അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളത്തിന് ജയം. അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ രണ്ട് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
രാജസ്ഥാൻ ഉയർത്തിയ 344 റൺസ് വിജലക്ഷ്യം അവസാന പന്തിലാണ് കേരളം മറികടന്നത്. സെഞ്ചുറി നേടിയ ബാബാ അപരാജിതിന്റെയും അർധ സെഞ്ചുറി നേടിയ കൃഷ്ണ പ്രസാദിന്റെയും അവസാന ഓവറുകളിൽ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഏദൻ ആപ്പിൾ ടോമിന്റെയും മികവിലാണ് കേരളം കൂറ്റൻ സ്കോർ പിന്തുർന്ന് വിജയിച്ചത്.
ബാബാ അപരാജിത് 126 റൺസാണ് എടുത്തത്. 116 പന്തിൽ 12 ഫോറും നാല് സിക്സും അടങ്ങുന്നതായിരുന്നു ബാബയുടെ ഇന്നിംഗ്സ്. കൃഷ്ണ പ്രസാദ് 53 റൺസെടുത്തു. 18 പന്തിൽ നിന്ന് 40 റൺസാണ് ഏദൻ എടുത്തത്. ഒരു ഫോറും അഞ്ച് സിക്സും താരം അടിച്ചെടുത്തു. രാജസ്ഥാന് വേണ്ടി എ. വി. ചൗധരി നാല് വിക്കറ്റെടുത്തു. എം.ജെ. സത്താർ രണ്ട് വിക്കറ്റും എ. ശർമ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 343 റൺസെടുത്തത്. കരണ്‍ ലാംബയുടെ സെഞ്ചുറിയുടെയും ദീപക് ഹൂഡയുടെ അർധസെഞ്ചുറിയുടെയും ബലത്തിലാണ് രാജസ്ഥാൻ മികച്ച സ്കോറിലെത്തിയത്. 131 പന്തില്‍ 119 റണ്‍സുമായി ലാംബ പുറത്താകാതെ നിന്നു. ദീപക് ഹൂഡ 83 പന്തില്‍ 86 റൺസെടുത്തു.
ആദിത്യ റാത്തോർ (25), എ.ബി. കൂക്ന (23), നായകൻ എം.ജെ. സുതർ (21) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. കേരളത്തിനു വേണ്ടി എൻ.എം. ഷറഫുദ്ദീന് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ എം.ഡി. നിഥീഷ്, ഏദൻ ആപ്പിൾ ടോം, അങ്കിത് ശർമ, ബാബാ അപരാജിത് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Tags : Karan Lamba century Rajasthan Kerala Vijay Hazare Trophy