മുംബൈ: ഐസിസി പുരുഷ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ നേപ്പാളിന് 185 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റണ്‍സെടുത്തു.
ജേക്കബ് ബെഥേലിന്‍റെയും ഹാരി ബ്രൂക്കിന്‍റെയും അർധ സെഞ്ചുറി പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ടനിലയിലെത്തിച്ചത്. ജേക്കബ് ബെഥേൽ 35 പന്തിൽ നാല് സിക്സും നാല് ഫോറും ഉൾപ്പെടെ 55 റണ്‍സ് നേടി. ഹാരി ബ്രൂക്ക് 32 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ 53 റണ്‍സും അടിച്ചെടുത്തു.
ജോസ് ബട്ട്ലർ 17 പന്തിൽ 26 റണ്‍സ് നേടി. അവസാന ഓവറുകളിൽ വിൽ ജാക്ക്സ് തകർത്തടിച്ചത് ഇംഗ്ലണ്ടിന് കരുത്തായി. 18 പന്തിൽ നാല് സിക്സും ഒരു ഫോറും ഉൾപ്പെടെ 39 റണ്‍സുമായി ജാക്ക്സ് പുറത്താകാതെ നിന്നു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
നേപ്പാളിനായി ദിപേന്ദ്ര സിംഗ് ഐറിയും നന്ദൻ യാദവും രണ്ട് വിക്കറ്റ് വീതം നേടി. സന്ദീപ് ലാമിച്ചാനെയും ഷേർ മല്ലയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Tags : ICC Men's T20 World Cup England vs Nepal cricket