മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിലെ വന്പന്മാരായ റയൽ മാഡ്രിഡിന്റെ മാനേജർ സ്ഥാനത്തുനിന്ന് സാബി അലോണ്‍സോയുടെ ഇരിപ്പിടം തെറിച്ചു.
സൂപ്പർ കോപ്പ ഫൈനലിൽ എഫ്സി ബാഴ്സലോണയോട് 3-2നു പരാജയപ്പെട്ടതോടെയാണ് സാബിയുടെ തലയുരുണ്ടത്. സാബിക്കു പകരമായി റയൽ മാഡ്രിഡിന്റെ മുൻതാരവും അണ്ടർ 19 ടീം കോച്ചുമായ ആൽവാരൊ ആർബെലൊയെ മാനേജരായി നിയമിച്ചു.
2020 മുതൽ റയൽ മാഡ്രിഡിന്റെ അണ്ടർ 19 ടീം കോച്ചാണ് ആൽവാരൊ. കോപ്പ ഡെൽ റേ പ്രീക്വാർട്ടറിൽ ആൽബസെറ്റെയ്ക്ക് എതിരേയാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം. ലാ ലിഗയിൽ എഫ്സി ബാഴ്സലോണയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് റയൽ മാഡ്രിഡ്.
വഴി തെറ്റിയ സാബി
റയൽ മാഡ്രിഡിനെ വിവിധ കോന്പറ്റീഷനുകളിലായി 34 മത്സരങ്ങളിൽ മാത്രമാണ് സാബി അലോണ്‍സോ പരിശീലിപ്പിച്ചത്. 24 ജയവും നാല് സമനിലയും സാബിയുടെ കാലഘട്ടത്തിൽ റയൽ നേടി. 2.24 ആണ് പോയിന്റ് പെർ ഗെയിം റേറ്റ്.
ജർമൻ ക്ലബ്ബായ ബയേർ ലെവർകൂസെനെ ബുണ്ടസ് ലിഗ കിരീടത്തിൽ എത്തിച്ചതായിരുന്നു റയൽ മാഡ്രിഡിലേക്ക് സാബിയുടെ വരവിനു വഴിമരുന്നായത്. ലെവർകൂസെനെ 140 മത്സരങ്ങളിൽ പരിശീലിപ്പിച്ചു.
89 ജയം, 32 സമനില, 19 തോൽവി എന്നതായിരുന്നു സാബിയുടെ മാനേജീരിയൽ റിക്കാർഡ്. ലെവർകൂസെനെ യൂറോപ്പ ലീഗ് ഫൈനലിലും സാബി എത്തിച്ചിരുന്നു. 2025 ജൂണ്‍ ഒന്നിനായിരുന്നു റയലിന്റെ മുൻതാരംകൂടിയായ സാബി മാഡ്രിഡിൽ എത്തിയത്.
Tags : Xabi Alonso Alvaro Arbelo Spanish La Liga Foodball Real Madrid