റായ്പുർ: ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ രണ്ടാം മത്സരം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 359 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകൾ ശേഷിക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. നാല് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ജയത്തോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ 1-1 ഇന്ത്യയ്ക്കൊപ്പമെത്തി.
എയ്ഡൻ മാർക്രത്തിന്‍റെ സെഞ്ചുറി കരുത്തിലാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 98 പന്തുകളിൽ നാല് സിക്സും 10 ഫോറും ഉൾപ്പെടെ 110 റണ്‍സാണ് മാർക്രം അടിച്ചു കൂട്ടിയത്. ക്യാപ്റ്റൻ തെംബ ബാവുമയും മാർക്രത്തിന് ഉറച്ച പിന്തുണ നൽകി. ബാവുമ 48 പന്തിൽ 46 റണ്‍സ് നേടി. ഇരുവരും ചേർന്ന് 101 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തു.
മാത്യു ബ്രീറ്റ്സ്കെയും ഡെവാൾഡ് ബ്രെവിസും അർധ സെഞ്ചുറി പ്രകടനവുമായി തിളങ്ങി. ബ്രീറ്റ്സ്കെ 64 പന്തിൽ 68 റണ്‍സും ബ്രെവിസ് 34 പന്തിൽ 54 റണ്‍സും നേടി.
പരിക്കുമൂലം ടോണി ഡി സോർസി (17) കളംവിട്ടു. പിന്നീട് കോർബിൻ ബോഷും (15 പന്തിൽ 26) കേശവ് മഹാരാജും (14 പന്തിൽ 10) ചേർന്ന് ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.
ഇന്ത്യയ്ക്കായി പ്രസിദ് കൃഷ്ണയും അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹർഷിദ് റാണയും കുൽദീപ് യാദവും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 358 റണ്‍സ് നേടിയത്. ഋതുരാജ് ഗെയ്ക്വാദിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 83 പന്തിൽ രണ്ട് സിക്സും 12 ഫോറും ഉൾപ്പെടെ 105 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. താരത്തിന്റെ കന്നി സെഞ്ചുറിയായിരുന്നു.
കോഹ്ലി 93 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 102 റണ്‍സെടുത്താണ് മടങ്ങിയത്. കോഹ്ലിയുടെ തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറിയും 53-ാമത്തെ ഏകദിന സെഞ്ചുറിയുമായിരുന്നു.
നായകൻ കെ.എൽ. രാഹുലും ഇന്ത്യയ്ക്കായി മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. പുറത്താകാതെ രാഹുൽ 43 പന്തിൽ രണ്ട് സിക്സും ആറ് ഫോറും ഉൾപ്പെടെ 66 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും പുറത്താകാതെ 24 റണ്‍സെടുത്തു. യശ്വസി ജയ്സ്വാൾ 22 റണ്‍സും രോഹിൽ ശർമ 14 റണ്‍സും നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസെൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ലുംഗി എൻഗിഡിയും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : India vs South Africa Cricket Aiden Markram