മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇന്നു സൂപ്പര്‍ ക്ലാഷ്. സ്പാനിഷ് ലാ ലിഗ കരുത്തരായ റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും. റയലിന്റെ തട്ടകമായ സാന്റിയാഗൊ ബര്ണബ്യൂവിലാണ് ഈ വമ്പന്‍ പോരാട്ടം. ഇന്ത്യന്‍ സമയം ഈ രാത്രി 1.30നാണ് കിക്കോഫ്.
ഞായറാഴ്ച സ്പാനിഷ് ലാ ലിഗയില്‍ സെല്‍റ്റ വിഗോയ്ക്കെതിരേ 2-0ന്റെ അപ്രതീക്ഷിത തോല്‍വി വഴങ്ങിയശേഷമാണ് റയല്‍ ഇന്നിറങ്ങുന്നത്. ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ അവസാനം കളിച്ച മത്സരത്തില്‍ സിറ്റി 3-0ന് സണ്ടര്‍ലന്‍ഡിനെ കീഴടക്കി. എന്നാല്‍, ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞ മത്സരത്തില്‍ ലെവര്കൂസെനോട് 2-0ന് സിറ്റി പരാജയപ്പെട്ടിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ അവസാന മത്സരത്തില്‍ ഏഴ് ഗോള്‍ ത്രില്ലറില്‍ റയല്‍ മാഡ്രിഡ് 4-3ന് ഒളിമ്പ്യാകസിനെ കീഴടക്കി.
ആശാനെതിരേ ശിഷ്യന്
റയല്‍ മാഡ്രിഡ് x മാഞ്ചസ്റ്റര്‍ സിറ്റി പോരാട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം ഇരു ടീമിന്റെയും മാനേജര്‍മാരായ സാബി അലോണ്‍സോയും പെപ് ഗ്വാര്‍ഡിയോളയും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ്. മാനേജര്‍മാരായി ഇരുവരും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ആശാനെതിരേ ശിഷ്യന് എന്നതാണ് ഇരുവരും തമ്മിലുള്ള മുഖാമുഖത്തിന്റെ പ്രത്യേകത.
ജര്‍മന്‍ ക്ലബ്ബായ ബയേണ്‍ മ്യൂണിക്കിന്റെ കളിക്കാരാനിയിരുന്നപ്പോള് സാബി അലോണ്‍സോയുടെ ആശാനായിരുന്നു പെപ് ഗ്വാര്‍ഡിയോള. 2014-16 കാലഘട്ടത്തിലായിരുന്നു അലോണ്‍സോയെ ഗ്വാര്‍ഡിയോള പരിശീലിപ്പിച്ചത്. ഗ്വാര്‍ഡിയോളയുടെ ശിക്ഷണത്തില്‍ അസോണ്സോ 79 മത്സരങ്ങളില്‍ ബയേണ്‍ ജഴ്സി അണിഞ്ഞു. അതില്‍ 58 എണ്ണം ജയിച്ചു.
12 മത്സരം സമനിലയിലായി. ഒമ്പത് എണ്ണത്തില്‍ മാത്രമായിരുന്നു പരാജയപ്പെട്ടത്. പെപ്പിന്റെ ശിഷ്യനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ തന്ത്രങ്ങളെക്കുറിച്ച് സാബിക്ക് മുന്പരിചയമുണ്ടെന്നതാണ് വാസ്തവം. ലാ ലിഗയില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള റയലിന്റെ മാനേജര്‍ സ്ഥാനത്തുനിന്ന് അലോണ്‍സോയെ പുറത്താക്കണമെന്ന ആവശ്യവും ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. പഴയ ആശാനെതിരായ മത്സരം അലോണ്‍സോയ്ക്ക് നിലനില്‍പ്പിനുള്ള പോരാട്ടംകൂടിയാണെന്നു ചുരുക്കം.
15-ാം മുഖാമുഖം
യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ ഇറങ്ങുന്നത് ഇതു 15-ാം തവണ. കഴിഞ്ഞ 14 ഏറ്റുമുട്ടലുകളില്‍ അഞ്ച് ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് മുന്നില്‍. റയലിന് നാല് ജയം മാത്രമാണ് നേടാന്‍ സാധിച്ചത്. അഞ്ച് മത്സരം സമനിലയില്‍ കലാശിച്ചു. അവസാനം നേര്‍ക്കുനേര്‍ ഇറങ്ങിയ രണ്ട് മത്സരങ്ങളിലും റയല്‍ മാഡ്രിഡിനായിരുന്നു ജയം.
36 ടീമുകള്‍ മത്സരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് സ്റ്റാന്‍ഡിംഗില്‍, അഞ്ച് മത്സരങ്ങളില്‍നിന്ന് 12 പോയിന്റുമായി അഞ്ചാമതാണ് റയല്‍ മാഡ്രിഡ്. 10 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റി ഒമ്പതാമതും.
Tags : Champions League Real x Manchester City Foodball