രാജ്കോട്ട്: ഈ വർഷത്തെ ആദ്യ ഏകദിന പരന്പര നേട്ടം ലക്ഷ്യമിട്ട് ഇന്ത്യൻ സീനിയർ ക്രിക്കറ്റ് ടീം രാജ്കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ ഇറങ്ങുന്നു. ന്യൂസിലൻഡിന് എതിരായ രണ്ടാം ഏകദിനം ഉച്ചകഴിഞ്ഞ് 1.30ന് രാജ്കോട്ടിൽ ആരംഭിക്കും.
ആദ്യ ഏകദിനത്തിൽ നാല് വിക്കറ്റ് ജയം നേടിയ ഇന്ത്യയുടെ ലക്ഷ്യം, ഇന്നും ജയം നേടി പരന്പര സ്വന്തമാക്കുകയാണ്. സൂപ്പർ താരം വിരാട് കോഹ്ലിയുടെ (91 പന്തിൽ 93) മാച്ച് വിന്നിംഗ് ഇന്നിംഗ്സിലൂടെയായിരുന്നു വഡോദരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യ നാല് വിക്കറ്റ് ജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (71 പന്തിൽ 56), ശ്രേയസ് അയ്യർ (47 പന്തിൽ 49) എന്നിവരുടെ ഉത്തരവാദിത്തമുള്ള ഇന്നിംഗ്സുകളും വഡോദരയിൽ ഇന്ത്യയുടെ കരുത്തായി.
50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 300 റണ്‍സ് സ്കോർ ചെയ്യുകയും ഇന്ത്യയുടെ ജയം 49 ഓവർ വരെ നീട്ടുകയും ചെയ്തതിന്റെ ടാക്റ്റിക്കൽ ആത്മവിശ്വാസം കിവീസിനുണ്ട്. 20-30 റണ്‍സ് കൂടുതൽ എടുക്കാൻ സാധിച്ചാൽ ജയം സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ന്യൂസിലൻഡ്.
ഇന്ത്യക്കു നാലു ജയം
ഇന്നത്തെ മത്സരം നടക്കുന്ന, രാജ്കോട്ടിലെ പുതിയ സ്റ്റേഡിയത്തിൽ ഇതുവരെ ഒരു ടീമും ചേസ് ചെയ്തു ജയിച്ചിട്ടില്ലെന്നത് ശ്രദ്ധേയം. വഡോദരയിൽ വിരാട് കോഹ്ലി പുറത്തായതിനുശേഷം ഇന്ത്യ ചേസ് ചെയ്യുന്നതിൽ വിഷമിച്ചിരുന്നു.
രാജ്കോട്ടിൽ ഇന്ത്യ രണ്ട് തവണ ഓസ്ട്രേലിയയെയും ഓരോ തവണ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളെയും ഇതുവരെ കീഴടക്കിയിട്ടുണ്ട്.
വാഷിംഗ്ടണ്‍ സുന്ദർ പരിക്കേറ്റു പുറത്തായ പശ്ചാത്തലത്തിൽ ടീമിലുൾപ്പെട്ട ആയുഷ് ബദോനിക്ക് അരങ്ങേറാനുള്ള അവസരം ലഭിക്കുമോ എന്ന് ഇന്നറിയാം. വഡോദരയിൽ അഞ്ച് ഓവർ മാത്രമായിരുന്നു പാർട്ട് ടൈം ബൗളറായി സമീപനാളിൽ കളിക്കുന്ന വാഷിംഗ്ടണ്‍ സുന്ദർ എറിഞ്ഞത്.
ടീമിന്റെ ഭാഗമായുള്ള നിതീഷ് കുമാർ റെഡ്ഡിയും പ്ലേയിംഗ് ഇലവനിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്. പേസ് നിരയിൽ പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം അർഷദീപ് സിംഗ് കളിക്കാനാണ് സാധ്യത.
Tags : India Zealand 2nd ODI Cricket Rajkot