2025 വർഷം ഇന്ന് വിടപറയും. നാളെ പുതുവർഷം പിറക്കുന്പോൾ ഇന്ത്യൻ കായിക ലോകത്തിന് മികവ് സമ്മാനിച്ച ഒരു വർഷം അവസാനിച്ച് പ്രതീക്ഷയുടെ വർഷം പിറക്കും. ലോക കായിക രംഗത്ത് വിജയങ്ങളുടെ പെരുമ തെളിയിച്ച കാലമായിരുന്നു ഇന്ത്യക്ക് 2025. വനിതാ ക്രിക്കറ്റിലെ ലോക കിരീടത്തിനായുള്ള രാജ്യത്തിന്റെ കാത്തിരിപ്പ് അവസാനിച്ച വർഷം. ചെസിൽ ദിവ്യ ദേശ്മുഖും അത്ലറ്റിക്സിൽ നീരജ് ചോപ്രയും പാരാ ആർച്ചറിയിൽ ശീതൾ ദേവിയുമെല്ലാം രാജ്യത്തിന്റെ അഭിമാനം വാനോളമുയർത്തി.
2025 @ തുടക്കം
ജനുവരിയിൽ മലേഷ്യയിൽ നടന്ന അണ്ടർ 19 വനിതാ ട്വന്റി20 ലോകകപ്പിൽ ജേതാക്കളായാണ് ഇന്ത്യ 2025 കായികരംഗത്തെ വിജയക്കുതിപ്പിന് തുടക്കമിട്ടത്. ഇന്ത്യ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത് ഒന്‍പത് വിക്കറ്റിന്. അണ്ടർ 19 വനിതാ ലോകകപ്പിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടനേട്ടം.
ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ മലയാളിത്തിളക്കമായി വയനാട് കൽപറ്റ സ്വദേശിനി വി.ജെ. ജോഷിത.
വനിതകളുടെ പോരാട്ട വീര്യം
രണ്ട് തവണ കൈവിട്ടുപോയ വനിതാ ഏകദിന ലോകകപ്പ് കിരീടമെന്ന ഇന്ത്യൻ ടീമിന്റെ കാത്തിരിപ്പിനു വിരാമം സംഭവിച്ചു. ചരിത്രമെഴുതി ഹർമൻപ്രീത് കൗറും സംഘവും ലോകകപ്പുയർത്തി. ദക്ഷിണാഫ്രിക്കയെ 52 റണ്‍സിനു തോൽപിച്ച് ടീം ഇന്ത്യ ട്രോഫിയിൽ മുത്തമിട്ടു. വനിതാ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യ ട്രോഫി. തോറ്റും ജയിച്ചും പോരാടിയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചെത്തിയത്. ഫൈനലിൽ ഷെഫാലി വർമയായിരുന്നു താരം.
ഇന്ത്യ ചാന്പ്യൻ
ഐസിസി ഏകദിന ക്രിക്കറ്റ് കിരീടത്തിനായുള്ള 12 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യൻ പുരുഷ ടീം ചാന്പ്യൻസ് ട്രോഫി ജേതാക്കളായി. ദുബായിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിനെ നാല് വിക്കറ്റിനു തോൽപ്പിച്ചു. ചാന്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ മൂന്നാം കിരീടം.
ഏഷ്യൻ രാജാവ്
വിവാദങ്ങൾ നിറഞ്ഞ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് കിരീടം. സെപ്റ്റംബറിൽ ദുബായിൽ നടന്ന ടൂർണമെന്റ് ഫൈനലിൽ പാക്കിസ്ഥാനെതിരേ അഞ്ച് വിക്കറ്റ് ജയം. ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ ടീമിന്റെ ഒന്‍പതാം കിരീടം.
ചരിത്രത്തിലാദ്യം
രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഫൈനൽ കളിച്ച് കേരളം. ഫെബ്രുവരിയിൽ നാഗ്പുരിൽ നടന്ന ഫൈനൽ സമനിലയിൽ അവസാനിച്ചപ്പോൾ ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ വിദർഭ ചാന്പ്യൻമാരായി.
