പല്ലേക്കല്ലേ: സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ പാക്കിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമിയിൽ പ്രവേശിച്ചു. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്. സ്കോർ: പാക്കിസ്ഥാൻ 164/9 ഇംഗ്ലണ്ട് 166/8 (19.1).
165 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് വിജയമുറപ്പിച്ചത്. 51 പന്തുകളിൽ 100 റൺസ് നേടിയാണ് ബ്രൂക്ക് പുറത്തായത്. തകർച്ചയോടെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്.
ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ടിനെ പുറത്താക്കി ഷഹീൻ അഫ്രീദി പാക്കിസ്ഥാന് ഗംഭീര തുടക്കം സമ്മാനിച്ചു. പിന്നാലെ ജോസ് ബട്ലറെയും കൂടാരം കയറ്റി ഷഹീൻ ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കി. 17-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ വൺഡൗണായിറങ്ങിയ ബ്രൂക്ക് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചെത്തി.
വന്നവരെല്ലാം നിരനിരയായി മടങ്ങിയപ്പോഴും ബ്രൂക്ക് പിടികൊടുത്തില്ല. ജേക്കബ് ബെത്തൽ (എട്ട്), ടോം ബാന്റൺ (രണ്ട്) എന്നിവരും നിരാശപ്പെടുത്തി. ഏറെക്കുറെ ഒറ്റയ്ക്കാണ് ബ്രൂക്ക് ഇംഗ്ലീഷ് ഇന്നിംഗ്സ് മുന്നോട്ടുനയിച്ചത്. 58-4 എന്ന നിലയിൽ നിന്ന് ബ്രൂക്ക് ടീമിനെ കരകയറ്റിയത്.
ബ്രൂക്കിന് പുറമെ 28 റണ്‍സെടുത്ത വില്‍ ജാക്സും 16 റണ്‍സെടുത്ത സം കറനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ രണ്ടക്കം കടന്നത്. പാക്കിസ്ഥാനുവേണ്ടി ഷഹീൻ അഫ്രീദി നാലു വിക്കറ്റെടുത്തു. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസെടുത്തത്.
അര്‍ധസെഞ്ചുറി നേടിയ ഓപ്പണർ ഷാഹിബ്സാദ ഫര്ഹാൻ (45 പന്തില്‍ 63) ആണ് പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍. തോൽവിയോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് അവർക്കുള്ളത്.
Tags : t20 world cup england pakistan england win