തിരുവനന്തപുരം: ഇന്ത്യ - ന്യൂസിലന്റ് ടി20 പരമ്പരയിലെ അവസാന മത്സരത്തിനായി ഇരു ടീമുകളും തലസ്ഥാനത്തെത്തി. പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ തിരുവനന്തപുരത്തെത്തിയ ടീമിന് കെസിഎ ട്രഷറർ ടി. അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് നൽകി.
പ്രിയതാരങ്ങളെ ഒരു നോക്ക് കാണാൻ നിരവധി ആരാധകരാണ് വിമാനത്താവള പരിസരത്ത് തടിച്ചുകൂടിയിരുന്നത്. ആവേശഭരിതരായ കായികപ്രേമികളുടെ ഹർഷാരവങ്ങൾക്കിടയിലൂടെ കനത്ത സുരക്ഷാ വലയത്തിലാണ് താരങ്ങളെ പുറത്തേക്ക് എത്തിച്ചത്.
ടീമുകളുടെ സന്ദർശനം പ്രമാണിച്ച് വിമാനത്താവളം മുതൽ ഹോട്ടലുകൾ വരെയും സ്റ്റേഡിയം പരിസരത്തും കനത്ത പോലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിന് കോവളത്തെ ലീലാ റാവിസ് ഹോട്ടലിലും ന്യൂസിലാന്റ് ടീമിന് ഹയാത്ത് റീജൻസിയിലുമാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകുന്നേരം എഴിനാണ് മത്സരം. മത്സരത്തോടനുബന്ധിച്ച് വിമാനത്താവളം, ഹോട്ടലുകൾ, ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്നിവിടങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Tags : T20 india newzeland Thiruvananthapuram