ആർസിബി കപ്പുയർത്തി
18 വർഷത്തെ ഐപിഎൽ കിരീടത്തിനുള്ള കാത്തിരിപ്പിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും വിരാട് കോഹ്ലിയും അവസാനമിട്ടു. ആവേശ ഫൈനലിൽ പഞ്ചാബ് കിംഗ്സിനെ വീഴ്ത്തിയാണ് ആർസിബി കപ്പുയർത്തിയത്.
ചരിത്രം എയ്ത് ശീതൾ
ലോക പാരാ ആർച്ചറിയിൽ ഇന്ത്യയുടെ ആദ്യ വനിതാ ലോക ചാന്പ്യനായി ജമ്മു കശ്മീർ സ്വദേശിനി ശീതൾ ദേവി. സെപ്റ്റംബറിൽ കൊറിയയിൽ നടന്ന ചാന്പ്യൻഷിപ്പിൽ വ്യക്തിഗത കോംപൗണ്ട് ആർച്ചറിയിലാണ് ഇരു കൈകളും ഇല്ലാതെ ഞാണ് വലിക്കുന്ന പതിനെട്ടുകാരി ശീതൾ ജേതാവായത്.
ദിവ്യം ചെസ്
വനിതാ ചെസിൽ ഇന്ത്യക്ക് പുതിയ ലോക ചാന്പ്യനെ കിട്ടിയ വർഷമാണ് 2025. വനിതാ ലോകകപ്പിൽ സഹതാരം കൊനേരു ഹംപിയെ തോൽപിച്ചാണ് ദിവ്യയുടെ ചരിത്രനേട്ടം. ലോകകപ്പ് ജേതാവുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന നേട്ടം സ്വന്തമാക്കിയ പത്തൊൻപതുകാരി ഗ്രാൻഡ് മാസ്റ്റർ പദവിയും സ്വന്തമാക്കി.
ലക്ഷ്യം നേടി
ബാഡ്മിന്റനിൽ കിരീട വരൾച്ച നേരിട്ട വർഷം ഇന്ത്യക്ക് ആശ്വാസമായത് ലക്ഷ്യ സെന്നിന്റെ വിജയം. ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ 500 ബാഡ്മിന്റനിൽ ജേതാവായ ഇരുപത്തിനാലുകാരൻ ലക്ഷ്യ ഫോമിലേക്ക് തിരിച്ചെത്തി. ഓഗസ്റ്റിൽ നടന്ന ലോക ചാംപ്യൻഷിപ്പിൽ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി ഡബിൾ സഖ്യം വെങ്കലം നേടി.
ഹോക്കി കിരീടം
എട്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഏഷ്യാ കപ്പ് പുരുഷ ഹോക്കി കിരീടം തിരിച്ചുപിടിച്ച് ഇന്ത്യൻ പുരുഷ ടീം. ഫൈനലിൽ നിലവിലെ ചാന്പ്യന്മാരായ ദക്ഷിണ കൊറിയയെ 4-1ന് തോൽപ്പിച്ചു. വനിതാ ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യ റണ്ണറപ്പായി.
നീരജ് @ 90
ജാവലിൻ ത്രോയിലെ സ്വപ്നദൂരമായ 90 മീറ്റർ ഇന്ത്യൻ താരം നീരജ് ചോപ്ര പിന്നിട്ട വർഷം കൂടിയാണ് മറയുന്നത്. മേയിൽ ദോഹ ഡയമണ്ട് ലീഗ് മീറ്റിൽ 90.23 മീറ്റർ ദൂരത്തിൽ ജാവലിൻ പായിച്ച നീരജ് കരിയറിലെ നിർണായക നേട്ടം സ്വന്തമാക്കി.
ഓഗസ്റ്റിൽ ഡയമണ്ട് ലീഗ് ഫൈനൽസിൽ നീരജ് വെള്ളിയും നേടി. ബംഗളൂരുവിൽ സ്വന്തം പേരിൽ നീരജ് ചോപ്ര ക്ലാസിക് മത്സരം നടത്തി. പ്രമുഖ താരങ്ങൾ പങ്കെടുത്ത മത്സരത്തിൽ നീരജ് ചോപ്ര സ്വർണം നേടി.
ഇന്ത്യന്‍ ഫുട്ബോള്‍ താഴേക്ക്!
