മെൽബണ്‍: ആഷസിലെ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യദിനം 20 വിക്കറ്റുകൾ വീണു. ബോക്സിംഗ് ഡേ ടെസ്റ്റിലാണ് ഇരുടീമുകളും അടിതെറ്റിവീണത്.
ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിംഗ്സിൽ ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയെ 152 റണ്‍സിന് ഇംഗ്ലണ്ട് എറിഞ്ഞിട്ടു. 49 പന്തിൽ 35 റണ്‍സെടുത്ത മൈക്കിൽ നെസർ ആണ് ഓസ്ട്രേലിയൻ നിരയിൽ ടോപ് സ്കോറർ. ഉസ്മാൻ ഖവാജ 29 റണ്‍സും അലക്സ് കാരി 20 റണ്‍സും നേടി.
ട്രാവിസ് ഹെഡ് (12), ജെയ്ക്ക് വെതറാൾഡ് (10), മാർനസ് ലാബുഷാഗ്നെ (6), സ്റ്റീവ് സ്മിത്ത് (9) എന്നിവർ ഇംഗ്ലണ്ടിന്റെ മുന്നിൽ അടിപതറി.
ഇംഗ്ലണ്ടിന്റെ ജോഷ് ടംഗിന്റെ മിന്നുന്ന പ്രകടമാണ് ഓസീസിനെ തകർത്തത്. 11.2 ഓവറിൽ 45 റണ്‍സ് വഴങ്ങി ടംഗ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ഗസ് ആറ്റ്കിൻസണ് രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനും ഓസീസ് ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല. 110 റണ്‍സിനിടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ് അവസാനിച്ചു. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് 34 പന്തിൽ 41 റണ്‍സ് നേടി. നായകൻ ബെൻ സ്റ്റോക്സ് 16 റണ്‍സും ഗസ് ആറ്റ്കിൻസണ് 28 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം പോലും കാണാൻ കഴിഞ്ഞില്ല.
ഓസീസിനായി മൈക്കിൽ നെസർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സ്കോട്ട് ബോളണ്ട് മൂന്നും മൈക്കിൾ സ്റ്റാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ബാറ്റിംഗ് ആരംഭിച്ച ഓസീസിസ് കളി അവസാനിക്കുന്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ നാല് റണ്‍സ് നേടി. ഇതോടെ ഓസീസിന്റെ ലീഡ് 46 റണ്‍സായി ഉയർന്നു.
Tags : cricket wickets Ashes Australia vs England