ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിന്റെ പത്താമുദയം ഇന്ന്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 10-ാമത് ലോകകപ്പിന് ഇന്നു തുടക്കം. ഉദ്ഘാടനദിനമായ ഇന്ന് മൂന്നു മത്സരങ്ങള്‍ അരങ്ങേറും.
പാക്കിസ്ഥാനും നെതര്‍ലന്‍ഡ്സും തമ്മില്‍ രാവിലെ 11നാണ് ആദ്യ മത്സരം. കൊളംബോയിലാണ് പാക്കിസ്ഥാന്റെ മത്സരങ്ങള്‍. ഉച്ചകഴിഞ്ഞ് മൂന്നിന് കോല്‍ക്കത്ത ഈന്ഡന് ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസും സ്കോട്ട്ലന്‍ഡും ഏറ്റുമുട്ടും.
രാത്രി ഏഴിന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യയും യുഎസ്എയും തമ്മിലാണ് ഇന്നത്തെ അവസാന മത്സരം. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍. പാക്കിസ്ഥാന് ഫൈനലില്‍ പ്രവേശിച്ചാല്‍ കലാശപ്പോരാട്ടത്തിനു കൊളംബോ വേദിയാകും. അല്ലെങ്കില്‍ അഹമ്മദാബാദില്‍ ഫൈനല്‍ അരങ്ങേറും.
ആഘോഷം
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇന്ത്യ x യുഎസ്എ പോരാട്ടത്തിനു മുമ്പ് ലോകകപ്പിന്റെ ഉദ്ഘാടന ആഘോഷം നടക്കും. വൈകുന്നേരം ആറ് മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ഋഷഭ് ശര്‍മ, ശിവമണി, ബാദ്ഷാ എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്കൊപ്പം നോറ ഫത്തേരിയുടെ നൃത്തവും ഉദ്ഘാടന ചടങ്ങ് കെങ്കേമമാക്കും.
2024 ട്വന്റി-20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഐസിസി പ്രസിഡന്റ് ജയ് ഷാ തുടങ്ങിയ പ്രമുഖര്‍ ചടങ്ങിനു മാറ്റുകൂട്ടും.
രണ്ടു വര്‍ഷം മുമ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി അരങ്ങേറിയ ഫോര്‍മാറ്റിലാണ് ഇത്തവണത്തെ ലോകകപ്പും നടക്കുക. നാലു ഗ്രൂപ്പുകളിലായി 20 ടീമുകള്‍ ലോകകപ്പിന്റെ പ്രാഥമിക റൗണ്ടില്‍ കളിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ടീമിന് നാല് മത്സരം.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് റൗണ്ടിലേക്കു കടക്കും. സൂപ്പര്‍ എട്ടില്‍ നാലു ടീമുകള്‍ വീതുമുള്ള രണ്ട് ഗ്രൂപ്പുകളുണ്ട്. ഗ്രൂപ്പില്‍ ഓരോ ടീമും പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലാണ് സെമി ഫൈനല്‍ പോരാട്ടങ്ങള്‍ അരങ്ങേറുക.
പത്താം എഡിഷന് ട്വന്റി-20 ലോകകപ്പില്‍ ഫൈനല്‍ അടക്കം ആകെ 55 മത്സരങ്ങള്‍ അരങ്ങേറും. മത്സരങ്ങള്‍ സ്റ്റാര്‍സ്പോര്‍ട്സ് നെറ്റ്വര്‍ക്കിലും ജിയൊഹോട്ട്സ്റ്റാര് ആപ്പിലും തത്സമയം. ഇന്ത്യയാണ് നിലവിലെ ചാമ്പ്യന്മാര്.
2024 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ കീഴടക്കിയായിരുന്നു രോഹിത് ശര്‍മ നയിച്ച ഇന്ത്യ കപ്പുയര്‍ത്തിയത്. നിലവിലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചിലൂടെയായിരുന്നു മത്സരം അവസാനിച്ചത്. വിരാട് കോഹ്ലി (59 പന്തില്‍ 76) പ്ലെയര്‍ ഓഫ് ദ മാച്ചും ജസ്പ്രീത് ബുംറ (15 വിക്കറ്റ്) പ്ലെയര്‍ ഓഫ് ദ സീരീസുമായിരുന്നു.

ഇന്ത്യയിലും ശ്രീലങ്കയിലുമായി എട്ട് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്, ഇന്ത്യയില്‍ അഞ്ചും ശ്രീലങ്കയില്‍ മൂന്നും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം, കോല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സ്, ഡല്‍ഹി അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയം, മുംബൈ വാങ്കഡെ സ്റ്റേഡിയം, ചെന്നൈ എം.എ. ചിദംബരം എന്നിവയാണ് ഇന്ത്യയിലെ വേദികള്‍.
ശ്രീലങ്കയില്‍ കൊളംബോയിലെ രണ്ടു സ്റ്റേഡിയങ്ങളിലും (ആര്. പ്രേമദാസ, എസ്എസ്സി ക്രിക്കറ്റ് ഗ്രൗണ്ട്) കാന്‍ഡിയിലെ പല്ലേകെല്ലെയിലും ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറും.

ഇറ്റലിയാണ് 2026 ട്വന്റി-20 ലോകകപ്പിലെ ഏക പുതുമുഖം. ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, സ്കോട്ട്ലന്‍ഡ്, നേപ്പാള്‍ ടീമുകള്‍ക്കൊപ്പമാണ് ഇറ്റലി. ജൊ ബേണ്‍സാണ് ഇറ്റലിയുടെ ക്യാപ്റ്റന്‍. കെവിന് ഒബ്രിയെന്‍ കോച്ചും.
ഓസ്ട്രേലിയയുടെ മുന്‍ താരമാണ് 36കാരനായ ജൊ ബേണ്‍സ്. 2014-2020 കാലഘട്ടത്തില്‍ ഓസീസിനായി 23 ടെസ്റ്റും ആറ് ഏകദിനവും കളിച്ചു. നാല് ടെസ്റ്റ് സെഞ്ചുറിയും ബേണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. അന്തരിച്ച സഹോദരന്റെ ഓര്‍മയ്ക്കായി 85-ാം നമ്പര്‍ ജവ്സിയാണ് ബേണ്‍സ് അണിയുന്നത്. സഹോദരന്റെ ജഴ്സി നമ്പറും ജന്മവര്ഷവുമായിരുന്നു 85.
യൂറോപ്യന്‍ ലോകകപ്പ് യോഗ്യതയില്‍ നെതര്ലന്ഡിസിനു പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇറ്റലി യോഗ്യത സ്വന്തമാക്കിയത്. അതോടെ സ്കോട്ട്ലന്‍ഡിന് നേരിട്ട് യോഗ്യത ലഭിച്ചില്ല. ബംഗ്ലാദേശ് പങ്കെടുക്കാതിരുന്നതോടെ റാങ്കിംഗ് അനുസരിച്ചാണ് സ്കോട്ട്ലന്‍ഡ് 2026 ലോകകപ്പില്‍ കളിക്കുന്നത്.
Tags : Twenty20 World Cup Cricket