ഹൈദരാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്കുള്ള ക്ഷണം കാത്തിരിക്കുന്ന സര്‍ഫറാസ് ഖാന്, രഞ്ജി ട്രോഫിയില്‍ ഹൈദരാബാദിനെതിരേ ഇരട്ടസെഞ്ചുറി നേടി.
മുംബൈയുടെ താരമായ സര്‍ഫറാസ് 219 പന്ത് നേരിട്ട് 227 റണ്‍സ് അടിച്ചെടുത്തു. ക്യാപ്റ്റന്‍ സിദ്ധേഷ് ലാഡും (104) മുംബൈക്കായി തിളങ്ങി. ഇവരുടെ സെഞ്ചുറി ഇന്നിംഗ്സുകള്‍ക്കു പുറമേ സുവേദ് പാര്‍ക്കറും (75) മികച്ച ബാറ്റിംഗ് കാഴ്ചവച്ചതോടെ മുംബൈയുടെ ഒന്നാം ഇന്നിംഗ്സ് 560ല്‍ എത്തി.
മറുപടിക്കു ക്രീസിലെത്തിയ ഹൈദരാബാദ്, രണ്ടാംദിനം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എടുത്തിട്ടുണ്ട്.
ഗില്ലും സംഘവും തോറ്റു
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ പഞ്ചാബ് 194 റണ്‍സിന് സൗരാഷ്ട്രയ്ക്കു മുന്നില്‍ തോല്‍വി വഴങ്ങി. രണ്ടാം ദിനം രണ്ടു ടീമിന്റെയും രണ്ട് ഇന്നിംഗ്സും അവസാനിച്ചു. സ്കോര്‍: സൗരാഷ്ട്ര 172, 286. പഞ്ചാബ് 139, 125.
ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിനു പുറത്തായ ശുഭ്മാന്‍ ഗില്‍, ഇന്നലെ രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തി. 32 പന്തില്‍ 14 റണ്‍സ് മാത്രമായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ഗില്ലിന്റെ സമ്പാദ്യം.
സൗരാഷ്ട്രയുടെ ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജ (7, 46 & രണ്ട് വിക്കറ്റ്) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. രണ്ട് ഇന്നിംഗ്സിലും അഞ്ച് വിക്കറ്റ് വീതം വീഴ്ത്തിയ സൗരാഷ്ട്രയുടെ പാര്‍ത്ത് ബട്ടാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ആദ്യ ഇന്നിംഗ്സില്‍ പാര്‍ത്ത് പുറത്താകാതെ 37 റണ്‍സും എടുത്തിരുന്നു.
Tags : Sarfaraz Khan Ranji Trophy Cricket double century