മൂവാറ്റുപുഴ: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന എംജി യൂണിവേഴ്സിറ്റി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂവാറ്റുപുഴ നിര്‍മല കോളജ് ചാമ്പ്യന്മാര്. ലീഗ് റൗണ്ടിലെ മൂന്നു മത്സരങ്ങളില്‍നിന്ന് ഏഴു പോയിന്റുമായാണ് നിര്‍മല കോളജ് ചാമ്പ്യന്മാരായത്.
യൂണിവേഴ്സിറ്റിയിലെ 150 കോളജുകള്‍ തമ്മില്‍ നോര്‍ത്ത്, സൗത്ത് സോണുകളായി നടന്ന മത്സരത്തില്‍ മുന്നിലെത്തിയ നാല് ടീമുകളായിരുന്നു ലീഗ് മത്സരത്തിൽ പങ്കെടുത്തത്.
ആദ്യമത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ മഹാരാജാസ് കോളജിനെ നിർമല കോളജ് 2-1ന് പരാജയപ്പെടുത്തി. തുടര്‍ന്നു നടന്ന മത്സരത്തില്‍ ബസേലിയോസ് കോളജിനെ 3-2ന് പരാജയപ്പെടുത്തിയും അവസാന ലീഗ് മത്സരത്തില്‍ കോതമംഗലം എംഎ കോളജിനോടു സമനില (1-1) വഴങ്ങുകയും ചെയ്തതോടെയാണു നിർമല കോളജ് ചാന്പ്യൻമാരായത്. നിര്‍മല കോളജിലെ അദിന് ബിജു ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡും നിര്‍മലയുടെ ക്യാപ്റ്റന്‍ സി. ഫര്ഹാന് മികച്ച ഗോള്‍ കീപ്പര്‍ അവാര്‍ഡും കരസ്ഥമാക്കി.
രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് നിര്‍മല കോളജ് എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരാകുന്നത്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ എംജി യൂണിവേഴ്സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു.
Tags : MG University Football Nirmala College Muvattupuzha champions