പലാഷ് മുഖലും സ്മൃതി മന്ദാനയും
സ്മൃതി മന്ദാന; സൗന്ദര്യവും ക്രിക്കറ്റ് വൈഭവവുംകൊണ്ട് ആരാധകരുടെ ഹൃദയത്തില്‍ കൂടുകൂട്ടിയവള്‍. നിലവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഗ്ലാമര്‍ മുഖം. പലാഷ് മുഖലുമായുള്ള ഏറെനാളത്തെ പ്രണയത്തിനുശേഷം വിവാഹത്തിലേക്കു കടക്കാനൊരുങ്ങിയിരിക്കുന്നു. എന്നാല്‍, സ്മൃതിയുടെ പിതാവിന്റെ ഹൃദയസംബന്ധ പ്രശ്നങ്ങളെത്തുടര്‍ന്ന് വിവാഹച്ചടങ്ങ് തല്ക്കാലം മാറ്റിവച്ചിരിക്കുകയാണ്. ഈ സന്ദര്‍ഭത്തിന്റെ അപ്രതീക്ഷിത മാനസിക സമ്മര്‍ദങ്ങളെത്തുടര്‍ന്ന് പലാഷിനെയും സാങ്ഗ്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു.
മുംബൈയിലാണ് സ്മൃതി ജനിച്ചതെങ്കിലും വളര്‍ന്നത് മഹാരാഷ്ട്രയിലെ സാങ്ഗ്ലിയിലായിരുന്നു. മഞ്ഞളിന്റെ നാടെന്നാണ് സാങ്ഗ്ലി അറിയപ്പെടുന്നത്. മഞ്ഞളിന്റെ നാട്ടില്‍ വളര്‍ന്ന സ്മൃതി എങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിമാറി...
പഠിച്ചതും വളര്‍ന്നതും സാങ്ഗ്ലിയില്
1996 ജൂലൈയില്‍ മുംബൈയിലായിരുന്നു സ്മൃതി മന്ദാനയുടെ ജനനം. എന്നാൽ, രണ്ടാം വയസിൽ സാങ്ഗ്ലി ജില്ലയിലെ മാധവ്നഗറിലേക്കു സ്മൃതിയുടെ കുടുംബം ചേക്കേറി. പ്രാദേശിക സ്കൂളില്‍ വിദ്യാഭ്യാസം. തുടര്‍ന്ന് സാങ്ഗ്ലിയിലെ ചിന്താമണ്‍ റാവു കൊമേഴ്സ് കോളജില്‍നിന്ന് ഡിഗ്രി.
എന്നാല്‍, വിദ്യാഭ്യാസത്തിനൊപ്പം ക്രിക്കറ്റും സ്മൃതി മന്ദാന വശത്താക്കി. കാരണം, സ്മൃതിയുടെ അച്ഛനും ചേട്ടന്മാരും പ്രാദേശികമായി ക്രിക്കറ്റ് കളിക്കുന്നവരായിരുന്നു. ചേട്ടന്മാര് സ്റ്റേറ്റ് ലെവല്‍ ക്രിക്കറ്റ് കളിക്കുന്നതിനും സ്മൃതി സാക്ഷിയായി.
ഒമ്പതാം വയസില്‍ അണ്ടര്‍ 15 ടീമില്‍
ക്രിക്കറ്റ് വീട്ടിലെ വിഷയങ്ങളിലൊന്നായത് സ്മൃതിയുടെ കരിയറിനു ഗുണം ചെയ്തു. ഒമ്പതാം വയസില്‍ മഹാരാഷ്ട്ര അണ്ടര്‍ 15 ടീമിലേക്ക് സ്മൃതിക്കു ക്ഷണമെത്തി. 11-ാം വയസില്‍ മഹാരാഷ്ട്ര അണ്ടര്‍ 19 ടീമിലും സ്മൃതിക്ക് ഇടംലഭിച്ചു. ക്രിക്കറ്റ് അക്കാദമികളിലൂടെ അല്ലായിുന്നു സ്മൃതിയുടെ കരിയര്‍ തുടങ്ങിയത്. സ്കൂള്‍ മണിക്കൂറുകള്‍ക്ക് മുമ്പുംശേഷവും നടത്തിയ ഇടവിടാതെയുള്ള പ്രാദേശിക പരിശീലനമായിരുന്നു സ്മൃതിയുടെ കരുത്ത്.
കൗമാരത്തിലേ തരംഗം
16-ാം വയസില്‍ ആഭ്യന്തര അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ 224 നോട്ടൗട്ടുമായി ദേശീയ തലത്തില്‍ ശ്രദ്ധപിടിച്ചുവാങ്ങി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റിക്കാര്‍ഡായിരുന്നു അന്ന് സ്മൃതി കുറിച്ചത്. അതോടെ ദേശീയ ടീം സെലക്ടര്‍മാരുടെ കണ്ണ് സ്മൃതിയില്‍ ഉടക്കി, ഇന്ത്യയുടെ ഭാവിതാരത്തെ അവര്‍ സ്മൃതിയില്‍ കണ്ടു.
17-ാം വയസില്‍
2013ല്‍ തന്റെ 17-ാം വയസില്‍ സ്മൃതി ഇന്ത്യന്‍ ജഴ്സി അണിഞ്ഞു. 2013 ഏപ്രില്‍ അഞ്ചിന് വഡോദരയില്‍ ബംഗ്ലാദേശിനെതിരേ ആയിരുന്നു ട്വന്റി-20 അരങ്ങേറ്റം. ഏപ്രില്‍ 10ന് അഹമ്മദാബാദില്‍വച്ച് ബംഗ്ലാദേശിനെതിരേതന്നെ ഏകദിനത്തിലും അരങ്ങേറി. അങ്ങേറ്റ ട്വന്റി-20 ഇന്നിംഗ്സില്‍ 36 പന്തില്‍ 39 റണ്‍സ്, ഏകദിനത്തില്‍ 35 പന്തില്‍ 25.
2016ല്‍ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ കന്നി രാജ്യാന്തര സെഞ്ചുറി നേടി. അതേവര്‍ഷം ഐസിസി വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഏകദിനത്തില്‍ 117 മത്സരങ്ങളില്‍നിന്ന് 14 സെഞ്ചുറിയും 34 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 5322 റണ്‍സ് നേടി. ഏഴ് ടെസ്റ്റില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 629 റണ്‍സ്, 153 ട്വന്റി-20 കളിച്ച് ഒരു സെഞ്ചുറിയും 31 അര്‍ധസെഞ്ചുറിയും ഉള്‍പ്പെടെ 3982 റണ്‍സും സ്മൃതി ഇതുവരെ സ്വന്തമാക്കി.
ഇന്ത്യക്കായി ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (14), ഏകദിനത്തില്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ (14) രണ്ടാം സ്ഥാനം, ഒരു ടൂര്‍ണമെന്റില്‍ (ലോകകപ്പ്) ഏറ്റവും കൂടുതല്‍ സെഞ്ചുറി (5), ഒരു കലണ്ടര്‍ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് (1362) തുടങ്ങി ഒരുപിടി റിക്കാര്‍ഡുകള്‍ 29കാരിയായ സ്മൃതിയുടെ പേരില്‍ നിലവിലുണ്ട്.
Tags : Mandhana cricket lovers Smriti Mandhana international cricketer Indian team wedding Palash Muchhal