ഹാമിൽട്ടൺ: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ വെസ്റ്റ് ഇൻഡീസിന് സമ്പൂർണ തോൽവി. മൂന്നാമത്തെയും അവസാനത്തേതുമായ മത്സരത്തിൽ നാല് വിക്കറ്റിനാണ് കിവീസ് ജയം സ്വന്തമാക്കിയത്. നേരത്തെ അഞ്ച് മത്സര ട്വന്റി-20 പരമ്പര കിവീസ് 3 - 1 എന്ന നിലയിൽ സ്വന്തമാക്കിയിരുന്നു.
ആശ്വാസ ജയം തേടിയിറങ്ങി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 36.2 ഓവറിൽ 161 റൺസിന് ഓൾഔട്ടായി. 38 റൺസ് നേടിയ റോഷ്ടൺ ചേസാണ് വിൻഡീസ് നിരയിലെ ടോപ്പ് സ്കോറർ. മറ്റാരും സ്കോറിംഗിൽ കാര്യമായ സംഭാവന ചെയ്തില്ല.
കിവീസിനായി മാറ്റ് ഹെൻട്രി നാല് വിക്കറ്റുകൾ വീഴ്ത്തി. ജേക്കബ് ഡഫി, മിച്ചൽ സാറ്റ്നർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
30.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ കിവീസ് ലക്ഷ്യം മറികടന്നു. മാർക്ക് ചാപ്മാൻ (64) നേടിയ അർധ സെഞ്ചുറിയാണ് കിവീസ് ജയം അനായാസമാക്കിയത്. 40 റൺസ് നേടിയ മൈക്കിൾ ബ്രേസ്വെലും കിവീസ് നിരയിൽ തിളങ്ങി. വിൻഡീസിനായി മാത്യു ഫോർഡ്, ജയ്ഡൽ സീൽസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.
നാല് വിക്കറ്റ് നേടിയ മാറ്റ് ഹെൻട്രിയാണ് മത്സരത്തിലെ താരം. മൂന്ന് ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ പിഴുത കെയിൽ ജാമിസൺ പരമ്പരയുടെ താരമായി.
Tags : cricket odi clean sweep white wash Matt Henry Kyle Jamieson