Kerala
തിരുവനന്തപുരം: കെഎസ്ആർടിസി മുൻ ഡ്രൈവറും നേമം സ്വദേശിയുമായ യദുവിനെ ആക്രമിച്ചുവെന്ന കേസിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ബസ് കണ്ടക്ടർ എന്നിവർ അഭിഭാഷകൻ മുഖേന കോടതിയിൽ ഹാജരായി.
ആര്യ രാജേന്ദ്രന്റെ ഭർത്താവ് കെ.എം. സച്ചിൻ ദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദിന്റെ ഭാര്യ ആര്യ എന്നിവർക്കു കോടതി വീണ്ടും നോട്ടിസ് അയച്ചു. തിരുവനന്തപുരം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടാനിയ മറിയം ജോസ് ആണു കേസ് പരിഗണിക്കുന്നത്.
2024 ഏപ്രിൽ 27 ന് രാത്രി 10 നായിരുന്നു സംഭവം. പാളയം സാഫല്യം കോംപ്ലക്സിനു മുന്നിൽ മേയറും ഭർത്താവും അടക്കമുള്ളവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം കെഎസ്ആർടിസി ബസ് തടഞ്ഞു ഡ്രൈവർ യദുവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു എന്നാണു കേസ്.
പോലീസ് അന്വേഷണത്തിൽ മേയർ അടക്കമുള്ളവരെ ഒഴിവാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് യുദു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആര്യ രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർക്കെതിരേ കോടതി നോട്ടീസ് അയച്ചത്.
International
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്ക അന്യായം സുപ്രീംകോടതിയിൽ വാദിച്ചു തോൽപ്പിച്ചത് ഇന്ത്യൻ വംശജൻ.
മുൻ ആക്ടിംഗ് സോളിസിറ്റർ ജനറലും അഭിഭാഷകനുമായ നീൽ കത്യാലാണ് ട്രംപിന്റെ അന്യായ തീരുവയെ യുഎസ് പരമോന്നത കോടതിയിൽ പരാജയപ്പെടുത്തിയത്. പ്രസിഡന്റിനേക്കാൾ ശക്തമാണ് ഭരണഘടനയെന്ന് വിധിയിലൂടെ സ്ഥാപിക്കാനായെന്നു നീൽ പറഞ്ഞു.
“തോന്നുന്നതെന്തും ചെയ്യാൻ പ്രസിഡന്റിനു കഴിയില്ല. വ്യക്തികളേക്കാൾ മുകളിലാണു ഭരണഘടന. ട്രംപ് നിയമിച്ച ജഡ്ജിമാരിൽ രണ്ടുപേർ തങ്ങൾക്കനുകൂലമായി വോട്ടു ചെയ്തത് വിധിയിൽ നിർണായകമായെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയെ സംബന്ധിച്ച് വലിയ കാര്യമാണു സംഭവിച്ചത്. കുടിയേറ്റക്കാരന്റെ മകനായ എനിക്ക് കോടതിയിൽ ഈ പ്രസിഡന്റ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്ന് പറയാൻ കഴിഞ്ഞു. നിങ്ങൾ ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനായിരിക്കാം, പക്ഷേ നിങ്ങൾക്ക് ഭരണഘടന ലംഘിക്കാൻ കഴിയില്ലെന്ന് പറയാൻ ഈ വിധി നമ്മെ പ്രാപ്തമാക്കുന്നു’’-അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീംകോടതി നിയമവാഴ്ചയ്ക്കും എല്ലാ അമേരിക്കക്കാർക്കുംവേണ്ടി നിലകൊണ്ടു. അതിന്റെ സന്ദേശം ലളിതമായിരുന്നു, പ്രസിഡന്റുമാർ ശക്തരാണ്, പക്ഷേ നമ്മുടെ ഭരണഘടന അതിലും ശക്തമാണ്.
അമേരിക്കയിൽ, അമേരിക്കൻ ജനങ്ങൾക്ക് നികുതി ചുമത്താൻ കോൺഗ്രസിനു മാത്രമേ കഴിയൂ- അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽനിന്നും കുടിയേറിയ ശിശുരോഗ വിദഗ്ധയായ അമ്മയുടെയും എൻജിനിയറായ പിതാവിന്റെയും മകനായി 1970ൽ ഷിക്കാഗോയിലായിരുന്നു നീലിന്റെ ജനനം. അദ്ദേഹം നിലവിൽ മിൽബാങ്ക് എൽഎൽപിയിൽ പങ്കാളിയും ജോർജ് ടൗൺ യൂണിവേഴ്സിറ്റിയിൽ നിയമ പ്രൊഫസറുമാണ്. കൂടാതെ ഹാർവാഡ്, യേൽ ലോ സ്കൂളുകളിൽ വിസിറ്റിംഗ് പ്രഫസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യുഎസ് സുപ്രീം കോടതിയിൽ 54 കേസുകൾ അദ്ദേഹം വാദിച്ചിട്ടുണ്ട്. 1998-1999 കാലഘട്ടത്തിൽ അദ്ദേഹം നീതിന്യായ വകുപ്പിലെ ഡെപ്യൂട്ടി അറ്റോർണി ജനറൽ ഓഫീസിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവായും ഡെപ്യൂട്ടി അറ്റോർണി ജനറലിന്റെ സ്പെഷൽ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചു. യുഎസ് നീതിന്യായ വകുപ്പിന്റെ ഏറ്റവും ഉയർന്ന ബഹുമതിയായ എഡ്മണ്ട് റാൻഡോൾഫ് അവാർഡ് നേടിയിട്ടുണ്ട്.
Kerala
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വിഷയത്തിൽ നടത്തിയ പ്രതിഷേധ സമരത്തിൽ റിമാൻഡ് ചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അമ്പലപ്പുഴ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ വിവാദത്തെപ്പറ്റി വിശദീകരിക്കാനായി ഡോക്ടർമാർ നടത്തിയ വാർത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറി പ്രതിഷേധം നടത്തിയ ഒന്‍പത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് റിമാൻഡ് ചെയ്തത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ പ്രസിഡന്റ് ഡോ. എം.പി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ ഡോക്ടർമാർ ഇരുന്ന ഡയസിനു മുകളിലിരുന്നായിരുന്നു പ്രതിഷേധം. ഇവരെ ബലം പ്രയോഗിച്ചാണ് പോലീസ് പിടിച്ചുമാറ്റിയത്.
രണ്ടാം നിലയിൽ നിന്ന് വലിച്ചിഴച്ചുകൊണ്ടുപോയ പ്രവർത്തകർ പടിക്കെട്ടിൽ ഇരുന്ന് പ്രതിഷേധം തുടർന്നതോടെ രോഗികൾക്കും ജീവനക്കാർക്കും മുകളിലേക്കോ താഴേക്കോ ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി. പ്രവർത്തകരെ ഇവിടുന്ന് ബലം പ്രയോഗിച്ച് താഴെ ഇറക്കി വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും കെട്ടിടത്തിന് മുന്നിൽ ഇവർ വീണ്ടും കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവിടുന്ന് ബലം പ്രയോഗിച്ച് ജീപ്പിൽ കയറ്റിയെങ്കിലും പ്രവർത്തകർ ജീപ്പ് തടഞ്ഞുവച്ചു.
വാഹനത്തിന് മുന്നിൽ കയറിനിന്ന യൂത്ത് കോൺഗ്രസ് പുത്തനങ്ങാടി നിയോജകമണ്ഡലം പ്രസിഡന്റ് നീനു, ആലപ്പുഴ നിയോജകമണ്ഡലം സെക്രട്ടറി പ്രതീക്ഷ എന്നിവർക്ക് പോലീസ് ബലം പ്രയോഗിച്ച് മാറ്റുന്നതിനിടെ പരിക്കേറ്റു. വാഹനം തട്ടി യൂത്ത് കോൺഗ്രസ് ആര്യാട് നിയോജക മണ്ഡലം പ്രസിഡന്റ് മനോജിനും നിസാര പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാലിലും ജീപ്പ് കയറി.
സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിൽ, ജില്ലാ പ്രസിഡന്റ് എം.പി. പ്രവീൺ, സംസ്ഥാന സെക്രട്ടറി വിശാഖ് പത്തിയൂർ, ജില്ലാ വൈസ് പ്രസിഡന്റ് അനന്തനാരായണൻ, ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് ഷാഹുൽ പുതിയപറമ്പിൽ, കെഎസ്യു ജില്ലാ പ്രസിഡന്റ് വിഷ്ണു പ്രസാദ്, അമ്പലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറിമാരായ റിനോ ബൂട്ടോ, ടി. തനീഷ് , അൻസിൽ പുന്നപ്ര എന്നിവരെ റിമാൻഡ് ചെയ്തിരുന്നു. ആശുപത്രി സംരക്ഷണ നിയമപ്രകാരമായിരുന്നു നടപടി.
Kerala
കൊച്ചി: "അഭിലാഷം’ സിനിമയുടെ സംവിധായകന്റെ അറസ്റ്റില്‍ വിമര്‍ശനവുമായി കോടതി.
അറസ്റ്റ് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി, എന്തുകൊണ്ട് അറസ്റ്റിനുമുമ്പ് നോട്ടീസ് നല്‍കിയില്ലെന്നും ഹില്‍ പാലസ് പോലീസിനോട് ചോദിച്ചു.
നിയമം പാലിച്ചല്ല അറസ്റ്റെന്നു ചൂണ്ടിക്കാട്ടി സംവിധായകന് ഷംസു സെയ്ബ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിമര്‍ശിച്ചത്.
നിര്‍മാതാവിന്റെ അനുമതിയില്ലാതെ മാസ്റ്റര്‍ പ്രിന്റ് കൈവശപ്പെടുത്തുകയും ചിത്രീകരണം വൈകിക്കുകയും ചെയ്തുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ളകേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യ ഹർജിയിൽ ഇന്ന് വിധി പറയും. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സമർപ്പിച്ച ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതിയാണ് വിധി പറയുക.
ജാമ്യ ഹർജിയിലെ വാദത്തിനിടെ തന്ത്രിയുടെയും ഭാര്യയുടെയും സ്വത്തുസമ്പാദനം സംബന്ധിച്ച നിർണായക തെളിവുകൾ എസ്ഐടി ഹാജരാക്കിയിരുന്നു. ഇരുവരുടെയും പേരിൽ കണക്കിൽപ്പെടാത്ത വൻ നിക്ഷേപം ഉണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
പ്രതിയുടെ സാമ്പത്തിക സ്രോതസ് ദുരൂഹമാണെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാൽ ആചാരപരമായ കാര്യങ്ങളിൽ മാത്രം ഇടപെട്ടയാളാണ് താനെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് തന്ത്രിയുടെ വാദം.
District News
മലപ്പുറം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന്റെ ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തിലൂടെ 2.52 കോടി രൂപയുടെ കുടശിക തീർപ്പാക്കി. ഇളവുകളായി 63 ലക്ഷം രൂപ അനുവദിച്ചു. കെഎസ്എംഡിഎഫ്സി മാനേജിംഗ് ഡയറക്ടർ സി. അബ്ദുൾ മുജീബ് അദാലത്ത് ഉദ്ഘാടനം ചെയ്തു. കെഎസ്എംഡിഎഫ്സി ഡെപ്യൂട്ടി മാനേജർ എം.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെഎസ്എംഡിഎഫ്സിയുടെ മലപ്പുറം, പാലക്കാട് മേഖല ഓഫീസുകളിൽനിന്ന് വായ്പ എടുക്കുകയും യഥാസമയം വായ്പ തിരിച്ചടയ്ക്കുവാൻ കഴിയാതെ വരികയും ചെയ്ത ഉപഭോക്താക്കൾക്കും വായ്പയുടെ കാലാവധി മാർച്ച് 31 നുള്ളിൽ അവസാനിച്ച ഉപഭോക്താക്കൾക്കും ഇളവുകളോടെ വായ്പ തീർപ്പാക്കാനുള്ള അവസരമാണ് അദാലത്തിൽ ഒരുക്കിയത്.
പ്രത്യേക പരിഗണന അർഹിക്കുന്ന അപേക്ഷ കൂടുതൽ ഇളവുകൾ അനുവദിക്കുന്നതിനായി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യും.