തിരിച്ചടികളിലൂടെ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം സമീപകാലത്തെ ഏറ്റവും മോശം റാങ്കിംഗിലേക്ക് വീണപ്പോൾ വനിതകൾക്ക് അഭിമാന നിമിഷം. തായ്ലന്‍ഡ്്, ഇറാക്ക്, മംഗോളിയ തുടങ്ങിയവരെ തോൽപ്പിച്ച് എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത നേടി.
ചരിത്രം കുറിച്ച് മാളവിക
26 വർഷങ്ങൾക്കു ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിനായി ബൂട്ടണിഞ്ഞ മലയാളി പെണ്‍കുട്ടിയെന്ന നേട്ടം കാസർകോട് നീലേശ്വരം ബങ്കളം സ്വദേശി പി. മാളവികയ്ക്ക് സ്വന്തമായത് ഈ വർഷം.
ഡെംബലെ വർഷം
ഫ്രഞ്ച് താരം ഉസ്മാന് ഡെംബലെ ബാലണ്‍ദ്യോറും ഫിഫ ദ ബെസ്റ്റും നേടിയെങ്കിലും അർജന്റീനക്കാരൻ ലയണൽ മെസിയും പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നെയാണ് ആഗോള ഫുട്ബോളിനെ ഭരിച്ചത്.
മെസി ഇന്ത്യയില്‍
ലയണല്‍ മെസി കേരളത്തിലെത്തിയില്ലെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകരുടെ മനംനിറച്ച് രാജ്യത്ത് സന്ദര്‍ശനം നടത്തിയ വര്‍ഷം കൂടിയാണിത്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എത്തി. ക്രിക്കറ്റ് ഇതിഹാസം സച്ചിന്തെണ്ടുല്ക്കറടക്കമുള്ള താരങ്ങള്‍ക്കൊപ്പം ഒന്നിച്ച് കാണാനും ആരാധകര്‍ക്ക് അവസരം ലഭിച്ചു.

2025ൽ ഗൗതം ഗംഭീറിനും അജിത് അഗാർക്കറിനും വില്ലൻ പരിവേഷം ആരാധകർ നൽകിയപ്പോൾ നായകന്മാരായത് രോഹിത് ശർമയും വിരാട് കോഹ് ലിയുമാണ്. പ്രായം ബാധിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റിൽ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും കളിമികവോ ജനപ്രീതിയോ നഷ്ടമായിട്ടില്ലെന്ന് തെളിയിച്ചാണ് 2025 കടന്നുപോകുന്നത്.
വർഷാവസാനം നടന്ന രണ്ട് ഏകദിന പരന്പരകളിലും മികച്ച പ്രകടനത്തോടെ ഇരുവരും പ്രായത്തെ തോൽപിച്ചു. ഓസ്ട്രേലിയയ്ക്കെതിരേ രോഹിതും ദക്ഷിണാഫ്രിക്കക്കെതിരേ കോഹ്ലിയും പരന്പരയിലെ താരങ്ങളായി. ടെസ്റ്റിൽനിന്നും ട്വന്റി20ൽനിന്നും വിരമിച്ച ഇരുവരും ഏകദിനത്തിൽ മാത്രമാണ് ഇന്ത്യക്കുവേണ്ടി കളിക്കുന്നത്.
അപരാജിത സംഘമായി 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം രോഹിത്തിന്റെ സംഘം ചാന്പ്യൻസ് ട്രോഫി കിരീടം ചൂടി. ഒരു വർഷത്തിനിടയിലെ രണ്ടാം ഐസിസി കിരീടം.
2027 ലോകകപ്പ് കളിക്കണമെങ്കിൽ ബിസിസിഐ തെളിക്കുന്ന വഴിയെ സഞ്ചരിക്കണമെന്നവർ പറയാതെ പറഞ്ഞു. പിന്നീട് കോഹ്ലിയുടെയും രോഹിതിന്റെയും വന്പൻ തിരിച്ചുവരവ്. ഓസ്ട്രേലിയൻ പര്യടനത്തിലും ദക്ഷിണാഫ്രിക്കൻ പരന്പരയിലും ഇരുവരും തിളങ്ങി. രോഹിത് ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 348 റണ്‍സും കോഹ്ലി 376 റണ്‍സും നേടി. ഈ വർഷം ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയത് കോഹ്ലി യും രോഹിത്തു മായിരുന്നു. 651 റണ്‍സും 650ഉം. തങ്ങളുടെ ഫോമിനെയും ഫിറ്റ്നസിനെയും പ്രായത്തെയും സംശയിച്ചവർക്ക് ബാറ്റുകൊണ്ടാണ് ഇരുവരും മറുപടി നൽകിയത്.

