കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ടോസ്നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക 49.3 ഓവറിൽ 219 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് 22 ബോളും അഞ്ചുവിക്കറ്റും കൈയിലിരിക്കെ ലക്ഷ്യത്തിലെത്തി.
സ്കോർ: ശ്രീലങ്ക 219/10 (49.3) ഇംഗ്ലണ്ട് 223/5 (46.2). ഓൾ റൗണ്ട് പ്രകടനം പുറത്തെടുത്ത ജോ റൂട്ടാണ് (75 റൺസ്, രണ്ട് വിക്കറ്റ്, രണ്ട് ക്യാച്ച് ) ഇംഗ്ലണ്ടിന്റെ ജയം എളുപ്പമാക്കിയത്. റൂട്ടിനെ കളിയിലെ താരവും തെരഞ്ഞെടുത്തു. ഹാരി ബ്രൂക്ക് (42) ജോസ് ബട്ലർ (33) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു.
ലങ്കയ്ക്കായി ധനഞ്ജയ ഡി സിൽവയും ജെഫ്രി വാൻഡർസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ടോസ്നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്കയെ ഇംഗ്ലീഷ് ബൗളർമാർ വരിഞ്ഞു മുറുക്കി. 45 റൺസ് നേടിയ ക്യാപ്റ്റൻ ചരിത് അസലങ്കയാണ് അവരുടെ ടോപ് സ്കോറർ.
ധനഞ്ജയ ഡി സിൽവ (40) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും മറ്റാർക്കും പിടിച്ചു നിൽക്കാനായില്ല. ഇംഗണ്ടിനായി ജാമി ഓവർട്ടണും ആദിൽ റഷീദും ജോ റൂട്ടും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും 1 -1 ഒപ്പത്തിനൊപ്പമായി.
Tags : second ODI England Sri Lanka England win