സ്വയംതൊഴിൽ, വിദ്യാഭ്യാസ, ഭവന, ഉദ്യോഗസ്ഥ വായ്പകളാണ് പരിഗണിച്ചത്. 63 ഗുണഭോക്താക്കൾ അദാലത്തിൽ പങ്കെടുത്തു
Kerala
കൊല്ലം: ഭൂമി ഏറ്റെടുത്തതിനു നഷ്ടപരിഹാരം നല്കാന് ഹൈക്കോടതി വിധിച്ചിട്ടും സര്‍ക്കാര്‍ നല്‍കാത്തതിനെ തുടര്‍ന്ന് കൊല്ലം കളക്ടറേറ്റ് കെട്ടിടവും രണ്ട് ഏക്കറോളം സ്ഥലവും കൊല്ലം സബ് കോടതി ജപ്തി ചെയ്തു. ഏറ്റെടുത്ത ഭൂമിയ്ക്കു കോടതി വിധി ഉണ്ടായിട്ടും നഷ്ടപരിഹാരം കോടതിയില്‍ കെട്ടിവയ്ക്കാത്തതിനെ തുടര്‍ന്നാണ് കോടതി നടപടി.
2003ല്‍ കൊല്ലം കോര്പറേഷന് നഗരസഭ ആയിരുന്ന ഘട്ടത്തില്‍ ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നടപ്പാക്കാന്‍ റെയിവേ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിനു പകരം ചിന്നക്കട ഉപാസന ആശുപത്രിക്കുസമീപം കൊല്ലം - തിരുമംഗലം പാതയുടെ വശത്തുള്ള വിജയലക്ഷ്മി കാഷ്യു ഫാക്ടറി ഉടമ പരേതനായ കെ.രവീന്ദ്രന് നായരുടെ 1.23 ഏക്കര്‍ ഏെറ്റടുത്തിരുന്നു.
അന്ന് 1.13 കോടി രുപയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നിശ്ചയിച്ചത്. എന്നാല്‍ തുക കുറഞ്ഞു പോയതിനെ തുടര്‍ന്ന് സ്ഥലം ഉടമ കോടതിയെ സമീപിച്ചു. കൊല്ലം സബ് കോടതി നഷ്ടപരിഹാരം എട്ടു കോടിയായി ഉയര്‍ത്തി ഉത്തരവിട്ടു. എന്നാല്‍ സബ് കോടതി വിധിച്ച നഷ്ടപരിഹാരം കുറവാണെന്നു കാട്ടി ഭൂവുടമയും കൂടുതലാണെന്ന് കാട്ടി കോര്‍പറേഷനും ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതി കോര്‍പറേഷന്റെ ഹർജി തള്ളി നഷ്ടപരിഹാരം 12.43 കോടിയായി ഉയര്‍ത്തി വിധി പ്രസ്താവിച്ചു. ഭൂവുടമ ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം സബ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. എന്നാൽ നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടി വയ്ക്കാന്‍ സര്‍ക്കാര്‍ തയാറായില്ല.
ഇതേ തുടര്‍ന്നാണ് കളക്ടറ്റേും സ്ഥലവും കോടതി ജപ്തി ചെയ്ത് പണം ഈടാക്കാനുള്ള നപടി സ്വീകരിച്ചത്. അതിനിടെ ജപ്തി നടപടി പിന്‍വലിക്കാനും ഹൈക്കോടതി വിധി സ്റ്റേ ചെയ്യാനുമുള്ള നിയമ നടപടി സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിലെ 18 ജില്ലാ കോടതികൾക്ക് നേരെ ബോംബ് ഭീഷണി. ഇന്ന് രാവിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടർന്ന് കോടതി പരിസരത്ത് സുരക്ഷാ നടപടികൾ ശക്തമാക്കി.
ലക്നോ, അയോധ്യ, മൊറാദാബാദ്, അസംഗഡ്, മീററ്റ്, അമ്രോഹ, വാരണാസി തുടങ്ങി 18 ജില്ലാ കോടതികൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ തന്നെ കോടതി അധികൃതർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ചേർന്ന് പരിശോധന നടത്തി.
സംശയാസ്പദമായ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഇ-മെയിലിന്റെ ഉറവിടത്തെക്കുറിച്ച് സൈബർ സെൽ പരിശോധിച്ചു വരികയാണ്. രണ്ട് ദിവസം മുൻപും സമാനമായ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ ജില്ലകളിലെയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
കൊച്ചി: ചെല്ലാനത്ത് പോലീസുകാരനെ ബൈക്കിടിപ്പിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ആലപ്പുഴ സ്വദേശികളായ അനിൽ രാജേന്ദ്രൻ, രാഹുൽ ബാബു എന്നിവർ കീഴടങ്ങിയത്.
പോലീസ് ബൈക്കിൽ നിന്ന് വലിച്ചു താഴെയിട്ടെന്നും പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ഇരുവരും നേരത്തെ ആരോപിച്ചത് വലിയ വിവാദമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് യുവാക്കൾ പറഞ്ഞതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി പോലീസ് സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്.
ഇന്ന് കേസ് പരിഗണിച്ചുവെങ്കിലും വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ആന്റണി രാജുവിന് മൂന്നു വർഷം തടവും പിഴയും വിധിച്ചത്.
വിധി റദ്ദാക്കണമെന്ന ആവശ്യവുമായാണ് ആന്റണി രാജു ജില്ലാ കോടതിയെ സമീപിച്ചത്. കേസെടുത്തത് ഉള്‍പ്പെടെ നിയമവിരുദ്ധമെന്ന് ചൂണ്ടികാട്ടിയാണ് ആന്റണി രാജു മേൽ കോടതിയെ സമീപിച്ചത്.
Kerala
കോഴിക്കോട്: ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചത്. മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാൻ പാടില്ല, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാൻ പാടില്ല തുടങ്ങിയ ഉപാധികളുമുണ്ട്.
നേരത്തേ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഷിംജിത പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിച്ചത്. ഷിംജിതയുടെ ലാപ്ടോപ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധനാഫലം വരുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നത്. എന്നാൽ, 21 ദിവസമായി ജയിലിലാണെന്നും ഫോറൻസിക് ഫലം വരുന്നതുവരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നും പ്രതിഭാഗവും കോടതിയിൽ പറഞ്ഞു.
ദീപക്കിന്റെ രക്ഷിതാക്കളുടെ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റുചെയ്തത്. ദീപക് ജീവനൊടുക്കാൻകാരണം ഷിംജിത ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾസഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നാണ് കുടുംബത്തിന്റെ പരാതി. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. ശ്രീജയും പ്രതിക്കുവേണ്ടി അഡ്വ. എം. സുഷമയും ഹാജരായി.
Kerala
ആലപ്പുഴ: പോക്സോ കേസിലെ പ്രതി കോടതിയിൽ നിന്ന് ഇറങ്ങിയോടി. പുന്നപ്ര കപ്പക്കട സ്വദേശി അരുൺ ആണ് ഓടി രക്ഷപ്പെട്ടത്.
പിന്നാലെ ഓടിയ പോലീസ് പ്രതിയെ പിടികൂടി. അമ്പലപ്പുഴ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സംഭവം.
ഹരിപ്പാട് കോടതിയിലാണ് നടകീയ സംഭവങ്ങൾ ഉണ്ടായത്. പിന്നീട് പ്രതിയെ പിടികൂടി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കൊച്ചി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസിൽ ഒൻപത് പ്രതികളെയും വെറുതെവിട്ട് ഹൈക്കോടതി. വിളക്കോട്ടെ നരോത്ത് ദിലീപിനെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളെ കോടതി വിട്ടയച്ചത്.
തലശേരി അഡീഷണൽ സെഷൻസ് കോടതി വിധി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. 2008ലാണ് ദിലീപിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. ജില്ലാ പ്രസിഡണ്ടായിരുന്ന മുഹമ്മദ് ബഷീർ ഉൾപ്പടെയുള്ളവരെയാണ് കോടതി വെറുതെ വിട്ടത്.
Kerala
കൽപ്പറ്റ: മുട്ടിൽ മരംമുറി കേസിൽ അന്വേഷണത്തിലും നടപടികളിലും വനംവകുപ്പിന്റെ നിലപാടുകൾ ശരിവച്ച് കോടതി. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങളുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള കോടതി വിധിയുടെ വിശദാംശങ്ങൾ പുറത്ത്. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ഉന്നയിച്ച വാദങ്ങളൊന്നും കോടതിയിൽ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.
പിടിച്ചെടുത്ത തടികൾ സർക്കാരിന്റേതല്ലെന്ന് തെളിയിക്കാൻ ഒരു കീറക്കടലാസ് പോലും ഹാജരാക്കാൻ പ്രതികൾക്ക് കഴിഞ്ഞില്ലെന്നും കോടതി വിധിന്യായത്തിൽ പറഞ്ഞു. പിടിച്ചെടുക്കുന്ന ഉത്പന്നങ്ങൾ വനവിഭവമാണോ എന്ന് തീരുമാനിക്കാൻ സർക്കാരിന് നിയമപരമായ അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
നാട്ടിലെ നിയമങ്ങളെ സർക്കാർ ഉത്തരവുകൾ കൊണ്ടോ സർക്കുലറുകൾ കൊണ്ടോ മറികടക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നിലവിലെ ചീഫ് സെക്രട്ടറിയും അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ജയതിലക് ഇറക്കിയ വിവാദ സർക്കുലർ ഉപയോഗിച്ചാണ് പ്രതികൾ മരംമുറി നടത്തിയത്. എന്നാൽ ഇത്തരം സർക്കുലറുകൾക്ക് നിയമപരമായ സാധുതയേക്കാൾ മുകളിൽ നിൽക്കാൻ കഴിയില്ലെന്ന് കോടതി ഓർമിപ്പിച്ചു.
‘സൂര്യ ടിമ്പേഴ്സ്' എന്ന പേരിൽ തടിക്കച്ചവടം നടത്താൻ തങ്ങൾക്ക് ലൈസൻസ് ഉണ്ടെന്നായിരുന്നു പ്രതികളുടെ മറ്റൊരു വാദം. എന്നാൽ ഇതിനാവശ്യമായ വനംവകുപ്പിന്റെ പ്രോപ്പർട്ടി മാർക്ക് രജിസ്ട്രേഷനോ മറ്റ് ഔദ്യോഗിക രേഖകളോ ഹാജരാക്കാൻ അവർക്ക് സാധിച്ചില്ല. ഈ സാഹചര്യത്തിൽ ഈട്ടിത്തടികൾ കണ്ടുകെട്ടിയ ഡിഎഫ്ഒയുടെ നടപടി നിയമപരവും മുൻകാല കോടതി വിധിന്യായങ്ങൾക്ക് അനുസൃതവുമാണെന്ന് കോടതി വിധിച്ചു.
തങ്ങളുടെ ഭാഗം വിശദീകരിക്കാൻ ഡിഎഫ്ഒ നോട്ടീസ് നൽകിയിട്ടില്ലെന്ന പ്രതികളുടെ വാദവും കോടതി തള്ളിക്കളഞ്ഞു. ഹിയറിംഗിനായി പലതവണ നോട്ടീസ് നൽകിയിട്ടും പ്രതികൾ ഹാജരാവുകയോ മറുപടി നൽകുകയോ ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു.
Kerala
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ ലൈംഗികാതിക്രമമെന്ന പേരില്‍ അപകീര്‍ത്തികരമായ വീഡിയോ പങ്കുവച്ചതിനെത്തു ടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (42) ജീവനൊടുക്കിയ കേസിലെ പ്രതി വടകര സ്വദേശിനി ഷിംജിത (35) കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്കിയ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.
Kerala
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലയെ ആസ്പദമാക്കിയെന്ന് ആരോപണമുയര്‍ന്ന ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയാതെ ഹൈക്കോടതി.
കേസിലെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ നടക്കാനിരിക്കെ സിനിമ റിലീസ് ചെയ്യുന്നത് മാധ്യമവിചാരണയ്ക്കു കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഏക പ്രതി അഫാന്റെ അച്ഛൻ അബ്ദുള്‍ റഹ്മാന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം തേടി.