സഞ്ജു ലോകകപ്പ് ടീമില്‍
മലയാളികളുടെ അഭിമാനതാരം സഞ്ജു സാംസണ് ഇന്ത്യൻ ട്വന്റി20 ടീമിലെ സ്ഥിരാംഗമായി. ഗില്ലിനെ ട്വന്റി 20 ടീമിൽനിന്ന് പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കാനുള്ള തീരുമാനം വന്നു. ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ചയായ തീരുമാനം.
2026ൽ സഞ്ജുവിനെ കാത്തിരിക്കുന്നത് ട്വന്റി 20 ലോകകപ്പാണ്.
ഐപിഎല്ലിൽ രാജസ്ഥാൻ ക്യാപ്റ്റനായിരുന്ന സഞ്ജുവിനെ 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കംഗ്്സ് സ്വന്തമാക്കിയതും ഈ വർഷം. രാജ്യാന്തര ട്വന്റി20യിൽ 1,000 റണ്‍സെന്ന നാഴികക്കല്ലും സഞ്ജു പിന്നിട്ടു.
സിന്നർ- അൽകരാസ്
ഗ്രാൻ സ്ലാം ചാന്പ്യൻഷിപ്പുകൾ യാനിക് സിന്നറും കാർലോസ് അൽകാരസും പങ്കിട്ടെടുത്തു. സിന്നർ ഓസ്ട്രേലിയൻ ഓപ്പണിലും വിംബിൾഡണിലും ജേതാവായപ്പോൾ ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും അൽകാരസിന് കിരീടം. വനിതകളിൽ നാല് ചാന്പ്യൻഷിപ്പുകളിൽ നാല് ചാന്പ്യൻമാർ.
വൈഭവ് മുതൽ ആരോണ്‍ വരെ
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവി ശോഭനമാക്കാൻ നിരവധി പേരുകൾ ഉയർന്നു വന്ന വർഷം കൂടിയാണ് 2025. ഐപിഎല്ലിൽ വെടിക്കെട്ടുമായി ശ്രദ്ധ നേടിയ വൈഭവ് സൂര്യവംശി, ആരോണ്‍ ജോർജ്, ആയുഷ് മാത്രെ, ദീപേഷ് ദേവേന്ദ്രൻ... പട്ടിക നീളുന്നു.
അണ്ടർ 19 ഏഷ്യ കപ്പിലെ മലയാളി താരം ആരോണ്‍ ജോർജിന്റെ പ്രകടനം ശ്രദ്ധ നേടി. അണ്ടർ 19 ഏഷ്യ കപ്പിൽ മലേഷ്യക്കെതിരേ 125 പന്തിൽ 209 റണ്‍സ് നേടിയ അഭിഖ്യാന്‍ കുണ്ടുവും മറ്റൊരു താരോദയമാണ്. ദീപേഷ് ദേവേന്ദ്രൻ, ഖിലാൻ പട്ടേൽ, കൻഷിക് ചൗഹാൻ തുടങ്ങിയവരും മികവ് പുലർത്തിയവരാണ്.
പന്ത് എങ്ങോട്ട്..?
ഏകദിന ഫോർമാറ്റിൽ റിഷഭ് പന്തിനെ ഇന്ത്യൻ ജഴ്സിയിൽ കണ്ടിട്ട് ഒന്നരവർഷമാകുന്നു. ട്വന്റി 20യിലും സമാനം. താരത്തിന്റെ കരിയർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാത്രം ചുരുങ്ങുന്നുവോയെന്നതാണ് 2025 അവശേഷിപ്പിക്കുന്ന ചോദ്യം. കെ.എൽ. രാഹുൽ, ഇഷാൻ കിഷൻ, ധ്രുവ് ജുറല്‍ എന്നിവര്‍ പന്തിന് വെല്ലുവിളിയുയർത്തി നീലക്കുപ്പായത്തിനായി കാത്തിരിക്കുന്നു.
