കോൽക്കത്ത: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 42 റൺസിനു വീഴ്ത്തി വെസ്റ്റ് ഇൻഡീസ്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 18 ഓവറിൽ 123 റൺസിനു പുറത്തായി.
26 റൺസെടുത്ത ബെൻ മനെന്‍റിയാണ് ഇറ്റാലിയൻ നിരയിലെ ടോപ് സ്കോറർ. അതേസമയം, താരത്തെ കൂടാതെ, ജെ.ജെ. സ്മട്ട്സ് (24), ആന്തണി മോസ്ക (19), ഗ്രാന്‍റ് സ്റ്റിവാർട്ട് (12) എന്നിവർക്കു മാത്രമേ രണ്ടക്കമെങ്കിലും കടക്കാനായുള്ളൂ.
30 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ഷമാർ ജോസഫാണ് ഇറ്റാലിയൻ ബാറ്റിംഗ് നിരയെ തകർത്തത്. മാത്യു ഫോർഡ് മൂന്നും ഗുഡാകേഷ് മോട്ടി രണ്ടും അകീൽ ഹൊസൈൻ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ വിൻഡീസ് 46 പന്തിൽ 75 റൺസ് അടിച്ചുകൂട്ടിയ നായകൻ ഷായ് ഹോപ്പിന്‍റെ ഇന്നിംഗ്സ് കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റോസ്ടൺ ചേസ് (24), ഷെർഫാനെ റുഥർഫോർഡ് (24), മാത്യു ഫോർഡ് (16) എന്നിവരും തരക്കേടില്ലാത്ത സംഭാവനകൾ നല്കി.
ഇറ്റലിക്കു വേണ്ടി ബെൻ മനെന്‍റി, ക്രിഷാൻ കലുഗമാഗെ എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതവുമെടുത്തു.
Tags : West Indies Italy T20 Worldcup Cricket