ബുലവായോ: ഇന്ത്യയുടെ മലയാളിതാരം ആരോണ്‍ ജോര്‍ജും വൈഭവ് സൂര്യവംശിയും ആയുഷ് മാത്രെയുമെല്ലാം വായോ, ബുലവായോയിലേക്ക് എന്നു ക്രിക്കറ്റ് ആരാധകരെ ക്ഷണിക്കുന്നു...
ഐസിസി 2026 പുരുഷ അണ്ടര്‍ 19 ഏകദിന ലോകകപ്പ് ക്രിക്കറ്റിന് ഇന്നു മുതല്‍ തുടക്കം. സിംബാബ് വെയും നമീബിയയും സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് സിംബാബ് വെയിലെ ബുലവായോയില്‍ ഇന്ത്യ അമേരിക്കയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് മത്സരം. ഹരാരെയില്‍ സിംബാബ്വെയും സ്കോട്ട്ലന്‍ഡും നമീബിയയിലെ വിന്ഡ്ഹൂക്കില് ടാന്‍സാനിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലും ഇന്നുച്ചയ്ക്ക് ഒരു മണിക്ക് ഏറ്റുമുട്ടും. ഫൈനല്‍ അടക്കമുള്ള എല്ലാ മത്സരങ്ങളും ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ്.
16 ടീമുകള്‍, നാല് ഗ്രൂപ്പ്
നാല് ഗ്രൂപ്പുകളായി 16 ടീമുകളാണ് ഈ ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, അമേരിക്ക ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ സൂപ്പര്‍ സിക്സ് റൗണ്ടിലേക്കു കടക്കും. സൂപ്പര്‍ സിക്സില് രണ്ട് ഗ്രൂപ്പുണ്ട്. സൂപ്പര്‍ സിക്സിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് സെമിയില്‍ പ്രവേശിക്കുക. ഫെബ്രുവരി ആറിന് ഹരാരെയിലാണ് ഫൈനല്‍. ഓസ്ട്രേലിയയാണ് നിലവിലെ ചാമ്പ്യന്മാര്. ഫൈനലില്‍ ഇന്ത്യയെ 79 റണ്‍സിനു കീഴടക്കിയായിരുന്നു ഓസ്ട്രേലിയ കപ്പുയര്‍ത്തിയത്.
സൂപ്പര്‍ സ്റ്റാര്‍ വൈഭവ്
അണ്ടര്‍ 19 ലോകകപ്പ് ആണെങ്കിലും 14കാരനായ വൈഭവ് സൂര്യവംശിയാണ് ടൂര്‍ണമെന്റിന്റെ സൂപ്പര്‍ സ്റ്റാര്‍. 2025 ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനുവേണ്ടി 38 പന്തില്‍ 101 റണ്‍സ് അടിച്ചുകൂട്ടിയതു മുതല്‍ ക്രിക്കറ്റ് ലോകത്തിന്റെ കണ്ണിലുണ്ണിയാണ് വൈഭവ് സൂര്യവംശി. പുരുഷ ലിസ്റ്റ് എയില്‍ അതിവേഗം 150 (59 പന്തില്‍), യൂത്ത് ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍ (95 പന്തില്‍ 171) തുടങ്ങിയ ഒരുപിടി റിക്കാര്‍ഡുകള്‍ ഇതിനോടകം വൈഭവ് സൂര്യവംശി സ്വന്തം പേരിലാക്കിക്കഴിഞ്ഞു.
ഈ മാസം ആദ്യം നടന്ന ദക്ഷിണാഫ്രിക്ക അണ്ടര്‍ 19ന് എതിരായ പരമ്പരയില്‍ ഒരു സെഞ്ചുറിയും (127) അര്‍ധസെഞ്ചുറിയും (68) വൈഭവ് നേടിയിരുന്നു.
ആരോണ്‍, മാത്രെ
വൈഭവിനൊപ്പം ഇന്ത്യയുടെ ലോകകപ്പ് കിരീട സ്വപ്നത്തില്‍ നിര്‍ണായ സ്ഥാനമുള്ള കളിക്കാരാണ് ക്യാപ്റ്റന്‍ ആയുഷ് മാത്രെയും മലയാളി ബാറ്റര്‍ ആരോണ്‍ ജോര്‍ജും വിഹാന് മല്ഹോത്രയുമെല്ലാം. പരിക്കിനെത്തുടര്‍ന്നുള്ള വിശ്രമത്തിനുശേഷമാണ് മാത്രെ ടീമില്‍ ചേര്‍ന്നിരിക്കുന്നത്.
ദക്ഷിണാഫ്രിക്ക അണ്ടര്‍ 19ന് എതിരായ പരമ്പരയില്‍ ആരോണ്‍ ജോര്‍ജ് സെഞ്ചുറി (118) നേടിയിരുന്നു. സ്കോട്ട്ലന്‍ഡിന് എതിരായ പരിശീലന മത്സരത്തില്‍ അര്‍ധസെഞ്ചുറിയും (61) സ്വന്തമാക്കി. കോട്ടയത്തുവേരുള്ള ആരോണ്‍ ജോര്‍ജ്, ഹൈദരാബാദിനായാണ് ആഭ്യന്തരം കളിക്കുന്നത്.
ഹലോ, ടാന്‍സാനിയ
2026 അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ സര്‍പ്രൈസാണ് ടാന്‍സാനിയ. സഹആതിഥേയരായ നമീബിയയ്ക്ക് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കാന്‍ സാധിച്ചില്ല. എന്നാല്‍, ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ അഞ്ച് മത്സരങ്ങളും ജയിച്ച് ടാന്‍സാനിയ ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കി. നമീബിയ, കെനിയ ടീമുകളെ പിന്തള്ളിയാണ് ടാന്‍സാനിയയുടെ വരവ്. ലോകകപ്പ് ചരിത്രത്തില്‍ ടാന്‍സാനിയയുടെ ആദ്യ എന്‍ട്രിയാണിത്.
ടാന്‍സാനിയയ്ക്ക് ഒപ്പം ജപ്പാനും ഈ ലോകകപ്പിലെ സര്‍പ്രൈസ് എന്‍ട്രിയാണ്. ജപ്പാന് അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുന്നത് ഇതു രണ്ടാം തവണ. 2020 എഡിഷനിലൂടെയായിരുന്നു അരങ്ങേറ്റം.
Tags : ICC Under 19 ODI cricket World Cup