മുംബൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയത്തുടക്കം. ആദ്യ മത്സരത്തിൽ 29 റൺസിന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ.
സ്കോർ: ഇന്ത്യ 161/9 യുഎസ്എ 132/8. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന്, അർഷ്ദീപ് സിംഗ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടും വരുൺ ചക്രവർത്തി ഒരു വിക്കറ്റുമെടുത്തു. 162 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത യുഎസിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു.
3.2 ഓവറിൽ 13 റൺസിനിടെ അവർക്ക് ആൻഡ്രിസ് ഗസ് (ആറ്), ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ (0), സായ്തേജ മുക്കാമല്ല (രണ്ട്) എന്നിവരെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിലിന്ദ് കുമാർ - സഞ്ജയ് കൃഷ്ണമൂർത്തി സഖ്യം സ്കോർ 71ൽ എത്തിച്ചു.
12-ാം ഓവറിൽ മിലിന്ദിനെ മടക്കി വരുൺ ചക്രവർത്തി ഈ സഖ്യം പൊളിച്ചു. 34 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 34 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ 27 റൺസ് ചേർക്കുന്നതിനിടെ സഞ്ജയുടെ വിക്കറ്റും അവർക്ക് നഷ്ടമായി. 31 പന്തിൽ നിന്ന് 37 റൺസെടുത്ത താരത്തെ അക്ഷർ പട്ടേലാണ് വീഴ്ത്തിയത്.
തൊട്ടടുത്ത പന്തിൽ ഹർമീത് സിങ്ങിനെയും (0) അക്ഷർ പുറത്താക്കി. 22 പന്തിൽ നിന്ന് 37 റൺസുമായി ശുഭം രഞ്ജാനെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ യുഎസ്എ ബൗളർമാർ ഞെട്ടിച്ചു. രണ്ടാ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ അഭിഷേക് ശർമയെ ഗോൾഡ് ഡക്കായി അലി ഖാൻ മടക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യ നാല് സിക്സും 10 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്നു. യുഎസിനായി പേസർ ഷാഡ്ലി വാൻ ഷാൽക്വിക്ക് നാലു വിക്കറ്റ് വീഴ്ത്തി.
Tags : t20 world cup india usa india win