Kerala
പാലക്കാട്: ജില്ലാ കളക്ടറേറ്റിനു വ്യാജബോംബ് ഭീഷണി. ഇന്നലെ രാവിലെ ആറോടെ ഇ-മെയിൽ സന്ദേശം വന്നെങ്കിലും ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയാണ്.
തമിഴ്നാട് ഉപമുഖ്യമന്ത്രി പീഡനം നടത്തിയെന്നും ഇരയ്ക്കു നീതി ലഭിക്കില്ലെന്നുമായിരുന്നു സന്ദേശം. ഇതിനു പ്രതികാരമായി പാലക്കാട് സിവിൽ സ്റ്റേഷൻ പരിസരം, കോടതി പരിസരം എന്നിവിടങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും പൊട്ടുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് ജീവനക്കാർ സൗത്ത് പോലീസിനെ വിവരമറിയിച്ചു.
പാലക്കാട് ടൗണ്‍ പോലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉടൻ സ്ഥലത്തെത്തി കളക്ടറേറ്റ് കെട്ടിടവും പരിസരപ്രദേശങ്ങളും വിശദമായി പരിശോധിച്ചു. ജീവനക്കാരെയും ജനങ്ങളെയും താത്കാലികമായി സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി.
മുക്കാൽ മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ല. ഇതോടെ ഭീഷണി വ്യാജമാണെന്നു സ്ഥിരീകരിച്ചു.
വ്യാജസന്ദേശം അയച്ചവരെ കണ്ടെത്തുന്നതിനായി സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പും ഇത്തരത്തിൽ വ്യാജ ബോംബ് ഭീഷണി വന്നിരുന്നു. സൈബർ പോലീസിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ തുന്പൊന്നും കിട്ടിയിട്ടില്ല.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന്റെ ശിക്ഷവിധി താത്കാലികമായി മരവിപ്പിച്ചു. ആന്റണി രാജു നൽകിയ അപ്പീലിൽ തിരുവനന്തപുരം സെഷൻസ് കോടതിയുടെയാണ് നടപടി. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയാണ് മരവിപ്പിച്ചത്.
അതേസമയം ആന്റണി രാജു കുറ്റക്കാരനെന്ന വിധി നിലനിൽക്കും. അയോഗ്യനാക്കിയ നടപടി തുടരും. മജിസ്ട്രേറ്റ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു നൽകിയ അപ്പീലും തിരുവനന്തപുരം സെഷൻസ് കോടതി ഫയലിൽ സ്വീകരിച്ചു.
തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെയാണ് എംഎൽഎ സ്ഥാനത്തുനിന്ന് ആന്റണി രാജു അയോഗ്യനായത്. കോടതിവിധി റദ്ദാക്കിയാൽ ആന്റണി രാജുവിന് എംഎൽഎയായി തിരികെയെത്താനാകും. അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും തടസമുണ്ടാകില്ല.
കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.
1990 ഏപ്രില്‍ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ ഓസ്ട്രേലിയന്‍ പൗരന് ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ചുവെന്നാണ് കേസ്.
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു തന്റെ സീനിയറായ അഡ്വ. സെലിന് വില്‍ഫ്രഡുമായി ചേര്‍ന്നാണ് ആന്‍ഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി പ്രതിയെ 10 വര്‍ഷത്തേക്ക് ശിക്ഷിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് ആന്‍ഡ്രൂ അനുകൂല വിധി നേടി. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന പ്രതിഭാഗ വാദം അംഗീകരിച്ചാണ് ആന്‍ഡ്രൂവിനെ കോടതി വിട്ടയച്ചത്.
Kerala
ചേർത്തല: പള്ളിപ്പുറത്ത് അമ്പിളി എന്ന യുവതിയെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്നു കോടതി നേരത്തെ കണ്ടെത്തിയിരുന്നു. 2024 മേയ് 18നാണ് കൊലപാതകം നടന്നത്. തിരുനെല്ലൂർ സർവീസ് സഹകരണബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന അമ്പിളിയെ കുടുംബവഴക്കിനെത്തുടർന്നു രാജേഷ് നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
പള്ളിപ്പുറം പള്ളിച്ചന്ത കവലയ്ക്കു സമീപം കടകളിലെ കളക്ഷൻ എടുക്കുകയായിരുന്ന അമ്പിളിയുമായി ബൈക്കിലെത്തിയ പ്രതി തർക്കമുണ്ടാക്കി. തുടർന്നു കത്തിയെടുത്ത് കഴുത്തിലും മുതുകിലും കുത്തുകയായിരുന്നു. മൂന്നു കുത്തുകളേറ്റു. അമ്പിളിയുടെ കൈയിലുണ്ടായിരുന്ന കളക്ഷൻ തുകയുമായി ഇയാൾ സ്ഥലംവിട്ടു. ജലഗതാഗത വകുപ്പ് ജീവനക്കാരനായ രാജേഷിനെ പിന്നീട് കഞ്ഞിക്കുഴിയിലെ ബാറിൽനിന്നാണ് പിടികൂടിയത്. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ്. ഭാരതിയാണ് ശിക്ഷ വിധിച്ചത്.
Kerala
തിരുവനന്തപുരം: റിമാൻഡ് കാലാവധി കഴിഞ്ഞതോടെ കട്ടിളപ്പാളി കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി കോടതിയിൽ ജാമ്യ ഹർജി നൽകി. ജാമ്യാപേക്ഷേ നാളെ കോടതി പരിഗണിച്ചേക്കും. റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞത് ചൂണ്ടിക്കാട്ടിയാണ് കൊല്ലം വിജിലൻസ് കോടതിയിൽ ജാമ്യ ഹർജി നൽകിയത്.
എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത. ആദ്യം അറസ്റ്റിലായ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറും രണ്ട് കേസുകളിലും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ഹർജികൾ നാളെ കോടതി പരിഗണിക്കും. മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരും ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ മുരാരി ബാബുവും എസ്. ശ്രീകുമാറും ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു.
Kerala
കല്‍പ്പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയ ഭൂമികളില്‍നിന്ന് അനധികൃതമായി മുറിച്ചതിനത്തുടര്‍ന്നു പിടിച്ചെടുത്ത ഈട്ടിത്തടികള്‍ വനംവകുപ്പ് കണ്ടുകെട്ടിയതിനെതിരായ അപ്പീലുകള്‍ കോടതി തള്ളി. നിയമവിരുദ്ധ മരംമുറിയുമായി ബന്ധപ്പെട്ട വനം, പോലീസ് കേസുകളിലെ പ്രതികളിലൊരാളായ സൂര്യ ടിമ്പര്‍ ഉടമ റോജി അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച അപ്പീലുകളാണ് അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ജഡ്ജ് എ.വി. മൃദുല തള്ളിയത്.
വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന മരങ്ങള്‍ ലേലം ചെയ്ത് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടുന്നതിന് ഇതോടെ സാധ്യത തെളിഞ്ഞു. ഡിപ്പോയിലുള്ള തടികള്‍ ലേലം ചെയ്യുന്നതിന് അനുമതി തേടി ഡിഎഫ്ഒ കോടതിയെ നേരത്തേ സമീപിച്ചിരുന്നു.
സൂര്യ ടിമ്പര്‍ ഉടമ റോജി അഗസ്റ്റിന് സ്വകാര്യ വ്യക്തികളില്‍നിന്നു വാങ്ങിയ ഈട്ടിത്തടികള്‍ കണ്ടുകെട്ടി സൗത്ത് വയനാട് ഡിഎഫ്ഒ 2022 ഒക്ടോബര്‍ 27ന് എ2/1967/21 നമ്പറായി ഉത്തരവായിരുന്നു. ഇതിനെതിരേയായിരുന്നു അപ്പീലുകളെന്ന് ജില്ല ഗവ.പ്ലീഡര്‍ ഇന്‍ ചാര്‍ജും പബ്ലിക് പ്രോസിക്യൂട്ടറുമായ അഭിലാഷ് ജോസഫ് പറഞ്ഞു.
കണ്ടുകെട്ടൽ
മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ചതില്‍ 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ വനം വകുപ്പ് നടപടിക്കെതിരേ മരംമുറിക്കേസില്‍ ഉള്‍പ്പെട്ട റോജി അഗസ്റ്റിനും മറ്റും ജില്ലാ കോടതിയില്‍നിന്നു സ്റ്റേ സമ്പാദിച്ചിരുന്നു.
ഡിപ്പോയില്‍ സൂക്ഷിച്ച തടികള്‍ കേസിലെ കക്ഷികള്‍ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് മരംമുറി കേസ് തീര്‍പ്പാകുന്നതുവരെയാണ് കണ്ടുകെട്ടല്‍ നടപടികള്‍ കോടതി സ്റ്റേ ചെയ്തത്.
വിലയ്ക്കു വാങ്ങിയെന്ന്
പിടിച്ചെടുത്ത് ഡിപ്പോയിലേക്കു മാറ്റിയ തടികള്‍ മരക്കച്ചവടക്കാരയ തങ്ങള്‍ കര്‍ഷകരില്‍നിന്നു വിലയ്ക്കു വാങ്ങിയതാണെന്നും ലൈസന്‍സും രജിസ്ട്രേഷന് മാര്‍ക്കും വനംവകുപ്പില്‍നിന്നു ലഭിച്ചിട്ടുണ്ടെന്നും അപ്പീല്‍ കക്ഷികള്‍ വാദിച്ചിരുന്നു. അപ്പീലിനെ എതിര്‍ത്തെങ്കിലും കസ്റ്റഡിയിലുള്ള തടികള്‍ കക്ഷികള്‍ ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്നു ഡിഎഫ്ഒ കോടതിയില്‍ സമ്മതിച്ചിരുന്നു.
കേസ് തീര്‍പ്പാകുന്നതുവരെ തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ്തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നു കോടതി വനം വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, തടികളുടെ സംരക്ഷണത്തിനു വനം വകുപ്പ് മതിയായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
സർക്കാർ ഉത്തരവ്
റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു ഉത്തരവായിരുന്നു.
ഇതിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്. 1964-ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യു പട്ടയ ഭൂമികള്‍.
മുട്ടില്‍ സൗത്ത് വില്ലേജിലെ നിയമവിരുദ്ധ ഈട്ടി മുറിയുമായി ബന്ധപ്പെട്ട പോലീസ് കേസുകളില്‍ പ്രത്യേക അന്വേഷണ സംഘം 2023 ഡിസംബര്‍ നാലിനാണ് ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യത്ത് ആദ്യമായി തടികളുടെ ഡിഎന്‍എ പരിശോധനാഫലവും ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം നടന്നിട്ടില്ലെന്ന് മുന്‍ ജില്ലാ ഗവ.പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് മാത്യു പറഞ്ഞു.
Kerala
തിരുവനന്തപുരം: രാജാജി നഗർ മാർക്കറ്റിനകത്തുവച്ചു കോർപറേഷൻ ജീവനക്കാരൻ ഷിബു രഞ്ജനെ(40) കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാജാജി നഗറിൽ വാടകയ്ക്ക് താമസിച്ചിരുന്ന രഞ്ജിത്തിന്(46) ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം
നാലാം അഡീഷണൽ സെഷൻസ് ജഡ്ജി അനസിന്റേതാണ് ഉത്തരവ്.
2021 ഒക്ടോബർ ഏഴിന് രാത്രി എട്ടിന് രാജാജി നഗർ മാർക്കറ്റിൽ ഹൈമാസ്റ്റ് വിളക്കിനു സമീപത്തു വച്ചാണ് ഷിബു രഞ്ജനു കുത്തേറ്റത്. തിരുവനന്തപുരം കോർപറേഷൻ ജീവനക്കാരും ബന്ധുക്കളുമായ ഷിബു രഞ്ജനും പ്രതിയും തമ്മിൽ ജോലി, ട്രാൻസ്ഫർ എന്നിവ സംബന്ധിച്ച തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്നു പ്രതി ഷിബുവിനെ വിളിച്ചുവരുത്തി കുത്തി പരിക്കേൽപ്പിച്ചെന്നായിരുന്നു കേസ്. നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി
ഷിബു മരിച്ചു. കന്റോൺമെന്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 41 സാക്ഷികളെ വിസ്തരിക്കുകയും 70 രേഖകൾ തെളിവിനു ഹാജരാക്കുകയും ചെയ്തു പ്രോസിക്യുഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. വേണി ഹാജരായി.