പന്തിന്റെ ഏകദിന കരിയെറുടുത്താൽ തിളക്കം കുറവാണ്. 31 മത്സരങ്ങളിൽനിന്ന് 871 റണ്‍സ് മാത്രം. ഒരു സെഞ്ചുറിയും അഞ്ച് അർദ്ധ സെഞ്ചുറിയും.
സൂപ്പർ സ്റ്റാറായി സ്റ്റാർക്
11 ടെസ്റ്റിൽ 55 വിക്കറ്റ് വീഴ്ത്തി സ്റ്റാർക് സൂപ്പർ സ്റ്റാറായ വർഷമാണ് കടന്നുപോകുന്നത്. വസീം അക്രത്തെ മറിടകന്ന്, ടെസ്റ്റിൽ കൂടുതൽ വിക്കറ്റ് നേടുന്ന ഇടംകൈയൻ പേസർ എന്ന റിക്കാർഡും (428) സ്വന്തമാക്കി.
കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് കണ്ടത് ഈ ആഷസ് പരന്പരയിലാണ്. പെർത്ത് ടെസ്റ്റിൽ 58 റണ്‍സിന് ഇംഗ്ലണ്ടിന്റെ ഏഴ് വിക്കറ്റുകൾ വീഴ്ത്തി.
ബവുമയുടെ വർഷം
ലോക ക്രിക്കറ്റിലെ നിർഭാഗ്യവാൻമാരെന്ന പേരുള്ളവരാണ് പ്രോട്ടീസ്. 27 വർഷമായി ഒരു ഐസിസി കിരീടത്തിനായുള്ള കാത്തിരിപ്പിലായിരുന്നു. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ തകർത്ത് ദക്ഷിണാഫ്രിക്ക ഐസിസി ടെസ്റ്റ് ചാന്പ്യൻഷിപ്പ് കിരീടം സ്വന്തമാക്കി.
ക്യാപ്റ്റൻ ടെംബ ബവുമയുടെ വർഷം കൂടിയാണ് 2025. ടെസ്റ്റ് ടീമിനെ വിജയപാതയില്‍ താരം നയിച്ചു. നായകനെന്ന നിലയിൽ ടെസ്റ്റിൽ സമാനതയില്ലാത്ത വിജയ ശതമാനവും താരത്തിനുണ്ട്.
നോറിസ് ചാന്പ്യൻ
ഫോർമുല വണ്ണിൽ പുതിയ കിരീടാവകാശിയെയും കായികലോകം കണ്ടു. ഫോർമുല വണ്‍ ട്രാക്കിൽ റെഡ്ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പന്റെ ആധിപത്യം അവസാനിപ്പിച്ച് ലാൻഡോ നോറിസ് ചാന്പ്യനായി. തുടർച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടെത്തിയ വെർസ്റ്റപ്പനെ നോറിസ് പിന്നിലാക്കിയത് വെറും രണ്ടു പോയിന്റിന്.
അർമാൻഡ് അമാനുഷികം
പോൾവോൾട്ടിൽ അർമാൻഡ് ഡുപ്ലാന്റിസ് സ്വന്തം റിക്കാർഡുകൾ തകർത്ത് മുന്നേറിയ വർഷമാണ് കടന്ന് പോകുന്നത്. 2025ൽ ലോക റിക്കാർഡ് തിരുത്തിക്കുറിച്ചത് നാലുതവണ. കരിയറിൽ പതിനാല് തവണ സ്വന്തം ലോക റിക്കാർഡ് തിരുത്തിയ ഡുപ്ലാന്റിസിന്റെ പുതിയ ഉയരം 6.30 മീറ്റർ.
സ്ക്വാഷില്‍ ചരിത്രം
സ്ക്വാഷ് ലോകകപ്പിൽ ഹോങ്കോംഗിനെ തകർത്ത് ഇന്ത്യക്ക് ആദ്യ കിരീടം. കബഡി ലോകകപ്പിൽ ഇന്ത്യൻ വനിതകൾ കിരീടം നിലനിർത്തി. ലോക ബോക്സിംഗ് ചാന്പ്യൻഷിപ്പിൽ ജാസ്മിൻ ലംബോറിയയ്ക്കും മീനാക്ഷി ഹൂഡയ്ക്കും സ്വർണം.
Tags : 2025 Sports World Sports history making achievements