കട്ടക്ക്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ഗംഭീര ജയം. കട്ടക്കിൽ നടന്ന മത്സരത്തിൽ 101 റൺസിനാണ് ഇന്ത്യ വിജയിച്ചത്.
ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക 74 റൺസിൽ ഓൾഔട്ടായി. 22 റൺസെടുത്ത ഡിവാൾഡ് ബ്രെവിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്സ്കോർ. മറ്റാർക്കും തിളങ്ങാനായില്ല.
ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ അടിയറവ് പറയുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഹാർദിക് പാണ്ഡ്യയും ശിവം ദുബെയും ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 175 റൺസ് എടുത്തത്. അർധ സെഞ്ചുറി നേടിയ ഹാർദിക്ക് പാണ്ഡ്യയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിലാണ് ഇന്ത്യ മികച്ച സ്കോർ പടുത്തുയർത്തിയത്.
59 റൺസാണ് ഹാർദിക്ക് എടുത്തത്. 28 പന്തിൽ ആറ് ബൗണ്ടറിയും നാല് സിക്സും അടങ്ങുന്നതായിരുന്നു ഹാർദിക്കിന്റെ ഇന്നിംഗ്സ്.
തിലക് വർമ 26 റൺസും അക്സർ പട്ടേൽ 23 റൺസും എടുത്തു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലുംഗി എൻഗിഡി മൂന്ന് വിക്കറ്റ് എടുത്തു. ലുതോ സിംപാംല രണ്ട് വിക്കറ്റും ഡോണൊവൻ ഫെരേര ഒരു വിക്കറ്റും വീഴ്ത്തി.
Tags : india south africa t20 series cricket hardik pandya