ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ നമീബിയക്കെതിരെ നെതർലൻഡ്‌സിന് തകർപ്പൻ ജയം. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏഴു വിക്കറ്റിനാണ് ഡച്ച് ടീമിന്‍റെ വിജയം. നമീബിയ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം18 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നെതർലൻഡ്‌സ് മറികടന്നു.
പന്തുകൊണ്ടും പിന്നീട് ബാറ്റ് കൊണ്ടും മിന്നുന്ന പ്രകടനം കാഴ്ചവച്ച ബാസ് ഡി ലീഡ് ആണ് നെതർലൻഡ്സിന് അനായാസ വിജയം സമ്മാനിച്ചത്. 48 പന്തിൽ നിന്ന് അഞ്ച് ഫോറുകളും നാല് സിക്സറുകളും ഉൾപ്പെടെ 72 റൺസെടുത്ത ബാസ് ഡി ലീഡ് പുറത്താകാതെ നിന്നു.
കോളിൻ അക്കർമാൻ (32), ഓപ്പണർ മൈക്കൽ ലെവിറ്റ് (28), നായകൻ സ്കോട്ട് എഡ്വേർഡ്‌സ് (18*) എന്നിവരും താരത്തിന് മികച്ച പിന്തുണ നല്കി. നമീബിയയ്ക്കു വേണ്ടി ബെർണാഡ് ഷോൾസ്, റൂബൻ ട്രംപൽമാൻ, ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ നമീബിയ 42 റൺസെടുത്ത ജാൻ നിക്കോൾ ലോഫ്റ്റി ഈറ്റോണിന്‍റെ ബലത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. താരത്തെ കൂടാതെ, ജാൻ ഫ്രൈലിങ്ക് (30), ജെ.ജെ. സ്മിത്ത് (22), നായകൻ ജെർഹാർഡ് ഇറാസ്മസ് (18) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
നെതർലൻഡ്സിനു വേണ്ടി ലോഗൻ വാൻ ബീക്, ബാസ് ഡെ ലീഡ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ആര്യൻ ദത്ത്, ഫ്രെഡ് ക്ലാസൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് പോയന്‍റുമായി നെതര്‍ലന്‍ഡ്സ് നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. ഈ വിജയത്തോടെ ഡച്ച് ടീമിന്‍റെ സൂപ്പർ എട്ട് സാധ്യതകൾ സജീവമായി.
Tags : Netherlands Namibia T20 Worldcup Cricket