ഇൻഡോർ: നാട്ടിൽ അജയ്യരെന്ന പ്രതിച്ഛായയ്ക്ക് അടുത്ത കാലത്തായി ഇന്ത്യൻ ക്രിക്കറ്റ് ടീം വെല്ലുവിളി നേരിടുന്ന സമയത്ത് മറ്റൊരു ജീവൻമരണ പോരാട്ടം ഇന്നു നടക്കും.
മൂന്ന് മത്സര ഏകദിന പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. പരന്പര 1-1 തുല്യതയിലായിരിക്കേ ജയിക്കുന്ന ടീമിന് സ്വന്തമാകും. ബറോഡയിൽ ആദ്യമത്സരം ജയിച്ച ഇന്ത്യ രാജ്കോട്ടിൽ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.
അതേസമയം ന്യൂസിലൻഡ് പര്യടനത്തിന് മുന്പ് ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്ക ഏകദിന ട്വന്റി20 പരന്പരയിൽ ആതിഥേയരെ വിറപ്പിച്ചു. ടെസ്റ്റ് പരന്പര തൂത്തുവാരുകയും ചെയ്തിരുന്നു. ന്യൂസിലൻഡ് ജയിച്ചാൽ ഇൻഡോറിൽ ചരിത്രം കുറിക്കും.
ഇന്ത്യക്ക് ആത്മവിശ്വാസം നൽകുന്ന സ്റ്റേഡിയമാണ് ഇൻഡോറിലേത്. ഇവിടെ കളിച്ച ഏഴ് ഏകദിനങ്ങളിലും ഇന്ത്യ വിജയിച്ചു. രോ- കോ സഖ്യത്തിലേക്കാണ് വീണ്ടും ആരാധക കണ്ണുകൾ പ്രതീക്ഷയർപ്പിക്കുന്നത്. മികച്ച തുടക്കമാണ് രണ്ട് മത്സരത്തിലും രോഹിത് ശർമ നൽകിയത്. വ്യക്തിഗത വലിയ സ്കോറിലേക്ക് രോഹിതിന് മുന്നേറാനായിരുന്നില്ല. കോഹ്ലിയാകട്ടെ രണ്ടു മത്സരത്തിലും തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. ഒപ്പം ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ ഫോമും കരുത്താകും.
ന്യൂസിലൻഡ് മികച്ച പ്രകടനമാണ് ഇന്ത്യൻ മണ്ണിൽ കാഴ്ചവയ്ക്കുന്നത്. കെയ്ൻ വില്യംസണ്, രചിൻ രവീന്ദ്ര, മിച്ചൽ സാന്റനർ എന്നിവരില്ലാതെ പര്യടനത്തിനെത്തിയ കിവീസ് ഇന്ത്യക്ക് വെല്ലുവിളിയുയർത്തി. അരങ്ങേറ്റക്കാരൻ ജയ്ഡൻ ലെന്നോക്സ് ഉൾപ്പെടെയുള്ള കിവി സ്പിന്നർമാരുടെ ഫോം അവർക്ക് പ്രതീക്ഷയാണ്. ഡാരൽ മിച്ചൽ ഇന്ത്യൻ ബൗളർമാർക്ക് വെല്ലുവിളിയാകും.
Tags : India New Zealand 3rd ODI cricket Indore