Kerala
കൊച്ചി: ക്ഷേത്ര വരുമാനം ഓഡിറ്റ് ചെയ്യാനുള്ള ഡിജിറ്റല്‍ സംവിധാനം വികസിപ്പിക്കുന്നതിലെ നടപടിക്രമങ്ങള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളിലെ ഉള്‍പ്പെടെ വരുമാനം യഥാസമയം കൃത്യമായി ഓഡിറ്റ് ചെയ്യാനുള്ള അതീവ പ്രാധാന്യമുള്ള പദ്ധതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന് (കിറ്റ്ഫ്ര) ജസ്റ്റീസ് എ. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്‍കിയത്.
പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐടിഎല്സിയെ കണ്‍സള്‍ട്ടന്റായി ചുമതലപ്പെടുത്തിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേരത്തേ അറിയിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കെഎസ്ഐടിഎല്‍ സിഎംഡിയുമായ ഡോ. സന്തോഷ് ബാബു, ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. നൗഫല്‍, കിറ്റ്ഫ്ര ജനറല്‍ മാനേജര്‍ രാഹുല്‍ എ. രാജ് എന്നിവര്‍ കോടതിയില്‍ ഹാജരായിരുന്നു.
പദ്ധതിക്കു വേണ്ട സാങ്കേതിക കാര്യങ്ങള്‍ അടക്കമുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം തയാറാക്കാമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ടെന്‍ഡര്‍ നടപടികള്‍ സുതാര്യമാക്കാന്‍ സമഗ്ര പദ്ധതി റിപ്പോര്‍ട്ട് (ഡിപിആര്‍), ബിസിനസ് റിക്വയര്‍മെന്റ് ഡോക്യുമെന്റ് അടക്കം തയാറാക്കേണ്ട ഉത്തരവാദിത്വം കിറ്റ്ഫ്രയ്ക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: അവിവാഹിതനായ ഒരാൾക്ക് ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിൽ നിയമപരമായി എന്താണ് തെറ്റുള്ളതെന്ന് ഹൈക്കോടതി. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം.
രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട ഒന്നാം പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യപേക്ഷ വിധി പറയാൻ കോടതി മാറ്റി.
നിലവിലെ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം, രണ്ട് സ്ത്രീകൾ ഇയാൾക്കെതിരെ ബലാത്സംഗാരോപണങ്ങളുന്നയിച്ച് രണ്ട് പരാതികൾ കൂടി നൽകിയിട്ടുണ്ട്. ഇതൊരു ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചതോടെയാണ് കോടതി ചില പരാമർശങ്ങൾ നടത്തിയത്. ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ എഫ്ഐആറുകൾ മുൻകാല ക്രിമിനൽ പശ്ചാത്തലമായി കണക്കാക്കാൻ ആകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എല്ലാ കേസുകളും എഫ്ഐആർ ഘട്ടത്തിലാണല്ലേയെന്ന് ചോദിച്ച ഹൈക്കോടതി ഒരു കേസിൽ പോലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി. നിയമപരമായ നടപടിക്രമം അനുസരിച്ച് പരാതി രജിസ്റ്റർ ചെയ്യുന്നത് മാത്രം പോരാ. കുറഞ്ഞപക്ഷം അന്തിമ റിപ്പോർട്ടെങ്കിലും ഉണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.
ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുറ്റവാളിയാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഉഭയസമ്മതത്തോടെയാണ് താൻ ബന്ധത്തിലേർപ്പെട്ടത് എന്നതാണ് അയാളുടെ പ്രതിരോധമെന്നും വാദിച്ചു. ഒരാൾക്ക് ഉഭയസമ്മതത്തോടെ എത്ര ബന്ധങ്ങൾ വേണമെങ്കിലും സ്ഥാപിക്കാൻ നിയമം അനുവദിക്കുന്നുണ്ടെന്നും ഇക്കാരണത്താൽ ജാമ്യം നിഷേധിക്കാനാകില്ലെന്നും കോടതി മറുപടി നൽകി.
Kerala
കൊച്ചി: യൂട്യൂബര്‍ ഷാജന് സ്കറിയയെ അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിമര്‍ശനം. നിരന്തരം കുറ്റകൃത്യം ചെയ്യുന്നു എന്നിട്ടും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്ന് കോടതി ചോദിച്ചു.
ഷാജന് സ്കറിയ ഒളിവിലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാൽ ഷാജന് സ്കറിയ പ്രതിദിനം യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഡോക്ടറുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി വിമർശനം.
കടവന്ത്ര പോലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി നേരത്തെ ഷാജന് സ്കറിയയെക്കെതിരെ കേസെടുത്തിരുന്നു. ബിഎന്‍എസ്, ഐടി നിയമം, ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണ നിയമം എന്നീ നിയമങ്ങളിലെ ജാമ്യമില്ലാ വകുപ്പുകള്‍ ആണ് ഷാജന് സ്കറിയയ്ക്കെതിരെ പോലീസ് ചുമത്തിയത്.
ഷാജന് സ്കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഫെബ്രുവരി ഏഴിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കും.
Kerala
കൊച്ചി: കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സലറെ ഗവര്‍ണര്‍ നിയമിച്ചത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്കി. ചാന്‍സലര്‍ അടക്കം എതിര്‍കക്ഷികള്‍ക്ക് നോട്ടീസിന് ഉത്തരവായ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് ഉപഹര്‍ജി വിശദവാദത്തിനായി മാറ്റി.
സര്‍വകലാശാലയില്‍ വിസിയെ നിയമിക്കാന്‍ ചാന്‍സലര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഉപഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കേ ചാന്‍സലര്‍ തിരക്കിട്ട് നിയമനം നടത്തിയതു ചോദ്യംചെയ്താണ് ഉപഹര്‍ജി.
വിസി നിയമനത്തിന് അപേക്ഷ ക്ഷണിക്കാന്‍ ചാന്‍സലര്‍ക്ക് നിയമപരമായി അധികാരമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനിടെയാണ് ഡോ. പി. രവീന്ദ്രനെ വിസിയായി നിയമിച്ച് ഈ മാസം 22ന് ചാന്‍സലര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ റിമാൻഡ് നീട്ടി കോടതി. 14 ദിവസത്തേയ്ക്ക് കൂടിയാണ് നീട്ടിയത്.
കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി. പത്മകുമാറിനെ ഫെബ്രുവരി 10ന് വീണ്ടും ഹാജരാക്കും. റിമാൻഡ് 90 ദിവസം പിന്നിട്ടാൽ ജാമ്യഹർജി സമർപ്പിക്കാനാണ് പത്മകുമാറിന്റെ നീക്കം. അതിന് മുന്നോടിയായി പ്രാഥമിക കുറ്റപത്രം സമർപ്പിക്കാനാണ് എസ്ഐടിയുടെ ശ്രമം.
കേസിൽ എ. പത്മകുമാർ ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് കൊല്ലം വിജിലൻസ് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. തന്ത്രിയുടെ അഭിപ്രായം അവഗണിച്ചാണ് പത്മകുമാർ പാളികൾ കൊടുത്തുവിട്ടതെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്.
ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനഃപൂർവമാണ്. പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി 'അനുവദിക്കുന്നു' എന്നും മിനുട്സിൽ സ്വന്തം കൈപ്പടയിൽ പത്മകുമാർ എഴുതിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് പോറ്റിയ്ക്ക് പാളികൾ കൈമാറിയതെന്നും എസ്ഐടി റിപ്പോർട്ടിൽ പറയുന്നു. തന്ത്രി അനുമതി നൽകിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
നേരത്തെ, അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്കും മുരാരി ബാബുവിനും ജാമ്യം ലഭിച്ചിരുന്നു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കോടതിയുടെ നടപടി. കർശന ഉപാധികളോടെയാണ് മുരാരി ബാബുവിന് കോടതി സ്വാഭവിക ജാമ്യം അനുവദിച്ചത്.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപിക്ക് പിഴയും തടവും വിധിച്ച് കോടതി. 1000 രൂപ പിഴയും കോടതി പിരിയും വരെയുള്ള തടവുമാണ് വിധിച്ചിരിക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഷാഫി കോടതിയിൽ തുടരണം.
പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിക്ക് ശിക്ഷ വിധിച്ചത്. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.
കേസിൽ ഷാഫി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
Kerala
കോഴിക്കോട്: സ്വകാര്യ ബസില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയെന്ന് ആരോപിക്കുന്ന വീഡിയോ പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിലെ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി. കുന്ദമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്
കുന്ദമംഗലം പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷയിൽ വിധി പറഞ്ഞത്. പ്രതി പകര്‍ത്തിയ വീഡിയോ പോസ്റ്റ് ചെയ്തത് അല്ലാതെ ദീപക് മരിക്കാന്‍ മറ്റ് കാരണങ്ങളില്ലെന്നാണ് പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
അപകീര്‍ത്തികരമായ വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് ദീപക് ജീവനൊടുക്കിയ സംഭവത്തില്‍ ഈ മാസം 21നായിരുന്നു വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിലായത്. തുടർന്നു കുന്ദമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ മഞ്ചേരി വനിതാ ജയിലിലാണ് ഷിംജിതയെ പാർപ്പിച്ചിട്ടുള്ളത്.
അസിസ്റ്റന്റ് പ്രഫസറായ ഷിംജിതയ്ക്കു നിയമത്തെക്കുറിച്ച് കൃത്യമായ അവബോധമുണ്ടായിരുന്നു. എന്നിട്ടും അടുത്തുളള പോലീസ് സ്റ്റേഷനിലോ നിയമാധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരത്തിലുളള വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഷിംജിതയുടെ ഫോൺ പരിശോധിച്ചപ്പോൾ, ബസിൽ വച്ച് ദീപക്കിനെ അസ്വീകാര്യമായ രീതിയിൽ ഉൾപ്പെടുത്തി പലതവണ വീഡിയോ ചിത്രീകരിച്ചെന്ന് വ്യക്തമാകുന്നുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
ഷിംജിതയും ദീപക്കും യാത്ര ചെയ്ത ബസിൽ അസ്വാഭാവികമായി ഒന്നും നടന്നില്ലെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബസിൽ നിന്ന് സ്വാഭാവികമായി, ഒന്നും സംഭവിക്കാത്ത രീതിയിലാണ് ഷിംജിത ഇറങ്ങിപ്പോയത്. ബസ് ജീവനക്കാരോട് ഒരു പരാതിയും പറഞ്ഞിട്ടില്ല.
Kerala
പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഷാഫി പറമ്പിൽ എംപി ഇന്ന് കോടതിയിൽ ഹാജരാകും. 2022 ജൂൺ 24 ന് പാലക്കാട് കസബ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാവുക.
നിരന്തരം കോടതിയിൽ എത്താത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഷാഫിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി. ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തല്ലിതകർത്തതിൽ പ്രതിഷേധിച്ചായിരുന്നു ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ നാൽപ്പതോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപം ദേശീയപാത ഉപരോധിച്ചത്.
അന്ന് യൂത്ത് കോൺഗ്രസിന്റെ ഭാഗമായിരുന്ന പി. സരിൻ കേസിൽ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയിൽ ഹാജരായ പി. സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.
Kerala
കോഴിക്കോട്: സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്.
കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക. പ്രതി ഷിംജിതയെ ഉടൻ കസ്റ്റഡിയിൽ വാങ്ങേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
പ്രതിയ്ക്ക് ജാമ്യം നൽകരുതെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ബസ് യാത്രക്കിടെ ലൈംഗികാതിക്രമം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഷിംജിത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്.
പ്രതിയ്ക്ക് സമൂഹത്തിൽ പ്രശസ്തിയും പോസ്റ്റുകൾക്ക് കൂടുതൽ റീച്ച് ലഭിക്കുന്നതിന് വേണ്ടി കുറ്റം ചെയ്തു എന്നാണ് പോലീസ് റിപ്പോർട്ട്. സംഭവം നടന്നത് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.
