യഹൂദനല്ലായിരുന്നു. അവസാനം അവർ എന്നെ തേടിവന്നു. അപ്പോൾ എതിർക്കാൻ ആരും ശേഷിച്ചില്ല എന്നുള്ള നിമോളറുടെ വാക്കുകൾ നാം ഇടയ്ക്ക് ഓർക്കേണ്ടതാണ്.
ദൂരെയുള്ളവരോടുള്ള സ്നേഹം, അടുത്തുള്ളവരോടുള്ള വെറുപ്പാണെന്ന് അമേരിക്കൻ ചിന്തകനായ എമേഴ്സൺ പറയുന്നു. നാം ഇതുവരെ ദൂരെയുള്ള വംശഹത്യയെക്കുറിച്ചും അതിൽ ജീവൻ നഷ്ടപ്പെട്ടവരെക്കുറിച്ചും പറയുകയും നമ്മുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തെങ്കിൽ, ഇനി നമ്മുടെതന്നെ ജനങ്ങളെക്കുറിച്ചു ചിന്തിക്കാൻ സമയമായി എന്നർഥം.
ഈ വംശീയവിദ്വേഷത്തിനും വെറുപ്പിനും നമുക്കിന്നുള്ള ശക്തമായ പരിഹാരമാർഗമാണ് നമ്മുടെ ജനാധിപത്യ സംവിധാനങ്ങൾ. ഇതിൽ ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പുകൾ തന്നെയാണ്. സ്വതന്ത്രമായി, വിമർശനബുദ്ധിയോടുകൂടി ഓരോ പൗരനും വോട്ട് ചെയ്യാൻ സാധിക്കുമ്പോഴാണ് നീതിപൂർവമായ ഒരു ഭരണസംവിധാനം ഉണ്ടാകുന്നത്. അത്തരം ഒരു ജനാധിപത്യ ഭരണസംവിധാനത്തിനു മാത്രമേ ഇത്തരം വംശ, മത വെറുപ്പിനെ ന്യായമായും ഉചിതമായും നേരിടാൻ സാധിക്കൂ. ജനാധിപത്യം എന്നതുതന്നെ demos (ജനം) എന്ന ഗ്രീക്ക് പദത്തിൽനിന്നു വരുന്നതാണല്ലോ. ജനങ്ങൾ നേരിട്ട് ഭരണം നിയന്ത്രിച്ചിരുന്ന ആഥൻസ് മോഡലിൽനിന്നാണല്ലോ ജനാധിപത്യം ഉടലെടുക്കുന്നതുതന്നെ. ഇന്ന് പല കാരണങ്ങളാൽ പ്രാതിനിധ്യ സ്വഭാവം കൈവരിച്ചു എന്നേയുള്ളൂ. ഇപ്പോഴും പൗരൻതന്നെയാണ് പ്രധാനമായുള്ളത്. എല്ലാവരെയും പൗരന്മാരായി കണ്ട് അവരുടെ പൊതുക്ഷേമത്തിനും സുരക്ഷയ്ക്കുംവേണ്ടിയുള്ള ഭരണസംവിധാനം ഏർപ്പെടുത്താൻ നാംതന്നെ തയാറാകണം. ഇതാണ് ജനാധിപത്യ ചിന്ത.
മറ്റു ജാതി, മത, സമുദായ ചിന്തകൾ ഈ ജനാധിപത്യ സംവിധാനത്തെ ബലാത്കാരമായി പിടിച്ചെടുക്കാൻ ശ്രമിക്കുന്നതും ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നതും സമ്മർദത്തിലാക്കുന്നതും തീർത്തും മനുഷ്യത്വരഹിതമായ, ജനാധിപത്യവിരുദ്ധമായ, ആത്മഹത്യാപരമായ പ്രവൃത്തിയാണ്. സമുദായ നേതാക്കൾ ആദരണീയർ തന്നെയാണ്. അവർക്ക് ജനങ്ങളുടെ ഇടയിൽ കുറേ സ്വാധീനം ഉണ്ടെന്നതും യഥാർഥ്യമാണ്. ഇതു പക്ഷേ ഉപയോഗിക്കേണ്ടത് മഹത്തരമായ ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്താൻവേണ്ടിയാണ്. ഇത് വലിയ ഉത്തരവാദിത്വമാണ്. അധികാരത്തേക്കാൾ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ മനഃപൂർവം സമുദായ സ്വത്വബോധം ആളിക്കത്തിക്കാൻ ശ്രമിക്കുന്നത് തെരഞ്ഞെടുപ്പിനെ അപഹാസ്യമാക്കും. ജനാധിപത്യത്തെ പരാജയപ്പെടുത്തും.
ഓരോരുത്തരും അവരവരുടെ മാത്രം അവകാശങ്ങൾക്കുവേണ്ടി ശ്രമിച്ചാൽ എല്ലാവരുടെയും അവകാശങ്ങൾ ഇല്ലാതാകുമെന്നും, മറിച്ച് ഓരോരുത്തരും എല്ലാവരുടെയും അവകാശങ്ങൾക്കുവേണ്ടി പരിശ്രമിച്ചാൽ മെച്ചപ്പെട്ട ഒരു ജീവിതാവസ്ഥ എല്ലാവർക്കും ഉണ്ടാകുമെന്നുമുള്ള ജനാധിപത്യബോധ്യം ഇന്നിന്റെ ആവശ്യമാണ്. ഇന്നത്തെ വിവര സാങ്കേതിക വിദ്യയും സമൂഹമാധ്യമങ്ങളുമൊക്കെ ജനങ്ങളെ ജാതി, മത, സമുദായ ചിന്തകൾക്കതീതമായ, ഒരു ജനാധിപത്യ പ്രബുദ്ധതയിലേക്ക് നയിക്കുമെന്ന് നമുക്കു പ്രത്യാശിക്കാം. ദുരന്തങ്ങൾ പ്രഹസനങ്ങളായി ആവർത്തിക്കാൻ ഇടവരാതിരിക്കട്ടെ.
-പ്രഫ. ഡോ. പി.ജെ. തോമസ്
Tags :