ക്വീൻസ് ലാൻഡ്: ഓസ്ട്രേയിലയ്ക്കെതിരായ ട്വന്റി-20യിൽ ഇന്ത്യയ്ക്ക് ജയം. 48 റണ്‍സിന്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലെത്തി. ശനിയാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യമത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യ ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 18.2 ഓവറിൽ 119 റണ്‍സിന് ഓൾഔട്ടായി. ഇന്ത്യയുടെ സ്പിൻ കെണിയിൽ ഓസീസ് താരങ്ങൾ കറങ്ങി വീഴുകയായിരുന്നു.
ഓസീസ് ഓപ്പണറുമാരായ മിച്ചൽ മാർഷിനും മാത്യു ഷോർട്ടിനും മാത്രമാണ് ഇന്ത്യൻ ബൗളിംഗിനുമുന്നിൽ അൽപമെങ്കിലും പിടിച്ചുനിൽക്കാനായത്. മിച്ചൽ മാർഷ് 30 റണ്‍സും മാത്യു ഷോർട്ട് 25 റണ്‍സും നേടി. മിച്ചൽ മാർഷാണ് ഓസീസ് നിരയിൽ ടോപ് സ്കോറർ.
ജോഷ് ഇംഗ്ലിസ് 12 റണ്‍സും ടിം ഡേവിഡ് 14 റണ്‍സും മാർക്കസ് സ്റ്റോയിൻസ് 17 റണ്‍സുമെടുത്തു.
ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദർ 1.2 ഓവറിൽ മൂന്ന് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ശിവം ദുബെയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 167 റണ്‍സ് നേടിയത്. ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണറുമാരായ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് ഒരുക്കിയത്. 21 പന്തിൽ 28 റണ്‍സെടുത്ത അഭിഷേകിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. ഗിൽ 39 പന്തിൽ 46 റണ്‍സെടുത്തു. ഗില്ലാണ് ഇന്ത്യൻ നിരയിൽ ടോപ് സ്കോറർ.
ശിവം ദുബെ 22 റണ്‍സും സൂര്യകുമാർ യാദവ് 20 റണ്‍സും നേടി. അക്സർ പട്ടേൽ പുറത്താകാതെ 11 പന്തിൽ 21 റണ്‍സെടുത്തു.
ഓസ്ട്രേലിയയ്ക്കായി നഥാൻ എല്ലിസും ആദം സാന്പയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
Tags : Australia vs India Cricket Mitchell Marsh (c) Matthew Short Josh Inglis (wk) Tim David Josh Philippe Marcus Stoinis Glenn Maxwell Ben Dwarshuis Xavier Bartlett Nathan Ellis Adam Zampa Abhishek Sharma Shubman Gill Suryakumar Yadav (c) Tilak Varma Axar Patel Washington Sundar Jitesh Sharma (wk) Shivam Dube Arshdeep Singh Varun Chakaravarthy Jasprit Bumrah