മുംബൈ: ഇന്ത്യയുടെ ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്സും തുടർച്ചയായ രണ്ടാം ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. എന്നാൽ, ഇൻട്രാ ഡേയിലെ ഉയർച്ച സൂചികകൾക്ക് നിലനിർത്താനായില്ല.
വ്യാപാരത്തിനിടെ സെൻസെക്സ് അതിന്റെ 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 85,801.70ലും നിഫ്റ്റി ഒരു വർഷത്തെ ഉയർന്ന നിരക്കായ 26,246.65ലുമെത്തി. രണ്ടു സൂചികകൾക്കും ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് റിക്കാർഡ് ഉയരം നഷ്ടമായത്. ശക്തമായ തുടക്കത്തിനുശേഷം മിഡ്കാപ്, ബാങ്കിംഗ് ഓഹരികളിലുണ്ടായ തളർച്ചയാണ് സൂചികകളുടെ റിക്കാർഡ് നേട്ടത്തെ ബാധിച്ചത്.
മികച്ച ആഗോള സൂചനകളും പുതിയ വിദേശ ഫണ്ടുകളുടെ പ്രവാഹവും എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിനാൻസ് പോലുള്ള വൻകിട കന്പനികളുടെ ഓഹരിവാങ്ങൽ ഉയർന്നതും വിപണിയെ സ്വാധീനിച്ചു. എൻവിഡിയ പോലുള്ള ആഗോള ടെക് കന്പനികളുടെ മൂന്നാം പാദ ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നതും വിപണിയെ സഹായിച്ചു.
തുടർച്ചയായ രണ്ടാം ദിനം സെൻസെക്സ് 446 പോയിന്റ് (0.52%) ഉയർന്ന് 85,632.68ലും നിഫ്റ്റി 140 പോയിന്റ് (0.54%) നേട്ടത്തിൽ 26,192.15ലും ക്ലോസ് ചെയ്തു.
ബിഎസ്ഇ മിഡ്കാപ് (13%), സ്മോൾകാപ് (0.17%) സൂചികകൾ നഷ്ടത്തിലായി. നിഫ്റ്റി മിഡ്കാപ് 0.02 ശതമാനം നേട്ടത്തിലും സ്മോൾകാപ് 0.05 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റി മേഖലാ സൂചികകളുടെ കാര്യത്തിൽ പ്രകടനങ്ങൾ സമ്മിശ്രമായിരുന്നു. ഫിനാൻഷൽ സർവീസസ് സൂചിക 0.79 ശതമാനം ഉയർന്ന മേഖലാ സൂചികകളിൽ മികച്ച പ്രകടനം നടത്തി. നിഫ്റ്റി ബാങ്ക് (0.22%), പ്രൈവറ്റ് ബാങ്ക് (0.33%), ഓട്ടോ (0.44%) എന്നിവയും നേട്ടമുണ്ടാക്കി. മീഡിയ 1.89 ശതമാനവും പിഎസ് യു ബാങ്ക് 0.89 ശതമാനവും കണ്സ്യൂമർ ഡൂറബിൾസ് 0.53 ശതമാനവും താഴ്ന്നാണ് ക്ലോസ് ചെയ്തത്.
കിറ്റെക്സിനു നേട്ടം, എസ്ഐബിക്ക് ഇടിവ്
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ സാധ്യമാകുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് കയറ്റുമതിയുമായി ബന്ധപ്പെട്ട കേരള കന്പനികൾ നേട്ടത്തിലായി. കിറ്റെക്സ് ഗാർമെന്റ്സ് 4.59 ശതമാനവും യൂണിറോയൽ മറൈൻ എക്സ്പോർട്ടേഴ്സ് 4.49 ശതമാനവും ഉയർന്നു. ശതമാനക്കണക്കിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ടിസിഎം ഓഹരികളാണ്. 9.99 ശതമാനം ഉയർന്ന ടിസിഎം ലിമിറ്റഡ് ഓഹരികൾ 52 ആഴചയിലെ ഉയർന്ന നിരക്കായ 67.58ലാണ് ക്ലോസ് ചെയ്തത്.
അബേറ്റ് എഎസ് ഇൻഡസ്ട്രീസ് 2.65 ശതമാനവും ആസ്പിൻവാൾ 2.97 ശതമാനവും പ്രൈമ ഇൻഡസ്ട്രീസ് 1.98 ശതമാനവും നേട്ടത്തിലായി.
കഴിഞ്ഞ കുറച്ചുദിവസത്തെ നേട്ടത്തിനു ശേഷം ലാഭമെടുപ്പ് ശക്തമായ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞു. ബുധനാഴ്ച സർവകാല റിക്കാർഡായ 41.65ലെത്തിയ ഓഹരിവിലയിൽ 7.38 ശതമാനമാണ് ഇന്ന് ഓഹരിക്ക് നഷ്ടമുണ്ടായത്.
Tags : Stock market BSE NSE Sensex NIfty