വിശാഖപട്ടണം: വിശാഖപട്ടണത്ത് ഇന്നു കപ്പ് പോരാട്ടം. ഇന്ത്യ x ദക്ഷിണാഫ്രിക്ക മൂന്നു മത്സര ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ട്രോഫി ആര്‍ക്കെന്നു നിശ്ചയിക്കുന്ന അവസാന അങ്കം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം. റാഞ്ചിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യ 17 റണ്‍സ് ജയം നേടിയപ്പോള്‍ റായ്പുരിലെ രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിനു വെന്നിക്കൊടി പാറിച്ചു. ഇതോടെ ഇന്നത്തെ മത്സരം കപ്പ് ജേതാക്കളെ നിശ്ചയിക്കാനുള്ളതായി മാറി.
ജയിച്ചില്ലേല്‍ നാണക്കേട്
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടു മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പര 2-0ന് അടിയറവച്ചശേഷമാണ് ഇന്ത്യ ഏകദിനം കളിക്കാന്‍ ഇറങ്ങിയത്. ഏകദിനത്തില്‍ മാത്രം ദേശീയ ജഴ്സിയില്‍ കളിക്കുന്ന രോഹിത് ശര്‍മയും വിരാട് കോഹ്ലിയും മികച്ചു നിന്നു. കോഹ്ലി രണ്ട് മത്സരത്തിലും സെഞ്ചുറി നേടിയപ്പോള്‍ രോഹിത് ആദ്യ ഏകദിനത്തില്‍ അര്‍ധശതകം സ്വന്തമാക്കി.
കോഹ്ലി രാജ്യാന്തര ഏകദിനത്തില്‍ 11-ാം തവണയാണ് തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ സെഞ്ചുറി നേടുന്നത്. താരത്തിന്റെ പ്രകടനം ഇന്നും ആരാധകര്‍ ഉറ്റുനോക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്വാദ് നാലാം നമ്പറില്‍ ഉറയ്ക്കാനുള്ള തയാറെടുപ്പിലാണ്.
എന്നാല്‍, ഇന്നു ജയിച്ചില്ലെങ്കില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പന്‍ നാണക്കേടാണ്. 2021-22ല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലായിരുന്നു, ഒരു പര്യടനത്തില്‍/ടൂറില്‍ ടെസ്റ്റും ഏകദിനവും ഇന്ത്യന്‍ ടീം അവസാനമായി കൈവിട്ടത്. അതേസമയം, അന്ന് സ്വന്തം നാട്ടില്‍ ഇന്ത്യയെ വെറുംകൈയോടെ പറഞ്ഞയച്ചത് ഇന്ന് ഇന്ത്യയില്‍വച്ച് ആവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ് ദക്ഷിണാഫ്രിക്ക.
ടോസ് നിര്‍ണായകം
രാത്രിയില്‍ മഞ്ഞിന്റെ സാന്നിധ്യമുള്ളതിനാല്‍ ടോസ് നിര്‍ണായകമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും ഇന്ത്യക്കു ടോസ് ലഭിക്കാതിരിക്കുകയും ആദ്യം ബാറ്റിംഗിന് ഇറങ്ങേണ്ടിവരുകയും ചെയ്തിരുന്നു. ടേസ് നേടി ബൗളിംഗ് തെരഞ്ഞെടുക്കുകയാണ് കെ.എല്‍. രാഹുലിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന ഇന്ത്യയുടെ സ്വപ്നം. പ്രത്യേകിച്ച് രണ്ട് ന്യൂബോള്‍ നിയമത്തില്‍ കളിക്കുന്നതിനാല്‍. ആദ്യം ലഭിച്ച രണ്ട് ന്യൂബോളുകളില്‍ ഏതാണ് 35-50വരെയുള്ള ഓവറില്‍ ഉപയോഗിക്കേണ്ടതെന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നതോടെയാണ് മത്സരം മാറിമറിയുന്നത്.
റാഞ്ചിയില്‍ ഇന്ത്യയുടെ വരുതിയില്‍ കാര്യങ്ങള്‍ നിന്നു. എന്നാല്‍, റായ്പുരില്‍ രണ്ട് ന്യൂബോള്‍ ഉപയോഗിച്ച് ആദ്യ 34 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ദക്ഷിണാഫ്രിക്ക ഇന്ത്യ എടുത്തതിനേക്കാള്‍ 35 റണ്‍സ് പിന്നിലായിരുന്നു. എന്നാല്‍, തുടര്‍ന്നു പഴയ പന്തിലേക്കു കാര്യങ്ങള്‍ നീങ്ങിയതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിലേക്കു തിരിച്ചെത്തി, ജയം സ്വന്തമാക്കി. റാഞ്ചി, റായ്പുര്‍ എന്നിവിടങ്ങളിലേതിനേക്കാള്‍ വിശാഖപട്ടണത്തില്‍ അന്തരീക്ഷ ഊഷ്മാവ് കൂടുതലുണ്ടെന്നതും ശ്രദ്ധേയം.
അവസാനം 1986-87
ഇന്ത്യയില്‍ ഏതെങ്കിലും ഒരു ടീം ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അവസാനമായി സ്വന്തമാക്കിയത് 1986-87ല്‍ ആയിരുന്നു. അന്ന് പാക്കിസ്ഥാന് 1-0ന് ടെസ്റ്റിലും 5-1ന് ഏകദിനത്തിലും ഇന്ത്യയെ തോല്‍പ്പിച്ചു.
ഇന്നു ജയിച്ചില്ലെങ്കില്‍ 38 വര്‍ഷത്തിനുശേഷം ഒരു പരമ്പരയിലെ ടെസ്റ്റിലും ഏകദിനത്തിലും ടീം ഇന്ത്യക്കു സ്വന്തം നാട്ടില്‍ തലതാഴ്ത്തേണ്ടിവരും. ആ നാണക്കേടിലേക്കുകൂടി ടീം ഇന്ത്യയെ തള്ളിവിടാനുള്ള ശ്രമത്തിലാണ്, 2000നുശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക.
Tags : Cricket India South Africa Visakhapatnam 3rd ODI