കൊളംബോ: ട്വന്‍റി20 ലോകകപ്പിൽ ഓസ്ട്രേലിയയെ അട്ടിമറിച്ച് സിംബാബ്‌വേ. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23 റൺസിനായിരുന്നു സിംബാബ്‌വൻ ജയം. ആദ്യം ബാറ്റ് ചെയ്ത സിക്കന്ദർ റാസയും സംഘവും ഉയർത്തിയ 170 റൺസിന്‍റെ ചെറിയ വിജയലക്ഷ്യം പിന്തുടർന്ന കംഗാരുക്കൾ മൂന്നു പന്ത് ബാക്കിനില്ക്കെ 146 റൺസിന് പുറത്തായി.
65 റൺസെടുത്ത മാറ്റ് റെൻഷോ ആണ് ഓസീസ് നിരയിലെ ടോപ് സ്കോറർ. താരത്തെ കൂടാതെ 17 റൺസെടുത്ത നായകൻ ട്രാവിസ് ഹെഡിനും 31 റൺസെടുത്ത ഗ്ലെൻ മാക്സ്‌വെല്ലിനും മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
ജോഷ് ഇൻഗ്ലിസ് (എട്ട്), കാമറോൺ ഗ്രീൻ (പൂജ്യം), ടിം ഡേവിഡ് (പൂജ്യം), മാർക്കസ് സ്റ്റോയിനിസ് (ആറ്), ബെൻ ഡ്വാർഷൂയിസ് (ആറ്), ആദം സാംപ (രണ്ട്), മാത്യു കുനെമാൻ (പൂജ്യം) എന്നിവർ തികച്ചും നിരാശപ്പെടുത്തി.
നാലോവറിൽ 17 റൺസ് മാത്രം വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ ബ്ലെസ്സിംഗ് മുസറബാനിയും 23 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ ബ്രാഡ് ഇവാൻസുമാണ് ഓസീസ് ബാറ്റിംഗ് നിരയെ തകർത്തത്. കൂടാതെ, വെല്ലിംഗ്ടൺ മസാകഡ്സ, റയാൻ ബേൾ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വേ നിശ്ചിത 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിലാണ് 169 റൺസെടുത്തത്. അർധസെഞ്ചുറിയോടെ പുറത്താകാതെ നിന്ന ബ്രയാൻ ബെന്നറ്റിന്‍റെ ബാറ്റിംഗ് കരുത്തിലാണ് സിംബാബ്‌വേ ഭേദപ്പെട്ട സ്കോറിലെത്തിയത്. 56 പന്തിൽ 64 റൺസെടുത്ത ബെന്നറ്റാണ് ടോപ് സ്കോറർ.
ടഡിവനാഷെ മറുമാണി (35), റയാൻ ബേൾ (35), നായകൻ സിക്കന്ദർ റാസ (25) എന്നിവർ മികച്ച പിന്തുണ നല്കി.
ഓസ്ട്രേലിയയ്ക്കു വേണ്ടി മാർക്കസ് സ്റ്റോയിനിസ്, കാമറോൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : Zimbabwe Australia T20 Worldcup