സ്പെയിൻ: ഏഴ് വർഷത്തെ ഒന്നിച്ചുള്ള പോരാട്ടത്തിനുശേഷം സ്പെയിന്റെ ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം കാർലോസ് അൽകരാസും പരിശീലകൻ ജുവാൻ കാർലോസ് ഫെറേറോയും വേർപിരിഞ്ഞു.
ഫെറേറോയുമൊന്നിച്ചുള്ള ഇക്കാലയളവിൽ ആറ് ഗ്രാൻഡ് സ്ലാം കിരീടവും ലോക ഒന്നാം നന്പർ സ്ഥാനവും അൽകരാസ് നേടിയിരുന്നു.
പതിനഞ്ചാം വയസിൽ അൽകാരസിനെ പരിശീലിപ്പിക്കാൻ തുടങ്ങിയ ഫെറേറോ ഗ്രാൻഡ് സ്ലാമുകളിൽ ഒരു പ്രധാന ശക്തിയായി അൽകരാസ് മാറുന്നതിന് മുന്‍പ് എടിപി ടൂറിൽ നിരവധി കിരീടങ്ങൾ നേടിക്കൊടുത്തിരുന്നു. ക്ലേ കോർട്ട് സ്പെഷലിസ്റ്റിൽ നിന്ന് എല്ലാ മേഖലകളിലും ആധിപത്യം പുലർത്തുന്ന കളിക്കാരനായി അൽകാരസിനെ ഇക്കാലയളവിൽ മാറ്റാനും ഫെറേറോയ്ക്ക് സാധിച്ചു.
ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍ കിരീടങ്ങളുമായി വർഷം പൂർത്തിയാക്കിയ അൽകരാസ് എട്ട് കിരീടങ്ങൾ നേടി. കരിയറിൽ രണ്ടാം തവണയും വർഷാവസാനം ഒന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തു.
അതേസമയം ഫെറേറോയുമായി വേർപിരിയാനുള്ള കാരണം അൽകരാസ് വ്യക്തമാക്കിയില്ല.
Tags : Alcaraz-Ferraro alliance breaks up Spain Tennis player