Kerala
തിരുവനന്തപുരം: അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടി പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് അപ്പീല്‍ നല്‍കിയത്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് അടുത്ത മാസം രണ്ടാം തീയതിയിലേക്ക് കോടതി മാറ്റി വെച്ചു.
നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ചോദ്യം ചെയ്താണ് ആന്റണി രാജു അപ്പീല്‍ നല്‍കിയത്. ഈ അപ്പീല്‍ നിയമപരമായി നിലനില്‍ക്കുമെന്ന് കണ്ട കോടതി അത് ഫയലില്‍ സ്വീകരിക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദങ്ങള്‍ അടുത്ത മാസം രണ്ടാം തീയതി കോടതി കേള്‍ക്കും.
ശിക്ഷാവിധിയെത്തുടര്‍ന്ന് എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ആന്റണി രാജുവിന് ഈ അപ്പീലിലെ വിധി നിര്‍ണായകമാണ്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ മൂന്നാം ബലാത്സംക്കേസ് പരിഗണിക്കുന്നത് മാറ്റ് കോടതി. വ്യാഴാഴ്ചത്തേയ്ക്കാണ് കേസ് മാറ്റിയത്.
പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് കേസ് മാറ്റിവെച്ചത്. പോലീസ് റിപ്പോർട്ട് കൂടി ലഭിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ വാദം കേൾക്കുക.
തിരുവല്ല മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പ്രഥമദൃഷ്ട്യാ ബലാത്സംഗം നിലനിൽക്കും എന്നത് അടക്കം പരാമർശങ്ങളോടെ ആയിരുന്നു ജാമ്യം നിഷേധിച്ചത്. ചട്ടവിരുദ്ധ അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചില്ല. ഇരകൾക്ക് നേരെയുള്ള സൈബർ ആക്രമണവും തിരിച്ചടിയായി.
ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഇരയെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ട്. ലൈംഗികബന്ധം ഉഭയസമ്മത പ്രകാരമല്ല എന്നീ വിവരങ്ങൾ വിധിപ്പകർപ്പിൽ പറഞ്ഞിരുന്നു. രാഹുലിനെതിരെ നേരത്തെയും സമാനമായ കേസുകളുണ്ട്.
ബലാത്സംഗ കുറ്റം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സൈബർ ആക്രമണമെന്ന പ്രോസിക്യൂഷൻ വാദം ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അറസ്റ്റ് സമയത്ത് കാരണം വ്യക്തമാക്കിയില്ലെന്ന രാഹുലിന്റെ വാദവും കോടതി തളളി.
International
അഡ്ലെയ്ഡ്: ഓസ്ട്രേലിയയിലെ അഡ്ലെയ്ഡില് ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ വംശജനായ വിക്രാന്ത് താക്കൂര്‍ (34) കോടതിയില്‍ കുറ്റസമ്മതം നടത്തിയെങ്കിലും നിയമപരമായി കുറ്റം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു.
നിയമപരമായ അര്‍ത്ഥത്തിലുള്ള 'കൊലപാതകം' എന്ന കുറ്റമാണ് അദ്ദേഹം നിഷേധിച്ചത്. ആസൂത്രിതമായ കൊലപാതകമല്ല നടന്നതെന്ന വാദത്തിലൂന്നിയാണ് അദ്ദേഹം മൊഴി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അഡ്ലെയ്ഡിലെ പാരലോവിയിലുള്ള വസതിയിലാണ് വിക്രാന്ത് താക്കൂറിന്റെ ഭാര്യ സുപ്രിയ താക്കൂര്‍ കൊല്ലപ്പെട്ടത്. അഡ്ലയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഭാര്യയുടെ മരണത്തിന് താനാണ് ഉത്തരവാദിയെന്ന് വിക്രാന്ത് സമ്മതിച്ചത്. എന്നാല്‍, കൊലപാതകക്കുറ്റത്തിന് പകരം 'മനപ്പൂര്‍വമല്ലാത്ത നരഹത്യ' എന്ന ഗണത്തില്‍ പെടുത്താവുന്ന കുറ്റമേ താന്‍ ചെയ്തിട്ടുള്ളൂ എന്നാണ് ഇദ്ദേഹത്തിന്റെ നിലപാട്.
വിക്രാന്തിന്റെ ഭാഗികമായ കുറ്റസമ്മതം പ്രോസിക്യൂഷന് അംഗീകരിച്ചിട്ടില്ല. അതിനാല്‍ കേസില്‍ കൂടുതല്‍ വിചാരണ നടത്താന്‍ കോടതി ഉത്തരവിട്ടു. ദമ്പതികള്‍ക്ക് രണ്ട് ചെറിയ കുട്ടികളുണ്ട്. സംഭവസമയത്ത് കുട്ടികള്‍ വീട്ടിലുണ്ടായിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. നിലവില്‍ റിമാന്‍ഡിലുള്ള വിക്രാന്ത് താക്കൂറിനെ ഏപ്രിലില്‍ കോടതിയില്‍ ഹാജരാക്കും.
Kerala
പത്തനംതിട്ട: ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎൽഎയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
തിരുവല്ല ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് പുതിയ നീക്കം. തിങ്കളാഴ്ചയാണ് രാഹുൽ ജാമ്യാപേക്ഷ നൽകിയത്.
National
ന്യൂഡൽഹി: കളമശേരി ജുഡീഷൽ സിറ്റി പദ്ധതിക്ക് 2014ലെ മൂല്യനിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കുന്നതിൽ എതിർപ്പറിയിച്ച് പൊതുമേഖലാസ്ഥാപനമായ എച്ച്എംടി. നിലവിലെ വിപണിമൂല്യവുമായി താരതമ്യം ചെയ്യുന്പോൾ 2014ലെ ഭൂമിവില വളരെ കുറവാണെന്ന് എച്ച്എംടി ചൂണ്ടിക്കാട്ടി.
പദ്ധതിക്കായി സ്ഥാപനത്തിനു കീഴിലുള്ള 27 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനത്തിനെതിരേ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2014ലെ മൂല്യനിർണയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കാമെന്നായിരുന്നു സർക്കാരിന്റെ നിലപാട്.
നടപടിക്രമങ്ങൾ പാലിക്കാതെ ഭൂമി ഏറ്റെടുക്കുന്നതിൽനിന്നു സർക്കാരിനെ വിലക്കണമെന്നും എച്ച്എംടി ആവശ്യപ്പെട്ടു. ഭൂപരിഷ്കരണ നിയമത്തിൽനിന്ന് ഒഴിവാക്കിയ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നതെന്നും എച്ച്എംടി സത്യവാംഗ്മൂലത്തിൽ ചൂണ്ടിക്കാട്ടി.
ഭൂപരിഷ്കരണ നിയമപ്രകാരം എച്ച്എംടിയുടെ ഭൂമി ഏറ്റെടുക്കാൻ സാധിക്കില്ലെന്നായിരുന്നു 2014ലെ സുപ്രീംകോടതി ഉത്തരവ്. ഇതിനെതിരേ 2016ൽ സംസ്ഥാനസർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഭൂമിയുടെ തത്സ്ഥിതി തുടരാനായിരുന്നു ഉത്തരവ്. ഈ ഉത്തരവിലെ ഭേദഗതി ആവശ്യപ്പെട്ടാണ് സർക്കാർ കഴിഞ്ഞവർഷം വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്.
ഹൈക്കോടതി മന്ദിരം ഉൾപ്പെടുന്ന ജുഡീഷൽ സിറ്റിക്കായി എച്ച്എംടിയുടെ ഭൂമി ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയത്. 12 ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തൃതിയുള്ള കെട്ടിടമടക്കം നിർമിക്കാനായിരുന്നു തീരുമാനം. ലോകനിലവാരത്തിലുള്ള ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ജുഡീഷൽ സിറ്റി നിർമിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
Kerala
വയനാട്: ചെറുവള്ളി എസ്റ്റേറ്റുമായി ബന്ധപ്പെട്ട പാലാ കോടതിയുടെ വിധി സംസ്ഥാന സർക്കാരിന് തിരിച്ചടിയല്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നടപടിക്രമങ്ങളിലെ വീഴ്ചയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടതെന്നും ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചല്ല വിധിയെന്നും രാജൻ പറഞ്ഞു. വയനാട്ടിൽ നിർമിക്കുന്ന ടൗൺഷിപ്പ് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതിക്കായി സർക്കാർ കണ്ടുവച്ച സ്ഥലമാണ് ചെറുവള്ളി എസ്റ്റേറ്റ്. എന്നാൽ സർക്കാർ അവകാശം ഉന്നയിച്ച 2263 ഏക്കർ സർക്കാർ ഭൂമിയല്ലെന്ന് വ്യക്തമാക്കിയാണ് പാലാ കോടതി ഹര്‍ജി തള്ളിയത്. ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവിയും അനിശ്ചിതത്വത്തിലായി.
ഇനി മേൽക്കോടതിയിൽ നിന്ന് സർക്കാർ വാദം ശരിവച്ചാലേ ഭൂമി ഏറ്റെടുക്കലുമായി സർക്കാരിന് മുന്നോട്ട് പോകാനാവൂ. എസ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ പാലാ കോടതി ശരിവച്ചതോടെയാണിത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി 2263 ഏക്കർ ഭൂമിയിലാണ് സർക്കാർ അവകാശം ഉന്നയിച്ചത്.
അയന ചാരിറ്റബിൾ ട്രസ്റ്റ്, ഹാരിസൺ മലയാളം എന്നിരാണ് കേസിലെ എതിര് കക്ഷികള്‍. 2019 ൽ തുടങ്ങിയതാണ് ഈ കേസ്. ഇതിലാണ് ഇപ്പോൾ സര്‍ക്കാരിന്റെ അവകാശവാദം കോടതി തള്ളിയത്.
Kerala
തിരുവല്ല: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയുള്ള കുറ്റകൃത്യങ്ങള്‍ അതീവ ഗുരുതരമായതെന്ന് കോടതി നിരീക്ഷണം. പ്രതിഭാഗം ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണമായും കോടതി തള്ളിക്കളഞ്ഞു. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്ന രാഹുലിന്റെ വാദം നിലനില്‍ക്കില്ലെന്ന് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് തിരുവല്ല ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വ്യക്തമാക്കി.
യുവതി പരാതിയില്‍ നേരിട്ട് ഒപ്പിട്ടില്ലെന്ന വാദവും കോടതി അംഗീകരിച്ചില്ല. ഡിജിറ്റല്‍ ഒപ്പ് മതി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ എംഎല്‍എയാണ്. അദ്ദേഹത്തിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമേറിയതാണ്. ഇരയായ യുവതിയെകൊണ്ട് സ്വകാര്യ ഹോട്ടലില്‍ മുറി ബുക്ക് ചെയ്യിപ്പിച്ചത് രാഹുലാണ്. പുറത്ത് റസ്റ്ററന്റിലിരുന്നു സംസാരിക്കാമെന്ന് യുവതി പറഞ്ഞെങ്കിലും രാഹുല്‍ സമ്മതിച്ചില്ല.
കേസില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്ന് കോടതി വിലയിരുത്തി. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മുറിയിലേക്ക് വന്നയുടനെ യുതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. രേഖകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാണ്. രാഹുലിന്റെ അറസ്റ്റ് നിയമപ്രകാരമാണ്. തെളിവുകള്‍ നശിപ്പിക്കാനും അതിജീവിതയെ ഭീഷണിപ്പെടുത്താനും അന്വേഷണം അട്ടിമറിക്കാനും സാധ്യതയുണ്ട്. ഈസാഹചര്യത്തില്‍ ജാമ്യം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വാദിയുടെ വ്യക്തമായ മൊഴിയില്ലാതെയാണ് പോലീസ് കേസെടുത്തതെന്നും എഫ്ഐആര്‍ ഇട്ടതെന്നും പ്രതിഭാഗം വാദിച്ചു. രാഹുലിന്റെ അറസ്റ്റ് നിലനില്‍ക്കുന്നതല്ല. മാനദണ്ഡം പാലിക്കാതെയാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ സമാന കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതാണെന്നും നിയമസഭാംഗമാണെന്നും പ്രതിഭാഗം വാദിച്ചു.
