റിയാദ്: സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയുടെ പോര്‍ച്ചുഗീസ് ഇതിഹാസ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പ്രതിഷേധ സമരത്തിലെന്നു സൂചന. ഇതിന്റെ ഭാഗമായാണ് അല്‍ അഹ്ലി സൗദി എഫ്സിക്ക് എതിരായ മത്സരത്തില്‍ അല്‍ നസറിനായി റൊണാള്‍ഡോ ഇറങ്ങാതിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അൽ അഹ്ലിക്കെതിരേ സാദിയൊ മാനെയുടെ ഗോളിലൂടെ അല്‍ നസര്‍ 1-0നു ജയിച്ചു.
പിഐഎഫ് (പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ഓഫ് സൗദി അറേബ്യ) ഉപയോഗിക്കുന്നതില്‍ പക്ഷപാതമുണ്ടെന്നാണ് റൊണാള്‍ഡോയുടെ പ്രതിഷേധത്തിന്റെ കാരണം. അല്‍ നസര്‍, അല്‍ ഹിലാല്‍, അല്‍ എത്തിഹാദ് തുടങ്ങിയ ടീമുകളിലെല്ലാം പിഐഎഫ് ഫണ്ട് ഉപയോഗിച്ചാണ് സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി എതിര് ടീമുകളേക്കാള്‍ കുറവ് പിഐഎഫ് മാത്രമേ അല്‍ നസറിനു ലഭിക്കുന്നുള്ളൂ എന്നാണ് ആക്ഷേപം.
അല്‍ അഹ്ലിക്കെതിരേ റൊണാള്‍ഡോ പുറത്തിരുന്നതിനു പിന്നാലെ, നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാല്‍ എഫ്സി ഫ്രഞ്ച് താരം കരിം ബെന്‍സെമയുമായി കാരാര്‍ ഒപ്പിട്ടു. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള അല്‍ ഹിലാലും അല്‍ നസറും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്.
Tags : Ronaldo war Cristiano Ronaldo Saudi Pro League Al Nassr FC