കൊളംബോ/മുംബൈ: ഐസിസി 2026 പുരുഷ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിനു നാളെ തുടക്കം. ഉദ്ഘാടന ദിനമായ നാളെ മൂന്നു മത്സരങ്ങള്‍ അരങ്ങേറും. രാവിലെ കൊളംബോയില്‍ പാക്കിസ്ഥാനും നെതര്‍ലന്‍ഡും ഏറ്റുമുട്ടുന്നതോടെയാണ് ലോകകപ്പിനു തുടക്കമാകുന്നത്. തുടര്‍ന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വെസ്റ്റ് ഇന്‍ഡീസും സ്കോട്ട്ലന്‍ഡും കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സില്‍ കളിക്കും.ആതിഥേയരായ ഇന്ത്യ രാത്രി ഏഴിന് മുംബൈ വാങ്കഡേയില്വച്ച് അമേരിക്കയുമായി ഏറ്റുമുട്ടും.
4 ഗ്രൂപ്പ്, 20 ടീം
പ്രാഥമിക ഘട്ടത്തില്‍ നാല് ഗ്രൂപ്പിലായി 20 ടീമുകളാണ് മാറ്റുരയ്ക്കുക. ഓരോ ടീമിനും നാല് മത്സരങ്ങള്‍ വീതമുണ്ടാകും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ സൂപ്പര്‍ എട്ടിലേക്കു മുന്നേറും. സൂപ്പര്‍ എട്ടില്‍ നാല് ടീമുകള്വീതുമുള്ള രണ്ട് ഗ്രൂപ്പുകളാണുള്ളത്. രണ്ട് സൂപ്പര്‍ എട്ട് ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍. മാര്‍ച്ച് നാല്, അഞ്ച് തീയതികളിലാണ് സെമി പോരാട്ടങ്ങള്‍. മാര്‍ച്ച് എട്ടിന് ഫൈനല്‍. പാക്കിസ്ഥാന് ഫൈനലില്‍ പ്രവേശിച്ചാല്‍ മത്സരം കൊളംബോയിലായിരിക്കും. പാക്കിസ്ഥാന് ഇല്ലെങ്കില്‍ അഹമ്മദാബാദില്‍ ഫൈനല്‍ അരങ്ങേറും.
അരങ്ങേറ്റക്കാര്‍ ഇറ്റലി
ലോകകപ്പ് ക്രിക്കറ്റില്‍ ഇറ്റലി ഇത്തവണ അരങ്ങേറ്റം കുറിക്കും. ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, സ്കോട്ട്ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇറ്റലി. ഏഴിന് സ്കോട്ട്ലന്‍ഡിന് എതിരേയാണ് ഇറ്റലിയുടെ ആദ്യ മത്സരം.
Tags : Twenty20 World Cup cricket