Kerala
തിരുവനന്തപുരം: ഗുണ്ടാത്തലവന് ആല്‍ത്തറ വിനീഷ് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കേസിലെ പ്രതികളായ അനിൽകുമാർ, രാജേന്ദ്രൻ, ശോഭ ജോൺ, രതീഷ്, ചന്ദ്രബോസ്, സാജു, വിമൽ, രാധാകൃഷ്ണൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
വിചാരണ വേളയിൽ പ്രധാന സാക്ഷികൾ മരിച്ചതും മറ്റ് സാക്ഷികൾ കൂറു മാറിയതും കേസിൽ തിരിച്ചടിയാവുകയായിരുന്നു. ആല്‍ത്തറ ജംഗ്ഷനില്‍ വച്ചാണ് വിനീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്.
കേപ്പന്‍ അനിയുടേയും ജാമ്യത്തിലിറങ്ങിയ രണ്ടാം പ്രതി രാജേന്ദ്രന്റേയും സഹോദരന്മാരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു കൊലപാതകം. സാക്ഷികൾ കൂറുമാറിയതോടെ പ്രതികളെ വെറുതെ വിടുകയായിരുന്നു.
Kerala
പത്തനംതിട്ട: ബലാത്സംഗ കേസിൽ റിമാൻഡിലുള്ള രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേള്‍ക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്.
ജാമ്യാപേക്ഷയില്‍ കോടതി ശനിയാഴ്ച വിധി പറയും. രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക.
കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തിരുന്നു. ചോദ്യം ചെയ്യൽ അടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച്, കോടതിയെ ബോധ്യപ്പെടുത്തും.
ഇതിനിടെ, പരാതിക്കാരിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകള്‍ എന്ന് ആവകാശപ്പെട്ട്, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന് ചില സ്ക്രീൻ ഷോട്ടുകൾ പുറത്തുവിട്ടു. 2024 ൽ ബലാത്സംഗം ചെയ്യപ്പെട്ടതായി ആരോപിക്കുന്ന യുവതി, മൂന്ന് മാസം മുമ്പ് എംഎല്‍എയെ സ്വകാര്യമായി കാണണമെന്ന് ആവശ്യപ്പെട്ടു എന്നാണ് ഫെനി പറയുന്നത്.
യുവതിക്കെതിരായ സൈബർ അധിക്ഷേപം നടത്തിയതിന് ഫെനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതി നൽകിയ പരാതിയിലാണ് പത്തനംതിട്ട സൈബർ പോലീസിന്റെ നടപടി. യുവതിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ വെളിപ്പെടുത്തിയാണ് ഫെനി നൈനാൽ അധിക്ഷേപ പോസ്റ്റിട്ടത്.
Kerala
കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍. വിജയകുമാറിനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് കൊല്ലം വിജിലൻസ് കോടതി. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നടപടി.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്. എ. പത്മകുമാര്‍ നേതൃത്വം നല്കിയ ബോര്‍ഡിലെ സിപിഎം നോമിനി ആയിരുന്നു വിജയകുമാര്‍.
Kerala
പത്തനംതിട്ട: ലൈംഗീക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതിക്ക് പുറത്ത് രാഹുലിനെതിരേ യുവമോർച്ചയുടെയും ഡിവൈഎഫ്ഐയുടെയും കടുത്ത പ്രതിഷേധമാണുണ്ടായത്. നേരത്തെ, വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും വലിയ പ്രതിഷേധമാണുണ്ടായത്.
നമ്പർ വൺ കോഴി എന്നെഴുതിയ ട്രോഫിക്കു മുകളിൽ രാഹുലിന്റെ ചിത്രം പതിച്ചാണ് യുവമോർച്ച പ്രതിഷേധത്തിനെത്തിയത്. കോഴിയുടെ ചിത്രം ഉയർത്തിയായിരുന്നു ഡിവൈഎഫ്ഐയുടെ പ്രതിഷേധം. ഏറെ ബുദ്ധിമുട്ടിയാണ് പോലീസ് രാഹുലിനെ മാവേലിക്കര സബ്ജയിലിൽനിന്ന് പുറത്തിറക്കിയും വൈദ്യപരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചതും പിന്നീട് കോടതിയിലെത്തിച്ചതും.
Kerala
മഞ്ചേരി: ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലിം ലീഗ് അംഗത്തിനെതിരേ കോണ്‍ഗ്രസ് നേതാവ് മഞ്ചേരി മുനിസിഫ് കോടതിയില്‍ ഹർജി ഫയല്‍ ചെയ്തു. പുല്‍പ്പറ്റ പഞ്ചായത്ത് എട്ടാം വാര്‍ഡ് പൂക്കൊളത്തൂരില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് വൈസ് പ്രസിഡന്റായ ഒ.പി. കുഞ്ഞാപ്പു ഹാജിക്കെതിരെയാണ് കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഒ.പി.കെ. അബ്ദുള്‍ ഗഫൂര്‍ കോടതിയെ സമീപിച്ചത്.
നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരം നല്‍കിയെന്നും അതിനാൽ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. നോമിനേഷനോടൊപ്പമുള്ള ഫോം 2 എയിലെ ഒമ്പതാമത്തെ ചോദ്യമായ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിന് ഇല്ല എന്നാണ് കുഞ്ഞാപ്പു ഹാജി ഉത്തരം നല്‍കിയിരുന്നത്. കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കേസിന്റെ നിലവിലെ അവസ്ഥ എന്ന ചോദ്യത്തിന് ബാധകമല്ല എന്നും ഉത്തരം നല്‍കിയിരുന്നു.
എന്നാല്‍ വണ്ടി ചെക്ക് നല്കി വഞ്ചിച്ചുവെന്ന കേസില്‍ 2012-ല്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കുഞ്ഞാപ്പു ഹാജിയെ ഒരു വര്‍ഷം തടവിനും 20 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. ഈ വിധിക്കെതിരേ നൽകിയ അപ്പീല്‍ ജില്ലാ സെഷന്‍സ് കോടതി 2014-ല്‍ തള്ളുകയും ചെയ്തിരുന്നു.
തുടര്‍ന്ന് 2015-ല്‍ കുഞ്ഞാപ്പുഹാജി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കഴിഞ്ഞ 10 വര്‍ഷമായി കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ തുടരുകയുമാണ്. ഇക്കാര്യങ്ങള്‍ സൂക്ഷ്മ പരിശോധനാ വേളയില്‍ റിട്ടേണിംഗ് ഓഫീസറുടെ ശ്രദ്ധയില്പ്പെടുത്തിയിരുന്നതുമാണെന്നാണ് കോൺഗ്രസ് നേതാവിന്റെ പരാതി.
പരാതിക്കാരനായ അബ്ദുള്‍ ഗഫൂര്‍ 14 വര്‍ഷത്തോളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, അഞ്ചുവര്‍ഷം മഞ്ചേരി നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, പുല്‍പ്പറ്റ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷന്‍, യുഡിഎഫ് പഞ്ചായത്ത് ചെയര്മാന്, കെപിഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്ന് പട്ടികജാതി സംവരണ സീറ്റുകളില്‍ ഒന്നുപോലും കോണ്‍ഗ്രസിന് നല്‍കാത്തതിലും സിറ്റിംഗ് സീറ്റായ രണ്ടാം വാര്‍ഡ് നല്‍കാത്തതിലും പ്രതിഷേധിച്ച് അബ്ദുള്‍ ഗഫൂര്‍ എട്ടാം വാര്‍ഡില്‍ നിന്ന് യുഡിഎഫ് വിമതനായി മത്സരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോടതിയെ സമീപിക്കുന്നതിനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും കഴിഞ്ഞ കോടതിയെ സമീപിച്ചിട്ടുണ്ട്. 178 വോട്ടിന് പരാജയപ്പെട്ട ഇടതു സ്ഥാനാര്‍ഥി എന്‍.എച്ച്. അലവിയാണ് കുഞ്ഞാപ്പുഹാജിയെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി അന്വേഷണ സംഘം.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പീഡന പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. എന്നാൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ യുവതിയെ വീണ്ടും അപമാനിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
അന്വേഷണ സംഘത്തിന്റെ ഹർജിയിൽ കോടതി രാഹുൽ ഈശ്വറിന് നോട്ടീസ് അയച്ചു. ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകണമെന്ന് തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതി ആവശ്യപ്പെട്ടു.
ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നുവെന്നും ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നുമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്.
Kerala
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം നിഷേധിച്ചു. രാഹുലിനെ മാവേലിക്കര ജയിലിലേക്ക് മാറ്റും. കേസ് അടുത്ത ദിവസം തിരുവല്ലയിലെ ഓപ്പൺ കോടതിയിൽ പരിഗണിക്കും.
ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്നടക്കമുള്ള ഗുരുതര പരാമർശമടക്കം അറസ്റ്റ് റിപ്പോർട്ടിലുണ്ട്.
കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എംഎൽഎ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് റിപ്പോർട്ടിലുണ്ട്.
നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണെന്നും അവരുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
അതേസമയം, വൈദ്യപരിശോധനയ്ക്കെത്തിച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കനത്തതോടെ ആശുപത്രിയിൽ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പോലീസ്. എന്നാൽ കൂടുതൽ പോലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയിൽ തുടരുകയായിരുന്നു രാഹുലും പോലീസും. ആശുപത്രിയുടെ രണ്ടു ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാൻ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പിൽ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ തമ്പടിച്ചുനിന്നതാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്.
Kerala
പത്തനംതിട്ട: ലൈംഗീക പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും കനത്ത പ്രതിഷേധത്തിനിടെ ഏറെ പണിപ്പെട്ടാണ് പോലീസ് രാഹുലിനെ പുറത്തിറക്കിയത്.
ആശുപത്രിയിൽ നിന്നും മജിസ്ട്രേറ്റിന്റെ വീടു വരെയുള്ള യാത്രക്കിടെ രാഹുലിന് നേരെ വലിയ പ്രതിഷേധമാണുണ്ടായത്. ജാമ്യ ഹർജി സമർപ്പിക്കാൻ രാഹുലിന്റെ അഭിഭാഷകരും മജിസ്ട്രേറ്റിന്റെ വസതിയിലെത്തിയിട്ടുണ്ട്.
അതേസമയം, വൈദ്യപരിശോധനയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ രാഹുലിനെതിരെ കനത്ത പ്രതിഷേധമാണുണ്ടായത്.
ഡിവൈഎഫ്ഐയുടെയും ബിജെപി-യുവമോർച്ചാ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പോലീസും പ്രവർത്തകരുമായി കൈയാങ്കാളിയും ഉണ്ടായി. ഏറെ ബുദ്ധിമുട്ടിയാണ് രാഹുലിനെ ജീപ്പിൽനിന്ന് പുറത്തിറക്കാൻ പോലീസിനായത്. രാഹുലിനെ ജീപ്പിൽ നിന്നിറക്കിയപ്പോൾ കൂക്കിവിളിയും കരിങ്കൊടി പ്രതിഷേധവും ഉണ്ടായി.
പത്തനംതിട്ട തിരുവല്ല സ്വദേശിയായ യുവതിയുടെ പരാതിയിൽ ഞായറാഴ്ച പുലർച്ചെയാണ് പാലക്കാട്ടുനിന്ന് രാഹുലിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ നടപടി.
കേസിൽൃജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
യൂട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമർശങ്ങൾ അതിജീവിതയുടെ അന്തസിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു. ജാമ്യം നൽകിയ കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
National
ചെന്നൈ: വിജയ് ചിത്രം ജനനായകന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും.
രാവിലെ 10.30ന് ജസ്റ്റീസ് പി.ടി. ആശയാണ്വിധി പറയുക. കേസില്‍ നിര്‍മാതാക്കളുടെയും സെന്‍സര്‍ ബോഡിന്റെയും വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു.
സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭിയ്ക്കാത്ത സാഹചര്യത്തില്‍, ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന്റെ റിലീസ്, മാറ്റിവച്ചിരുന്നു. വിജയുടെ അവസാന ചിത്രം എന്ന നിലയില്‍ ഇന്നത്തെ വിധി ഏറെ നിര്‍ണായകമാണ്.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശം പുറത്ത്.
മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ സംശയ നിഴലിലാണ് വിചാരണ കോടതി ജഡ്ജി. അതിനാൽ കേസിൽ വിധി പറയാൻ ജഡ്ജിക്ക് അവകാശമില്ലെന്നാണ് നിയമോപദേശം. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ ഹാജരാക്കിയിട്ടും കോടതി അവ പക്ഷപാതപരമായി തള്ളിക്കളഞ്ഞുവെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്കെതിരെ സ്വീകരിച്ച തെളിവുകൾ പോലും സമാനമായ സാഹചര്യത്തിൽ ദിലീപിനെതിരെ കോടതി അംഗീകരിച്ചില്ല. തെളിവുകൾ പരിശോധിക്കുന്നതിൽ രണ്ട് തരം സമീപനമായിരുന്നു കോടതിയുടേതെന്നും നിയമോപദേശത്തിൽ പറയുന്നു.
പള്‍സര്‍ സുനിക്കും മറ്റ് അഞ്ച് പേര്‍ക്കും ചുമത്തിയ തടവും പിഴയും ഞെട്ടിക്കുന്ന വിധം കുറഞ്ഞ ശിക്ഷയാണ്. കൂട്ടബലാത്സംഗ കേസുകളില്‍ ശിക്ഷ വിധിക്കുമ്പോള്‍ വിചാരണ കോടതികള്‍ പരിഗണിക്കേണ്ട സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതായും പ്രോസിക്യൂഷന് നിയമോപദേശത്തില്‍ പറയുന്നു.
നിര്‍ണായക സാക്ഷികളെ മനപൂര്‍വം അവിശ്വസിച്ചു. പള്‍സര്‍ സുനിയെയും മറ്റുള്ളവരെയും കുറ്റക്കാരായി പ്രഖ്യാപിക്കാന്‍ കോടതി ആശ്രയിച്ച ചില സാക്ഷികളില്‍ നിന്നുള്ള തെളിവുകള്‍ ദിലീപിനെയും അദ്ദേഹത്തിന്റെ അടുത്ത സഹായി ശരത് ജി. നായരെയും കുറ്റവിമുക്തരാക്കാനും അതേ കോടതി തന്നെ അവിശ്വസിച്ചുവെന്നും പ്രോസിക്യൂഷന് ആരോപിച്ചു.
ദുര്‍ബലവും സ്ഥിരതയില്ലാത്തതെന്നും ചൂണ്ടിക്കാണിച്ച് നിരവധി നിര്‍ണായക സാക്ഷികളെ മനപൂര്‍വം അവിശ്വസിച്ചു. കുറ്റവിമുക്തരാക്കപ്പെട്ട പ്രതികളുടെ കുറ്റസമ്മതങ്ങള്‍ അവഗണിക്കപ്പെട്ടുവെന്നും നിയമോപദേശത്തിലുണ്ട്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി കവർച്ച കേസിനെ സംബന്ധിച്ച് തന്നെ ബന്ധപ്പെടുത്തി അപമാനകരമായ പ്രസ്താവന നടത്തുന്നതിന് സ്റ്റേ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൂർത്തിയായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ മറുപടി വാദം 15നു നടക്കും.
സർക്കാരിനു കീഴിലുള്ള സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങളായ ദേവസ്വം ബോർഡുകളുടെമേൽ സർക്കാരിന് അധികാരമില്ലെന്നു കടകംപള്ളി സുരേന്ദ്രൻ വാദിച്ചു.
ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ല. വസ്തുത ഇതായിരിക്കെ മുൻ ദേവസ്വം ബോർഡ് മന്ത്രി ആയതു കൊണ്ടു താൻ സ്വർണം മോഷ്ടിച്ചു എന്ന് എങ്ങനെ പ്രതിപക്ഷ നേതാവിനു പറയാൻ കഴിയുമെന്നു കടകംപള്ളി ചോദിച്ചു. ആരോപണം അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് കടകംപള്ളി വാദിച്ചു കടകപള്ളിയുടെ വാദം പൂർത്തിയായി. തിരുവനന്തപുരം മൂന്നാം സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
2016 മുതൽ 2021 വരെയാണ് കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രി ആയിരുന്നത്. ഈ കാലയളവിലാണ് തിരിമറി നടന്നിട്ടുള്ളത്. ഇതിൽ ഉദ്യോഗസ്ഥർക്കും ദേവസ്വം ബോർഡ് അംഗങ്ങൾക്കും ഉള്ളതു പോലുള്ള ഉത്തരവാദിത്വം മന്ത്രി എന്ന നിലയിൽ കടകംപള്ളിക്കും ഉണ്ടെന്നാണ് സതീശന്റെ വാദം. മാത്രമല്ല അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും കേസിൽ അറസ്റ്റിലായ പ്രതിയുമായ പത്മകുമാർ പറഞ്ഞത് ദേവസ്വം മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷ പരിഗണിച്ചതെന്നാണ്.
ഇതിൽ നിന്നെല്ലാം കടകംപള്ളിക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തന്റെ പ്രസ്താവന. അല്ലാതെ കടകംപള്ളിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഒരു പ്രസ്താവനയും താൻ നടത്തിയിട്ടില്ലെന്നും ഉത്തമ ബോധ്യത്തിൽ നടത്തിയ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതായും സതീശൻ മറുപടിയിൽ വ്യക്തമാക്കി.
മാനഹാനി വരുത്തുന്ന പ്രസ്താവന നടത്തിയ സതീശൻ മാപ്പ് പറയണമെന്നും സമാന പ്രസ്താവന നടത്തില്ലെന്ന് ഉറപ്പ് വരുത്തണമെന്നും നടത്തിയ പ്രസ്താവനയ്ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് കടകംപള്ളി സുരേന്ദ്രൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.
International
വാഷിംഗ്ടൺ ഡിസി: തന്റെ മേൽ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും നിഷേധിച്ച് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും മാന്യനായ ഒരു വ്യക്തിയാണ് താനെന്നുമാണ് മഡുറോ കോടതിയിൽ പറഞ്ഞത്.
താൻ ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് തന്നെയാണെന്നും തന്നെ അനധികൃതമായി തട്ടികൊണ്ടുവന്നതാണെന്നും മാൻഹാട്ടൻ കോടതിയിലെ വിചാരണയ്ക്കിടയിൽ മഡുറോ വാദിച്ചു. കോടതിയിൽ മഡുറോ ജാമ്യം ആവശ്യപ്പെട്ടില്ല എന്നും റിപ്പോർട്ടുകളുണ്ട്. കേസിലെ അടുത്ത വാദം മാർച്ച് 17ന് നടക്കും.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് കൊളംബിയ, മെക്സിക്കൻ പ്രസിഡന്റുമാരും രംഗത്തെത്തി. താൻ മയക്കുമരുന്ന് കടത്തുകാരനല്ലെന്നും മാതൃരാജ്യത്തിനായി ആയുധമെടുക്കുമെന്നുമാണ് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞത്.
സഹകരണമാകാം എന്നാൽ അടിമത്തം വേണ്ട എന്നായിരുന്നു മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിന്റെ മറുപടി. മെക്സിക്കോയിൽ യുഎസ് സൈന്യത്തിന് യാതൊരു ഇടവും അനുവദിക്കില്ലെന്നും ട്രംപിന്റെ ഭീഷണികളെ ഗൗരവമായി കാണുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
Kerala
ആലുവ: കേരള മനഃസാക്ഷിയെ ഞെട്ടിച്ച് ഒരു കുടുംബത്തിലെ ആറുപേരുടെ ജീവനെടുത്ത ആലുവ കൂട്ടക്കൊലയ്ക്ക് ഇന്ന് കാൽനൂറ്റാണ്ട്.
2001 ജനുവരി ആറിനാണ് സബ് ജയിൽ റോഡിൽ മാഞ്ഞൂരാൻ അഗസ്റ്റിൻ (47), ഭാര്യ ബേബി (42), മക്കളായ ജെസ്മോൻ (12), ദിവ്യ (14), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി(42) എന്നിവർ കൊല്ലപ്പെട്ടത്. ബന്ധുവായ എം.എ. ആന്റണിയെയാണ് ഏക പ്രതിയായി അന്വേഷണസംഘവും പിന്നീട് സിബിഐയും കണ്ടെത്തിയത്.
പ്രതിക്ക് 2005 ഫെബ്രുവരി അഞ്ചിന് വിചാരണക്കോടതി വധശിക്ഷ വിധിച്ചു.2018 ഡിസംബർ 11 ന് സുപ്രീംകോടതി ശിക്ഷ ജീവപര്യന്തമാക്കി. പരോളിൽ ഇറങ്ങിയിരിക്കുന്ന ആന്റണി ഇത്രയും വർഷം ജയിലിൽ കിടന്ന് ജീവപര്യന്തം അനുഭവിച്ചെന്നും ജയിൽ ശിക്ഷ കഴിഞ്ഞെന്നും അവകാശപ്പെടുന്നു. ആലുവ വത്തിക്കാൻ സ്ട്രീറ്റിലെ ആന്റണിയുടെ വീട് ബന്ധുക്കൾ തന്നെ വാങ്ങി.
ഭാര്യയും മക്കളും തമിഴ്നാട്ടിലാണു താമസം. സബ്ജയിൽ റോഡിൽനിന്ന് പൈപ്പ് ലൈൻ റോഡ് ആരംഭിക്കുന്നിടത്താണ് സംഭവം നടന്ന വീട്. ആലുവ നഗരസഭയിലെ താത്കാലിക ഡ്രൈവറായിരുന്ന ആന്റണി വിദേശത്ത് ജോലിക്കു പോകാൻ പണം ആവശ്യപ്പെട്ടെന്നും അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണി നൽകിയില്ലെന്നുമാണ് പോലീസ് പറയുന്നത്.
രാത്രി വീട്ടിലെത്തിയ ആന്റണി വാക്കത്തികൊണ്ട് ആദ്യം റാണിയെയും ക്ലാരയെയും വെട്ടിക്കൊന്നുവെന്നും പിന്നീട് സമീപത്തെ തിയറ്ററിൽ സിനിമ കണ്ടു തിരികെയെത്തിയ നാലംഗ കുടുംബത്തെയും കൊലപ്പെടുത്തിയെന്നുമാണ് കേസ്. വിദേശത്തേക്കു കടന്ന പ്രതി ആന്റണിയെ പ്രത്യേക ടെലിഫോൺ എക്സ്ചേഞ്ച് ആരംഭിച്ച് ഭാര്യയെക്കൊണ്ടു നിരന്തരം വിളിപ്പിച്ചാണ് ആലുവയിൽ എത്തിച്ചത്.
സിബിഐ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചിരുന്നു. ദയാഹർജി രാഷ്ട്രപതി തള്ളുകയും ചെയ്തു. എന്നാൽ വധശിക്ഷ നടപ്പിലാക്കാൻ കാലതാമസം വന്നതോടെ 2018ൽ വധശിക്ഷയിൽ ഇളവ് ലഭിച്ചു. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളാണ് ഉണ്ടായിരുന്നത്. 77 സാക്ഷികൾ, 90 രേഖകൾ, നൂറോളം തൊണ്ടിസാധനങ്ങൾ എന്നിവ കോടതിയിൽ ഹാജരാക്കി. ദൃക്സാക്ഷിയില്ലാതെ പ്രതിക്കു വധശിക്ഷ വിധിച്ച അപൂർവകേസുകളിൽ ഒന്നാണിത്.
അതേസമയം സംഭവത്തിൽ ഇനിയും ചുരുളഴിയാത്ത ദുരൂഹതകളുണ്ടെന്നാണ് ഒരുവിഭാഗം ബന്ധുക്കൾ ഇപ്പോഴും വിശ്വസിക്കുന്നത്. നിരവധി വാദങ്ങൾ അവർ ഉയർത്തുന്നുമുണ്ട്.
Kerala
ബംഗളൂരു: ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് പിഴയിട്ട് കോടതി. ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയാണ് പതിനായിരം രൂപ പിഴയിട്ടത്.
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളിലെ വാർത്തകൾ നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് നടപടി. ഹർജിക്കാർക്ക് ദുരുദ്ദേശമെന്നതടക്കമുള്ള നിരീക്ഷണങ്ങൾ പങ്കുവച്ചുകൊണ്ടാണ് കോടതി, റിപ്പോർട്ടർ ടിവിക്ക് പിഴയിട്ടത്. ഇതുമായി ബന്ധപ്പെട്ട് ഏതെങ്കിലും വാർത്തകൾ നീക്കിയിട്ടുണ്ടെങ്കിൽ അവയെല്ലാം പുനസ്ഥാപിക്കാമെന്നും കോടതി ഉത്തരവിട്ടു.
റിപ്പോർട്ടർ ടിവി ഡയറക്ടർമാരായ അഗസ്റ്റിൻ സഹോദരന്മാർ പ്രതികളായ മുട്ടിൽ മരംമുറി, മാംഗോ ഫോൺ തട്ടിപ്പ് തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് വിവിധ മാധ്യമങ്ങളുടെ 994 വാർത്താ ലിങ്കുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡാണ് ഹര്‍ജി നല്‍കിയത്.
തുടക്കത്തില്‍ റിപ്പോർട്ടർ ടിവിക്ക് അനുകൂലമായി കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഹര്‍ജിയില്‍ ഏഷ്യാനെറ്റ് ന്യൂസ് കക്ഷി ചേർന്നിരുന്നു. പിന്നാലെ റിപ്പോർട്ടർ ടിവി ഹര്‍ജി പിന്‍വലിക്കുന്നുവെന്ന് കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ പിഴ ചുമത്തണമെന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാദം അംഗീകരിച്ച് കൊണ്ടാണ് ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയുടെ വിധി.
Kerala
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെ പരിഹസിച്ച് യൂത്ത്കോൺഗ്രസ് ഫ്ലെക്സ്. അടിവസ്ത്രത്തിൽ നിൽക്കുന്ന ചിത്രത്തിനൊപ്പം സെൻട്രൽ ജയിലിലേയ്ക്ക് സ്വാഗതം എന്നെഴുതിയ ഫ്ലെക്സ് ബോർഡ് ആണ് പ്രത്യക്ഷപ്പെട്ടത്. പൂജപ്പുര സെൻട്രൽ ജയിലിനു മുന്നിലാണ് ഫ്ലെക്സ് പ്രക്യക്ഷപ്പെട്ടത്.
തൊണ്ടി മുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് മൂന്ന് വർഷമാണ് തടവുശിക്ഷ വിധിച്ചത്. നെടുമങ്ങാട് ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വർഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വർഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
ഒന്നാം പ്രതി കെ.എസ്. ജോസും കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞു. ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്.
Kerala
തിരുവനന്തപുരം: തൊണ്ടി മുതൽ കേസിലെ രണ്ടാം പ്രതി ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ്. ജോസിനും കോടതി ജാമ്യം അനുവദിച്ചു. കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അഭിഭാഷകൻ ജാമ്യാപേക്ഷ നൽകുകയായിരുന്നു.
എന്നാൽ ജാമ്യം ലഭിച്ചശേഷം കോടതിക്ക് പുറത്തിറങ്ങിയ ആന്റണി രാജുവിനെതിരെ കെഎസ്യു, യൂത്ത്കോൺഗ്രസ് പ്രവർത്തകർ വലിയ പ്രതിഷേധമായി രംഗത്തെത്തി. അടിവസ്ത്രം ഉയർത്തിയാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ആന്റണി രാജുവിന്റെ വാഹനം തടഞ്ഞ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ചാണ് നീക്കിയത്. ഇവർ പോലീസുമായി വാക്കുതർക്കമുണ്ടായി.
അതേസമയം, ആന്റണി രാജുവിന് നിയമസഭാംഗത്വം നഷ്ടമാകും. അയോഗ്യനാക്കി കൊണ്ടുള്ള നിയമസഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം കോടതി ഉത്തരവിന്റെ പകർപ്പ് ലഭിച്ചാൽ ഉടൻതന്നെ പുറത്തിറക്കും.
മൂന്ന് വർഷമാണ് ആന്റണി രാജുവിന് തടവുശിക്ഷ വിധിച്ചിരിക്കുന്നത്. ഇനിയുള്ള ആറ് വർഷത്തേയ്ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. തിരുവനന്തപുരം നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.
Kerala
തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ ആന്റണിരാജു പ്രതിയായ തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ വിധി ഇന്ന്. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ വിധി പറയുന്നത്.
ഹര്‍ജിയും തടസ ഹര്‍ജിയും വാദപ്രതിവാദങ്ങളുമായി മൂന്ന് പതിറ്റാണ്ടിലേറെയാണ് കേസ് നീണ്ടത്. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂർത്തിയാക്കിയത്. കേസിൽ കോടതി ജീവനക്കാരനായിരുന്ന ജോസ് ഒന്നാം പ്രതിയും, ആന്റണി രാജു രണ്ടാം പ്രതിയുമാണ്.
1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ ആന്റണി രാജു തൊ മുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.
തുടർന്ന് പ്രതി കേസിൽ നിന്ന് ഒഴിവാക്കപ്പെട്ടു. പിന്നാലെ മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായ ഇയാൾ സഹതടവുകാരനോട് ഇക്കാര്യം തുറന്ന് പറയുകയായിരുന്നു. സഹതടവുകാരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് 1994 ൽ പോലീസ് കേസെടുത്തു.
പതിമൂന്ന് വർഷം കഴിഞ്ഞാണ് കുറ്റപത്രം സമർപ്പിച്ചത്. ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്നായിരുന്നു നെടുമങ്ങാട് കോടതിയിലെ അന്തിമവാദം.
കേസിൽ 29 സാക്ഷികളുണ്ടായിരുന്നെങ്കിലും19 പേരെയാണ് വിസ്തരിച്ചത്. മരണവും രോഗവും മൂലം എട്ടുപേരെയും, രണ്ടുപേരെ പ്രോസിക്യൂഷനും ഒഴിവാക്കിയിരുന്നു.
Kerala
കൊച്ചി: എറണാകുളത്ത് പോലീസുകാരനെതിരെ വ്യാജ പീഡനപരാതി നൽകിയ യുവതിക്കെതിരെ കേസെടുത്തു.
ആലപ്പുഴ സ്വദേശി ബഷീറിന്റെ പരാതിയിൽ പനങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പീഡന പരാതി നൽകി ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
380000 യുവതി വാങ്ങിയെന്നും പിന്നീട് 14 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നുണ്ട്. എറണാകുളം ജുഡീഷണൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ നിർദേശാനുസരണമാണ് പോലീസ് കേസെടുത്തത്. സൗഹൃദം മുതലെടുത്തുള്ള തട്ടിപ്പെന്നാണ് ബഷീറിന്റെ ആരോപണം.
നേരത്തേ, പണം നൽകാതെ വഞ്ചിച്ചെന്ന യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. യുവതിയുടെ പരാതിയിൽ പോലീസുകാരനെതിരെ വകുപ്പുതല നടപടിയും ഉണ്ടായിരുന്നു. പോലീസുകാരൻ പിന്നീട് കോടതിയെ സമീപിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് പൊള്ളലേൽപ്പിച്ച സംഭവത്തിൽ കൂടെ താമസിച്ചുവന്നിരുന്ന യുവാവ് അറസ്റ്റിൽ.
വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്മാനാണ്(28) അറസ്റ്റിലായത്. ഇയാളെ താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. കോടഞ്ചേരി സബ് ഇൻസ്പെക്ടർ കെ.എസ്. ജിതേഷിന്റെ നേതൃത്വത്തിലാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
കോടഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 28കാരിയായ താമരശേരി സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്. യുവതിക്ക് മറ്റുവ്യക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം.
യുവതിയെ ചൂരപ്പാറയിലുള്ള വീട്ടിൽ ദിവസങ്ങളായി പ്രതി പൂട്ടിയിട്ടു. തുടർന്ന് ക്രൂരമായി മർദിക്കുകയും വായിൽ തുണിതിരുകി ഇലക്ട്രിക് ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചു. പ്ലാസ്റ്റിക് വയർകൊണ്ട് കഴുത്തിൽ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തുവെന്നും പ്രഥമവിവരറിപ്പോർട്ടിൽ പറയുന്നു.
യുവാവില്ലാത്ത സമയത്ത് മുറിയിൽനിന്ന് രക്ഷപ്പെട്ട യുവതി, നാട്ടുകാരുടെ സഹായത്തോടെ താമരശേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും ചികിത്സതേടുകയായിരുന്നു.
കോടഞ്ചേരി, തിരുവമ്പാടി, താമരശേരി തുടങ്ങി വിവിധ സ്റ്റേഷനുകളിൽ പ്രതിയുടെപേരിൽ മയക്കുമരുന്ന് കൈവശം വെച്ചതിനും സ്ത്രീപീഡനം, അടിപടി എന്നിവയ്ക്കും ഏഴോളം കേസുകൾ നിലവിലുണ്ടെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു.
Kerala
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ക്രിക്കറ്റ് താരം യാഷ് ദയാലിന് തിരിച്ചടി. യാഷ് ദയാൽ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച ജയപുരിലെ പ്രത്യേക പോക്സോ കോടതി തള്ളി.
ഇരയുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോപണങ്ങളാണ് കേസില്‍ ഉള്ളതെന്നും ഈ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് ഉചിതമല്ലെന്നും കോടതി വിധിച്ചു. ഇരയുടെ മൊഴി, ലഭ്യമായ തെളിവുകള്‍, കേസിന്റെ സാഹചര്യം എന്നിവ കണക്കിലെടുക്കുമ്പോള്‍ അന്വേഷണത്തിന് മുമ്പ് പ്രതിക്ക് സംരക്ഷണം നല്കാന് കഴിയില്ലെന്ന് പ്രത്യേക പോക്സോ കോടതി ജഡ്ജി അല്‍ക്ക ബന്‍സാല്‍ ഉത്തരവില്‍ പറഞ്ഞു.
ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ദയാല്‍ വളരെക്കാലം തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നായിരുന്നു ജയ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതി. ദയാല്‍ തന്നെ വലിയ സ്വാധീനമുള്ള ഒരു ക്രിക്കറ്റ് കളിക്കാരനായി അവതരിപ്പിച്ചുവെന്നും തുടര്‍ന്ന് സ്വാധീനിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ക്രിക്കറ്റുമായി ബന്ധപ്പെട്ട അവസരങ്ങളും ഭാവി പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് പരാതിക്കാരി ആരോപിച്ചു.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്ത സമയത്താണ് കുറ്റകൃത്യങ്ങള്‍ നടന്നതെന്ന് പരാതിയില്‍ പറയുന്നു. പിന്നീട് പ്രതിയെ നേരിട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബന്ധം വിച്ഛേദിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പരാതിയിലുണ്ട്. ഇതിനെത്തുടര്‍ന്ന്, പോലീസിനെ സമീപിച്ച് ഔദ്യോഗികമായി പരാതി നല്കി.
ആരോപണങ്ങള്‍ തെറ്റാണെന്നും ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചു. ദയാല്‍ പ്രശസ്തിയുള്ള ക്രിക്കറ്ററാണെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയ്യാറാണെന്നും പ്രതിഭാഗം വ്യക്തമാക്കി.
Kerala
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയുള്ള വ്യാജ വോട്ട് പരാതിയിൽ കോടതി നടപടികൾ ആരംഭിച്ചു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹർജിയിലാണ് തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നടപടി.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മുക്കാട്ടുകര ബൂത്തിൽ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി വോട്ട് ചേർത്തു എന്നാണ് എന്നാണ് പരാതി.
സുരേഷ് ഗോപിയും സഹോദരൻ സുഭാഷ് ഗോപിയും ബിഎൽഒയും ചേർന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകൾ വഴിയാണ് വോട്ട് ചേർത്തതെന്ന് ടി.എൻ. പ്രതാപൻ പരാതിയിൽ പറയുന്നു.
തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്നാണ് പരാതി.
ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് കോടതി അന്നത്തെ ബൂത്ത് ലെവല്‍ ഓഫീസര്‍ക്കു നോട്ടീസ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു.